പോരാളിയാണ് ബെഞ്ചമിൻ ആൻഡ്രു സ്റ്റോക്ക്സ് എന്ന ബെൻ സ്‌റ്റോക്ക്‌സ്. സമ്മർദ ഘട്ടങ്ങളിൽ, നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളിൽ അയാളിലെ പോരാളി പലപ്പോഴും ഒരു സൂപ്പർമാനായി മാറാറുണ്ട്. ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലീഷ് ബാറ്റിങ് നിര കാലിടറി വീഴുമ്പോഴെല്ലാം അയാൾ സൂപ്പർമാനായി അവതരിക്കും. അങ്ങനെ അയാൾ ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തിയ നിരവധി അവസരങ്ങളുണ്ട്. ഇനി ആ സൂപ്പർമാന്റെ തണൽ ഇംഗ്ലണ്ടിനില്ല. നോട്ടിങ്ങാമിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റോടെ ക്രിക്കറ്റ് മതിയാക്കുകയാണെന്ന് അയാൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
കായിക പാരമ്പര്യമുള്ള കുടുംബത്തിലാണ് സ്റ്റോക്ക്‌സിന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛൻ ജെറാർഡ് സ്റ്റോക്‌സ് ഒരു പ്രൊഫഷണൽ റഗ്ബി കളിക്കാരനും പരിശീലകനുമായിരുന്നു. സ്‌റ്റോക്ക്‌സിന് 12 വയസുള്ളപ്പോൾ അച്ഛന് ഇംഗ്ലണ്ടിലെ കംബ്രിയയിലുള്ള വർക്കിങ്ടൺ ടൗൺ റഗ്ബി ലീഗ് ക്ലബ്ബിന്റെ ഹെഡ് കോച്ചായി ജോലി കിട്ടി. അങ്ങനെയാണ് കുടുംബം ന്യൂസീലൻഡ് വിട്ട് ഇംഗ്ലണ്ടിലേക്ക് താമസം മാറുന്നത്. ക്രിക്കറ്റിലേക്ക് അയാൾ കൂടുതൽ ആകർഷിക്കപ്പെടുന്നതും ഇംഗ്ലണ്ടിലെത്തിയ ശേഷമാണ്. കോക്കർമൗത്ത് ക്രിക്കറ്റ് ക്ലബ്ബിലൂടെയായിരുന്നു ക്രിക്കറ്റ് കരിയറിന്റെ തുടക്കം. പിന്നീട് ഡർഹം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ അക്കാദമിയിലെത്തുന്നതോടെയാണ് ഓൾറൗണ്ടറെന്ന നിലയിൽ താരത്തിന്റെ വളർച്ചയാരംഭിക്കുന്നത്. 2009-ൽ ഡർഹമിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നാലെ 2010-ലെ അണ്ടർ-19 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക്. ആ ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ സെഞ്ചുറിയാണ് സ്റ്റോക്ക്‌സിന്റെ കരിയറിലെ വഴിത്തിരിവായത്. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 2011 ഓഗസ്റ്റിൽ അയർലൻഡിനെതിരെയുള്ള ഏകദിന മത്സരത്തിലൂടെ ഇംഗ്ലണ്ട് സീനിയർ ടീമിൽ അരങ്ങേറ്റം. അതേ വർഷം തന്നെ വെസ്റ്റിൻഡീസിനെതിരേ ടി20 ക്രിക്കറ്റിലും അരങ്ങേറി.
കരിയറിന്റെ തുടക്കകാലത്ത് ഒരൽപം പ്രശ്‌നക്കാരനായിരുന്നു സ്റ്റോക്ക്‌സ്. 2013-ൽ സ്‌റ്റോക്ക്‌സിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയ സമയം. ഒരു ആഷസ് മത്സരത്തിന്റെ തലേന്ന് പുലർച്ചെ 5.30 വരെ പുറത്ത് അടിച്ചുപൊളിക്കാൻ പോയ സ്‌റ്റോക്ക്‌സിനെയും സഹതാരം മാറ്റ് കോൾസിനെയും അന്നത്തെ പരിശീലകൻ ആൻഡി ഫ്‌ളവർ കൈയോടെ പൊക്കി. ആഷസിൽ പെർത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചിരുന്നു അപ്പോഴേക്കും സ്‌റ്റോക്ക്‌സ്. എന്നാൽ ''ഇംഗ്ലണ്ടിനു വേണ്ടി കളിക്കാൻ നിങ്ങൾക്ക് താത്പര്യമില്ല. സുഹൃത്തുക്കളുമായി സംസാരിക്കാനും നല്ല സമയം ആസ്വദിക്കാനുമല്ലേ നിങ്ങൾക്ക് ആഗ്രഹം'' എന്ന് പറഞ്ഞ് അദ്ദേഹം രണ്ടുപേരെയും നാട്ടിലേക്ക് പാക്ക് ചെയ്തു. പക്ഷേ അതിൽ തളരാതെ വീണ്ടും മികച്ച പ്രകടനങ്ങളോടെ സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിന്റെ വെള്ളക്കുപ്പായം തിരികെപ്പിടിച്ചു.
വികാരങ്ങൾ ഉള്ളിലൊതുക്കി വെക്കുന്ന പ്രകൃതക്കാരനായിരുന്നു സ്‌റ്റോക്ക്‌സ്. ഇതിനെ ഒരു സൈക്കോളജിസ്റ്റ് 'ബോട്ടിൾ ബോട്ടിൾ ബാങ്' സിൻഡ്രോം എന്നാണ് വിശേഷിപ്പിച്ചത്. വികാരങ്ങൾ ഒരു കുപ്പിയിലൊതുക്കി വെക്കുകയും ഒടുവിൽ അത് പൊട്ടിത്തെറിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. 2014-ൽ ദേഷ്യം നിയന്ത്രിക്കാനാവാതെ ഡ്രസ്സിങ് റൂം ലോക്കറിൽ ഇടിച്ച് കൈ ഒടിച്ചതും, 2021-ൽ അച്ഛന്റെ മരണത്തെത്തുടർന്ന് മാനസികാരോഗ്യത്തിനായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളായിരുന്നു.
എങ്കിലും സമ്മർദഘട്ടങ്ങളിൽ സ്റ്റോക്ക്‌സ് ടീമിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലിലും പിന്നാലെ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലുമെല്ലാം പിന്നീട് മെൽബണിൽ 2022-ലെ ടി20 ലോകകപ്പ് ഫൈനലിലുമെല്ലാം ഈ രക്ഷകന്റെ ഇന്നിങ്സുകൾക്ക് നാം സാക്ഷിയായതാണ്. ഒരർഥത്തിൽ 2022-ലെ ആ ടി20 കിരീടം സ്റ്റോക്ക്സിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു. 2010-ൽ കിരീടം നേടിയ ഇംഗ്ലണ്ട് പിന്നീടൊരു ടി20 ലോകകപ്പ് ഫൈനൽ കളിക്കുന്നത് ആറു വർഷം പിന്നിട്ട് 2016-ലാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ആ ഫൈനൽ ഇംഗ്ലീഷ് താരങ്ങൾ, പ്രത്യേകിച്ച് സ്റ്റോക്ക്സ് എക്കാലവും മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരമായിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഏറ്റുമുട്ടിയ ആ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ വിൻഡീസിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 19 റൺസായിരുന്നു. പന്തെറിയാനെത്തിയത് ബെൻ സ്റ്റോക്ക്‌സും. അന്ന് സ്റ്റോക്ക്‌സിന്റെ ആദ്യ നാലു പന്തും സിക്‌സർ പറത്തി കാർലോസ് ബ്രാത്വൈറ്റ് എന്ന ഹീറോ വിൻഡീസിനെ കിരീടത്തിലേക്ക് നയിച്ചു. അന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പുൽമൈതാനത്ത് കണ്ണീരണിഞ്ഞിരുന്ന സ്റ്റോക്ക്‌സിന്റെ മുഖം ക്രിക്കറ്റ് പ്രേമികൾ അത്ര പെട്ടെന്നൊന്നും മറന്നിട്ടുണ്ടാകില്ല.
അവിടെ നിന്നും ആറു വർഷങ്ങൾക്കിപ്പുറം മെൽബണിൽ നിലയുറപ്പിച്ച് നേടിയ ഒരു അർധ സെഞ്ചുറിയോടെ പണ്ട് കൈവിട്ട ആ കിരീടം സ്റ്റോക്ക്സ് തിരികെപ്പിടിച്ചു.
2019 ലോകകപ്പ് ഇന്നിങ്സ്
2019-ൽ സ്വന്തം നട്ടിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിവീസിനെതിരേ കൈവിട്ടുപോയെന്ന് കരുതിയ കളി ഇംഗ്ലണ്ട് തിരികെ പിടിച്ചത് അയാളുടെ പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ആ ഫൈനലിൽ റണ്ണിനായുള്ള ഓട്ടത്തിനിടയിലെ വീഴ്ച്ചയിൽ പറ്റിപ്പിടിച്ച മണ്ണുള്ള ആ ജഴ്സി അയാളുടെ വീട്ടിലെ ഷെൽഫിൽ പൊടിപിടിക്കാതെ എന്നുമുണ്ടാകുമെന്നുറപ്പാണ്.
98 പന്തിൽ 84 റൺസ്. അതിൽ അഞ്ചു ഫോറും രണ്ട് സിക്സും. അഞ്ചാം വിക്കറ്റിൽ ബട്ട്‌ലർക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന രണ്ട് ഓവറിനിടയിൽ അടിച്ച സിക്സുകൾ. അവസാന ഓവറിലെ 14 റൺസ്. സൂപ്പർ ഓവറിലെ ബാറ്റിങ്. സ്റ്റോക്ക്സ് കളിയിലെ താരമാകാൻ ഇത്രയും മതിയായിരുന്നു. അന്ന് ലോകകപ്പിൽ 11 മത്സരങ്ങൾ കളിച്ച സ്റ്റോക്ക്‌സ് 54.42 ശരാശരിയിൽ അഞ്ച് അർധ സെഞ്ചുറികളടക്കം 465 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴു വിക്കറ്റുകളും സ്റ്റോക്ക്‌സ് സ്വന്തമാക്കി. ഫൈനലിൽ മാൻ ഓഫ് ദ മാച്ചുമായി. ഇതിനു പിന്നാലെ ഐ.സി.സിയുടെ 2019-ലെ മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാരി സോബേഴ്സ് ട്രോഫിയും ബെൻ സ്റ്റോക്ക്സിന് ലഭിച്ചു.
അന്നത്തെ ആ ഫൈനലിലെ സമ്മർദമകറ്റാൻ ഡ്രസ്സിങ് റൂമിലെത്തിയ സ്റ്റോക്ക്സ് സൂപ്പർ ഓവറിനു മുമ്പ് നേരെ പോയി ഒരു സിഗരറ്റിന് തീകൊളുത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തെ കുറിച്ച് പ്രതിപാദിക്കുന്നു ഒരു പുസ്തത്തിലാണ് ഇക്കാര്യം പറയുന്നത്. 'മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി' എന്ന് പുസ്തകത്തിലാണ് സ്റ്റോക്ക്സ് അന്ന് അനുഭവിച്ച സമ്മർദത്തെ കുറിച്ചും അത് മറികടക്കാൻ സ്വീകരിച്ച മാർഗത്തെ കുറിച്ചും പറയുന്നത്.
ആഷസ് അദ്ഭുതം
ടെസ്റ്റ് ക്രിക്കറ്റിലെ ക്ലാസിക് ഫിനിഷ്. 2019 ആഷസിൽ ഹെഡിങ്‌ലിയിലെ മൂന്നാം ടെസ്റ്റിലെ സ്റ്റോക്ക്സിന്റെ ഇന്നിങ്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് ഫൈനലിൽ കണ്ട ബെൻ സ്റ്റോക്ക്സിനെ കാണികൾ ഒരിക്കൽ കൂടി കണ്ടു. സ്റ്റോക്ക്സിന്റെ ചുമലിലേറി തോൽവിത്തുമ്പിൽ നിന്ന് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ അതിർത്തി കടത്തി സ്റ്റോക്ക്സും ഇംഗ്ലണ്ടും വാനിലേക്കുയർന്നു.
ആദ്യ ഇന്നിങ്സിൽ വെറും 67 റൺസിന് പുറത്തായ ഇംഗ്ലണ്ടിൽ നിന്ന് കാണികൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ 200 റൺസ് പോലും ഇംഗ്ലണ്ട് അതിജീവിക്കില്ല എന്നുറപ്പിച്ചായിരുന്നു ആരാധകർ കളി കാണാനിരുന്നത്. 350-ന് മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാൻ അദ്ഭുതങ്ങൾ സംഭവിക്കണം എന്നറിയുന്ന ആരാധകർ പലരും ടിവിക്ക് മുന്നിൽ നിന്ന് എഴുന്നേറ്റുപോയി.
ഇതുവരെ ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ട് 350 റൺസിന് മുകളിൽ പിന്തുടർന്ന് വിജയിച്ചിട്ടില്ലെന്നു കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ജയിക്കാൻ 73 റൺസ് വേണ്ടിടത്ത് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഓസ്ട്രേലിയയുടെ വിജയത്തിനുള്ള ചടങ്ങ് മാത്രമാണ് ഇനി കളി എന്നു എല്ലാവരും കരുതി.
എന്നാൽ അവിടെ സ്റ്റോക്ക്സ് അവതരിച്ചു, 219 പന്തിൽ നിന്ന് 135 റൺസുമായി. ക്രിക്കറ്റ് ചരിത്രത്തിൽ ഈ ഇന്നിങ്സിന് സമാനതകളുണ്ടോ എന്ന് സംശയമാണ്. അത്രയും ത്രസിപ്പിച്ച ഒറ്റയാൾ പോരാട്ടം. മനോധൈര്യവും ക്ലാസും ഒരുമിച്ചു ചേർന്ന ഇന്നിങ്സ്. സ്റ്റോക്ക്സ് നിങ്ങൾ എന്തൊരു മനുഷ്യനാണ് എന്നുവരെ ചോദിച്ചുപോകുന്നതായിരുന്നു ആ പ്രകടനം.
ഹൃദയമിടിപ്പോടെയാണ് അവസാന വിക്കറ്റ് കൂട്ടുകെട്ട് എല്ലാവരും കണ്ടത്. അത്യന്തം നാടകീയത നിറഞ്ഞുനിന്നു. ഒമ്പതാമനായി സ്റ്റുവർട്ട് ബ്രോഡ് പുറത്താകുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 73 റൺസ്. എന്നാൽ സ്റ്റോക്ക്സ് എന്ന പോരാളി തളർന്നില്ല. പതിനൊന്നാമനായ ജാക് ലീച്ചിനെ (1) കൂട്ടുപിടിച്ച് അവസാന വിക്കറ്റിൽ 76 റൺസ് ചേർത്ത ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചു. ഈ 76 റൺസിൽ 74-ഉം പിറന്നത് സ്റ്റോക്ക്സിന്റെ ബാറ്റിൽ നിന്നായിരുന്നു. ലീച്ച് നേടിയത് ഒരൊറ്റ റൺ. ശേഷിക്കുന്ന ഒരു റൺ എക്സ്ട്രായും. ഒടുവിൽ പാറ്റ് കമ്മിൻസിനെ അതിർത്തി കടത്തി സ്റ്റോക്ക്സിന്റെ വിജയാഘോഷം.
2022 ഏപ്രിലിൽ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ പദവി രാജിവെച്ചതോടെ ആ സ്ഥാനം സ്‌റ്റോക്ക്‌സിലേക്കെത്തി. പുതിയ കോച്ച് ബ്രണ്ടൻ മക്കല്ലത്തോടൊപ്പം ചേർന്ന് സ്റ്റോക്‌സ് ടെസ്റ്റ് ക്രിക്കറ്റിൽ 'ബാസ്‌ബോൾ' എന്ന പുത്തൻ ശൈലി കൊണ്ടുവന്നു. ഭയമില്ലാതെ, അതിവേഗത്തിൽ റൺസ് സ്‌കോർ ചെയ്യുന്ന ഈ ആക്രമണാത്മക ശൈലി ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ പോന്നതായി.
അമിത ഉത്കണ്ഠ
മുമ്പ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആറുമാസത്തെ ഇടവേള എടുത്തിരുന്ന ബെൻ സ്റ്റോക്‌സ് തുടർന്നും താൻ അമിത ഉത്കണ്ഠയ്ക്കുള്ള(ആങ്‌സൈറ്റി) മരുന്നു കഴിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് സ്റ്റോക്ക്‌സിന്റെ പിതാവ് മരിക്കുന്നത്. ഇതിനു പിന്നാലെയാണ് താരം മാനസികമായി തകർന്നുപോയത്. നിരന്തരമുണ്ടായ പാനിക് അറ്റാക്കുകൾക്ക് പിന്നാലെ താരം ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു.
Content Highlights: Ben Stokes announces retirement following the Nottingham Test against New Zealand., Reflecting on his transformation from a troubled start to England's ultimate match-winner., Key career moments including the 2019 World Cup final and the historic 2019 Ashes Headingley Test., His impact on Test cricket through the aggressive 'Bazball' philosophy as captain., Personal struggles with anxiety and mental health resilience throughout his career.
Published: 29 Jun 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented