ന്യൂഡൽഹി: ഐപിഎല്ലിൽ താരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലും താമസിക്കുന്ന ഹോട്ടലുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ബിസിസിഐ നീക്കം. ഹോട്ടലുകളിലും മറ്റും അനുമതിയില്ലാതെ ആളുകൾ എത്തുന്നതും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് നീക്കം.

To advertise here,

പുതിയ ചട്ടപ്രകാരം അനുമതിയില്ലാതെ സന്ദർശകർക്ക് താരങ്ങളുടെ ഹോട്ടൽ മുറികളിൽ പ്രവേശിക്കാനാവില്ല. അടുത്തിടെ ഒരു താരത്തിന്റെ ഹോട്ടൽ മുറിയിൽ രാത്രി വൈകിയും സന്ദർശകരെ കണ്ടിരുന്നു. അഴിമതി വിരുദ്ധ ചട്ടങ്ങൾക്ക് വിരുദ്ധമാണിത്. അതോടെയാണ് താരങ്ങളുടെ മുറികളിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയത്. മാത്രമല്ല, നിയന്ത്രണമുള്ള പ്രദേശങ്ങളിൽ വെച്ച് റീലുകളും മറ്റും ചിത്രീകരിക്കരുതെന്നും നിർദേശമുണ്ട്. അനുമതിയില്ലാതെ പരിശീലനം നടക്കുന്നയിടത്തും ഡ്രസ്സിങ് റൂമിലും പ്രവേശനമുണ്ടാകില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചുകൊണ്ടായിരിക്കണം താരങ്ങളുടെ സഞ്ചാരം. കണ്ടന്റ് ക്രിയേറ്റർമാരെ ഉപയോഗിച്ചുള്ള ആക്ടിവിറ്റികൾക്കും അനുമതി നിർബന്ധമാണ്.

സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്‌ളുവൻസർമാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ഒരു യുവതാരവുമായി ചേർന്ന് ഒരു കണ്ടന്റ് ക്രിയേറ്റർ ഇത്തരത്തിലുള്ള ചിത്രങ്ങളെടുത്തിരുന്നു. പിന്നാലെ അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. താരങ്ങൾ പരിശീലനം നടത്തുന്നതും, സ്റ്റേഡിയത്തിനുള്ളിലെ ദൃശ്യങ്ങളും താരങ്ങളുടെ ഹോട്ടൽ മുറിക്കുള്ളിലെ ദൃശ്യങ്ങൾ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതോടെ സുരക്ഷാവീഴ്ച സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു. ഇതാണ് ബോർഡിനെ കടുത്ത നടപടികൾക്ക് പ്രേരിപ്പിച്ചത്.

ഫ്രാഞ്ചൈസികൾക്ക് ബിസിസിഐയുടെ നിർദേശം ലഭിച്ചുകഴിഞ്ഞു. താരങ്ങളുടെ സ്വകാര്യത ലംഘിക്കാതെ ചട്ടങ്ങൾ നടപ്പാക്കാനാണ് ആലോചിക്കുന്നത്. യുവതാരങ്ങളാകട്ടെ സജീവമായി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇവരെ തുടർച്ചയായി നിരീക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കണ്ടന്റ് ക്രിയേറ്റർമാരെ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ പരിമിതപ്പെടുത്താനും ആലോചിക്കുന്നു. മുതിർന്ന താരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിൽ വെല്ലുവിളികളുണ്ടെന്നും ടീം മാനേജർമാർ അറിയിച്ചു. അതിനാൽ ചട്ടങ്ങൾ എത്രത്തോളം നടപ്പാക്കാനാവുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.