ന്യൂഡല്‍ഹി: അവസരമുണ്ടായിട്ടും ഗുവാഹാട്ടി ടെസ്റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന് തെംബ ബാവുമ. ഇന്ത്യ ഓള്‍ഔട്ടായതിന് പിന്നാലെ അമ്പയര്‍മാര്‍ ഫോളോ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന് ബാവുമയോട് ചോദിച്ചു. രണ്ട് മിനിറ്റ് സമയം ചോദിച്ച ബാവുമ ടീം മാനേജ്മെന്റിനോട് കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്.
ആദ്യ ഇന്നിങ്സില്‍ 201 റണ്‍സിനാണ് ഇന്ത്യന്‍ ടീം പുറത്തായത്. അതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ് കിട്ടി. ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണമെങ്കില്‍ ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിനയക്കാമായിരുന്നു. അങ്ങനെ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ പ്രോട്ടീസ് നായകനോട് ചോദിച്ചു. നേരത്തേ മറ്റുതാരങ്ങളുമായി ഇക്കാര്യം ആലോചിച്ചിരുന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല.
പിന്നാലെ അമ്പയര്‍മാരോട് രണ്ട് മിനിറ്റ് സാവകാശം ചോദിച്ച ബാവുമ നേരെ ഡ്രസ്സിങ് റൂമിലേക്ക് പോയി. മാനേജ്മെന്റുമായി ആലോചിച്ച ശേഷം ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു. അതോടെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സ് ബാറ്റിങ് ചെയ്യാനിറങ്ങി. ഇന്ത്യയെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിവിടാൻ അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം ചർച്ചയാകുകയാണ്.
ഒന്നാമിന്നിങ്സിൽ ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ 93 റണ്‍സെടുത്ത താരം ആറുവിക്കറ്റ് വീഴ്ത്തി. ഷോർട്ട്പിച്ചുകളും ബൗൺസറുകളുമായി ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച യാൻസൻ മിഡിൽ ഓർഡറും വാലറ്റവും തകർത്തു. ആദ്യടെസ്റ്റിൽ ഇന്ത്യയെ തകർത്ത ഇടംകൈയൻ സ്പിന്നർ സൈമൺ ഹാമർ ഇത്തവണ മൂന്നുവിക്കറ്റുമായി യാൻസന് മികച്ചപിന്തുണയും നൽകി.
Content Highlights: bavuma decision follow on against india
Published: 25 Nov 2025, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented