സില്‍ഹെറ്റ്: ന്യൂസീലന്‍ഡിനെതിരേ സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 150 റണ്‍സിന്റെ ജയം നേടിയാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. രണ്ടാം ഇന്നിങ്‌സില്‍ 332 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിനെ 181 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കി. രണ്ടാം ഇന്നിങ്‌സിലെ ആറ് വിക്കറ്റടക്കം മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ തൈജുള്‍ ഇസ്ലാമാണ് ബംഗ്ലാദേശ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി (1-0).

To advertise here,

സ്‌കോര്‍: ബംഗ്ലാദേശ് 310/10, 338/10, ന്യൂസീലന്‍ഡ് - 317/10, 181/10.

58 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം സൗത്തി (34), ഡെവോണ്‍ കോണ്‍വെ (22), ഇഷ് സോധി (22) എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന്റെ തോല്‍വി ഭാരം കുറച്ചത്.

ടോം ലാഥം (0), കെയ്ന്‍ വില്യംസണ്‍ (11), ഹെന്റി നിക്കോള്‍സ് (2), ടോം ബ്ലെണ്‍ഡല്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി.