ധാക്ക: ന്യൂസീലന്‍ഡിന് ആശ്വസിക്കാം. ബംഗ്ലാദേശിനെതിരെ ധാക്കയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വിജയം വരിച്ച് പരമ്പര 1 - 1 സമനിലയില്‍. നാലുവിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. രണ്ടാം ഇന്നിങ്സില്‍ അജാസ് പട്ടേല്‍ നേടിയ ആറു വിക്കറ്റുകളാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഏഴം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്സും മിച്ചല്‍ സാന്റ്നറും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ടും നിര്‍ണായകമായി. ഒരു ദിവസം ശേഷിക്കേ തന്നെ മത്സരം അവസാനിച്ചു.
സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനെതിരേ ആദ്യമായി ടെസ്റ്റ് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബംഗ്ലാദേശ് രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ 172 റണ്‍സിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 180 റണ്‍സെടുത്തു. കേവലം എട്ട് റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന് കാര്യമായ സ്കോര്‍ ഉയര്‍ത്താനായില്ല. 144 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുപേരും മടങ്ങി. പിന്നാലെയെത്തിയ ന്യൂസീലന്‍ഡ് നാല് വിക്കറ്റ് ശേഷിക്കേ 139 റണ്‍സെടുത്ത് വിജയിക്കുകയും പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.
ബാറ്റിങ്ങിന് ഒട്ടും അനുകൂലമല്ലാതിരുന്ന പിച്ചില്‍ രണ്ട് ഇന്നിങ്സുകളിലും മികച്ച പ്രകടനം നടത്തിയ ഗ്ലെന്‍ ഫിലിപ്സാണ് ന്യൂസീലന്‍ഡിനെ രക്ഷിച്ചത്. ആദ്യ ഇന്നിങ്സില്‍ 72 പന്തില്‍ 87 റണ്‍സും രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 40 റണ്‍സും ഫിലിപ്സ് നേടി. രണ്ടാം ഇന്നിങ്സില്‍ ഫിലിപ്സും സാന്റ്നറും ചേര്‍ന്ന് 62 പന്തില്‍നിന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മത്സരത്തില്‍ 35 റണ്‍സാണ് സാന്റ്നറിന്റെ സമ്പാദ്യം. ഇതോടെ ബംഗ്ലാദേശിനെതിരേ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ബംഗ്ലാദേശ് നഷ്ടപ്പെടുത്തി.
ബംഗ്ലാദേശിനായി മെഹ്ദി ഹസന് മൂന്നും താജുല്‍ ഇസ്ലാം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഷരീഫുല്‍ ഇസ്ലാമിന് ഒരു വിക്കറ്റ്. നേരത്തേ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനുവേണ്ടി ഓപണര്‍ സാക്കിര്‍ ഹസന് 86 പന്തില്‍ 59 റണ്‍സെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ ഇന്നിങ്സ് 144-ല്‍ അവസാനിക്കുകയായിരുന്നു. അജാസ് പട്ടേലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 18 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് അജാസ് നേടിയത്. മിച്ചല്‍ സാന്റ്നര്‍ മൂന്നും ടിം സൗത്തി ഒന്നും വിക്കറ്റുകളും നേടി.
ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്സാണ് രണ്ടാം ടെസ്റ്റിലെ താരം. ബംഗ്ലാദേശിന്റെ തൈജുല്‍ ഇസ്ലാമിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു. രണ്ട് ടെസ്റ്റുകളില്‍നിന്നായി 15 വിക്കറ്റുകളാണ് തൈജുലിന്റെ സംഭാവന. ഇരു ടീമുകളും തമ്മില്‍ ഇനി മൂന്ന് ഏകദിന പരമ്പരയും മൂന്ന് ടി20 പരമ്പരകളുമുണ്ട്. ഇവ ന്യൂസീലന്ഡില്വെച്ചാണ് നടക്കുന്നത്. അതിനാല്‍ ബംഗ്ലാദേശില്‍നിന്ന് ഇരുടീമുകളും ന്യൂസീലന്‍ഡിലേക്ക് പറക്കും. ഡിസംബര്‍ 17-നാണ് ആദ്യ മത്സരം.
Content Highlights: bangladesh new zealand test series, draw 1 - 1
Published: 09 Dec 2023, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented