കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിലവിലെ ടോപ് സ്‌കോററായ ബംഗ്ലാദേശ് ബാറ്റര്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയ്ക്ക് പരിക്ക്. പേശിവലിവ് ഗുരുതരമായതിനെത്തുടര്‍ന്ന് താരത്തിന് ഏഷ്യാകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ല. ഷാന്റോയുടെ അഭാവം ബംഗ്ലാദേശിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

To advertise here,

സൂപ്പര്‍ ഫോറില്‍ പ്രവേശിച്ച ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തില്‍ ഷാന്റോയുടെ പ്രകടനമികവിലാണ് മികച്ച കളി പുറത്തെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഷാന്റോ അഫ്ഗാനിസ്താനെതിരേ സെഞ്ചുറി നേടി. 104 റണ്‍സാണ് താരം നേടിയത്. ഇതുവരെ രണ്ട് മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് ഷാന്റോ അടിച്ചെടുത്തത്. 

സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിറങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് ഷാന്റോയുടെ അഭാവം. അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്. 

2023-ല്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി ബംഗ്ലാദേശിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് ഷാന്റോ. നാല് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഷാന്റോയ്ക്ക് പകരം ലിട്ടണ്‍ ദാസ് ടീമിലിടം നേടി. പേസ്ബൗളര്‍ ഇബാദത്ത് ഹൊസെയ്ന്‍, ഓള്‍ റൗണ്ടര്‍ മെഹ്ദി ഹസന്‍ എന്നീ താരങ്ങളും ഏഷ്യാകപ്പില്‍ കളിക്കില്ല. അഫ്ഗാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ മെഹ്ദി ഹസന്‍ പരിക്കുമൂലം റിട്ടയര്‍ ചെയ്താണ് ക്രീസ് വിട്ടത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനാണ് ബംഗ്ലാദേശിന്റെ ആദ്യ എതിരാളി.