പന്തുകള്‍ കൊണ്ട് എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് അമ്പരപ്പ് സമ്മാനിക്കുന്ന താരമാണ് ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികള്‍ അത്ഭുതത്തോടെയല്ലാതെ കണ്ടുനിന്നിട്ടില്ല. ഇത്തവണയും വോണ്‍ ഞെട്ടിച്ചു.. ആരോടും പറയാതെ ആര്‍ക്കും ഒരു സൂചന പോലും നല്‍കാതെ വോണ്‍ ഭൂമിയില്‍ നിന്ന് യാത്രയായി. ഹൃദയാഘാതത്തിലൂടെ വോണിനെ മരണം തട്ടിയെടുത്തപ്പോള്‍ നടുങ്ങിയത് കായികലോകം ഒന്നടങ്കമാണ്. 

To advertise here,

വെറുമൊരു സ്പിന്നര്‍ മാത്രമായിരുന്ന വോണിനെ ലോകത്തിന്റെ സ്പിന്‍ തമ്പുരാനായി ലോകം വാഴ്ത്തിയ വര്‍ഷമായിരുന്നു 1993. അന്നാണ് വോണ്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായി വളര്‍ന്നത്. 

1993 ജൂണ്‍ നാല്, ഓസ്ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പര.  ഷെയ്ന്‍ വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. എന്നാല്‍ 1993-ലെ ആഷസ് പരമ്പരയിലെ മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂണ്‍ നാലിന് ക്രിക്കറ്റ്‌പ്രേമികള്‍ സാക്ഷാല്‍ ഷെയ്ന്‍ വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് സാക്ഷിയായി.

ക്രിക്കറ്റ് ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വിശേഷിപ്പിച്ച വോണിന്റെ ആ മാജിക്ക് പിറന്നിട്ട്  27 വര്‍ഷം തികഞ്ഞു. വോണിന്റെ കൈവിരലുകളില്‍ നിന്ന് പിറവിയെടുത്ത ഒരു പന്ത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് പിഴുതപ്പോള്‍ ഗാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ലോകവും അദ്ഭുതംകൂറി. ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ആ പന്തിലായിരുന്നു.

ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ആ പന്തിനെ നൂറ്റാണ്ടിന്റെ പന്തെന്ന് വിളിച്ചു. ആ പന്ത് ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസ സ്പിന്നറെ കൂടി ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു. അന്ന് ഗാറ്റിങ്ങിനെതിരേ പന്തെറിയാനെത്തുമ്പോള്‍ അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. എന്നാല്‍ ആ ടെസ്റ്റില്‍ ആകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ 1993 ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

വോണ്‍ ആരാധകരെയും ക്രിക്കറ്റിനെയും ലോകത്തെയും വിട്ട് യാത്രയായെങ്കിലും അദ്ദേഹം പുല്‍മൈതാനത്ത് നല്‍കിയ അത്ഭുത പന്തുകള്‍ എക്കാലവും ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ക്കും; വിസ്മയത്തോടെ..