ലണ്ടന്‍: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് പരിക്ക്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ലിയോണിന് പരിക്കേറ്റത്. തുടയ്ക്ക് പരിക്കേറ്റ ലിയോണ്‍ പരസഹായത്തോടെയാണ് ഗ്രൗണ്ട് വിട്ടത്. 

To advertise here,

ലിയോണിന്റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ലിയോണിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് രണ്ടാം ടെസ്റ്റ് പൂര്‍ണമായും നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ ഓസീസ് ക്യാമ്പില്‍ ആശങ്ക പരന്നു. ഓസ്‌ട്രേലിയയുടെ നമ്പര്‍ വണ്‍ സ്പിന്നറാണ് ലിയോണ്‍. ലിയോണിന്റെ സേവനം നഷ്ടമാകുന്നത് ഓസീസിന് തിരിച്ചടിയാകും. ലോര്‍ഡ്‌സില്‍ സ്പിന്നിനെയും തുണയ്ക്കുന്ന പിച്ചാണുള്ളത്.

മത്സരത്തിന്റെ 37-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. ബെന്‍ ഡക്കറ്റിന്റെ ഷോട്ട് തടയാനായി ബൗണ്ടറി ലൈനില്‍ നിന്ന് മുന്നോട്ട് ഓടിവരുന്ന വഴിയ്ക്ക് താരത്തിന്റെ തുടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ലിയോണ്‍ മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ സാക് ക്രോളിയെ പുറത്താക്കി ലിയോണ്‍ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം 496 ആയി ഉയര്‍ത്തിയിരുന്നു. പരമ്പരയില്‍ ഇതുവരെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ലിയോണ്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.