ആൻഡ്രൂ സൈമണ്ട്‌സ് | ഫോട്ടോ: AFP
എല്ലാം തികഞ്ഞ ഓള്‍റൗണ്ടര്‍. ലോകക്രിക്കറ്റില്‍ ആന്‍ഡ്രൂ സൈമണ്ട്സിനെ പോലെ മറ്റൊരാള്‍ ഇല്ല. വെടിക്കെട്ട് ബാറ്റിങ്. അവസരോചിതമായി വിക്കറ്റെടുക്കാനുള്ള കഴിവ്. അതിലുപരി എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണമാകും സൈമണ്ട്സിന് കൂടുതല്‍ ചേരുക. കപില്‍ ദേവും ഇമ്രാന്‍ ഖാനും ജാക് കാലിസും ക്രിസ് ക്രെയിന്‍സും ഹാഡ്ലിയും എല്ലാം ഓള്‍റൗണ്ടര്‍മാരില്‍ ഇതിഹാസങ്ങള്‍ തന്നെ. എന്നാല്‍,. ഇവരെക്കാളെല്ലാം സൈമണ്ടസിനെ മാറ്റിനിര്‍ത്താവുന്നത് ഫീല്‍ഡിങ്ങ് മികവാണ്. ഡൈവിങ് ക്യാച്ചുകളും മിന്നല്‍ വേഗത്തിലുള്ള റണ്ണൗട്ടുകളും തടഞ്ഞിട്ട പവര്‍ ഷോട്ടുകളുമാണ് സൈമണ്ട്സിനെ ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമാക്കിയത്. ഓള്‍റൗണ്ടര്‍മാരിലെ ഓള്‍റൗണ്ടര്‍-അതായിരുന്നു ആന്‍ഡ്രൂ സൈമണ്ടസ്.
ഓസീസ് അജയ്യരായി തുടര്‍ന്ന അവരുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ടീമിലെ മിന്നുംതാരമായിരുന്ന സൈമണ്ട്‌സിന്റെ അകാലവിയോഗം ലോകക്രിക്കറ്റിന് തന്നെ തീരാനഷ്ടമാണ്. ശനിയാഴ്ച രാത്രി ക്യൂന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലയിലുണ്ടായ കാറപടത്തിലായിരുന്നു സൈമണ്ട്‌സിന്റെ മരണം.
ഓസീസ് ക്രിക്കറ്റിന് മറക്കാനാകാത്ത ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് സൈമണ്ട്‌സ്. 1998-ല്‍ പാകിസ്താനെതിരേ അരങ്ങേറ്റംകുറിച്ച സൈമണ്ട്‌സ്, ഏകദിനങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. 2003, 2007 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. രണ്ട് ലോകകപ്പിലും ഒരു മത്സരത്തില്‍ പോലും സൈമണ്ട്‌സ് മാറിനിന്നിരുന്നില്ല. മികച്ച ഒരുപിടി താരങ്ങളുണ്ടായിരുന്ന ഓസീസിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലും ടീമിലെ അവിഭാജ്യ ഘടകമായി നിലയുറപ്പിക്കാന്‍ സൈമണ്ട്‌സിന് സാധിച്ചത് അദ്ദേഹത്തിന്റെ പ്രതിഭ വെളിവാക്കുന്നതാണ്.
എക്കാലവും എതിരാളികള്‍ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയന്‍ ബാറ്ററായിരുന്ന സൈമണ്ട്‌സ്. ക്രീസില്‍ നിലയുറപ്പിച്ച് ആക്രമിച്ച് കളിച്ച് എതിരാളികളുടെ ആത്മവിശ്വാസം തച്ചുടയ്ക്കുന്ന ശൈലിയായിരുന്നു സൈമണ്ട്‌സിന്‍റേത്. കളിയുടെ നിയന്ത്രണം ഒറ്റയ്ക്ക് ഏറ്റെടുത്ത് നിരവധി മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാനും സൈമണ്ട്‌സിന് കഴിഞ്ഞു. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ സൈമണ്ടസ് നിരവധി മത്സരങ്ങളില്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തിയും ടീമിന് കരുത്തേകി. ചടുലതയാര്‍ന്ന മിന്നും റിഫ്‌ളക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യബോധവും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡര്‍ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.
ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിനവും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 1462 റണ്‍സും 24 വിക്കറ്റും നേടി. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുമാണ് സമ്പാദ്യം. ആറ് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഒരുതവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ട്വന്റി-20യില്‍ 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കി. 2009-ല്‍ പാകിസ്താനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അവസാന മത്സരം. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈന്‍ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായും സൈമണ്ട്‌സ് കളത്തിലിറങ്ങിയിരുന്നു. 2009 ഐപിഎല്‍ സീസണില്‍ ഡെക്കാന്‍ ചാമ്പ്യന്‍മാരായ വേളയിലും ടീമില്‍ സൈമണ്ട്‌സിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2012ലാണ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.
ബിഗ് ബോസിലെത്തി, മുടിദാനം ചെയ്തു
രക്താര്‍ബുദം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ധനശേഖരണാര്‍ഥം തല വടിച്ച് മുടി ദാനം ചെയ്തു. ബിഗ് ബോസ് റിലായിറ്റി ഷോയിലും സൈമണ്ട്സ് പ്രത്യക്ഷപ്പെട്ടു. 2011 ല്‍ പട്യാല ഹൗസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. 2008 ല്‍ ഐപിഎലിന്റെ ആദ്യ സീസണില്‍ ലേലത്തില്‍ ഏറ്റവും വിലയിട്ട താരവും സൈമണ്ട്സായിരുന്നു രണ്ടാം സീസണില്‍ തന്നെ വന്‍ വിലയ്ക്ക് തന്നെ വാങ്ങിയ ഡെക്കാന്‍ ചാര്‍ജേഴ്സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക റോള്‍ സൈമണ്ട്സിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷുകാരായ ദമ്പതിമാര്‍ ദത്തെടുത്ത് അവര്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഒരു പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിന് ലഭിക്കേണ്ടിയിരുന്ന താരത്തെ അങ്ങനെയാണ് ഓസീസിന്റെ ഭാഗമായത്. റോയി എന്ന് വിളിപ്പേര് വന്നതിന് പിന്നിലും ഒരു സാമ്യത്തിന്റെ കഥയുണ്ട്. ബാസ്‌കറ്റ് ബോള്‍ താരം ലെറോയ് ലോഗിന്‍സുമായുള്ള രൂപ സാദൃശ്യമാണ് ആ വിളിപ്പേര് ലഭിക്കാന്‍ കാരണമായത്.
മങ്കിഗേറ്റ് വിവാദം
2007-ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും സൈമണ്ട്‌സും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി ഒന്നിച്ച് കളിച്ച സമയത്ത് ഹര്‍ഭജന്‍ ഇക്കാര്യത്തില്‍ തന്നോട് മാപ്പുപറഞ്ഞെന്നും സൈമണ്ട്‌സ് വെളിപ്പെടുത്തിയിരുന്നു.
ഓസീസിന് നഷ്ടങ്ങളുടെ വര്‍ഷം
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വലിയ നഷ്ടങ്ങളുടെതാണ്. ഓസീസ് ഇതിഹാസങ്ങളായ റോഡ് മാര്‍ഷിന്റെയും ഷെയിന്‍ വോണിന്റെയും മരണത്തിന് തൊട്ടുപിന്നാലെ നഷ്ടങ്ങളുടെ പട്ടികയിലേക്കാണ് സൈമണ്ട്‌സിന്റെ പേരും ചേര്‍ക്കപ്പെട്ടത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായിരുന്ന റോഡ് മാര്‍ഷിന്റെ മരണം കഴിഞ്ഞ മാര്‍ച്ച് മൂന്നിനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹം അഡ്ലെയ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. ഇതിനുതൊട്ടുപിന്നാലെയായിരുന്നു മാര്‍ച്ച് നാലിന് വോണിന്റെ വിയോഗം. തായ്‌ലന്‍ഡിലെ കോ സാമുയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വോണിന്റെയും അന്ത്യം.
Content Highlights: Andrew Symonds left after Shane Warne and Rod Marsh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..