സിഡ്‌നി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി. നാട്ടിൽ ഇന്ത്യൻ വനിതാ ടീമിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്ന് ഹീലി അറിയിച്ചു. 16 വർഷം നീണ്ട കരിയർ അവസാനിപ്പിക്കാനാണ് ഹീലി ഒരുങ്ങുന്നത്.

To advertise here,

ചൊവ്വാഴ്ച വില്ലോ ടോക്ക് പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. വർഷങ്ങളായി കളിക്കുന്ന തന്റെ മത്സരശേഷി പതുക്കെ മങ്ങുന്നത് അനുഭവപ്പെട്ടതിനാൽ, വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഹീലി സമ്മതിക്കുകയായിരുന്നു.

ഓസീസിനായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഹീലി. ഏകദിനത്തിൽ 3,563 റൺസും ടി20-യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടിയിട്ടുണ്ട്. 2010-ലായിരുന്നു അരങ്ങേറ്റം. കരിയറിൽ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ഹീലി. 2023-ൽ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റു.

കരിയറിൽ ഓസീസ് ടീമിനൊപ്പം എട്ട് ഐസിസി ലോകകപ്പുകൾ നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും (2022-ൽ ഇംഗ്ലണ്ടിനെതിരെ 170) വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ പുറത്താക്കലുകളും ഹീലിയുടെ പേരിലാണ്. രണ്ടുതവണ ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് ആറു മുതൽ ഒമ്പതു വരെ പെർത്തിൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റായിരിക്കും ഹീലിയുടെ വിരമിക്കൽ മത്സരം. അടുത്തിടെ വനിതാ പ്രീമിയർ ലീഗ് 2026 ലേലത്തിൽ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ അനന്തരവളായ അലിസ്സ ഹീലി, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയുമാണ്.