വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഓർമയില്ലേ. വിദേശത്ത് പോലും എതിരാളികളെ ബാറ്റിങ്ങിലും ബൗളിങ്ങിലും വെല്ലുവിളിക്കാൻ പോന്ന കരുത്തരുടെ സംഘം. ഓസ്ട്രേലിയൻ മണ്ണിലും ഇംഗ്ലീഷ് മണ്ണിലുമെല്ലാം ഇന്ത്യ കുറിച്ച ടെസ്റ്റ് വിജയങ്ങൾ ആ ടീമിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. അക്കാലത്ത് ചേതേശ്വർ പുജാരയ്‌ക്കൊപ്പം ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്തനായിരുന്നു അജിങ്ക്യ രഹാനെ.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ, ആരാധകരുടെ മനസിൽ എന്നും പ്രത്യേക സ്ഥാനമുള്ള ചില താരങ്ങളുണ്ട്. വലിയ ആഘോഷങ്ങളോ കെട്ടുമാറാപ്പുകളോ ഇല്ലാതെ, ബാറ്റ് കൊണ്ട് മാത്രം സംസാരിച്ചവർ. അത്തരത്തിലുള്ള താരങ്ങളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന പേരുകളിലൊന്നാണ് രഹാനെയുടേത്. ടീം ഇന്ത്യയ്‌ക്കൊപ്പം നിരവധി ചരിത്രവിജയങ്ങളിൽ പങ്കാളിയായ ഈ മുംബൈക്കാരൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമ്പോൾ വിരാമമാകുന്നത് ഒരു കളിക്കാരന്റെ കരിയറിന് മാത്രമല്ല, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു സുവർണകാലത്തിനു കൂടിയാണ്.
ശാന്തത, സാങ്കേതിക മികവ്, പ്രതിസന്ധികളിൽ പൊരുതാനുള്ള മനക്കരുത്ത്, വിദേശ പിച്ചുകളിലെ അസാമാന്യ പ്രകടനങ്ങൾ, നായകനെന്ന നിലയിലെ പക്വത ഇതെല്ലാം ചേർന്നാൽ രഹാനെയെന്ന ക്രിക്കറ്ററായി. വിരാട് കോലിയുടെ ആക്രമണോത്സുക നേതൃത്വത്തിനിടയിൽ, അതിന് തികച്ചും വ്യത്യസ്തമായ ശൈലിയിലൂടെ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുന്ന നായകനെന്ന നിലയിലും രഹാനെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
മുംബൈയുടെ ജൂനിയർ ടീമുകളിലൂടെ വളർന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെത്തിയ താരമാണ് അദ്ദേഹം. സ്‌കൂൾ ക്രിക്കറ്റിലും ക്ലബ് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലുമെല്ലാം രഹാനെ സ്ഥിരതയുടെ പര്യായമായിരുന്നു. ദീർഘ ഇന്നിങ്‌സുകൾ കളിക്കാനുള്ള കഴിവും പുതിയ പന്തിനെ നേരിടാനുള്ള ആത്മവിശ്വാസവും സ്പിന്നിനെയും പേസിനെയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മികവും രഹാനെയെ വ്യത്യസ്തനാക്കി. ഇന്ത്യ എ ടീമിനായി നടത്തിയ വിദേശ പര്യടനങ്ങളിലും മികവ് തുടർന്നത് നിർണായകമായി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പുറത്തെടുത്ത മികവാണ് രഹാനെയെ സീനിയർ ടീമിലെത്തിച്ചത്.
2013-ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് ലോകം കണ്ടത് വിദേശ പര്യടനങ്ങളിലായിരുന്നു. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വേഗമേറിയ പിച്ചുകളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി രഹാനെ മാറി.
2013-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഡർബൻ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും അർധ സെഞ്ചുറി നേടിയ പ്രകടനമാണ് രഹാനെയുടെ കരിയറിൽ നിർണായകമാകുന്നത്. രണ്ടാം ഇന്നിങ്‌സിൽ 96 റൺസെടുത്ത് പുറത്തായെങ്കിലും ആ ഇന്നിങ്സ് ഇന്ത്യയ്ക്ക് ഒരു മികച്ച ടെസ്റ്റ് ബാറ്ററെ മാത്രമല്ല, വിദേശ പിച്ചുകളിൽ പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന പോരാളിയെ ലഭിച്ചുവെന്ന പ്രഖ്യാപനമായിരുന്നു.
ഹോം ട്രാക്ക് ബുള്ളികളെന്നും ഫ്‌ളാറ്റ് ട്രാക്ക് ബുള്ളികളെന്നുമാണ് അക്കാലത്ത് ഇന്ത്യൻ ബാറ്റർമാരെ പൊതുവെ പറയാറ്. സ്വന്തം നാട്ടിൽ തകർത്ത് കളിക്കുന്നവർക്ക് വിദേശത്ത് പോകുമ്പോൾ മുട്ടിടിക്കുമായിരുന്നു. എന്നാൽ ആ ധാരണ മാറ്റിയെഴുതിയ തലമുറയിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നായിരുന്നു അജിങ്ക്യ രഹാനെ.
2014-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോർഡ്സ് ടെസ്റ്റിൽ നേടിയ സെഞ്ചുറി രഹാനെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. ഇന്ത്യൻ മുൻനിര തകർന്ന മത്സരത്തിൽ അസാമാന്യമായ ക്ഷമയോടെയാണ് രഹാനെ ബാറ്റ് ചെയ്തത്. അന്ന് ലോർഡ്‌സിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് അടിത്തറ പാകിയത് രഹാനെയുടെ ഇന്നിങ്‌സായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ലോർഡ്‌സിൽ നേടിയ ടെസ്റ്റ് വിജയമായിരുന്നു അത്.
2014-15 ഓസ്ട്രേലിയൻ പര്യടനത്തിലെ മെൽബൺ ടെസ്റ്റിൽ നേടിയ സെഞ്ചുറിയും രഹാനെയുടെ മികവിന്റെ അടയാളമായി. മിച്ചൽ ജോൺസൺ, റയാൻ ഹാരിസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര പേസർമാരെ നേരിട്ടുകൊണ്ട് 171 പന്തിൽ 147 റൺസെടുത്ത രഹാനെ, അന്ന് വിരാട് കോലിക്കൊപ്പം നാലാം വിക്കറ്റിൽ റെക്കോഡ് കൂട്ടുകെട്ടും പടുത്തുയർത്തി.
തുടർന്ന് വെല്ലിങ്ടണിൽ ന്യൂസീലൻഡിനെതിരെയും സെഞ്ചുറി കുറിച്ച രഹാനെ വിദേശത്ത് ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററെന്ന പേര് സമ്പാദിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിച്ചേർത്ത പരമ്പരയായിരുന്നു 2020-21 ബോർഡർ-ഗവാസ്‌കർ ട്രോഫി. തോൽവിയുടെ പടുകുഴിയിൽ നിന്നാണ് ആ പരമ്പരയിൽ ഇന്ത്യ തിരിച്ചുവന്നത്. അഡ്‌ലെയ്ഡിലെ ഒന്നാം ടെസ്റ്റിൽ വെറും 36 റൺസിന് ഓൾഔട്ടായി നാണംകെട്ടിരുന്നു ഇന്ത്യൻ ടീം. പിന്നാലെ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ ടീമിനെ നയിക്കാനുള്ള നിയോഗം രഹാനെയ്ക്കായിരുന്നു. മെൽബണിലെ രണ്ടാം ടെസ്റ്റിൽ രഹാനെ കുറിച്ച 112 റൺസിന്റെ ഇന്നിങ്‌സ്, വിജയത്തിനൊപ്പം ഇന്ത്യയുടെ ആത്മവിശ്വാസം കൂടി തിരികെപ്പിടിക്കാൻ പോന്നതായിരുന്നു. പിന്നാലെ സിഡ്‌നിയിൽ സമനിലയും ഗാബയിൽ ചരിത്രവിജയവും സ്വന്തമാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കി ഏവരെയും ഞെട്ടിച്ചു. പരിക്കു മൂലം പല മുൻനിര താരങ്ങൾ വിട്ടു നിന്നിട്ടും രണ്ടാംനിര താരങ്ങളെ അണിനിരത്തി ഓസ്ട്രേലിയയെ അവരുടെ കോട്ടയിൽ ഇന്ത്യ തോൽപ്പിച്ചത് രഹാനെയുടെ നായക മികവിന്റെ അടയാളമായി.
സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ സാങ്കേതിക പാരമ്പര്യത്തിന്റെ തുടർച്ചയായാണ് പലരും രഹാനെയെ കണ്ടത്. ആക്രമണത്തെക്കാൾ കൃത്യതക്കും ക്ഷമയ്ക്കും പ്രാധാന്യം നൽകിയ ബാറ്ററായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയുടെ കാലത്ത് വലിയ വിവാദങ്ങളോ വാർത്തകളോ ഇല്ലാതെ, പ്രകടനം കൊണ്ട് മാത്രം ബഹുമാനം നേടിയ അപൂർവ താരങ്ങളിൽ ഒരാളുകൂടിയാണ് അദ്ദേഹം.
രാഹനെയെ ചുറ്റിപ്പറ്റി ക്രിക്കറ്റ് ലോകത്ത് രസകരമായ ചർച്ച വരെ ഉണ്ടായിരുന്നു. 'രഹാനെ ഇന്ത്യയിൽ കളിക്കുന്നതിനെക്കാൾ മികച്ച ബാറ്ററാകുന്നത് വിദേശത്താണ്' എന്ന്. അതിന് കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ടെസ്റ്റ് സെഞ്ചുറികളിൽ ഭൂരിഭാഗവും ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റിൻഡീസ് തുടങ്ങിയ വിദേശ വേദികളിലായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി വിദേശ സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യവുമായിരുന്നു. അതിനാൽ തന്നെ നിരവധി മുൻ താരങ്ങൾ അദ്ദേഹത്തെ ഇന്ത്യയുടെ 'ഓവർസീസ് സ്‌പെഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് രഹാനെ പടിയിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമാകുന്നത് ഒരു മികച്ച ബാറ്ററെ മാത്രമല്ല, യുവതാരങ്ങൾക്ക് മാതൃകയായ ഒരു പ്രൊഫഷണലിനെ കൂടിയാണ്.
Content Highlights: Reflecting on Rahane's technical mastery and temperament in overseas conditions., Highlighting the 2020-21 Border-Gavaskar Trophy leadership success., Celebrating his legacy as a selfless professional and tactical captain., Analyzing his impact on India's Test cricket dominance during the 2010s.
Published: 30 Jul 2026, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented