മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. മൂന്നു മത്സരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമില്‍ അഞ്ച് ഓപ്പണര്‍മാരെ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നും മുന്‍താരം ആരോപിക്കുന്നു. 

To advertise here,

ടീമിന്റെ നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ കെഎല്‍ രാഹുലും ഓപ്പണര്‍മാരാണ്. ഇതിന് പുറമേയാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരേയും ടീമിലെടുത്തത്.

'ഈ ടീമില്‍ ഓപ്പണര്‍മാരുടെ ആധിക്യമുണ്ട്. ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമുള്ള സ്ഥാനങ്ങളിലേക്ക് യോജിച്ച താരങ്ങളെയാണ് കണ്ടെത്തേണ്ടത്. പ്രത്യേകിച്ചും ട്വന്റി-20 ഫോര്‍മാറ്റില്‍ ഇതു പ്രധാനപ്പെട്ടതാണ്. ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അദ്ദേഹം റണ്‍സ് നേടി കഴിവുതെളിയിച്ച സ്ഥാനത്തേക്ക് ആകണം അദ്ദേഹത്തെ എടുക്കുന്നത്.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?  അദ്ദേഹത്തിന് അതേ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് കണ്ടറിയണം', ചോപ്ര വ്യക്തമാക്കുന്നു. 

Content Highlights: Aakash Chopra on Indian Cricket Team Selection