മുംബൈ: ഐ.പി.എൽ ഈ സീസൺ യു.എ.ഇയിൽ നടക്കുകയാണെങ്കിൽ അത് ഏറ്റവും ഗുണകരമാകുക റോയൽ ചലഞ്ചേഴ്ലസ് ബാംഗ്ലൂരിനാകുമെന്ന് ഇന്ത്യയുടെ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. താരതമ്യേന ബൗളിങ് ദുർബലമായ ടീമുകൾക്കാകും യു.എ.ഇയിൽ ഐ.പി.എൽ നടക്കുന്നത് ഗുണകരമാകുകയെന്നും അതുകൊണ്ട് റോയൽ ചലഞ്ചേഴ്സ് കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ആകാശ് ചോപ്ര.

To advertise here,

'യു.എ.ഇയിലെ ബാറ്റിങ് സാഹചര്യങ്ങൾ പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്ന് തോന്നുന്നില്ല. സത്യത്തിൽ ചില ടീമുകൾക്ക് ഇത് ഗുണകരമാകും. റോയൽ ചലഞ്ചേഴ്സിന്റെ കാര്യം ഉദാഹരണമായെടുക്കാം. അവിടെ ഗ്രൗണ്ടുകൾ താരതമ്യേന വലുതാണ്. അതുകൊണ്ട് ബൗളിങ് ദുർബലമാണെങ്കിലും അത്ര പ്രശ്നമുണ്ടാകില്ല. ബാറ്റിങ്ങിൽ കരുത്തരും ബൗളിങ്ങിൽ ദുർബലരുമായ റോയൽ ചലഞ്ചേഴ്സ് അവിടെ കരുത്തു കാട്ടാൻ സാധ്യത ഏറെയാണ്.'-ആകാശ് ചോപ്ര വ്യക്തമാക്കുന്നു.

മികച്ച സ്പിന്നർമാരുള്ള ടീമിനും ഗുണം ലഭിക്കുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 'മികച്ച സ്പിന്നർമാരുള്ള ടീമിനും സാധ്യത കൂടുതലാണ്. ചെന്നൈ സൂപ്പർ കിങ്സിനും കിങ്സ് ഇലവൻ പഞ്ചാബിനുമാകും ഇത് ഗുണകരമാകുക. പ്രത്യേകിച്ച് പഞ്ചാബ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന് യു.എ.ഇയിലെ വേദികളിൽ മികച്ച റെക്കോഡാണുള്ളത്.' ചോപ്ര കൂട്ടിച്ചേർത്തു.

ഐ.പി.എൽ യു.എ.ഇയിലാണെങ്കിൽ ബാറ്റ്സ്മാൻമാർക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും അവിടുത്തെ കാലാവസ്ഥയാണ് ബാറ്റ്സ്മാൻമാർ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ടൂർണമെന്റിൽ ഒരു ദിവസം രണ്ടു കളികൾ വന്നാൽ ഉച്ചയ്ക്കു നടക്കുന്ന മത്സരങ്ങളിൽ യു.എ.ഇയിലെ ചൂട് ബാറ്റ്സ്മാൻമാർക്ക് തിരിച്ചടിയാകുമെന്നും ചോപ്ര പറയുന്നു.

Content Highlights: Aakash Chopra, RCB, IPL UAE