തുലാപ്പത്തിന് തുടങ്ങി ഇടവപ്പാതിയില്‍ തീരുന്ന തെയ്യക്കാലം വടക്കേ മലബാറിലെ ഭക്തരുടെ മനസിനും ശരീരത്തിനും നല്‍കുന്ന കരുത്ത് അനിര്‍വചനീയമാണ്. കാവിലെ വിളക്ക് സാക്ഷിയാക്കി കൈകൂപ്പി നില്‍ക്കുമ്പോള്‍ വിളിപ്പുറത്തെത്തി അനുഗ്രഹം ചൊരിയുന്ന ദൈവമാണ് അവര്‍ക്കിന്നും തെയ്യങ്ങള്‍. സങ്കടങ്ങളും വേദനകളും സന്തോഷങ്ങളും കണ്‍കണ്ട ദൈവത്തോടവര്‍ പങ്കുവെക്കുന്നു. കണ്ണീര്‍ കഴുകി കറകളഞ്ഞ മനസുമായാണ് ഓരോ കാവുകളില്‍ നിന്നും വിശ്വാസികള്‍ തിരിച്ചുപോകുന്നത്. 

To advertise here,

കാലം മാറിയിട്ടും കാവുകളില്‍ തെളിയുന്ന വിളക്ക് കൊളുത്തുന്ന വെളിച്ചം വടക്കന്റെ ജീവിതത്തില്‍ മങ്ങലേല്‍ക്കാതെ നിറയുകയാണ്. തെയ്യക്കാവുകളില്‍ എത്തുന്നവരുടെ എണ്ണം ഇന്ന് പതിന്മടങ്ങ് കൂടി. വിദേശത്ത് നിന്നുപോലും തെയ്യം കാണാന്‍ ആളുകള്‍ കൂടുന്നു. കോലത്തിനുളളില്‍ ഒരു മനുഷ്യജീവന്‍ തുടിക്കുന്നുണ്ടെന്നത് മറക്കാനാകാത്ത സത്യമാണ്. കനല്‍ കൂനയ്ക്ക് മുകളിലും പന്തങ്ങള്‍ക്കിടയിലും തെയ്യമായി മാറുന്ന മനുഷ്യന്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. അനുഭവങ്ങളുടെ പാഠങ്ങള്‍ അവഗിണിച്ചാല്‍ ഫലം ദുരന്തമായിരിക്കും. കൃത്യമായ ആസൂത്രണവും വീഴ്ചയില്ലാത്ത സുരക്ഷയും ഓരോ തെയ്യത്തിന് പിന്നിലും അത്യാവശ്യമാണ്.

കനല്‍ജീവിതം

ഉടുക്കുന്ന തുകിലിനും കുടിക്കുന്ന കഞ്ഞിക്കും ഊനം കൂടാതീട്ട് തക്കവണ്ണം കാത്ത് പോന്നിട്ടുണ്ടല്ലോ ഈശ്വരന്‍... തെയ്യങ്ങള്‍ അനുഗ്രഹിക്കുകയാണ്. എന്നാല്‍, കാവിലെ വിളക്ക് സാക്ഷിയാക്കി മഞ്ഞള്‍ പ്രസാദം ഉള്ളംകൈയ്യില്‍ വെച്ച് അനുഗ്രഹിക്കുന്ന തെയ്യങ്ങളുടെ വയറിന്റെ വിളി ആരും അന്വേഷിക്കാറില്ല. കോലത്തിനുള്ളിലെ പച്ചമനുഷ്യന്റെ ജീവിതത്തെ കുറിച്ചും അധികമാരും ചിന്തിക്കാറില്ല.

വസന്തത്തില്‍ വിരുന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെയാണ് ഉത്തരമലബാറിലെ തെയ്യങ്ങള്‍. വസന്തകാലത്തിന് ശേഷം അവയെപ്പറ്റി ആരും ചിന്തിക്കാറില്ല. അടുത്ത വസന്തത്തില്‍ ആദ്യത്തെ പൂമ്പാറ്റ മുന്നിലെത്തും വരെ. തെയ്യങ്ങളെ കൊട്ടിയുണര്‍ത്താന്‍ തുലാപ്പത്തിനുള്ള കാത്തിരിപ്പിലാണ് കാവുകള്‍. ദൈവങ്ങള്‍ നാടിറങ്ങിയ വീരകഥകളാണ് ഓരോ തെയ്യത്തിന് പിന്നിലുമുള്ളത്. തോറ്റംപാട്ടായി അത് ചങ്കുപൊട്ടിപ്പാടി കാവുണര്‍ത്തിയാണ് അരങ്ങേറ്റം. ആട്ടത്തിനിടയില്‍ ഇടറി വീണ തെയ്യക്കാരില്‍ പലര്‍ക്കും പിന്നിടൊരിക്കലും കളിയാട്ടവേദിയില്‍ പഴയ താളത്തില്‍ നൃത്തം ചവിട്ടാനാകാറില്ലെന്നതാണ് സത്യം.

placeholder
ചിത്രം: മാതൃഭൂമി

തെയ്യക്കാവുകളില്‍ ചിറകറ്റുവീണ വീരരായ തെയ്യക്കാര്‍ നമുക്കിടയില്‍ ഇന്നും ജീവിക്കുന്നുണ്ട്. കാവുകളില്‍ ചെണ്ടയുണരുമ്പോള്‍ വേദന മറന്ന് പഴയ ഓര്‍മകളില്‍ മനസുകൊണ്ട് നൃത്തംചവിട്ടുന്നവര്‍. തോറ്റംപാട്ടുകളില്‍ ഇടംപിടിക്കാത്ത ഈ വീരന്മാര്‍ക്ക് ജീവിതം കണ്ണീരുപ്പ് വീണ കിണ്ണത്തിലെ കഞ്ഞി മാത്രമാണിന്ന്. അനുഗ്രഹം തേടി കൈകൂപ്പി ഇവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആരും എത്താറില്ല. വേദനകള്‍ മാത്രമാണ് ഇപ്പോള്‍ ഇവരുടെ വിരുന്നുകാര്‍. ദൈവമായി തീര്‍ന്ന ആ സമയങ്ങളിലൊന്നും കാലിലൂടെ കത്തിക്കയറുന്ന വേദന പലരും അറിയാറില്ല. കൈകൂപ്പി മുന്നിലെത്തുന്ന ഭക്തരുടെ മനസിലെ എരിയുന്ന കനലുകള്‍ അരുളിപ്പാടുകളുടെയും അനുഗ്രഹങ്ങളുടെയും തണുത്ത വെള്ളം കൊണ്ട് അപ്പോഴും അവര്‍ കെടുത്തിക്കൊണ്ടിരുന്നു.  

തീച്ചുഴിയില്‍ ദൈവം

ഭൂമിയിലെ മഹാവ്യാധികള്‍ ഒഴിപ്പിക്കാന്‍ ശിവന്‍ കല്‍പ്പിച്ചുവിട്ടതാണ് കണ്ഠകര്‍ണനെയെന്നാണ് വിശ്വാസം. ഉഗ്രരൂപിയും മന്ത്രമൂര്‍ത്തിയുമായ കണ്ഠകര്‍ണന്‍ അടിമുടി തീപ്പന്തവും കൊളുത്തി ഉറഞ്ഞാടുന്നത് വീര്‍പ്പടക്കി മാത്രമേ കണ്ടുനില്‍ക്കാനാവുകയുള്ളൂ. തീയില്‍ ആറാടുന്നതിനാല്‍ അഗ്‌നികണ്ഠന്‍ എന്നും അറിയപ്പെടാറുണ്ട് കണ്ഠകര്‍ണന്‍. ഇരുപത്തിയൊന്ന് ദിവസം കഠിന വ്രതമെടുത്താണ് കണ്ഠകര്‍ണന്‍ തെയ്യം കെട്ടുന്നത്. 

ശരീരത്തിന് ചുറ്റും 16 തീപ്പന്തം. പന്തത്തിലൊഴിച്ച എണ്ണയില്‍ നിന്ന് ഏത് നിമിഷവും ഓലയുടെ അരയോടിക്ക് തീപടരാം. ആള്‍ക്കൂട്ടത്തിനിടയില്‍ ആളിക്കത്തുന്ന തീക്കുള്ളില്‍ ദൈവം! ആളിക്കത്തിയ പന്തം രണ്ട് ഭാഗത്തേതും ഒരേ പോലെ കൊത്തിയിളക്കല്‍ മാത്രമാണ് രക്ഷപ്പെടാനുള്ള വഴി.

സ്വര്‍ണ ചന്ദ്രക്കല തീയില്‍ ചൂടായി നെറ്റിയില്‍ ഒട്ടിയതിന്റെയും വെള്ളിയുടെ കണ്ണ് പോളകള്‍ക്കിടയില്‍ വെന്തിറങ്ങിപ്പോയതിന്റെയും കല ഒരിക്കലും മായില്ല. പൊള്ളി തൊലിയടര്‍ന്ന് പോയ കൈവിരലുകള്‍ പലതും ഒട്ടും.

കളിയാട്ടങ്ങള്‍ക്ക് കേളികൊട്ടുയരുമ്പോള്‍

ഒരു തെയ്യക്കാലത്തിനുകൂടി കേളികൊട്ടുയര്‍ന്നു. ഉത്തരമലബാറിലെ ക്ഷേത്രങ്ങളും കാവുകളും തറവാട്ട് ഭവനങ്ങളും ഇനി ചെണ്ടയുടെയും ചിലങ്കയണിഞ്ഞ തെയ്യങ്ങളുടെയും അരങ്ങുകളായി മാറും. ജൂണ്‍ അവസാനംവരെ ഭക്തര്‍ക്ക് ഐശ്വര്യവും സമാധാനവും ചൊരിയാന്‍ ദൈവത്തിന്റെ പ്രതിരൂപമായ തെയ്യരൂപങ്ങളുണ്ടാകും. ഉത്തരകേരളീയര്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ദൈവങ്ങളാണ് തെയ്യങ്ങള്‍. മനുഷ്യര്‍ ദേവതാരൂപം ധരിച്ച് ഉറയുകയും അതിലൂടെ ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുകയുമാണ്.

വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയാണ് തെയ്യം. അടയാളം കൊടുക്കല്‍ മുതല്‍ വ്രതശുദ്ധിയെടുത്ത് തുടങ്ങുന്ന ചടങ്ങുകള്‍ തോറ്റവും വെള്ളാട്ടവും തുടര്‍ന്ന് മുഖത്തെഴുത്തും അടയാളങ്ങളും മുടിയുംവെച്ച് പൂര്‍ണരൂപത്തിലുള്ള തെയ്യത്തിന്റെ പുറപ്പാട് വരെ നീളുന്നു. അതിലൂടെ ഭക്തജനങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഏറെ ഒരുക്കങ്ങളും ചിട്ടകളും പാലിച്ചാണല്ലോ കളിയാട്ടങ്ങള്‍ കൊണ്ടാടുക.

placeholder
വയനാട്ടുകുലവൻ തെയ്യം. ഫോട്ടോ: രാമനാഥ് പൈ

തികച്ചും ഗുരുകുല സമ്പ്രദായപ്രകാരം ചെറുപ്രായത്തില്‍ത്തന്നെ തെയ്യംകെട്ടിന്റെ എല്ലാവശങ്ങളും മനസ്സിലാക്കിയാണ് വിവിധ സമുദായത്തില്‍പ്പെട്ടവര്‍ ഈ രംഗത്തേക്കു വരുന്നത്. ചെണ്ടമേളം, തോറ്റംപാട്ട്, മുഖത്തെഴുത്ത്, അടയാളങ്ങളും മുടിയും വെക്കല്‍ ഇങ്ങനെ എല്ലാം അവര്‍ ചെറുപ്രായത്തില്‍ത്തന്നെ അഭ്യസിക്കുന്നു. അങ്ങനെയവര്‍ തെയ്യംകെട്ടിന്റെ 'ഓള്‍റൗണ്ടര്‍'മാരാകുന്നു. 

വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിരവധി സ്ഥലങ്ങളില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ക്കും പെരുങ്കളിയാട്ടങ്ങള്‍ക്കും അരങ്ങുണരാന്‍ പോകുകയാണ്. ജനങ്ങളുടെ വമ്പിച്ച പങ്കാളിത്തത്തോടെയാണ് ഈ ചടങ്ങുകള്‍ ഒത്തൊരുമയോടെ നടക്കുന്നതും. മതസൗഹാര്‍ദ്ദത്തിന്റെ പെരുമകൂടി തെളിയിക്കപ്പെട്ടതാണ് ഉത്സവങ്ങള്‍.

ചെമ്പകത്തണലിലുണ്ട്, മഴയും വെയിലും കൊണ്ട് ഗുളികന്‍

മനുഷ്യന്റെ ഉപബോധ മനസിനുള്ളിലെ ചെപ്പുകളില്‍ നിറയെ പൂക്കളുമായി ഒരു ചെമ്പകം ഉണ്ടാകും. അതിന്റെ ചുവട്ടില്‍ ഗുളികന്‍ തറയും. മഴയും വെയിലുമേറ്റാണ് ഗുളികന്മാരുടെ കാവലിരിപ്പ്. നമ്മള്‍ ചെയ്യുന്ന തെറ്റുകളും നമ്മളോട് ചെയ്യുന്ന തെറ്റുകളും നമ്മള്‍ ചെയ്യുന്ന നന്മകളും നമ്മള്‍ അനുഭവിക്കുന്ന നന്മകളുമെല്ലാം എണ്ണിയെണ്ണി ഗുളികന്‍ തിട്ടപ്പെടുത്തുന്നുണ്ടാകും. അവിടെ ശൂലം കൊണ്ട് തറപ്പിച്ചപോലെ വിശ്വാസത്തിന്റെ ഉറവ പൊടിയുന്നുണ്ടാകും. അതില്‍ ആരൊക്കെ ക്ഷമിച്ചാലും ഗുളികന്‍ ക്ഷമിക്കില്ലെന്ന അണയാത്തിരി ഓരോരുത്തരുടെയും ഉള്ളില്‍ തെളിഞ്ഞു കത്തുന്നുണ്ടാകും.

തെയ്യങ്ങളെല്ലാം മതിലിനകത്തിരിക്കുമ്പോള്‍ വെയിലും മഴയുമേറ്റ് മാടമില്ലാതെ ദേവസ്ഥാനത്തിന് പുറത്താണ് ഗുളികന്‍ എന്ന കാവല്‍ക്കാരന്റെ വാസം. കളിയാട്ടക്കാലങ്ങളില്‍ കുട്ടികളുടെ ഇടയില്‍ അവരിലൊരാളായി ഓടിത്തിമര്‍ക്കുന്നുണ്ടാകും 'കുളിയന്‍'. വെടിയിലും പുകയിലും കരിയിലും നാനാകര്‍മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് ഗുളികന്റെ വാമൊഴി. ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ പല സമുദായങ്ങളും ഗുളികനെ ആരാധിക്കുന്നുണ്ട്.  

പലതരം ഗുളികന്മാരുണ്ട് തെയ്യപ്രപഞ്ചത്തില്‍. ഗുളികന്മാര്‍ നൂറ്റൊന്നെന്നാണ് ചൊല്ല്. വ്യത്യസ്ത രൂപങ്ങള്‍ക്ക് വ്യത്യസ്ത വേഷങ്ങളാണെങ്കിലും ഒട്ടുമിക്ക ഗുളികന്‍ തെയ്യങ്ങളും മുഖപ്പാളയും അരയില്‍ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും ധരിക്കും. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രിശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് വടക്കന്‍ ഗുളികന്‍ തെയ്യം.

placeholder
ഗുളികൻ തെയ്യം | ചിത്രം: മാതൃഭൂമി

മന്ത്രമൂര്‍ത്തികളില്‍ പ്രധാനിയായ ഗുളികന് മാന്ത്രിക കര്‍മ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചാരമുള്ള ദേവതയാണ് ഗുളികന്‍. സര്‍വ്വ വ്യാപിയായ ഗുളികന്റെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ലെന്ന് ഉപാസകന്‍മാര്‍ ഉറച്ച് വിശ്വസിക്കുന്നു. ജനനമരണകാരകനായ ഗുളികന്റെ സാന്നിധ്യമാണ് പ്രപഞ്ചത്തിന്റെ കര്‍മ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതന്‍ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. 

ഉച്ചയ്ക്കും സന്ധ്യയ്ക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികന്‍. ഗുളികന്റെ പ്രത്യക്ഷദര്‍ശനം മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതേസമയം ഭക്തന്‍മാര്‍ക്ക് വന്നു ഭവിക്കുന്ന സര്‍വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികന്‍. കരിങ്കലശം ആണ് ഗുളികന്റെ കര്‍മ്മങ്ങളില്‍ പ്രധാനം. അപമൃത്യു സംഭവിക്കാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടുമാറുന്നതിനും ഭക്തന്‍മാര്‍ കരിങ്കലശം ചെയ്യുന്നു. കോഴിയറുത്ത് ഗുരുസി തര്‍പ്പണത്തിലൂടെയാണ് കര്‍മം പൂര്‍ത്തിയാക്കുന്നത്.

നരസിംഹരൂപന്‍

വടക്കേ മലബാറിലെ കാവുകളിലും ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂര്‍ത്തി. വൈഷ്ണവ സങ്കല്‍പ്പം പില്‍ക്കാലത്ത് ചാര്‍ത്തിക്കൊടുക്കപ്പെട്ട നായാട്ടുദേവനാണ് വിഷ്ണുമൂര്‍ത്തി. ആദ്യമായി വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേന്‍ എന്ന മലയനാണ് എന്നാണ് വിശ്വാസം.

placeholder
ചിത്രങ്ങൾ: മാതൃഭൂമി

ഒറ്റക്കോലം എന്ന പേരില്‍ വയല്‍ തെയ്യമായും വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടിയാടാറുണ്ട്. തീപ്രവേശമാണ് അവിടെ മുഖ്യം. വീടുകളില്‍ കെട്ടിയാടുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന് തീപ്രവേശത്തേക്കാള്‍ ഉഗ്രമൂര്‍ത്തിയായ നരസിംഹരൂപിക്കാണ് മുഖ്യം. വീടുകളില്‍ ഹിരണ്യകശിപുവിന്റെ രക്തപാനവും നരസിഹമൂര്‍ത്തിയുടെ പൊയ്മുഖവും പിന്നെ പേരിനു മാത്രം ചെറിയതോതില്‍ തീപ്രവേശവുമായി തെയ്യം അവസാനിക്കും. 

ഈ തെയ്യത്തിന് വെളിച്ചപ്പാടുകള്‍ നിര്‍ബന്ധമാണ്. തെയ്യം കെട്ടുന്നയാള്‍ അധികം മുഖത്തെഴുത്തോ അത്യധികമായ വേഷഭൂഷകളോ ഇല്ലാതെ തോറ്റം ചൊല്ലി ഉറഞ്ഞാടുന്ന കുളിച്ചാറ്റം എന്ന ചടങ്ങും തെയ്യത്തിന്റെ പുറപ്പാടിനു വളരെ മുമ്പേ ആയിട്ടുണ്ടാവും. ഇത് തോറ്റം എന്നും അറിയപ്പെടുന്നു.

ഐതിഹ്യം

വിഷ്ണുമൂര്‍ത്തിയുടെ ചരിതം പാലന്തായികണ്ണന്‍ എന്ന ഇടയനായ തിയ്യര്‍ സമുദായത്തിലെ യുവാവുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന കണ്ണന്‍. ഒരിക്കല്‍ പറമ്പില്‍ നിന്നും മാങ്ങ പറിച്ചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യില്‍ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തരവളുടെ മാറില്‍ വീഴാനിടയായി. അനന്തിരവള്‍ കണ്ണന്‍ തന്നോട് അപമര്യാദ കാണിച്ചു എന്ന് കള്ളം പറഞ്ഞു വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണന്‍ മംഗലാപുരത്തേക്ക് നാടുവിട്ടു.

കരുമനയില്‍ പാലന്തായി
വിരുതനതായുള്ളൊരു കണ്ണന്‍
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു

എന്ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം പാട്ടില്‍ പരാമര്‍ശമുണ്ട്.

പാലന്തായി കണ്ണന്‍ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടില്‍ അഭയം പ്രാപിച്ചു. വിഷ്ണുമൂര്‍ത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയില്‍ വിളക്കുവെച്ചും മറ്റും കണ്ണന്‍ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സ്വപ്നത്തില്‍ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനാവശ്യപ്പെട്ടു. ഉണര്‍ന്നു നോക്കിയ കണ്ണന്‍ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. 

placeholder
ചിത്രങ്ങൾ: മാതൃഭൂമി

ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നിക്കുട നല്‍കി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണന്‍ തന്റെ ബാല്യകാല സുഹൃത്തായ കനത്താടന്‍ മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടന്‍ വെട്ടിക്കൊലപ്പെടുത്തി. തന്റെ വീട്ടില്‍ തിരിച്ചെത്തിയ കുറുപ്പിന് സര്‍വത്ര അനര്‍ഥങ്ങളാണ് കാണാന്‍ കഴിഞ്ഞത്. പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാന്‍ തുടങ്ങി.

എന്‍ ഉടയകണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു
ഞാന്‍ കൊന്നുയി അടക്കുമീ വണ്ണം മുടിക്കേണം

എന്നും തെയ്യത്തിന്റെ ഉരിയാടലില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്‍കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്. വിഷ്ണുമൂര്‍ത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ് മാറുന്നതായും തെയ്യാട്ടത്തില്‍ കാണാവുന്നതാണ്.