പെരുന്നാള് കാലത്തെ തന്റെ സക്കാത്ത് ഓര്മ്മകള് പങ്കിടുകയാണ്, എഴുത്തുകാരനും, പ്രൊഡക്ഷന് കണ്ട്രോളറുമായ ഷാജി പട്ടിക്കര

1986-ലെ ഒരു റംസാൻ കാലം. അന്നത്തെ ഇരുപത്തിയേഴാം രാവ്! അന്നാണ് സക്കാത്ത് ദിവസം. ഞാനും അയൽവാസി സുഹൃത്തുക്കളായ ലത്തീഫ്, കമറുദ്ദീൻ, നൂറുദ്ദീൻ എന്നിവരടങ്ങുന്ന ഒരു കൂട്ടുകെട്ടാണ് സക്കാത്തിനായി പോകുന്നത്.
അന്ന് നേരത്തേ പുറപ്പെട്ടു. അരികന്നിയൂരിലുള്ള എന്റെ അടിമു എളാപ്പ നല്ല രീതിയിൽ മൂക്കിൽപൊടി വലിക്കും. എളാപ്പയുടെ വീട്ടിൽ പോയപ്പോൾ എടുത്തു വച്ചിരുന്ന ടിഎഎസ് പട്ടണം പൊടിയുടെ ഒരു ഡപ്പ എന്റെ കയ്യിലുണ്ടായിരുന്നു.
ആ ഡപ്പയാണ് സക്കാത്തിനായി ഞാൻ കൊണ്ടുപോയത്. ആദ്യം ഞങ്ങൾ ഏനു ഹാജിയുടെ വീട്ടിലാണ് കയറിയത്. അവിടെ നിന്നാണ് തുടക്കം. പത്ത് പൈസയാണ് അവിടെ നിന്ന് കുട്ടികൾക്ക് കിട്ടാറ്. അവിടെനിന്ന് തുടങ്ങി ചിറനെല്ലൂർ, ആയമുക്ക് എത്തുമ്പോൾ ചിറനെല്ലൂർ ആർ.വി. മുഹമ്മദ് ഹാജിയുടെയുടെ വീട്ടിൽ കയറും. അവിടെ നിന്നും കുട്ടികൾക്കുള്ള പടി അൻപത് പൈസയാണ്.
ആയമുക്കിൽ നിന്ന് വീണ്ടും പട്ടിക്കരയിൽ എത്തി കിഴക്കുമുറി വരെ അവിടെനിന്ന് കേച്ചേരി, പെരുമണ്ണ്, തുവ്വാന്നൂർ അതിർത്തി വരെ പോകുമ്പോഴേക്കും പത്ത് മണി കഴിയും. സക്കാത്ത് നിർത്തി നേരേ തറവാട്ട് വീട്ടിൽ എത്തും. അതാണ് പതിവ്.
ആ കൊല്ലം, എന്റെ ഓർമ്മ ശരിയാണെങ്കിൽ പതിനേഴ് രൂപ മുപ്പത് പൈസയാണ് അന്ന് കിട്ടിയത്. ഇരുപത്തിയേഴാം രാവല്ലേ, മൂന്ന് ദിവസം കഴിഞ്ഞാൽ പെരുന്നാളാണ്. അന്നു മുതൽ 'സമ്പന്നനായ' ഞാൻ ആ ഡപ്പയ്ക്ക് കാവലാണ്. നിധി കാക്കുന്ന ഭൂതത്തെപ്പോലെ. എങ്ങനെയും പെരുന്നാൾ ദിവസം
എത്തിയാൽ മതിയെന്നാണ്. കാശല്ലേ കയ്യിലിരിക്കുന്നത്.
അങ്ങനെ പെരുന്നാളായി! കാലത്തെ എഴുന്നേറ്റു, കൂട്ടുകാർക്കൊപ്പം നേരേ പാറന്നൂർ പുഴയിലേക്ക്. വിസ്തരിച്ചൊരു കുളി. അത് കഴിഞ്ഞ് പറപ്പൂർ തടത്തിൽ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്‌ക്കാരം കഴിഞ്ഞ് നേരേ തറവാട്ടു വീട്ടിലേക്ക്. അവിടെ വന്ന് ഭക്ഷണം. വേഗത്തിലാണ് അത് കഴിച്ചുതീർക്കുന്നത്. അത് കഴിഞ്ഞാൽ നേരേ കുന്നംകുളത്തേക്ക് ഒരു പോക്കാണ്. ഡപ്പയിലെ പൈസയൊക്കെ പോക്കറ്റിലാക്കി ഗമയിലൊരു പോക്ക്.
സിനിമ കാണാൻ! സിനിമ കാണാൻ സ്ഥിരം വരുന്ന കൂട്ടുകാരുണ്ട്. പറപ്പൂരുള്ള സുലൈമാൻ, കബീർ, സാദിഖ്, ഉമ്മർ, ഇസ്മയിൽ അവരാണ് സ്ഥിരം സിനിമ കമ്പനി. എന്റെയൊപ്പം പാറന്നൂർ സെന്റ് തോമസ് യു.പി. സ്‌ക്കൂളിൽ രേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരാണ്. അന്നത്തെ പെരുന്നാളിന് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയാണ് കണ്ടത്.
സിനിമ കഴിഞ്ഞ് നേരേ കുന്നംകുളം റീഗൾ ഹോട്ടലിലേക്ക്. അവിടെ നിന്ന് എല്ലാവരും ഓരോ മസാല ദോശ. അത് എല്ലാ പെരുന്നാളിനും പതിവുള്ളതാണ്. അതും കഴിഞ്ഞാൽ തറവാട്ടിലേക്ക്. പിന്നെ അവിടെത്തന്നെ.
അടുത്ത ദിവസം, രണ്ടാം പെരുന്നാൾ! അന്നും രാവിലെ ഒരു പോക്കുണ്ട്. വർഗ്ഗീസേട്ടന്റെ കടയിലേക്ക്. പട്ടിക്കരയിൽ തന്നെയാണ് വർഗ്ഗീസേട്ടന്റെ കട. അവിടെ അരസൈക്കിളുണ്ട്. ചെറിയ സൈക്കിൾ! കുറേ സൈക്കിളുകൾ ഉണ്ടെങ്കിലും, ചെറുത് ആകെ നാല് സൈക്കിളേ ഉള്ളൂ, ആരെങ്കിലും എടുക്കും മുമ്പ് ചെല്ലണം, അല്ലേൽ കിട്ടില്ല.
സൈക്കിൾ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ രാജാവാണ്. അതിന് മുൻപ് എത്രതവണ അതിൽ നിന്നും വീണിട്ടുണ്ടെന്ന് കൃത്യമായി ഓർമ്മയില്ല. എന്തായാലും അന്നും വീണു. കയ്യിലും, കാലിലുമൊക്കെ പെയിന്റ് പോയി. അന്ന് വീണത് നല്ലൊരു വീഴ്ച്ചയായിരുന്നു. ഇപ്പോഴും അത് കാണുമ്പോൾ ആ അര സൈക്കിളും വർഗ്ഗീസേട്ടനും ആ പെരുന്നാളും മനസ്സിൽ ഓടിയെത്തും.
എന്തായാലും ആ വീഴ്ച്ചയ്ക്ക് ശേഷം സൈക്കിളിനോടുള്ള പൂതി തീർന്നു. പിന്നെ ഇന്നുവരെ സൈക്കിളെന്നല്ല ഒരു വാഹനവും ഓടിച്ചിട്ടില്ല. ബൈക്ക് പോലും പഠിച്ചില്ല. ഇപ്പോഴും ആരുടെയെങ്കിലും പിന്നിലിരുന്നേ സഞ്ചരിക്കാറുള്ളൂ.
അങ്ങനെ പെയിന്റ് പോയ കയ്യും കാലുമൊക്കെ ആരേയും അറിയിക്കാതെ രണ്ടാം പെരുന്നാൾ കടന്നു പോയി. അടുത്തത് മൂന്നാം പെരുന്നാൾ. അതൊരു കലാശക്കൊട്ടാണ്. പെരുന്നാളിന്റെ പേരിൽ അനുവദിച്ചു കിട്ടുന്ന സ്വാതന്ത്ര്യമൊക്കെ അന്ന് തീരും. അത് കൊണ്ട് പിന്നെ ബാക്കിയുള്ള പൈസ തീർക്കലാണ്.
നേരേ മൊയ്തുക്കയുടെ കടയിലേക്ക്. പട്ടിക്കര നസ്രത്തുൽ ഇസ്ലാം മദ്രസ്സയുടെ കെട്ടിടത്തിലാണ് മൊയ്തുക്കയുടെ കട. പേരില്ലാത്ത കടയാണ്. ഒന്നാം പെരുന്നാളിനും രണ്ടാം പെരുന്നാളിനും അവധിയാണ്. മൂന്നാം പെരുന്നാളിന് കാലത്ത് തന്നെ തുറക്കും. അവിടത്തെ പൊറോട്ടയും ബീഫും വയർ നിറയെ തട്ടും. വിശപ്പും തീരണം, പൈസയും തീരണം.
അല്ലാത്തപ്പോൾ ഇടയ്ക്ക് ഉമ്മയുടെ വാപ്പ ഒരു രൂപ തരും. അതിന് ആകെ കിട്ടുന്നത് രണ്ട് പൊറോട്ടയാണ്, കൂടെ കുറച്ച് ചാറും. ചാറിന് വേണ്ടിയാണ് പോകുന്നത്. ഒരു പൊറോട്ട കഴിക്കുമ്പോഴേക്കും ചാറ് തീർത്തിരിക്കും. രണ്ടാമത് ചാറ് ചോദിച്ചാൽ മൊയ്തുക്ക ഒരു നോട്ടം നോക്കും. എന്നിട്ട് കുറച്ച് സാമ്പാർ ഒഴിച്ചു തരും. അല്ലെങ്കിൽ വല്ലപ്പോഴും വരുന്ന ബന്ധുക്കൾ ആരെങ്കിലും കനിയണം.
അങ്ങനെ പെരുന്നാളൊക്കെ കഴിഞ്ഞ് സ്‌ക്കൂളിലും, മദ്രസ്സയിലുമൊക്കെ ക്ലാസ്സ് തുടങ്ങും. മദ്രസ്സയിലിരിക്കുമ്പോൾ മൊയ്തുക്കാടെ കടയിൽ നിന്നും ചൂട് പൊറോട്ടയുടെയും, തിളയ്ക്കുന്ന ബീഫിന്റെയും മണം മൂക്കിലേക്ക് അടിച്ചു കയറും. അവിടെയിരുന്ന് ആ മണം ആസ്വദിച്ച് നിർവൃതി കൊള്ളും. വാങ്ങിച്ച് കഴിക്കാൻ പോക്കറ്റിൽ പൈസയില്ലല്ലോ!
ഇപ്പോൾ പെരുന്നാളിനും, നോമ്പുതുറയ്ക്കും ഒക്കെ ഇഷ്ടപ്പെട്ട ഏതു ഭക്ഷണവും
കഴിക്കുവാൻ കഴിയുന്ന ജീവിത സാഹചര്യമുണ്ടെങ്കിലും, ആ ചെറിയ ഡപ്പയിലെ പണം കൊണ്ട് മൊയ്തുക്കാടെ കടയിൽ നിന്നും അന്ന് കഴിച്ച പൊറോട്ടയുടെയും ഇറച്ചിക്കറിയുടേയും സ്വാദ് നാവിൽ നിന്ന് പോകുന്നില്ല. കൊതിപ്പിക്കുന്ന ആ മണവും!
Content Highlights: Writer and Production Controller Shaji Pattikkara reminisces about his childhood Eid experiences, including collecting Zakat money in a snuff tin, watching movies in Kunnamkulam, and the life-changing bicycle fall that stopped him from ever driving again.
Published: 17 Mar 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented