
ഗുഹാനന്ദപുരം- ഗുഹന്‍ സുബ്രഹ്മണ്യനാണ്. അതില്‍ നിന്നാണ് ഗുഹാനന്ദപുരം എന്ന പേരുണ്ടായത്. രാമായണത്തില്‍ മറ്റൊരു ഗുഹനുണ്ട്. കടത്തുകാരനാണ്. അറിവില്ലായ്മയുടെ നിലയില്ലാക്കയം കടന്ന് അറിവിൻ്റെ തീരത്തണയ്ക്കുന്ന കടത്തുകാരന്‍ വിദ്യയാണ്. കാലം ഇങ്ങനെയൊരര്‍ഥവും ഈ പേരിനേകുന്നു.ഗുഹാനാന്ദപുരം എന്ന് ശ്രീനാരായണ ഗുരുവിനാല്‍ നാമകരണം ചെയ്യപ്പെട്ട ഈ ദേശത്ത് വിദ്യാഭ്യാസപരമായും തൊഴില്‍പരമായാലും മിക്ക വീടുകളിലും ആരും മോശക്കാരായില്ല. കലാസാംസ്‌കാരികരംഗത്തും തിളങ്ങുന്ന പേരുകള്‍ ഈ നാടിൻ്റെ ചരിത്രത്തിന്റെ ഭാഗമായി. അതിനെല്ലാം നിമിത്തമായ, തുടക്കം കുറിച്ച ഒരു മഹാൻ്റെ സ്മരണകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നത്. നേരെ മുന്നില്‍ അഷ്ടമുടിക്കായല്‍. രണ്ട് കരകളെ ഒന്നിപ്പിച്ച് ദളവാപുരം പാലം. ബോട്ട് ജെട്ടി. അതിൻ്റെ പശ്ചാത്തലത്തില്‍ ഗുഹാനന്ദപുരം ക്ഷേത്രം. ക്ഷേത്രവളപ്പില്‍ ഷണ്‍മുഖദാസ് സ്വാമികളുടെ മഠം. അതിനുള്ളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടില്‍, മെതിയടി. തമിഴിലും മലയാളത്തിലുമുള്ള ഭഗ വത്ഗീത. താഴെ മണ്ഡപത്തിനുള്ളില്‍ സ്വാമിയുടെ പ്രതിമ. അത് അനാഛാദനം ചെയ്തത് ബിഷപ്പ് ജെറോം. തനിക്കു ജാതിയും മതവുമില്ലെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിൻ്റെ പാതകള്‍ പിന്തുടര്‍ന്ന സ്വാമിക്ക് ഉചിതമായ സ്മാരകം.
റാട്ട് തിരിക്കാനെത്തി, നാടിന്റെ ചരിത്രം മാറ്റി
ഇവിടെ മണപ്പുറത്ത് എന്നൊരു വീടുണ്ടായിരുന്നു. അവിടെ കയര്‍വ്യവസായകേന്ദ്രമായിരുന്നു. പ്രാക്കുളത്തു നിന്നും പപ്പു എന്ന പയ്യന്‍ അവിടെ റാട്ട് തിരിക്കുന്ന ജോലിക്കെത്തിയതാണ്. ആ കുടുംബത്തോടൊപ്പം ഒരു ദിവസം അവന്‍ പഴനിക്ക് പോയി. തിരികെ വന്നപ്പോള്‍ ഒരു സുബ്രഹ്മണ്യന്റെ ഫോട്ടോയും കൊണ്ടുവന്നു. ഇന്ന് ഗുഹാനന്ദപുരം ക്ഷേത്രം നില്‍ക്കുന്നതിന് സമീപത്തായി ഒരു ചെമ്പകമരമുണ്ടായിരുന്നു. അവിടെ ആ മരചുവട്ടില്‍ ഫോട്ടോ സ്ഥാപിച്ച് ആരാധന തുടങ്ങി. ആദ്യകാലത്ത് ചെറിയ എതിര്‍പ്പുകളൊക്കെ ഉണ്ടായെങ്കിലും പിന്നീട് അതൊരു ആരാധനാകേന്ദ്രമായി. ശ്രീനാരായണഗുരുവിന്റെ വാക്കുകളും ദര്‍ശനവും പിന്തുടര്‍ന്ന പപ്പു ഷണ്‍മുഖദാസ് സ്വാമി ആയി. ശ്രീനാരായണ ഗുരുവിന്റെ ചിന്താധാരകളിലും കര്‍മ്മപദ്ധതികളിലും ആകൃഷ്ടനായി ഗുരുസന്നിധിയില്‍ എത്തി സന്യാസം സ്വീകരിക്കുകയും ഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളായി തീരുകയും ചെയ്ത കര്‍മ്മയോഗിയാണ് ഷണ്‍മുഖദാസ് സ്വാമികള്‍.
നാട്ടിലെ എല്ലാവീടുകളിലും ഓരോ കുടം കൊണ്ടുകൊടുത്തു. അരിവെക്കുമ്പോള്‍ ഒരു പിടി ഈ കുടത്തിലേക്കും മാറ്റിവെക്കാന്‍ പറഞ്ഞു. അതും നാട്ടുകാരുടെ സംഭാവനയും ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങളിലെ വരുമാനവുമെല്ലാം സ്വരൂപിച്ച് നാട്ടിലൊരു സംസ്‌കൃതം പള്ളിക്കൂടം തുടങ്ങി. കാരാളിമുക്ക് സ്വദേശി അബ്ദുല്‍ ഹക്കിം നല്‍കിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാര്‍ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിര്‍മ്മാണത്തിനുള്ള തുടക്കം കുറിക്കാന്‍ സഹായകമായി. അങ്ങനെ സ്വാമികള്‍ സ്‌കൂള്‍ പണിതുയര്‍ത്തി. അതൊരു മാറ്റത്തിന്റെ കാറ്റായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരായ ജനതയെ വാര്‍ത്തെടുക്കാനുള്ള ഗുരുദര്‍ശനത്തിന്റെ പ്രായോഗിക പാഠം. 1924 ല്‍ ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയില്‍ തുടങ്ങിയ ആ സംസ്‌കൃതപള്ളിക്കൂടം 1951-52 കാലത്ത് പുതിയതരം സ്‌കൂളായി. 1953-54ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1991 ല്‍ ഹയര്‍സെക്കൻഡറി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു.
അതുമാത്രമല്ല സ്വാമിയുടെ സംഭാവന. സഹകരണസംഘം തുടങ്ങിയതും അദ്ദേഹമാണ്. അതാണിപ്പോള്‍ തെക്കുംഭാഗം സര്‍വീസ് സഹകരണബാങ്കായി തലയുയര്‍ത്തി നില്‍ക്കുന്നത്. സമീപവാസിയും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന പി.ബി.മംഗളാനന്ദന്‍ പറഞ്ഞു. ഒരുമയോടെ നിന്നാല്‍ ഒരു നാടിന്റെ മുഖഛായമാറ്റാം എന്നതിനും നിദര്‍ശനമാവുന്നു ഇത്.
ഒരു ഹിന്ദുസന്യാസിയുടെ പ്രതിമ ഒരു ക്രൈസ്തവ പുരോഹിതന്‍ അനാച്ഛാദനം ചെയ്ത അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിച്ച ഗ്രാമമാണ് തെക്കുംഭാഗം. 1977 സെപ്റ്റംബറില്‍ ഗുഹാനന്ദപുരം ക്ഷേത്രത്തിന്റെയും സ്‌കൂളിന്റെയും സ്ഥാപകനായ സന്യാസിവര്യന്‍ ഷണ്‍മുഖദാസ് സ്വാമികളുടെ പ്രതിമ അനാച്ഛാദനം ചെയ്തത് കൊല്ലം ലത്തീന്‍ കത്തോലിക്കാരൂപത ബിഷപ്പ് ആയിരുന്ന ജെറോം ഫെര്‍ണാണ്ടസ് ആണ്. അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ആ ചടങ്ങെന്ന് എഴുത്തുകാരനായ വി.എം രാജ്‌മോഹനനും പറയുന്നു.
സ്‌കൂളിനു സമീപം ഗുഹാനന്ദപുരം ക്ഷേത്രത്തിന് പുറകില്‍ കൊല്ലരഴികത്ത് മറ്റൊരു പ്രതിഭയുടെ സ്മരണകളും ഉറങ്ങുന്നുണ്ട്. നാട്ടുകാര്‍ സ്‌നേഹപൂര്‍വം ഒ.എന്‍.എസ്.എന്ന ചുരുക്കപ്പേരില്‍ വിളിച്ചിരുന്ന നാണു ഉപാധ്യായന്‍ എന്ന കവിയും സ്വാതന്ത്യസമരസേനാനിയും.
'പോകാം പോകാം പൊന്നനിയാ
പോര്‍ക്കളമല്ലൊ കാണുന്നു,
നമ്മള്‍ക്കണിയിട്ട വിടെത്താം,
നാടിനു വേണ്ടി പടവെട്ടാം'
എന്ന് എഴുതി സ്വാതന്ത്ര്യ സമര യോദ്ധാക്കളെ ആവേശം കൊള്ളിച്ച കവി. അന്ന് തിരുവിതാംകൂറിലും കൊച്ചിയിലും ഈ ഗാനം സര്‍ക്കാരുകള്‍ നിരോധിച്ചു തിരുവിതാംകൂറിലെ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് സ്വാതന്ത്യ സമരത്തെ അടിച്ചമര്‍ത്തുന്നതിലുള്ള ശക്തമായ പ്രതിഷേധമാണ് ഈ പാട്ടില്‍ ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ സൗഹൃദത്തില്‍ തെളിവിണ്ണിലേവം ഞങ്ങള്‍ സന്തുഷ്ടരായ് വിഹരിക്കയാണ്;
പൊങ്ങും പുതഘന ജാതി നേതാക്കളേ,
നിങ്ങളിങ്ങെങ്ങും കരി ഇടല്ലേ !
എന്ന് മതാതീത ജീവിതദര്‍ശന മുദ്‌ഘോഷിച്ച അദ്ദേഹത്തിന്റെ കവിതയും ഇന്നും പ്രസക്തമാവുന്നു. കാലാതീതമാവുന്ന കാവ്യചേതന. ക്ഷേത്രത്തില്‍ നിന്ന് നേരെ നോക്കിയാല്‍ മറ്റൊരു ഓര്‍മകുടീരം കാണാം. കഥാപ്രസംഗവേദികളിലൂടെ മലയാളികളിൽ ഒരു തരംഗമായി പടര്‍ന്ന വി.സാംബശിവന്റെ സ്മൃതികുടീരം. ലോകക്ലാസിക്കുകളും ഇന്ത്യന്‍ ക്ലാസിക്കുകളുമടക്കം സാഹിത്യകൃതികളെ സാമന്യാജനതയോട് അടുപ്പിച്ച ആ പ്രതിഭാശാലിയുടെ ആദ്യകഥാപ്രസംഗം പിറന്നതും ഈ മണ്ണിലാണ്. ഈ ക്ഷേത്രവേദിയില്‍ അവതരിപ്പിച്ചു തുടങ്ങിയ കഥാപ്രസംഗം കേരളമാകെ പടര്‍ന്ന് പിന്നെ മലയാളി എവിടെയുണ്ടോ അവിടെയെല്ലാം എത്തിയത് ചരിത്രം. ഗുഹാനന്ദപുരം സ്‌കൂളില്‍ അധ്യാപകനുമായിരുന്നു അദ്ദേഹം. സാംബശിവൻ്റെ കഥാപ്രസംഗ ജൈത്രയാത്ര ഉദ്ഘാടനം ചെയ്തത് നാണു ഉപാധ്യായന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സുഭദ്ര പിന്നീട് സാംബശിവൻ്റെ ജീവിതപങ്കാളിയായി.
Content Highlights: Legacy of Guhanandapuram’s Shanmukhadas Swami
Published: 11 Aug 2025, 09:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented