ആളുകൾ ഇത്രയ്ക്കും സംസാരിക്കുന്ന സമയമുണ്ടായിട്ടില്ല, എന്നിട്ടും പക്ഷേ അർത്ഥവത്തായ പരസ്പരസംഭാഷണം തീരെ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്. നാം നിരന്തരം വർത്തമാനം പറയുന്നു, എന്നാൽ ബോധപൂർവ്വമുള്ള സംസാരം വല്ലപ്പോഴുംമാത്രം. നമ്മുടെ ഭാഷ പൊള്ളയായ ഔപചാരികതകളെക്കൊണ്ട് നിറഞ്ഞതാണ്. അതുകൊണ്ടാണ് നമ്മുടെ വാക്ക്കുകൾക്ക് കാര്യമായ എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാൻ സാധിക്കാതെ പോകുന്നത്. വാക്കുകൾ വെറും ശബ്ദങ്ങളല്ല; അവ ഉയർന്നുവരുന്നത് നമ്മുടെ വളരെ ആന്തരികമായ ഒരിടത്തുനിന്നാണ്. ഓരോ വാക്കിനും അതിന്റേതായ വൈകാരിക അന്തരീക്ഷമുണ്ട്. നിങ്ങൾക്കകത്ത് ഒരു വാക് മുഴങ്ങുമ്പോൾ, അത് നിങ്ങളുടെ മനസ്സിൽ വിശേഷപ്പെട്ട ഒരു കാലാവസ്ഥയെ രൂപപ്പെടുത്തുന്നു; നിങ്ങളുടെ മൊത്തം കാഴ്ചപ്പാടിനെത്തന്നെ അത് മാറ്റിക്കളഞ്ഞേക്കാം.

To advertise here,

വാക്കുകളെ ജീവിതത്തിലേക്ക് ആനയിക്കുന്നതിന്, ഓഷോ മുന്നോട്ടുവെക്കുന്ന ലളിതമായ ഒരു പരീക്ഷണമുണ്ട്: കടമെടുത്ത വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം, അവയ്ക്കടിയിലുള്ള യാഥാർഥ്യത്തെ ആദ്യം അനുഭവിക്കുക. ഏതൊരു അനുഭവത്തേയും വെറുമൊരു വാക്കിലേക്ക് ചുരുക്കാതിരിക്കുക. എന്തെന്നാൽ, നിങ്ങളതിനെ ഒരു വാക്കിലേക്ക് ഒതുക്കുമ്പോൾ, നിങ്ങൾ അതിനെ ഒരു പേര് വിളിക്കുമ്പോൾ, നിങ്ങൾ അതിനെ വെട്ടിച്ചുരുക്കുകയാണ്, ആ അനുഭവത്തിന് പരിധികൾ വെക്കുകയാണ്.

സ്വസ്ഥമായി ഒരിടത്തിരുന്ന് നിങ്ങൾ ഒരു സന്ധ്യയെ ആസ്വദിക്കുകയാണെന്നു വെക്കുക. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ പ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. ആ നിമിഷങ്ങളിൽ സന്നിഹിതമായിരിക്കാൻമാത്രം ശ്രമിക്കുക. 'എത്ര നല്ല സന്ധ്യ' എന്ന് പോലും പറയാതിരിക്കുക. നിങ്ങളതിനെ 'മനോഹരം' എന്ന് വിശേഷിപ്പിക്കുന്ന നിമിഷം, നിങ്ങൾ ഭൂതകാലത്തെ വർത്തമാനത്തിലേക്കു (present) വലിച്ചു കൊണ്ടുവരികയാണ്. നിങ്ങളുടെ ഇതുവരേക്കുമുള്ള സൗന്ദര്യാനുഭവങ്ങളൊക്കെയും ഇടിച്ചുകയറിവന്ന്, ഈ നിമിഷത്തെ മുഴുവനും നിറം ചാർത്തുന്നു. ഈ നിമിഷം പക്ഷേ തീർത്തും നവ്യമാണ്. അത് ഇതിനുമുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും സംഭവിക്കാനും പോകുന്നില്ല. എന്തിനാണ് ഭൂതകാലത്തെ നാം വലിച്ചിഴച്ചു കൊണ്ടുവരുന്നത്? വർത്തമാനം ഏറെ വിസ്തൃതമാണ്, ഭൂതകാലമാകട്ടെ തീരെ ഇടുങ്ങിയത്. ഒന്നു

പുറത്തിറങ്ങിയാൽ മുഴുവൻ ആകാശത്തേയും വാരിപ്പുണരാമെന്നിരിക്കേ, ചുമരിലെ ഒരു കൊച്ചു ദ്വാരത്തിലൂടെ ഒറ്റക്കണ്ണിലൂടെ നോക്കി നെടുവീർപ്പിടാൻ ശ്രമിക്കുന്നതെന്തിന്?

നമ്മുടെ സംഭാഷണങ്ങൾ അർത്ഥവത്താകണമെന്ന് നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ, വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ചില വാക്കുകൾ ഏറെ വൈകാരികമായിട്ടുള്ളവയാകാം. മറ്റു ചിലവയാകട്ടെ വെറും ധിഷണാപരമാകാം, purely intellectual. അമൂർത്തവും കേവലം ധിഷണാപരവുമായ വാക്കുകളെ വിട്ടുകളയുകയും, ശരിക്കും വികാരം തുളുമ്പുന്ന വാക്കുകളെ തെരഞ്ഞെടുക്കുകയും ചെയ്യുക. രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നപോലെ വാക്കുകളെ ഉപയോഗിക്കാതിരിക്കുക. ചില വാക്കുകൾ ആക്രമണത്തെ ത്വരിപ്പിക്കുന്നവയാകാം; ഉപയോഗിക്കുന്ന നിമിഷം അവ വാദങ്ങളേയും പ്രതിവാദങ്ങളേയും കൊണ്ടുവരുന്നു. കേവലം യുക്തിപരമായ വാക്കുകളെ ഒഴിവാക്കുക, അവ അനാവശ്യമായ തർക്കങ്ങളെ ക്ഷണിച്ചുവരുത്തുകയേയുള്ളൂ. പകരം, അടുപ്പത്തിന്റെ ഭാഷ ഉപയോഗിക്കുക; ഊഷ്മളതയുടെ, സ്നേഹത്തിന്റെ ഭാഷ. കലഹങ്ങൾ ഉണ്ടാവുകയില്ല പിന്നെ. നിങ്ങൾ ഈവിധം ജീവിക്കാൻ തുടങ്ങുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ കാര്യമായ ഒരു രൂപാന്തരണമുണ്ടാകും, തീർച്ച.

ദൈനംദിനജീവിതത്തിൽ പുലർത്തുന്ന ഒരു ചെറിയ അവബോധം പോലും, ജീവിതത്തിലെ വളരെ വലിയ ദുരിതങ്ങളിൽ നിന്നും നിങ്ങളെ രക്ഷപ്പെടുത്തിയേക്കും. അബോധത്തിൽ പുറത്തുവരുന്ന ഒരൊറ്റ വാക്ക് മതി, ദുരിതങ്ങളുടെ ഒരു വലിയ ശൃംഖലയെ ഉണ്ടാക്കിയെടുക്കാൻ. പണ്ട് സംഭവിച്ചു പോയ ഒരുപാട് സംഗതികളെ നിങ്ങൾ മറന്നിട്ടുണ്ടാകാം. എന്നാൽ, ആരെങ്കിലും അബദ്ധത്തിൽ പറഞ്ഞുപോയ വിഷം പുരണ്ട ഒരൊറ്റ വാക്ക്.. അതൊരുപക്ഷേ നിങ്ങളിൽ വർഷങ്ങളോളം ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവായി മാറാം. അതുകൊണ്ടാണ് പറയുന്നത്, നാം വാക്കുകൾ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധ വെക്കണമെന്ന്. അത്യാവശ്യമെന്ന് വരുമ്പോൾമാത്രം സംസാരിക്കുക. മാത്രവുമല്ല, വാക്കുകൾ ശീലത്തിന്റെ ഭാഗമായിട്ടല്ല പുറത്തുവരേണ്ടത്, തെളിഞ്ഞ അവബോധത്തിൽ നിന്നാണ്.

ശരിക്കും വാക്കുകളുടെ സർവ്വാധികാരിയാവുക, നിങ്ങൾക്ക് കാണാൻ സാധിക്കും, നിങ്ങളുടെ സംസാര രീതി എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതെന്ന്. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ പോലും വ്യത്യസ്തമായ രീതിയിൽ പൂത്തുലയും. എന്തെന്നാൽ വ്യക്തിബന്ധങ്ങളിലെ തൊണ്ണൂറ്റിയൊൻപതു ശതമാനവും നെയ്തെടുക്കപ്പെടുന്നത് വാക്കുകളിലൂടേയും ചേഷ്ടകളിലൂടെയുമാണ്. വാക്കുകളെ ബോധപൂർവ്വം തെരഞ്ഞെടുക്കുക, നിങ്ങൾ നിങ്ങൾക്ക് ചുറ്റിലും വ്യത്യസ്തമായ ഒരു ലോകത്തെയാണ് സൃഷ്ടിച്ചെടുക്കുക.