ശിവന്റെ കഴുത്തിന് ചുറ്റിലും സർപ്പങ്ങൾ പിണഞ്ഞു കിടക്കുന്നതുപോലെയാണ്, ധനത്തിനു ചുറ്റിലും തെറ്റിദ്ധാരണകൾ പിണഞ്ഞു കിടക്കുന്നത്. പണമെന്നത് അതീവ സങ്കീർണതകൾ നിറഞ്ഞ ഒരു അപൂർവ വിഷയമായിട്ടുണ്ട്. ഒരു വശത്ത്, ആളുകൾ അതിനു പിന്നാലെ നിർത്താതെ പാഞ്ഞുകൊണ്ടിരിക്കുന്നു. മറുവശത്താകട്ടെ, പണത്തെ ആഗ്രഹിക്കുന്നതിൽ ആളുകൾ കുറ്റബോധം അനുഭവിക്കുന്നു, എന്തെന്നാൽ അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് ആഗ്രഹം തെറ്റാണെന്നാണ്. ധനം എല്ലായ്പ്പോഴും ചിത്രീകരിക്കപ്പെടുന്നത് ആത്മീയതയ്ക്ക് എതിരായ എന്തോ ആണെന്നാണ്. അതേസമയം, ത്യജിക്കലും ദാരിദ്ര്യവും ദാനം ചെയ്യലുമെല്ലാം കരുതപ്പെടുന്നത് ഏറെ വലിയ പുണ്യപ്രവൃത്തികളായാണ്.

To advertise here,

ഈ രണ്ടു ധാരാണകളുടേയും ഇടയിൽ പെട്ടുകൊണ്ട്, ആളുകൾക്ക് എങ്ങനെയാണ് പണത്തെ ആസ്വദിക്കുക എന്നും എങ്ങനെയാണ് അതിനെ വിട്ടുകളയുക എന്നും അറിയാതായിരിക്കുന്നു. അവർ പണത്തെ ആഗ്രഹിക്കുന്നു, ആ ആഗ്രഹത്തെ പ്രതി അവർ കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്നു.

ഓഷോ ആയിരുന്നു ഈ മനോഭാവത്തെ മറയില്ലാതെ വെല്ലുവിളിച്ച ഒരപൂർവ ആത്മീയ ആചാര്യൻ. അദ്ദേഹം ധനത്തെ ബഹുമാനിക്കുകയും അത് ആത്മീയതക്ക് എതിരായിട്ടുള്ള ഒന്നല്ല എന്ന് വിളിച്ചുപറയുകയും ചെയ്തു. മാത്രവുമല്ല, മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് പണം എന്നാണ് അദ്ദേഹം നമ്മെ ഓർമപ്പെടുത്തിയത്. എന്നാൽ ഒരു കാര്യം നാം ഓർക്കേണ്ടിയിരിക്കുന്നു: പണം ഒരു മാർഗം മാത്രമാണ്, ലക്ഷ്യമല്ല.

പണമെന്നത് ഒരു പ്രശ്‌നവസ്തുവല്ല. പ്രശ്നം തുടങ്ങുന്നത് നാം അതിന് ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം നല്കുമ്പോഴാണ്; അല്ലെങ്കിൽ അതിനെ അപ്പാടെ അധിക്ഷേപിച്ച് തള്ളിക്കളയുമ്പോൾ. പണ്ടുകാലത്ത്, കുറേയാളുകൾ പണത്തെ അധിക്ഷേപിച്ചിട്ടുണ്ട്, എന്തുകൊണ്ടെന്നാൽ, അവരുടെ പക്കൽ പണമില്ലായിരുന്നു. അവരുടെ മോഹഭംഗം ഒരു സദാചാര നീതിയായി പരിണമിച്ചതാണ്.

പണമുണ്ടാക്കുന്നതിൽ യാതൊരു തെറ്റുമില്ല. വാസ്തവത്തിൽ പണം ധാരാളം അവസരങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് വാണിജ്യത്തേയും കച്ചവടത്തേയും സർഗാത്മക പ്രവൃത്തികളേയും വിദ്യാഭ്യാസം തുടങ്ങിയവയേയും വളരാൻ സഹായിക്കുന്നു. സമ്പത്തുണ്ടാക്കുന്ന ഒരു സമൂഹം, കൂടുതൽ സ്വാതന്ത്ര്യത്തോടേയും അഭിമാനത്തോടെയും ജീവിക്കാൻ ആളുകൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്നു. അതിനാൽ, പണത്തെ ചുറ്റിപ്പറ്റി കുറ്റബോധം കൊണ്ടുനടക്കുന്നതിനു പകരം, അതിനോട് എങ്ങനെയാണ് ബുദ്ധിപരമായി ഇടപഴകേണ്ടതെന്ന് പഠിക്കുകയാണ് വേണ്ടത്.

പണത്തെ കറൻസി എന്ന് വിളിക്കുന്നതിന്‌ ഒരു കാരണമുണ്ട്. അത് ചലിക്കാനും ഒരു അരുവിയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കാനും ഉദ്ദേശിച്ചുള്ളതാണ്. അത് ഒഴുകിക്കൊണ്ടിരിക്കുമ്പോൾ, ധാരാളം മറ്റു പ്രവൃത്തികളെ സൃഷ്ടിക്കുന്നു; സമൃദ്ധിയേയും. ഇന്ത്യയിൽ, ധനത്തിന്റെ ദേവതയായ ലക്ഷ്മിയെ വിളിക്കുന്നത് 'ചഞ്ചൽ' എന്നു കൂടിയാണ്: എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നവൾ. ഒരുപക്ഷേ ഇതിൽ ആഴമേറിയ ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്: ധനം ഒരിക്കലും കെട്ടിപ്പൂട്ടി വെക്കേണ്ടതോ ആരാധിക്കപ്പെടേണ്ടതോ അല്ല. അത് ഒഴുകാൻ ഉദ്ദേശിച്ചുള്ളതാണ്.

എന്നാൽ, വഴിയിലെവിടെയോ വെച്ച് പണത്തിനോടൊപ്പം ഭയം കൂടിക്കലർന്നു. ആളുകൾ പണം സ്വരൂപിച്ചുവെക്കാൻ തുടങ്ങി, പണത്തെ എങ്ങനെയാണ് ആസ്വദിക്കേണ്ടത് എന്ന് അറിയുന്നതുകൊണ്ടല്ല, മറിച്ച്, സുരക്ഷിതത്വം ഇല്ലാതാകുമോ എന്ന ഭയം കാരണം. ഒട്ടും നിശ്ചയമില്ലാത്ത ദീർഘമായ ഒരു ഭാവിയിലേക്ക് അവർ പണത്തെ പിടിച്ചുവെക്കാൻ തുടങ്ങി. പതിയെപ്പതിയെ, ഒരു വാഹനമായി നിലകൊള്ളുന്നതിനു പകരം, പണം ഒരു ലക്ഷ്യമായി മാറി.

അങ്ങനെയാണ് തീർത്തും വിചിത്രമായ ആ വിരോധാഭാസം സംഭവിക്കാൻ തുടങ്ങിയത്: നിങ്ങളുടെ പക്കൽ ധാരാളം പണമുണ്ടാകാം, എന്നിട്ടും പക്ഷേ നിങ്ങൾ ദരിദ്രനായി കഴിയേണ്ടി വരുന്നു.

പണം നിർഗുണമായ ഒരു വസ്തുവാണ്. ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ അതിന് ജീവൻ വെക്കുകയുള്ളൂ. നാം നമ്മുടെ ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും സുഖവും സർഗാത്മകതയും ആഘോഷവും മറ്റും കൊണ്ടുവരുന്നില്ലെങ്കിൽ എത്ര പണമുണ്ടായിട്ടും എന്ത് പ്രയോജനം?

ഇനി, അതിനേക്കാൾ ഗൗരവമേറിയ മറ്റൊരു പ്രശ്നമുണ്ട്. പണത്തിനു വാങ്ങാനാവാത്ത ഒരുപാട് സംഗതികളുണ്ട്-സ്നേഹം, ശാന്തി, സൗഹൃദങ്ങൾ, ആനന്ദം, സംതൃപ്‍തി, കരുണ, ആരോഗ്യം, വിശ്വസ്തത (trust), മറ്റുള്ളവരുമായുള്ള സത്യസന്ധമായ ബന്ധങ്ങൾ എന്നിങ്ങനെ. ശരിക്കു പറഞ്ഞാൽ ഇവയെല്ലാമാണ് ഒരു വ്യക്തിയെ യഥാർത്ഥത്തിൽ സമ്പന്നനാക്കുന്നത്.

ഭൗതിക സമ്പത്ത് കുന്നുകൂട്ടുന്നതിൽ നാം മഹാ സൂത്രശാലികളായിത്തീർന്നു, അതേസമയം, ആന്തരികമായ ധനം സ്വരൂപിക്കുന്നതെങ്ങനെ എന്ന കാര്യം നാം ഒരുപക്ഷേ മറന്നുപോവുകയും ചെയ്തു. പണം ആർജിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ചോദ്യം, നിങ്ങളതിനെ എങ്ങനെയാണ് വിനിയോഗിക്കാൻ പോകുന്നത് എന്നതാണ്; അതെങ്ങനെയാണ് നിങ്ങളെ ഉപയോഗിക്കാൻ പോകുന്നതെന്നാണ്.

പണത്തെ ഉപയോഗപ്പെടുത്തുക. അതിനെ ആസ്വദിക്കുക. അത് സുന്ദരമായതിനെ സൃഷ്ടിക്കട്ടെ. അത് സുഖവും സ്വാതന്ത്ര്യവും സാധ്യതകളും കൊണ്ടുവരട്ടെ-നിങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും.

എന്നാൽ നിങ്ങളുടെ മൂല്യത്തെ അളക്കാൻ ഒരിക്കലും പണത്തെ ഉപയോഗിക്കാതിരിക്കുക. ഈശാവാസ്യ ഉപനിഷത് പറയുന്നത് സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ന്, പുരാതനമായ ആ ഉൾക്കാഴ്ച വേദനയുളവാക്കും വിധം പ്രസക്തമായിത്തീർന്നിരിക്കുന്നു. നാം അത്രയ്ക്കും സ്വർണപ്പാത്രങ്ങൾ ഉണ്ടാക്കിയെടുത്തിരിക്കുന്നു, അതിനപ്പുറത്തേക്ക് നോക്കുന്ന കാര്യം നാം മറന്നേ പോയിരിക്കുന്നു.

പണം നിങ്ങളുടെ വീടിനെ സമൃദ്ധമാക്കാം, എന്നാൽ നിങ്ങളുടെ ജീവിതത്തെ നിങ്ങൾക്ക് മാത്രമേ സമൃദ്ധമാക്കാൻ സാധിക്കൂ.