വളരെ പഴയ ഒരു ചൊല്ലുണ്ട് - ഓൾഡ് ഈസ് ഗോൾഡ്. പഴയതൊക്കെയും സ്വർണ്ണമാണെന്ന് അതായത് സ്വർണ്ണത്തെപ്പോലെ വിലപിടിപ്പുള്ളതാണെന്ന്. സ്വർണ്ണം അത്ഭുതകരമായ ഒരു ലോഹമാണ്; അത് ഒരിക്കലും പഴയതായി മാറുന്നില്ല; അതിൻ്റെ വില എപ്പോഴും കൂടിയും കുറഞ്ഞുമിരിക്കുമെങ്കിലും, അതിൻ്റെ മൂല്യത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. പഴയതൊക്കെയും സ്വർണ്ണത്തെപ്പോലെയാണെന്ന് പറയുമ്പോൾ, പഴയതെന്തും സ്വർണ്ണത്തെപ്പോലെ മൂല്യവത്താണെന്നാണ് അർത്ഥമാക്കുന്നത്. ഇന്നുവരേയും അത് സത്യമെന്നോണം കരുതിപ്പോരുന്നു, അതുകൊണ്ടാണ് ആ ചൊല്ല് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാലും, ആദ്യമായി ഓൾഡ്-ഗോൾഡ് എന്നത് അത്രയൊന്നും മൂല്യവത്തായ ഒന്നല്ല എന്ന് അംഗീകരിക്കപ്പെടുകയാണ്. കാലം ഒരുപാട് മാറിപ്പോയിരിക്കുന്നു, ഇപ്പോൾ പുതിയതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തേ പറ്റൂ. നിങ്ങൾ ശ്രദ്ധിച്ചുകാണും, ഈയിടെ മിക്ക പരസ്യങ്ങളിലും ന്യൂ എന്ന് എഴുതിയിട്ടുണ്ടാകും. എങ്കിൽ മാത്രമേ ആളുകൾ ആകർഷിതരാകൂ. കംപ്യൂട്ടറുകൾ അവതരിച്ചതിൽ പിന്നെ സംഗതികളെല്ലാം വളരെ പെട്ടെന്നു തന്നെ ഓൾഡ് ആയി മാറിക്കൊണ്ടിരിക്കുന്നു. കാലത്തിന്റെ വേഗതയിൽ കാര്യമായ മാറ്റം സംഭവിച്ചു. ഓരോ വർഷവും പുതിയ മോഡൽ മൊബൈൽ ഫോൺ, പുതിയ വേർഷൻ കംപ്യൂട്ടർ, പുതിയ ഉപകരണങ്ങൾ, പുതിയ പുതിയ ആശയങ്ങൾ, സങ്കല്പങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ലോകത്തിൻ്റെ പൊതുവായ അന്തരീക്ഷം തന്നെ അപ്പാടെ മാറിയിരിക്കുന്നു. മസ്‌തിഷ്‌ക്കത്തിലെ പുതിയ പുതിയ കണക്ഷനുകൾ എന്നാണ് ഇതിനെ മനസ്സിലാക്കേണ്ടത്. മസ്‌തിഷ്‌കത്തിലെ നാഡീശൃംഖലകൾ, ഇതുവരേക്കും ഉറങ്ങിക്കിടന്നിരുന്ന ധിഷണാകേന്ദ്രങ്ങൾ എന്നിവയെല്ലാം ഉണർന്നെണീക്കാൻ തുടങ്ങുകയാണ്. ആളുകൾക്ക് അതുകൊണ്ടാണ് സകലതും പുതിയത് വേണമെന്ന് തോന്നുന്നത്. സകലതും, മാത്രവുമല്ല അവയൊക്കെയും പെട്ടെന്നുതന്നെ വേണം. ആരും തന്നെ കാത്തിരിക്കാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ, പഴയതൊക്കെയും ഇപ്പോഴൊരു ഭാരമായി മാറിയിരിക്കുന്നു.

To advertise here,

അങ്ങനെയിരിക്കെയാണ് ഓഷോ ഒരു പുതിയ മനുഷ്യനെപ്പറ്റിയും സുവർണ്ണ ഭാവിയെപ്പറ്റിയുമുള്ള സന്ദേശവുമായി വന്നെത്തിയത്. ഓഷോയുടെ കാഴ്‌ചപ്പാടിൽ, 'മുഴുവൻ ഭൂതകാലവും മനുഷ്യരാശിയെ സംബന്ധിച്ച് ഒരു ഭാരമായിത്തീർന്നിരിക്കുകയാണ്. എത്രയും വേഗം അതിനെ കുടഞ്ഞുകളയേണ്ടതുണ്ട്. കാലത്തിൻ്റെ വളരെ പ്രധാനമായ ഒരു നാൽക്കവലയിൽ നിൽക്കുകയാണ് നാം: ഇവിടെനിന്നും നമുക്ക് തിരിഞ്ഞു നടക്കാൻ സാധ്യമല്ല തന്നെ. ഭൂതകാലമല്ല ഗോൾഡൻ ആയിരിക്കുന്നത്, ഭാവിയാണ്. ഭാവി 'ഗോൾഡൻ ഭാവി' ആയേ പറ്റൂ. എന്നാൽ, അങ്ങനെയാവണമെങ്കിൽ ഭൂതകാലം മുഴുവനായും ഇല്ലാതാകണം. പുതിയ തലമുറക്ക്, യുവജനങ്ങളെ സംബന്ധിച്ച്, ഭാതകാലത്തെ അപ്പാടെ പിന്നിൽ ഉപേക്ഷിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്.'

ഓഷോ നല്കിയത് ഉണർന്നെണീക്കാനായുള്ള കാഹളമാണ്. പുതിയ മനുഷ്യനിൽ വരാനിരിക്കുന്ന എല്ലാ ഭാവി കാലവും അടങ്ങിയിരിക്കുന്നു. പഴയ മാനവൻ ഇല്ലാതാവുക തന്നെ വേണം. അവൻ ഉണ്ടാക്കി വെച്ചിരിക്കുന്ന ന്യൂക്ലിയർ ആയുധങ്ങളും നശീകരണ സാമഗ്രി സംവിധാനങ്ങളുമെല്ലാം ആഗോള ആത്മഹത്യക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ്. ലോകത്തെ ബുദ്ധിമാന്മാരായ മനുഷ്യരാണ് തീരുമാനിക്കേണ്ടത് പഴയ മാനവനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെപ്പറ്റി; അവൻ്റെ ചിന്താരീതികളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെപ്പറ്റി അവന്റെ മത സങ്കല്പങ്ങളിൽ നിന്നും വിടുതൽ നേടുന്നതിനെപ്പറ്റി. പോയ കാലത്ത്, മതങ്ങൾ പഠിപ്പിച്ചത് ഇഹലോകത്തെ ത്യജിക്കാനാണ്. ഞാൻ പഠിപ്പിക്കുന്നത് ഈ ലോകത്തെ സ്നേഹിക്കാനാണ്, അപ്പോൾ നിങ്ങൾക്കതിനെ രക്ഷിക്കാൻ സാധിക്കും. പുതിയ മനുഷ്യൻ പഴയതിന്മേൽ യാതൊരു വിധ ഏച്ചുകെട്ടലും നടത്തുന്നവനല്ല; യാതൊരു വിധ കുഴമറിച്ചലുമില്ല; ലളിതം, സുതാര്യം. പുതിയ മനുഷ്യൻ പഴയതിൻ്റെ അന്ത്യത്തെ പ്രഖ്യാപിക്കുന്നവനാണ്; രാഷ്ട്രാതീതമായി, മതാതീതമായി, സ്ത്രീ-പുരുഷ ലിംഗഭേദങ്ങൾക്കതീതമായി, വർണ്ണാതീതമായി, കിഴക്ക് പടിഞ്ഞാറ്, തെക്ക് വടക്ക് എന്നീ ഭേദങ്ങളില്ലാതെയുള്ള ഒരു പുതിയ മനുഷ്യന്റെ പിറവിയെ പ്രഖ്യാപിക്കുന്നവനാണ്.

സാർവ്വലൗകികമായ പൂർണ്ണമനുഷ്യത്വത്തിൻ്റെ തേജസ്സാർന്ന പ്രകടനപത്രികയായിരിക്കും പുതിയ മനുഷ്യൻ. ലോകം ഇതുവരേക്കും കണ്ടതിൽ വച്ച് ഏറ്റവും വലിയ വിപ്ലവമായിരിക്കും പുതിയ മനുഷ്യൻ ആ പുതിയത് എവിടെനിന്നായിരിക്കും ഉണ്ടായിവരിക? അതുണ്ടാവുക നിങ്ങൾക്കകത്തുനിന്നാണ്, അത് നിങ്ങളുടെ സമ്പൂർണ്ണമായ മാറ്റത്തിന്റെ പരിണതഫലമായിരിക്കും. അതിൻ്റെ ഉത്തരവാദിത്തം അതി ബൃഹത്താണ്.