
ഗുരുദേവ പ്രതിമ | ഫോട്ടോ: മാതൃഭൂമി
ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ചിദാനന്ദത്തിന്റെ തിളക്കം ആഴമാർന്നതാണ്. വെളിച്ചത്തിന്റെ അഗാധദ്യുതി. നിലയ്ക്കാത്ത മിന്നൽക്കൊടി. ചരാചരപ്രപഞ്ചങ്ങളെ ഇല്ലാതാക്കുന്ന, മറ്റൊന്നിനേയും കാണാനാവാതാക്കുന്ന ജ്വലനസൗന്ദര്യം. അത് പരമമായ ഈശ്വരന്റെ മഹിമയാണ്.
ആ മഹിമ മുമ്പേ കടന്നുവന്നതാണ്. ആഴിയും തിരയും നിറഞ്ഞ ലോകത്തിൽ കാറ്റും ആഴവും പോലെ നീയും നിന്റെ മഹിമയും ഉള്ളിലേക്ക് ആവാഹിക്കപ്പെടണമെന്ന പ്രാർത്ഥനയിൽ അതുണ്ട്. അകവും പുറവും തിങ്ങുന്ന മഹിമാവാണ് നിന്റെ പദമെന്ന് പിന്നേയും കടന്നെത്തുന്നുമുണ്ട്.
എന്നാൽ ഇവിടെ, ജ്യോതിരാനന്ദത്തിന്റെ ചിദാനന്ദദീപ്തിയായി ആ മഹിമ വിളങ്ങുകയാണ്. അവിടെ എത്തിയാൽ പിന്നെ ആകവേ ആഴണം എന്ന പ്രാർത്ഥന മാത്രം. മിന്നൽക്കൊടിയുടെ നിമിഷാർദ്ധത്തിന്റെ വിദ്യുല്ലത മതിയാവില്ല. നെറ്റിത്തടത്തിൽ തെളിയുന്ന തെളിച്ചം മായാതിരിക്കണം. അതിൽ ആണ്ടുപോകുന്ന ഞങ്ങൾക്ക് അവിടെ തന്നെ നിത്യവും വാഴാനാവണം. അവിടെത്തന്നെ സുഖം സംപ്രാപ്തമാവണം.
അഹത്തിന്റെ മരണവും സമ്പൂർണ്ണമായ ജീർണ്ണതയും സംഭവിക്കുന്നു എന്ന് ഗുരു വ്യക്തമാക്കുന്നു. അദ്വൈതബോധത്തിലേക്കുള്ള പരിവർത്തനമാണിത്. ഞാനും നീയുമില്ല. ഞങ്ങളും ഇല്ലാതാവുകയാണ്. ആകെയുള്ളത് നിന്നിലുള്ള അലിയൽ മാത്രം. പരമമായ ബ്രഹ്‌മത്തിന്റെ സ്വരൂപത്തിലേക്കുള്ള വിലയനം.
അവിടെ ഭൂതവും ഭാവിയും വർത്തമാനവുമില്ല. വാക്കും കർമ്മവുമില്ല. മൗനമുദ്രിതമായ പ്രകാശപൂരം മാത്രം. അനന്തമായ ദ്യുതി. അനാദിയായ തെളിച്ചം. ബ്രഹ്‌മത്തെ ആനന്ദത്തോടെ അറിയുമ്പോൾ പരമമായ വിലയനം. പരമഭക്തിയിൽ പ്രാപിച്ച പരമസത്യം. തരിമ്പും വഴി തെറ്റാതെ പരമാനന്ദത്തിലേക്കുള്ള സംക്രമണം.. മഹാസ്ഥൈര്യത്തിന്റെ നിസ്സീമനിർവൃതി. മോക്ഷം.
ആ പ്രകാശപൂരത്തിന്റെ സ്വരൂപം എന്തായിരിക്കും?
അറിഞ്ഞുകൂടാ. അനുഭവിച്ചവർക്ക് മാത്രം അറിയുന്നതാണത്. വിവരണാതീതം. വാക്കുകൾ മൗനമാവുന്ന നേരം. അത് അറിഞ്ഞവർ ആരും തന്നെ തനിക്ക് മോക്ഷം കിട്ടി എന്ന് പറഞ്ഞിട്ടില്ല. ആ മഹാഗുരുക്കന്മാർ മോക്ഷം നേടി എന്ന് അൽപ്പജ്ഞാനികളായ നമ്മൾ പറഞ്ഞെന്നു മാത്രം. എന്നാൽ അത് അറിഞ്ഞവരുടെ ഈശ്വരസമാനമായ സാന്നിദ്ധ്യം നമ്മളേയും ഊർജ്ജവത്താക്കും. ആ സ്പർശത്തിൽ, ആ നോട്ടത്തിൽ, ആ സ്വരത്തിൽ, ആ സന്നിധിയിൽ നമ്മളും അനാകുലരാവും.
താൻ അർച്ചിച്ച പൂക്കളെല്ലാം കാട്ടാളന് മുന്നിൽ കണ്ട നേരം അർജ്ജുനൻ അമ്പരക്കുന്നുണ്ട്. നിശ്ശബ്ദനാവുന്നുണ്ട്. സാഷ്ടാംഗം പ്രണമിക്കുന്നുണ്ട്. മഹാവീര്യത്തിന്റെ പോർമുഖത്തിൽ വിനയാന്വിതനാവുന്നുണ്ട്. അതു പക്ഷേ പാശുപതാസ്ത്രം കിട്ടാനുള്ള തപസ്സിലാണ്ട അർജ്ജുനൻ ആയിരുന്നു. കുരുക്ഷേത്രത്തിൽ പക്ഷേ അങ്ങനെ അല്ല. പാർത്ഥന് മുന്നിൽ അക്ഷൗഹിണികളും ഗുരുക്കന്മാരും ബന്ധുക്കളുമാണ്. എതിരേ കാട്ടാളനാണെന്ന തെറ്റായ ധാരണ ഇല്ല. എല്ലാം സ്വന്തം ബന്ധുക്കൾ എന്ന സങ്കടമാണ്. വർണ്ണസങ്കരത്തിന്റെ സന്ദേഹമാണ്. യുദ്ധത്തിന്റെ മഹാകെടുതികളാണ്.
വിശ്വരൂപം കാണുന്നത് അവിടെയാണ്. ആ ദർശനം തന്നെ മായാഹരമാണ്. ഭക്തിയോഗത്തിൽ ഭഗവാൻ ഇത് വിശദീകരിക്കുന്നുണ്ട്. എന്നിൽ മനസ്സിനെ ആവേശിപ്പിച്ച് നിഷ്ഠയോടെ, സ്ഥിരമായി, ശ്രദ്ധയോടെ ഉപാസിക്കുക.
യേ ത്വക്ഷരമനിർദ്ദേശ്യമവ്യക്തം പര്യുപാസതേ
സർവ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം
സന്നിയമ്യേന്ദ്രിയഗ്രാമം സർവ്വത്ര സമബുദ്ധയ:
തേ പ്രാപ്‌നുവന്തി മാമേവ സർവ്വഭൂതഹിതേ രത:
ക്ഷരമില്ലാത്തതും വിവരണാതീതവും അവ്യക്തവും എങ്ങും വ്യാപിച്ചതും അചിന്ത്യവും അനാദിയുമായ ബ്രഹ്‌മത്തെ ഭജിക്കുകയും ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് സർവ്വത്ര സമബുദ്ധിയോടേയും സർവ്വഭൂതഹിതാർത്ഥമായും പ്രവർത്തിക്കുന്നവൻ എന്നെ പ്രാപിക്കുന്നു.
തൊട്ടു പിന്നാലെ അതിന്റെ ക്ലേശത്തെ പറ്റിയും പറയുന്നുണ്ട്. അവ്യക്തബ്രഹ്‌മത്തിൽ മനസ്സ് ഉറപ്പിക്കുന്നത് എളുപ്പമല്ല. ദേഹികൾക്ക് നിർഗുണോപാസന ദുഷ്‌കരം തന്നെ. എന്നാൽ സർവ്വ കർമ്മങ്ങളേയും എന്നിൽ സമർപ്പിക്കൂ. എന്നെ ആശ്രയമായി കരുതൂ. അന്യ വിഷയങ്ങളെ വിട്ട് എന്നെ ഏകാഗ്രമായി ധ്യാനിക്കൂ. അവരെ അചിരേണ സംസാരസമുദ്രത്തിൽ നിന്ന് കര കയറ്റാം..
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊർദ്ധ്വം ന സംശയ:
മനസ്സിനെ എന്നിൽ ഉറപ്പിക്കുക. ബുദ്ധിയെ എന്നിൽ നിലനിർത്തുക. അപ്പോൾ നിന്ക്ക് എന്നിൽ നിവസിക്കാനാവും
ചിത്തത്തെ സ്ഥിരമായി എന്നിൽ ഉറപ്പിക്കാനാവില്ലെങ്കിൽ അഭ്യാസയോഗത്തിലൂടെ പ്രാപിക്കാൻ ശ്രമിക്കുക. അഭ്യാസത്തിനും അശക്തനെങ്കിൽ എന്നെ ഉദ്ദേശിച്ചു കർമ്മം ചെയ്യുക. അതുവഴി സിദ്ധി നേടാം. അതിനും അശക്തനെങ്കിൽ സകല കർമ്മങ്ങളും ഫലേച്ഛ കൂടാതെ ചെയ്യുക.
മോക്ഷസന്യാസയോഗത്തിൽ ഇതേപ്പറ്റി കൂടുതൽ പറയുന്നു. കൗന്തേയാ, തീ പുക കൊണ്ടെന്ന പോലെ എല്ലാ കർമ്മങ്ങളും ദോഷാവൃതമാണ്. നീ എന്നെ ഓർത്ത് കർമ്മം ചെയ്യുക.
അസക്തബുദ്ധി: സർവ്വത്ര ജിതാത്മാ വിഗതസ്പൃഹ:
നൈഷ്‌കർമ്മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി
അനാസക്തൻ, ജിതാത്മാവ്, ആഗ്രഹങ്ങൾ ഉപേക്ഷിച്ചവൻ, അവനു മാത്രമേ ത്യാഗത്തിലൂടെ താൻ കർമ്മമേ ചെയ്യുന്നില്ല എന്ന ഭാവം പ്രാപിക്കാനാവൂ. ആ നൈഷ്‌കർമ്മ്യാവസ്ഥയിൽ എത്തിച്ചേർന്നവന് ബ്രഹ്‌മത്തിലെത്താനോ
ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൗ വ്യുദസ്യ ച
വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസ:
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിത:
അഹംകാരം ബലം ദർപം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിർമ്മമ: ശാന്തോ ബ്രഹ്‌മഭൂയായ കൽപതേ.
ബുദ്ധി വിശുദ്ധമാവണം. മനസ്സിനെ ധൈര്യത്തോടെ നിയന്ത്രിക്കാനാവണം. ശബ്ദവും സ്പർശവും പോലുള്ള വിഷയങ്ങളെ ത്യജിക്കണം. രാഗദ്വേഷങ്ങളെ അകറ്റണം. വിജനദേശത്ത് വസിക്കണം. കുറച്ചു മാത്രം അശിക്കണം. ശരീരത്തേയും മനസ്സിനേയും വാക്കിനേയും സംയമിക്കണം. വിരാഗിയാവണം. ധ്യാനയോഗതൽപരനാവണം. അഹങ്കാരത്തേയും ബലത്തേയും അഭിമാനത്തേയും കാമക്രോധങ്ങളേയും പരിഗ്രഹത്തേയും വെടിയണം. എന്നിട്ട് നിർമ്മമനായി പ്രശാന്തനായിരിക്കുന്നവൻ ബ്രഹ്‌മപദത്തെ പ്രാപിക്കുന്നു.
ബ്രഹ്‌മപദം പൂകിയവനോ? അവൻ പ്രസന്നാത്മാവായി. ഒന്നും ആഗ്രഹിക്കാതെ, ഒന്നിലും ദു:ഖിക്കാതെ സർവ്വഭൂതങ്ങളിലും സമനായി എന്നിൽ പരമമായ ഭക്തിയെ നേടുന്നു.
പൂർണ്ണമായുള്ള മുഴുകലിന്റെ പൂർത്തി. സർവ്വജീവികളുടേയും ഹൃദത്തിൽ ഈശ്വരൻ വസിക്കുന്നു.
തമേന ശരണം ഗച്ഛ സർവ്വഭാവേന ഭാരത
തത് പ്രസാദ്പരാം ശാന്തിം സ്ഥാനം പ്രാപ്‌സ്യസി ശാശ്വതം
സർവ്വഭാവത്തിലും ഈശ്വരനിൽ ശരണം പ്രാപിക്കൂ, ആ പരമപ്രസാദത്താൽ പരമമായ ശാന്തിയേയും ശാശ്വതപദത്തേയും പ്രാപിക്കും. അകവും പുറവുമില്ലാത്ത വിനയാന്വിതമായ ശരണാഗതി.. ആ മഹസ്സിന്റെ തേജസ്സിൽ നിന്ന് പുറത്തുകടക്കാതെ ശാശ്വത അഭയം വേണം എന്ന പ്രാർത്ഥന
ആകവേ ആണ്ട് വാഴണം എന്ന പ്രാർത്ഥന തിടംവയ്ക്കുന്നു. അഹം ബ്രഹ്‌മാസ്മി എന്ന അറിവാണത്. സച്ചിദാനന്ദം സംപ്രാപ്തമാവുന്നവന്റെ മുഴുകൽ. അറിവിന്റെ മഹാനൗക ഭവാബ്ധിയുടെ മറുകര താണ്ടുകയായി. കൈവർത്തകനായി പരമേശ്വരൻ നിലനിൽക്കുന്നതുകൊണ്ടു മാത്രം.
ഇവിടെ കൈവർത്തകനിൽ വിലയിക്കുമ്പോൾ കിട്ടുന്ന കൈവല്ല്യത്തെ ബോധ്യപ്പെടുത്തുന്നു ഗുരു. അപ്പോഴും വാഴണം എന്നാണ് പ്രാർത്ഥന. അദ്വൈതിയുടെ പ്രാർത്ഥനയല്ല ഇത്. ആണ്ടു വാഴുന്നത് സുഖത്തോടെയാവണം എന്നാണ് അർത്ഥന. നിന്റെ മഹസ്സിൽ ആണ്ടു കഴിഞ്ഞാൽ പിന്നെ സുഖദു:ഖങ്ങളില്ല. എന്നാൽ ഇവിടെ ഉപാസകൻ അദ്വൈതിയല്ല. പഠിതാവോ ഗാർഹസ്ഥ്യനോ ആണ്. സന്യാസിക്ക് ദൈവമില്ല. ഈശ്വരനും താനും ഒന്നാണ്. ആ അറിവാണ് അദ്വൈതം. പിന്നെ സച്ചിദാനന്ദമാണ്. കേവലദു:ഖമോ കേവല സുഖമോ ഇല്ല. രാഗദ്വേഷങ്ങളുടെ അലകടലില്ല. ഇച്ഛയില്ല. സ്വപ്‌നവും ജാഗ്രത്തുമില്ല. പരമാനന്ദമാണ് എങ്ങും. പറയാനാവാത്തത്.
ആ ആനന്ദാവസ്ഥ അറിഞ്ഞുകഴിഞ്ഞാലേ കുരുക്ഷേത്രം മറികടക്കാനാവൂ. അത് അറിയുന്ന അർജ്ജുനൻ അന്നോളമുള്ള അർജ്ജുനനല്ല. സാരഥിയെ അറിയുന്ന നിമിഷം പാർത്ഥൻ ഉണരുകയാണ്. അവന് ബീഭത്സു എന്ന പേര് അനുയോജ്യമാവുകയാണ്. ബീഭത്സമായ കൃത്യങ്ങളൊന്നും അവനിൽ നിന്ന് ഉണ്ടാകുന്നില്ല ഗുരുനാഥന്മാരെ വന്ദിച്ചാണ് അവൻ യുദ്ധം ചെയ്യുന്നത്. പിതാമഹന്മാരെ നിന്ദിക്കാത്ത രഥ്യകളാണത്. സ്വന്തം പ്രാണൻ ത്യജിക്കാൻ തയ്യാറായിപ്പോകുന്നജയദ്രഥനുമായുള്ള പോരു നോക്കൂ.
ദ്രോണാചാര്യന് അറിയാം. അർജ്ജുനനെ തടയാനാവില്ല. എങ്കിലും പരമാവധി പരിശ്രമിക്കുന്നുണ്ട് ആചാര്യൻ. പഴയ ശിഷ്യനിൽ നിന്ന് പഠിക്കേണ്ടുന്ന അവസ്ഥയിലേക്ക് താനെത്തി എന്ന് പരശുരാമൻ പാഠം പകർന്ന ദ്രോമൻ തിരിച്ചറിയുന്നുണ്ട്. അപ്പോഴും അർജ്ജുനൻ ആചാര്യനെ വലം വച്ച് ഒഴിയുകയാണ്. അങ്ങല്ല ശത്രുവും ലക്ഷ്യവും. അതിനാൽ ഞാൻ വിനയപൂർവ്വം മറികടക്കുന്നു. പിന്നാലെ വരുന്ന ഭീമൻ ഭീമാകാരമായ ആയുധം വലിച്ചെറിയുന്നു. ദ്രോണരുടെ രഥം തകരുന്നു. ഭീമന്റെ വാക്കുകൾ തന്നെ ആചാര്യനെ അമ്പരപ്പിക്കുന്നുമുണ്ട്.
വിശ്വരൂപം കണ്ട അർജ്ജുനന് യുദ്ധത്തിന്റ അർത്ഥവും അനർത്ഥവും നിരർത്ഥകതയും നന്നായി അറിയാം. സാരഥി മുമ്പേ ബോധ്യപ്പെടുത്തിയ കർമ്മകാണ്ഡമാണ് പാർത്ഥന് അത്. ഭഗവാനിൽ നിന്ന് അവൻ അറിഞ്ഞുകഴിഞ്ഞു.
ഈശ്വര: സർവഭൂതാനാം ഹൃദ്ദേശേർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ ഭൂതാനീ യന്താരൂഢാനി മായയാ
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത
തത്പ്രസാദാദ്പരാം ശാന്തിം സ്ഥാനം പ്രാപ്‌സ്യസി ശാശ്വതം
യന്ത്രത്തിൽ വച്ചിരിക്കുന്ന വസ്തുക്കളെ എന്ന പോലെ മായ കൊണ്ട് സകലജീവികളേയും പ്രവർത്തിപ്പിച്ച് ഈശ്വരൻ അവയുടെ ഹൃദയത്തിൽ തന്നെ വസിക്കുന്നു. അർജ്ജുനാ , നീ സർവ്വഭാവത്തിലും അവനെ ശരണം പ്രാപിച്ചാലും. അവന്റെ പ്രസാദത്താൽ നിനക്ക് ശാന്തിയും ശാശ്വതപദവും ലഭിക്കും
അങ്ങനെയൊരു പരമാനന്ദപ്പാൽക്കടലുണ്ടെന്ന് പറഞ്ഞുതരികയാണ് ഗുരു. ഫലേച്ഛ കൂടാതെ കർമ്മം ചെയ്യുകയെന്ന ഗീതാസാരം. ഭവാബ്ധിയെ മറികടക്കാം എന്ന ഉണർവ്വാണിത്. അത് അറിവിന്റെ മഷിയാൽ നാരായണ ഗുരുദേവൻ നടത്തുന്ന നേത്രോന്മീലനം.
Published: 07 Jan 2026, 06:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented