
ആളുകൾ വിശ്വസിക്കുന്നത് സാമൂഹ്യപ്രവർത്തകരും 'നന്മ മരങ്ങളു' മാണ് ലോകത്തെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നതെന്നാണ്. അതുകൊണ്ടാണ് സമൂഹം അവരെ ആദരിക്കുകയും അവാർഡുകൾ നൽകുകയുമൊക്കെ ചെയ്യുന്നത്. സമൂഹത്തിന് സേവനം ചെയ്യുകയെന്നത് മിക്ക മതങ്ങളുടേയും ഒരു ശീലമാണ്. എന്നാൽ ഇത്രയൊക്കെ സേവനങ്ങൾ ചെയ്‌തുകൂട്ടിയിട്ടും മനുഷ്യരാശിയുടെ അവസ്ഥ ഏറെക്കുറെ പഴയതുപോലെത്തന്നെയാണ്. എന്തുകൊണ്ടെന്നാൽ, ഈ സേവനങ്ങളത്രയും കൊണ്ടുവരുന്ന മാറ്റങ്ങൾ തീരെ ഉപരിപ്ലവം മാത്രമാണ്. കമ്പിളിപുതപ്പുകൾ വിതരണം ചെയ്യുന്നതോ, ഔഷധങ്ങൾ സൗജന്യമായി നല്‌കുന്നതോ സ്കൂളുകൾ കെട്ടിപ്പൊക്കുന്നതോ സാധുക്കളെ സഹായിക്കുന്നതോ ഒന്നും തന്നെ മനുഷ്യനെ അവന്റെ ഹൃദയത്തിൽ മാറ്റിത്തീർക്കുന്നില്ല.
പ്രധാന സംഗതിയെന്തെന്നാൽ, മാനവികത (humanity) എന്നത് യഥാർഥത്തിൽ ഉണ്ടായിരിക്കുന്ന ഒന്നല്ല; അതൊരു ആശയം മാത്രമാണ്; ഒരു സർവ നാമം, a pronoun or a collective noun മനുഷ്യജീവികളാണ് ഉണ്ടായിരിക്കുന്നത്, മാനുഷികതയല്ല. അതുകൊണ്ടാണ്, ഓരോ മനുഷ്യനേയും വ്യത്യസ്‌തരായ ഓരോ വ്യക്തിയായി കാണേണ്ടതും, സഹായങ്ങൾ പരോക്ഷമായിരിക്കേണ്ടതും പ്രധാനമായിരിക്കുന്നത്. അവർ അറിയാൻ പാടില്ല, അവർ സഹായിക്കപ്പെടുന്നുണ്ടെന്ന്.
അവരുടെ അവബോധത്തിൽ വരുന്ന മാറ്റമാണ് അവരുടെ ജീവിതത്തെ മാറ്റിത്തീർക്കേണ്ടത്. നമ്മൾ ആരെയെങ്കിലും മാറ്റിത്തീർക്കണമെന്ന ഉദ്ദേശ്യത്തോടെ മാനസികമായ ബലപ്രയോഗം നടത്തുകയാണെങ്കിൽ, മനുഷ്യൻ്റെ മനഃശാസ്ത്രമനുസരിച്ച്, അയാളുടെ അഹന്ത അതിനെ എതിർത്തിരിക്കും; സ്വാഭാവികമാണത്. എന്തെന്നാൽ അയാളുടെ അഹന്തയ്ക്ക് മുറിവേൽക്കുന്നു. നൽകുന്നയാൾ മുകളിലും സ്വീകരിക്കേണ്ടയാൾ താഴെയുമാണ് നിലകൊള്ളുന്നത്. യഥാർഥത്തിലുള്ള സേവനമെന്നത് പരോക്ഷവും പ്രച്ഛന്നവുമായതായിരിക്കും. ഒരു രാസത്വരകമാണാവേണ്ടത്; ഒരു രാഷ്ട്രീയ ദല്ലാളല്ല.
മനുഷ്യരുടെ ആന്തരിക പരിണാമത്തിൻ്റെ കാര്യത്തിൽ തീർത്തും വ്യത്യസ്‌തമായ ഒരു കാര്യം ഓഷോ നിർദേശിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, "ലോകത്തെ മാറ്റിത്തീർത്തിട്ടുള്ള ആളുകളെല്ലാം ഈ ലോകത്ത് ജീവിച്ചത്, ഈ ലോകത്തെ ഒരു സ്വപ്‌നമെന്നോണം സ്വീകരിച്ചുകൊണ്ടാണ്" ഇഹലോകവാസത്തെ കാര്യമായെടുക്കാത്തവരാലാണ് ഈ ലോകത്തെ ആളുകൾക്കെല്ലാം മാറ്റം സംഭവിച്ചിട്ടുള്ളത്; നിസാരമായ സംഗതികൾക്കൊന്നിനും യാതൊരു പ്രാധാന്യവും കൊടുക്കാത്തവരാൽ; ആന്തരികമായ ഒരു കേന്ദ്രത്തെ അനുഭവിച്ച് ജീവിച്ചവരാൽ; ഈ ലോകത്ത് നിവസിക്കുകയും എന്നാൽ ലോകത്തെ തങ്ങളിൽ വസിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവരാൽ (അവർ ഈ ലോകത്ത് ജീവിക്കുന്നുണ്ടെങ്കിലും ലോകത്തെ തങ്ങൾക്കകത്തേക്ക് പ്രവേശിപ്പിച്ചതേയില്ല!), ബാഹ്യലോകത്തിന്റെ യാതൊരു സ്‌പർശവും ഏൽക്കാതെ കഴിഞ്ഞുപോയവരാൽ. അവർ എവിടേയും തങ്ങളുടെ മൗനത്തെ സംവഹിക്കുന്നു. അങ്ങാടിയിൽ നില്ക്കുമ്പോൾ പോലും അവർ അവരവരുടെ ഉള്ളിനുള്ളിലെ സ്വച്ഛമന്ദിരത്തിലാണ്. അവരുടെ ഉണ്മയെ യാതൊന്നും സംഭ്രമിപ്പിക്കുന്നില്ല. ഈ ആളുകളാണ് ആന്തരിക പരിണാമത്തിന്റെ യഥാർത്ഥ രാസത്വരകങ്ങൾ. ഇത്തരം ആളുകൾ മനുഷ്യാവബോധത്തിന് തീർത്തും നവ്യമായ ഒരു ഗുണമേന്മ കൊണ്ടുവരുന്നു. നിങ്ങൾ ബാഹ്യലോകത്തോട് മമതയോടെ പറ്റിപ്പിടിച്ചു നില്ക്കാതിരിക്കുമ്പോൾ, എന്തൊക്കെത്തന്നെ സംഭവങ്ങളുണ്ടായാലും നിങ്ങളുടെ ഉള്ളിൻ്റെയുള്ളിൽ അത് യാതൊരു സ്വാധീനവും സൃഷ്ടിക്കുന്നില്ല. ഏതു വലിയ ദുരന്തത്തിലും നിങ്ങൾ വിഷാദത്തിന് അടിപ്പെടുന്നില്ല.
പാശ്ചാത്യലോകത്തെ ഏറ്റവും സ്വാധീനിച്ച. പ്രഗത്ഭനും പ്രസിദ്ധനുമായ ചിന്തകനും എഴുത്തുകാരനും തത്വചിന്തകനുമായിരുന്നു ആൽഡസ് ഹക്‌സലി. കിഴക്കിന്റെ ജീവിത സമീപനത്തെ ഏറെ ആഴത്തിൽ അടുത്തറിഞ്ഞ പാശ്ചാത്യ മനസ്സുകളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഇങ്ങനെ പറയപ്പെടുന്നുണ്ട്: ഒരിക്കൽ കാലിഫോർണിയൻ കാട്ടുതീ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളെയും വസ്‌തുവകളെയും ഒട്ടാകെ വിഴുങ്ങിക്കളഞ്ഞപ്പോൾ, പൊടുന്നനെ അദ്ദേഹത്തിന് അതുവരെയില്ലാത്ത സ്വാതന്ത്ര്യം അനുഭവപ്പെട്ടുവത്രേ! അദ്ദേഹം പറഞ്ഞു, "ഞാൻ ഇപ്പോൾ ശുദ്ധമാക്കപ്പെട്ടിരിക്കുന്നു". നിങ്ങൾ (ബോധത്തിന്റെ) കേന്ദ്രഭാഗത്താണെങ്കിൽ യാതൊന്നിനും നിങ്ങളെ നശിപ്പിക്കാനാവില്ല. നിങ്ങളിലെ അവബോധ കേന്ദ്രത്തെ യാതൊരഗ്നിക്കും വിഴുങ്ങാനാവില്ല. മരണത്തിനു പോലും നിങ്ങളെ വ്യതിചലിപ്പിക്കാനാവില്ല അപ്പോൾ.
ഈ ദിശയിലുള്ള പരിശ്രമത്തിൽ ഓഷോയുടെ നിർദേശം നിങ്ങളെ സഹായിച്ചെന്ന് വരാം: "അവബോധകേന്ദ്രത്തിൽ നിലകൊള്ളുന്ന അവസ്ഥ സാധ്യമാകണമെങ്കിൽ, നിങ്ങൾ ഓരോ നിമിഷവും ധ്യാനാത്മകമായി ജീവിക്കേണ്ടിയിരിക്കുന്നു, പൂർണജാഗ്രതയോടെ, പൂർണബോധവാനായി. ഒരു യന്ത്രത്തെപ്പോലെ ചലിക്കാതിരിക്കുക. ഒരു യന്ത്രഭാഗമെന്നോണം പ്രതികരിക്കാതിരിക്കുക. ബോധവാനായിരിക്കുക. നിങ്ങൾ നിങ്ങളെത്തന്നെ കൂടുതൽ കൂടുതൽ സമാഹരിച്ചുകൊണ്ടേയിരിക്കുക, കൂടുതൽ കൂടുതൽ ച്ഛിന്നഭിന്നമായിപ്പോകുന്നതിനു പകരം. അപ്പോൾ നിങ്ങളുടെ ആന്തരികമായ ഉണ്മ സുതാര്യമായ ബോധത്തിൻ്റെ ദിവ്യപ്രഭയിൽ എല്ലായ്പ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കും". നിങ്ങൾക്കകത്ത് സ്വച്ഛമായ അവബോധം ഒരു ജ്വാല കണക്കേ മിന്നിക്കൊണ്ടിരിക്കും, നിങ്ങളുടെ ഓരോ ചുവടിലും അത് നിങ്ങളെ വഴിതെളിക്കുകയും ചെയ്യും. നിങ്ങളുടെ മാർഗത്തെ, നിങ്ങളുടെ പാതയെ, നിങ്ങളുടെ യാത്രയെ അത് പ്രകാശപൂരിതമാക്കിക്കൊണ്ടേയിരിക്കും.
Content Highlights: Superficial charity fail.Lasting change comes from addressing individual needs
Published: 19 Sept 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented