വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ കേരള പൊലീസ് പൊതുജനങ്ങള്‍ക്കായി ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കമെന്നാണ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചത്. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

To advertise here,

വയനാട്ടില്‍ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെ ചെയ്താല്‍ തടയപ്പെടുന്നത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങള്‍  പോകുന്നത് കര്‍ശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതില്‍ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡാര്‍ക്ക് ടൂറിസം / ഡിസാസ്റ്റര്‍ ടൂറിസം

ഡാര്‍ക്ക് ടൂറിസം അഥവാ ഡിസാസ്റ്റര്‍ ടൂറിസം എന്ന പ്രയോഗം അടുത്ത കാലത്താണ് നിലവില്‍ വന്നതെങ്കിലും ആ ആശയം അത്ര പുതിയതല്ല. ആളുകള്‍ മരണപ്പെട്ടതോ നരകതുല്യമായ പീഡനങ്ങള്‍ക്ക് ഇരയായതോ ആയ ഇടങ്ങള്‍ പണ്ടുകാലം മുതല്‍ തന്നെ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. അമേരിക്കല്‍ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി 1863-ല്‍ ഉണ്ടായ ഗെറ്റിസ്ബര്‍ഗ് യുദ്ധം അവസാനിച്ച് അധികം കഴിയും മുന്‍പേ അവിടേയ്ക്ക് സഞ്ചാരികളെത്തി തുടങ്ങിയിരുന്നു. പെന്‍സില്‍വാനിയയിലെ ഈ യുദ്ധമുഖത്തുനിന്ന് തിമോത്തി എച്ച്. ഒ. സള്ളിവന്‍ പകര്‍ത്തിയ, ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന ഫോട്ടോഗ്രാഫിന് 'ദ ഹാര്‍വെസ്റ്റ് ഓഫ് ഡെത്ത്' അഥവാ മരണക്കൊയ്ത്ത് എന്ന് പേരു നല്‍കിയത് വെറുതെയല്ല. അരലക്ഷത്തോളം ആളുകള്‍ മരിച്ചുകിടന്ന ആ ശവപ്പറമ്പാണ് പിന്നീട് ഗെറ്റിസ്ബര്‍ഗ് നാഷണല്‍ സെമിത്തേരി അഥവാ 'സോള്‍ജ്യേഴ്സ് നാഷണല്‍ സെമിട്രി' ആയി മാറിയത്. ഈ സ്മാരകത്തിന്റെ സമര്‍പ്പണ ദിവസമാണ് സാക്ഷാല്‍ എബ്രഹാം ലിങ്കന്റെ, അമേരിക്കയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഗെറ്റിസ്ബര്‍ഗ് പ്രസംഗം നടന്നത്.

അഗ്‌നിപര്‍വത സ്ഫോടത്തില്‍ നാമാവശേഷമായിപ്പോയ ഇറ്റലിയിലെ പോംപെയ് നഗരം 1800-കളുടെ തുടക്കം മുതല്‍തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിരുന്നു. റോമില്‍ 80 C.E. മുതല്‍ ഗ്ലാഡിയേറ്റര്‍മാര്‍ ഏറ്റുമുട്ടിയിരുന്ന കോളോസിയത്തിലേക്കുള്ള ജനപ്രവാഹം ഡാര്‍ക്ക് ടൂറിസത്തിന്റെ ആദിമരൂപമായി കണക്കാക്കുന്നവരുണ്ട്. വിചിത്രമായതോ ശോകമൂകമായതോ ആയ അവസ്ഥകളോടും അന്തരീക്ഷത്തോടുമുള്ള ആകര്‍ഷണം മനുഷ്യരില്‍ തികച്ചും സ്വാഭാവികമാണ്. മറ്റൊരാള്‍ക്ക് സംഭവിച്ച ദുരന്തത്തെപറ്റി അറിയുവാനുള്ള കൗതുകമാണത്. ഡാര്‍ക്ക് ടൂറിസത്തിലെ ഔചിത്യമില്ലായ്മയെപ്പറ്റി വലിയ വിമര്‍ശനങ്ങളും തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്.

ഡാര്‍ക്ക് ടൂറിസം ഒരു വിനോദസഞ്ചാര പ്രവണതയായി ഇന്ന് ഒരു വിഭാഗം അംഗീകരിക്കുന്നുണ്ടെങ്കിലും വയനാടിലേത് പോലെ വന്‍ ദുരന്തഭൂമികയില്‍ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി കാഴ്ച കാണാന്‍ പോകുന്നത് ഒരിക്കലും പാടില്ലെന്ന് മാത്രമല്ല അതിന് ശ്രമിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണ്ടതാണ്.

ഡാര്‍ക്ക് ടൂറിസ്റ്റുകള്‍

മരണം, ദുരന്തം, അക്രമം, പീഡനം, യുദ്ധം തുടങ്ങിയവ അരങ്ങേറിയതും ചരിത്രപ്രാധാന്യം ഉള്ളതുമായ ഇടങ്ങളാണ് പൊതുവേ ഡാര്‍ക്ക് ടൂറിസത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍, അടുത്തകാലത്ത് അരങ്ങേറിയതോ ഇപ്പോള്‍ ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ഇടങ്ങളും ഈ പട്ടികയിലുണ്ട്. കൂട്ടക്കൊല നടന്ന ഇടങ്ങളിലേക്ക് കൊല്ലപ്പെട്ടവരുടെ പിന്‍ഗാമികള്‍ പോകാറുണ്ട്. പലപ്പോഴും തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച വേദനകളെക്കുറിച്ചറിയാനുള്ള യാത്രയാകുമത്. അങ്ങനെയെങ്കില്‍ അവരെ ഡാര്‍ക്ക് ടൂറിസ്റ്റ് എന്നു വിളിക്കാം. നിദ്രയിലാണ്ട ഒരു അഗ്‌നിപര്‍വതത്തിന്റെ ഉച്ചിയിലേക്ക് ഹൈക്ക് ചെയ്യുന്ന ഒരാള്‍ പക്ഷേ, ഇക്കൂട്ടത്തില്‍ പെടില്ല. അതേ അഗ്‌നിപര്‍വതത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും വിസ്ഫോടനചരിത്രത്തെക്കുറിച്ചുമൊക്കെ പഠിക്കാനാണ് ആ യാത്രയെങ്കില്‍ അവര്‍ ഒരു ഡാര്‍ക്ക് ടൂറിസ്റ്റാണ്. ബ്ലാക്ക് ടൂറിസം, ഗ്രീഫ് ടൂറിസം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം.