'ഐ മിസ് യു' എന്ന ഇംഗ്ലീഷ് വാക്യത്തിന് അതിന്റെ ആഴത്തിലുള്ള മലയാളം പരിഭാഷ നല്‍കിയത് ഒ.എന്‍.വിയാണെന്നത് പറഞ്ഞും പാടിയും പഴകിയൊരു വിശ്വാസമാണ്. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചുപോയി എന്നാണത്. ജി. ദേവരാജന്‍ മാസ്റ്ററുടെ ഈണങ്ങള്‍ക്ക് 'നീയെത്ര ധന്യ'യ്ക്ക് വേണ്ടിയായിരുന്നു അത്. എന്നാല്‍, പ്രണയത്തിലായിരിക്കുന്നവര്‍ പിന്നെ പാടുന്ന ഈണങ്ങളൊക്കെയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരാളെക്കുറിച്ചായിരിക്കുമെന്ന് ഒ.എന്‍.വി. അത്രയും ഭാവതീവ്രമായി വീണ്ടും എഴുതിവെച്ചപ്പോള്‍ അതേ ആഴത്തില്‍ നമുക്ക് കേള്‍പ്പിച്ചുതന്നത് മലയാളമറിയാത്തൊരു മറുനാടന്‍ സംഗീത സംവിധായകനായിരുന്നു. മലയാളിക്ക് പ്രിയങ്കരനായ ആ ഡല്‍ഹിക്കാരനെ ആദ്യം എം.ടി. വാസുദേവന്‍ നായരും പിന്നീട് നമ്മളും വിളിച്ചത് ബോംബെ രവിയെന്നായിരുന്നു.

രവിശങ്കര്‍ ശര്‍മയെന്ന ബോംബെ രവി

1926- ല്‍ ഡല്‍ഹിയില്‍ ജനിച്ച രവിശങ്കര്‍ ശര്‍മ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിരുന്നില്ല. പിതാവ് പാടുന്ന ഭജനുകള്‍ കേട്ടായിരുന്നു അദ്ദേഹം വളര്‍ന്നത്. ഹാര്‍മോണിയവും ക്ലാരനറ്റും സിത്താറും പഠിച്ചെടുത്തു. കുടുംബം പുലര്‍ത്താനായി ഇലക്ട്രീഷ്യനായും ജോലി ചെയ്ത രവിശങ്കര്‍ ശര്‍മയെ ഹോഷിയാര്‍പുരിലേക്ക് സ്ഥലം മാറ്റിയപ്പോഴാണ്, പി. ആന്‍ഡ് ടിയിലെ ജോലി ഉപേക്ഷിച്ച് ബോംബെയ്ക്ക് വണ്ടികയറുന്നത്. ചലച്ചിത്ര പിന്നണി ഗായകനാവണമെന്നായിരുന്നു ആഗ്രഹം.

1950-ല്‍ ബോംബെയില്‍ എത്തിയ രവിശങ്കര്‍ ശര്‍മ താമസിക്കാന്‍ സ്വന്തമായൊരിടം പോലുമില്ലാതെ അവസരങ്ങള്‍ക്കായി സ്റ്റുഡിയോകള്‍ കയറിയിറങ്ങി. ഇതിനിടെ കോറസ് ഗായകനായി അവസരം ലഭിച്ചു. 1952-ല്‍ ആനന്ദ് മഠ് എന്ന ചിത്രത്തില്‍ കോറസ് ഗായകനായി എത്തിയതോടെയാണ് സംഗീത സംവിധായകന്‍ ഹേമന്ത്കുമാറുമായി പരിചയത്തിലാവുന്നത്. ആനന്ദ് മഠിലെ വന്ദേമാതരത്തിന് കോറസ് പാടാന്‍ എത്തിയതായിരുന്നു രവി. പിന്നീട് ഹേമന്ദ്കുമാറിന്റെ സഹായിയായി. 1955- ല്‍ പുറത്തിറങ്ങിയ രാജ് ഋഷി ചിത്രം വചനിലാണ് സ്വതന്ത്രസംഗീതസംവിധായകനായുള്ള രവിശങ്കര്‍ ശര്‍മയുടെ അരങ്ങേറ്റം. ഇതിന്റെ ഓര്‍മയ്ക്കായി അദ്ദേഹം ബോംബെയിലെ സ്വന്തം വീടിന് വചന്‍ എന്ന പേരും നല്‍കി.

പിന്നീട് അങ്ങോട്ട് ബോളിവുഡ് സംഗീതത്തില്‍ രവിശങ്കര്‍ ശര്‍മ ഗാനങ്ങളുടെ ഗംഗാ പ്രവാഹമായിരുന്നു. വചന്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍, സംഗീതാസ്വാദകരുടെ മനസില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നല്‍കിയതും തന്റെ കരിയര്‍ ബ്രേക്ക് എന്ന് അദ്ദേഹം തന്നെ വിശ്വസിക്കുകയും ചെയ്യുന്ന ചിത്രം, ഗുരുദത്ത് നായകനായ ചൗദവിന്‍ കാ ചാന്ദ് ആയിരുന്നു. ഇതിലെ ചൗദവിന്‍ കാ ചാന്ദ് എന്ന പാട്ട് ഇന്ത്യന്‍ സിനിമാ സംഗീത ലോകത്ത് ഇന്നും മെലഡികള്‍ക്കൊരു മാതൃകയായി തുടരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍, ഈ ഗാനം മാത്രം കളറില്‍ ചിത്രീകരിച്ചുവെന്ന പ്രത്യേകതകൂടി ഈ പാട്ടിനുണ്ട്. പിന്നീട്, ഘരാന, വക്ത്, ഹംരാസ്, ഗുംരാഹ്, കാജല്‍, നീല്‍കമല്‍, നിക്കാഹ്, പ്യാര്‍ കാ സാഗര്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളും കേള്‍വിക്കാര്‍ക്ക് എക്കാലത്തേയും പ്രിയപ്പെട്ടവയായി. പങ്കജ് മല്ലിക്, സി. രാം ചന്ദ്ര, ഹേമന്ത്കുമാര്‍, എസ്.ഡി. ബര്‍മന്‍, ആര്‍.ഡി. ബര്‍മന്‍, നൗഷാദ് അലി, സലില്‍ ചൗധരി, ശങ്കര്‍ ജയ്കിഷന്‍ തുടങ്ങിയവര്‍ തിളങ്ങി നിന്ന കാലത്തുകൂടിയാണ് രവിശങ്കര്‍ ശര്‍മ ഹിന്ദിയില്‍ തുടരെത്തുടരെ ഹിറ്റുകള്‍ തീര്‍ത്തതെന്നും ശ്രദ്ധേയം.

സിനിമയില്‍ വനവാസം

മികച്ച ഗായകര്‍ ആരെന്ന ചോദ്യത്തിന് രവിശങ്കര്‍ ശര്‍മയുടെ മറുപടി പലപ്പോഴും ലതാ മങ്കേഷ്‌കര്‍, ആശ ബോസ്ലെ, ആണ്‍ ശബ്ദങ്ങളില്‍ മുഹമ്മദ് റഫി എന്നായിരുന്നു. ആശ ബോസ്ലെക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതും രവി ശങ്കര്‍ ശര്‍മ തന്നെ. 1955-ല്‍ സ്വതന്ത്ര സംഗീതസംവിധായകനായ രവിശങ്കര്‍ ശര്‍മ 70-കള്‍ വരെ നിരന്തരം ഹിറ്റുകള്‍ നല്‍കിയെങ്കിലും, പിന്നീട് വലിയൊരു കാലയളവില്‍ സിനിമസംഗീത ലോകത്ത് നിശബ്ദനായിരുന്നു. അതിന് അദ്ദേഹം തന്നെ പറയുന്ന കാരണം, ബോംബെ സിനിമാസംഗീതത്തില്‍ പശ്ചാത്ത്യസംഗീതത്തിന്റെ സ്വാധീനം വര്‍ധിച്ചുവെന്നതായിരുന്നു. പാശ്ചാത്യസംഗീതത്തില്‍ താന്‍ തല്‍പരനായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, അത്തരം ഗാനങ്ങള്‍ കംപോസ് ചെയ്യില്ലെന്ന് പറഞ്ഞുമാറി നില്‍ക്കുകയായിരുന്നു. പശ്ചാത്യസംഗീതത്തിന്റെ സ്വാധീനത്തോടെ ബോംബെ ഗാനങ്ങള്‍ വളരെ മോശമായെന്ന് അഭിപ്രായപ്പെട്ടു. പാട്ടുകളൊന്നും ജനപ്രിയമാവുന്നില്ലെന്ന് കുറ്റപ്പെടുത്തി. വന്ന്, പോകുന്ന പാട്ടുകളെ അനുവാചകരെ സ്പര്‍ശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എല്ലാത്തിനും ഒരേ ഛായയെന്നും അഭിപ്രായപ്പെട്ടു. പാശ്ചാത്യ ട്യൂണുകള്‍ വരും പോവും, എല്ലാകാലത്തേക്കും നിലനില്‍ക്കില്ല. മെലഡികള്‍ എല്ലാകാലങ്ങള്‍ സഞ്ചരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

1982-ല്‍ നിക്കാഹ് എന്ന ചിത്രത്തിലൂടെയായിരുന്നു ബോംബെ സംഗീത്തിലേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. പിന്നീട് 2003 വരെ പത്തോളം ഹിന്ദി ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്. എന്നാല്‍, ഇതേ രണ്ടാം വരവിലാണ് എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിന്റെ നിര്‍ബന്ധത്തില്‍ അദ്ദേഹം മലയാളത്തിലെത്തുന്നത്. രണ്ടാമൂഴത്തില്‍ ഹിന്ദിയില്‍ വെറും പത്ത് സിനിമകള്‍ മാത്രം ചെയ്ത രവിശങ്കര്‍ ശര്‍മ, ആ സമയത്ത് മലയാളത്തില്‍ 16 ചലച്ചിത്രങ്ങളും ഒരു ആല്‍ബവും ചെയ്തു.

രവി (ബോംബെ)യാവുന്ന രവിശങ്കര്‍ ശര്‍മ

പഞ്ചാഗ്നി എന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലിരിക്കുമ്പോള്‍, എം.ടിയ്ക്കും ഹരിഹരനും നിര്‍ബന്ധമുണ്ടായിരുന്ന ഒരുകാര്യം, സിനിമ മലയാളത്തില്‍ മെലഡികള്‍ തിരിച്ചുവരവിന് സിനിമ കാരണമാകണമെന്നായിരുന്നു. നൗഷാദ് അലി അല്ലെങ്കില്‍ ഖയ്യാം, ഇരുവരിലൊരാളെ മലയാളത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഇരുവരും മുംബൈയ്ക്ക് വണ്ടികയറി. നൗഷാദ് അലി പിന്മാറുകയും ഖയ്യാമിനെ കാണാന്‍ പറ്റാതെ വരികയും ചെയ്തതോടെ ഹരിഹരന്റെ സുഹൃത്തുവഴി ഇരുവരും എത്തിച്ചേര്‍ന്നത് രവിശങ്കര്‍ ശര്‍മയില്‍.

ഇരുവരും ചെന്നുകണ്ട് ആവശ്യം പറഞ്ഞപ്പോള്‍, ഭാഷയറിയില്ലെന്ന് പറഞ്ഞ് താന്‍ പിന്മാന്‍ ശ്രമിച്ചുവെന്നാണ് രവിശങ്കര്‍ ശര്‍മ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇരുവരും താങ്കളുടെ ആരാധകരാണെന്നും ചൗദവിന്‍ ക ചാന്തും, നീലേ ഗഗന്‍ കേ തലേയും തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളാണെന്ന് എം.ടി അദ്ദേഹത്തോട് പറഞ്ഞു. നോ പറഞ്ഞ രവിശങ്കര്‍ ശര്‍മയോട്, താങ്കള്‍ യെസ് പറയൂ ഭാഷയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്ന് ഇരുവരും വാക്കുകൊടുത്തു. ആ ഇടയ്ക്കാണ് രവിശങ്കര്‍ ശര്‍മ രണ്ടു ഗുജറാത്തി സിനിമകള്‍ ചെയ്യുന്നതും സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതും. അപ്പോള്‍ പിന്നെ എന്തുകൊണ്ട് മലയാളം സിനിമ കൂടെ ചെയ്തുകൂടെന്ന ചിന്തയുടെ പുറത്താണ് മലയാളത്തിലേക്ക് വരുന്നതെന്ന് രവിശങ്കര്‍ ശര്‍മ.

പഞ്ചാഗ്നിയിലേയും നഖക്ഷതങ്ങളിലേയും പാട്ടുകള്‍ ഒരുമിച്ചാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. മദ്രാസിലെ താജ് ഹോട്ടലിലായിരുന്നു കംപോസിങ്. രവിശങ്കര്‍ ശര്‍മയുടെ മുറിയില്‍ ഹരിഹരനൊപ്പമെത്തിയ ഇരുസിനിമകള്‍ക്കും പാട്ടെഴുതിയ കവി ഒ.എന്‍.വി. കുറുപ്പ് ട്യൂണ്‍ തരൂ, താന്‍ വരികളെഴുതാമെന്ന് പറഞ്ഞു. എന്നാല്‍, അതല്ല തന്റെ രീതിയെന്നും വരികളെഴുതിയ ശേഷം ട്യൂണ്‍ നല്‍കാമെന്നും രവിശങ്കര്‍ ശര്‍മ പറഞ്ഞു. താങ്കള്‍ക്കത് ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞപ്പോള്‍, കുഴപ്പമില്ല കവിത തരൂവെന്ന് അദ്ദേഹം ഒ.എന്‍.വിക്ക് മറുപടി. ഒ.എന്‍.വി. എഴുതി നല്‍കിയ വരികള്‍ മനസിലാക്കിയെടുക്കാന്‍ അദ്ദേഹം വളരേ ബുദ്ധിമുട്ടി. പിറ്റേന്ന് കാണാമെന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞു. രാത്രിയില്‍ ടാപ് റെക്കോര്‍ഡറും ഹാര്‍മോണിയവുമായിരുന്നു പത്തോളം ട്യൂണുകള്‍ രവിശങ്കര്‍ ശര്‍മ ഉണ്ടാക്കി.

പിറ്റേന്ന് രാവിലെ സംവിധായകന്‍ ഹരിഹരന്‍ വന്ന് ട്യൂണ് വല്ലതുമായോ എന്ന് ചോദിച്ചു. തനിക്കിഷ്ടപ്പെട്ട ഒന്നുണ്ടെന്ന് പറഞ്ഞ്, പാടി കേള്‍പ്പിച്ചു. വെരി ഗുഡ്, വെരി ഗുഡ് എന്നായിരുന്നു ഹരിഹരന്റെ ആദ്യ മറുപടിയെന്ന് ഒരിക്കല്‍ രവിശങ്കര്‍ ശര്‍മ ഓര്‍ത്തു പറഞ്ഞു. പിന്നീട് മുഴുവന്‍ പാട്ടുമെഴുതി. ഹരിഹരനാണ് ചിത്ര പാടട്ടെയന്ന് നിര്‍ദേശിച്ചത്. അങ്ങനെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന പാട്ട് പിറന്നു. പാട്ടിന്റെ വിജയം കൂടുതല്‍ മലയാളം സിനിമകള്‍ ചെയ്യാന്‍ തനിക്ക് ആവേശം നല്‍കിയെന്ന് രവിശങ്കര്‍ ശര്‍മ.

ഇരുചിത്രങ്ങളുടേയും കംപോസിങ്ങിനായി മദ്രാസിലെത്തിയ രവിശങ്കര്‍ ശര്‍മ, ഹരിഹരനും എം.ടിക്കും രവി സാബ് ആയി മാറി. പ്രസ് റിലീസുകളില്‍ സംഗീതം: രവി (ബോംബെ) എന്ന് പേര് നല്‍കാന്‍ എം.ടിയാണ് നിര്‍ദേശിച്ചത്. കുളത്തുപ്പുഴ രവിയില്‍ മാറി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്ന രവീന്ദ്രനുമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായിരുന്നത്രെ എം.ടി. രവിശങ്കര്‍ ശര്‍മയുടെ പേര് രവി ബോംബെ എന്ന് നല്‍കാന്‍ നിര്‍ദേശിച്ചത്. ബോംബെയില്‍ നിന്ന് വന്ന ആ ഡല്‍ഹിക്കാരന്‍ പിന്നീട് മലയാളികള്‍ക്ക് ബോംബെ രവിയായി തീര്‍ന്നു. രണ്ടാം വരവിലെ ആ പേരുമാറ്റം ഒരുപക്ഷേ അദ്ദേഹവും എതിര്‍ത്തുകാണില്ല.

രവിക്ക് വേണ്ടി നിര്‍മാതാവിനെ മാറ്റിയ ഹരിഹരന്‍

ബോംബെ രവിയെ മലയാളത്തിലേക്ക് കൊണ്ടുവന്ന ഹരിഹരന്‍, അദ്ദേഹത്തിന്റെ സംഗീതത്തിനായി ആറുസിനിമകളുമായാണ് പലതവണ സമീപിച്ചത്. രവിയുടെ ആദ്യരണ്ടു മലയാളം ചിത്രങ്ങളും ഹരിഹരന്‍- എം.ടി. വാസുദേവന്‍ നായര്‍ കൂട്ടുകെട്ടിനൊപ്പം. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത് 1992-ല്‍ സര്‍ഗത്തിന് വേണ്ടിയായിരുന്നു. അതിന് മുമ്പ് രവി സംഗീതം നല്‍കിയത് ജയരാജിന്റെ സംവിധാനത്തില്‍ വിദ്യാരംഭം എന്ന ചലച്ചിത്രത്തിന് വേണ്ടി. ഹരിഹരനും ബോംബെ രവിയും ഇത്തവണ ഒരുമിച്ചപ്പോള്‍ പക്ഷേ ആ കൂട്ടുകെട്ടില്‍ എം.ടിയുണ്ടായിരുന്നില്ല.

സര്‍ഗത്തിനായി കഥയും തിരക്കഥയുമെഴുതിയ ഹരിഹരന്റെ ഭാര്യ ഭവാനി ഹരിഹരനാണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍, അത് മറ്റൊരു നിര്‍മാതാവിന് വേണ്ടി എഴുതിയ കഥയായിരുന്നുവെന്ന് പിന്നീട് ഹരിഹരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയായി, വായിച്ചുകേട്ടപ്പോള്‍ നിര്‍മാതാവിന് വലിയ മതിപ്പുതോന്നിയില്ല. അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നത് ആക്ഷനൊക്കെയൊള്ളൊരു കോമേഴ്സ്യ ല്‍ പടം. എന്നാല്‍, അപ്പോഴേക്കും ബോംബെ രവിയെത്തി സിനിമയ്ക്കായി സംഗീതം ചിട്ടപ്പെടുത്തി തുടങ്ങിയിരുന്നു. നിര്‍മാതാവ് കഥ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍, കഥയല്ല, നിര്‍മാതാവ് മാറുമായിരുന്നു ഹരിഹരന്റെ മറുപടി. തുടര്‍ന്ന് സര്‍ഗം സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചു.

നേരത്തെ, കഥയെഴുതിയ നിര്‍മാതാവിന് വേണ്ടി ഡെന്നീസ് ജോസഫിന്റെ കഥയില്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു പടം ചെയ്തു ഹരിഹരന്‍. സംഗീതം പ്രമേയമായ ചിത്രത്തില്‍ പരമ്പരാഗത കര്‍ണാടിക് കൃതികളടക്കം 11 പാട്ടുകള്‍ക്ക് ബോംബെ രവി സംഗീതം നല്‍കി. യൂസഫലി കേച്ചേരുമായി ചേര്‍ന്ന് സൃഷ്ടിച്ച പാട്ടുകള്‍ ഓരോന്നും കാലത്തെ അതിജീവിക്കുന്നവയായിരുന്നു. സ്വരരാഗ ഗംഗാ പ്രവാഹമേ, കണ്ണാടി ആദ്യമായെന്‍, ആന്ദോളനം, കൃഷ്ണകൃപാസാഗരം, സംഗീതമേ അമര സല്ലാപമേ, തുടങ്ങി പാട്ടുകള്‍ മലയാളത്തിലെ തലമുറകള്‍ പാടി നടക്കുന്നു. തെലുങ്കില്‍ സരിഗമലു എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ അതിനും സംഗീതം നല്‍കിയത് ബോംബെ രവി. അദ്ദേഹത്തിന്റെ ഏക തെലുങ്ക് ചിത്രമാണിത്. സര്‍ഗത്തിലെ സംഗീതത്തിന് ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡിന് ബോംബെ രവി അര്‍ഹനായി.

രവിയുടെ കവികള്‍

16 ചലച്ചിത്രങ്ങളിലായി 94 ഗാനങ്ങള്‍ക്കാണ് മലയാളത്തില്‍ ബോംബെ രവി ഈണം പകര്‍ന്നത്. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചെയ്തത് ഹരിഹരന്റെ ചിത്രത്തിന് വേണ്ടി. തനിക്ക് മലയാളത്തില്‍ ഏറ്റവും വലിയ വെല്ലുവിളി തന്നത് വൈശാലിയിലൂടെ ഭരതന്‍ ആണെന്ന് പറയുമായിരുന്നു ബോംബെ രവി. ചിത്രത്തിന്റെ പ്രമേയം നടക്കുന്ന കാലത്ത് പാശ്ചാത്യസംഗീതം ഇല്ലാത്തതിനാല്‍, ഒരുപാട്ടിലും വെസ്റ്റേണ്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഭരതന്റെ നിര്‍ദേശം. ഇതോടെ എല്ലാപാട്ടില്‍നിന്നും പാശ്ചാത്യ സംഗീത ഉപകരണങ്ങളെ ബോംബെ രവി പുറത്തുനിര്‍ത്തി. ഒരുപാട്ടില്‍പ്പോലും പിയാനോയോ ഗിറ്റാറോ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചില്ല. തന്റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമായ വൈശാലിക്ക് വേണ്ടി ബോംബെ രവി ഒരുക്കിയത് അഞ്ചുപാട്ടുകള്‍. ഇവയില്‍ സിത്താര്‍, വീണ പോലുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചത്. അത് വലിയ വെല്ലുവിളിയായിരുന്നെങ്കിലും പാട്ടുകള്‍ക്ക് സ്വീകാര്യത ലഭിച്ചു.

ഹരിഹരന്റെ പഞ്ചാഗ്നിക്കും നഖക്ഷതങ്ങള്‍ക്കും ശേഷം ഭരതന്റെ വൈശാലിയില്‍ എത്തിയപ്പോഴും ബോംബെ രവിയുടെ പാട്ടെഴുത്തുകാരൻ ഒ.എന്‍.വിയായിരുന്നു. ഒരു വടക്കന്‍ വീരഗാഥയിലേക്ക് എത്തിയപ്പോഴാണ് കെ. ജയകുമാറും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അദ്ദേഹത്തിന് വേണ്ടി പാട്ടെഴുതുന്നത്. ജയരാജിന്റെ വിദ്യാരംഭത്തില്‍ വീണ്ടും കൈതപ്രം നമ്പൂതിരി. സര്‍ഗത്തിലാണ് ആദ്യമായി യൂസഫലി കേച്ചേരിയുമായി കൈകോര്‍ക്കുന്നത്. പിന്നീട് കമലിന്റെ ഗസലിലും ഹരിഹരന്റെ തന്റെ പരിണയത്തിലും താഹയുടെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലും ഇരുവരും ഒന്നിച്ചു. ഇതിനിടയില്‍ എം.ടി- ഹരികുമാര്‍ കൂട്ടുകെട്ടിന്റെ സുകൃതത്തില്‍ വീണ്ടും ഒ.എന്‍.വിക്കൊപ്പം. മലയാളത്തിലെ അവസാനത്തെ ചിത്രമായ ഹരിഹരന്റെ മയൂഖത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയത്. ഒ.എന്‍.വിക്കും യൂസഫലി കേച്ചേരിക്കുമൊപ്പം നാലുവീതം ചിലച്ചിത്രങ്ങളിലാണ് ഒരുമിച്ചു പ്രവര്‍ത്തിച്ചതെങ്കിലും പാട്ടുകളുടെ എണ്ണത്തില്‍, ബോംബെ രവിക്കായി ഏറ്റവും കൂടുതല്‍ പാട്ടുകളെഴുതിയത് യൂസഫലി കേച്ചേരിയാണ്. ബോംബെ രവിക്കായി ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ പാടിയതാകട്ടെ കെ.ജെ. യേശുദാസ്, പിന്നീട് കെ.എസ്. ചിത്രയും.

ഹിന്ദിക്കും മലയാളത്തിനും പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഗുജറാത്തി ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നെങ്കിലും 1994-ല്‍ പരിണയം, സുകൃതം എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്കാണ് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആറു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച കെ.എസ്. ചിത്രക്ക് രണ്ടുതവണ മാത്രമേ, മലയാളം പാട്ടുകള്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളൂ. അത് രണ്ടും ബോംബെ രവിയുടെ സംഗീതത്തിലാണ്. ആദ്യത്തെ തവണ നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും എന്ന ഗാനത്തിന് 1987-ലും രണ്ടാംതവണ വൈശാലിയിലെ ഇന്ദുപുഷ്പം ചൂടിനില്‍ക്കും എന്ന ഗാനത്തിന് 1989ലും.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ബോംബെ രവി സൃഷ്ടിച്ചത് മോഹനരാഗത്തിലാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രാഗം ഇതാണെന്നാണ് പലരും അടയാളപ്പെടുത്തുന്നത്. കല്യാണി രാഗത്തിലെ അദ്ദേഹത്തിന്റെ സൃഷ്ടികളും ശ്രദ്ധേയമാണ്. ബോംബെ രവിയെ അടയാളപ്പെടുത്തുന്ന പാട്ടകളേറെയും സൃഷ്ടിച്ചത് മോഹനരാഗത്തില്‍. നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും, ആരേയും ഭാവഗായകനാക്കും, ഒരു വടക്കാന്‍ വീരഗാഥയിലെ ചന്ദനലേപ സുഗന്ധം, ഉത്രാളിക്കാവിലെ, മലയാളികള്‍ക്ക് തിരുവാതിക്കളി പാട്ടുകളുടെ പര്യായമായ പരിണയത്തിലെ പാര്‍വ്വണേന്ദു, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലെ വാതില്‍ തുറക്കൂ, മനസ്സില്‍ ഒരു മഞ്ഞു തുള്ളിയിലെ പ്രണിയക്കുകയായിരുന്നു നാം, മയൂഖത്തിലെ ഭഗവതിക്കാവില്‍ എന്നീ ഗാനങ്ങള്‍ മോഹനരാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. സര്‍ഗത്തിലെ കണ്ണാടി ആദ്യമായെന്‍, ഗസലിലെ സംഗീതമേ എന്നിവ കല്യാണി രാഗത്തിലെ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികള്‍. മോഹനരാഗം കഴിഞ്ഞാല്‍ എണ്ണത്തില്‍ ശ്രദ്ധേയമായ സൃഷ്ടികള്‍ ബോംബെ രവിയുടേത് ശുദ്ധധന്യാസിയിലാണ്. ജയചന്ദ്രന്‍ പാടിയ കേവല മര്‍ത്ത്യ ഭാഷകേള്‍ക്കാത്ത, പഞ്ചാഗ്നിയിലെ ആ രാത്രി മാഞ്ഞുപോയി, സാഗരങ്ങളേ, വൈശാലിയിലെ ഡും ഡും ഡും ദുന്ദുഭിനാദം, സ്വരരാഗഗംഗാ പ്രവാഹമേ, സുകൃതത്തിലെ എന്നൊടുത്തുണരുന്ന പുലരികളേ, മയൂഖത്തിലെ ഈ പുഴയും എന്നിവ അവയില്‍ ചിലത്. ഒരു വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി പാട്ടുണ്ടാക്കാനിരുന്നപ്പോള്‍, ചൗദവി കാ ചാന്ത് പോലൊരു പാട്ടുവേണമെന്ന് ഹരിഹരന്‍ ആവശ്യപ്പെട്ടപ്പോഴാണത്രേ, ചന്ദന ലേപ സുഗന്ധം ഉണ്ടായത്.

1982-ല്‍ വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങിയെങ്കിലും 1988- ല്‍ ഭാര്യ മരിച്ചതോടെ അദ്ദേഹം ഏകാന്ത ജീവിതമായിരുന്നു തുടര്‍ന്നുപോന്നത്. അതിന് ശേഷവും മലയാളത്തില്‍ പാട്ടുകള്‍ ചെയ്തിരുന്ന ബോംബെ രവി, ഹിന്ദി സിനിമ മേഖലയില്‍ ഏതാണ്ട് വിസ്മരിക്കപ്പെട്ടിരുന്നു. 2003-ല്‍ ഏക് അലഗ് മൗസം എന്ന ചിത്രത്തിന് വേണ്ടിയാണ് ഹിന്ദിയില്‍ അവസാനമായി പാട്ടു ചിട്ടപ്പെടുത്തുന്നത്. മലയാളത്തില്‍ 2005-ല്‍ മയൂഖത്തിന് വേണ്ടിയും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2012 മാര്‍ച്ച് ഏഴിന് മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ 86-ാം വയസിലായിരുന്നു അന്ത്യം.

To advertise here,