
പ്രകൃതിയുടെ സ്പന്ദനമാണ് സംഗീതം. ഓരോ യാമത്തിനും യോജ്യമാകുന്ന സംഗീതമുണ്ട്. യാമങ്ങള്‍ മാറുമ്പോള്‍ രാഗവും മാറുന്നു. ശരീരത്തെയും മനസ്സിനേയും തൊട്ടുണര്‍ത്തുന്ന ആശ്വാസത്തിന്റെ തണുപ്പാണ് സംഗീതം. ആത്യന്തികലക്ഷ്യം സന്തോഷം തന്നെ.
കണ്ണാടിമനയില്‍നിന്നൊരു സൗപര്‍ണിക ഒഴുകുന്നുണ്ട്. പയ്യന്നൂര്‍ഗ്രാമം മലയാളത്തിന് നല്‍കിയ പവിത്രമോതിരം. കാലങ്ങളായി സാഹിത്യമായും സംഗീതമായും ഒഴുകുന്ന ആ വാത്സല്യപ്പാലാഴിയുടെ പേരാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. എഴുപതുകളുടെ തുടക്കത്തിലും പതിനേഴിന്റെ നിറവാണ് പാട്ടിനെപ്പറ്റി പറയുമ്പോള്‍. വര്‍ഷങ്ങളായി തന്നെ താരാട്ടുന്ന, തന്റെ ഉയിര്‍പ്പിന് കാരണമായ സംഗീതത്തെ മറ്റുള്ളവരിലേക്കും പകരുകയാണ് കൈതപ്രം. സംഗീത ചികിത്സയിലൂടെ സാന്ത്വനമേകുന്ന ആ മഹാവൈദ്യത്തിന് കൂടുതല്‍ അലങ്കരപ്രയോഗങ്ങളുടെ പോലും ആവശ്യമില്ല.
പാടുന്നവര്‍ക്ക് മാത്രമാണോ മ്യൂസിക് തെറാപ്പി പൂര്‍ണ ഫലം ചെയ്യുക
പാടുന്നവര്‍ക്കും പാട്ട് കേള്‍ക്കുന്നവര്‍ക്കും ഇത് ഒരുപോലെ ഫലം ചെയ്യും. ശ്രുതി ചേരുക എന്ന് മെഡിറ്റേഷന് തുല്യമാണ്. ശ്രുതി ചേര്‍ത്ത് പാടുന്നത് മാത്രമല്ല ശ്രുതി കേള്‍ക്കുന്നതും അത്യുത്തമം. ഇപ്പോള്‍ തംബുരുവിന്റെ ശ്രുതി ഫോണില്‍ കേള്‍ക്കാന്‍കഴിയും. അതിനുള്ള ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. അത് കേള്‍ക്കുന്നതാണ് എളുപ്പമാര്‍ഗ്ഗം. ശരീരാംഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കാനും രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാനും ഇതിലൂടെ കഴിയുന്നുണ്ട്. പ്രാണായാമം കൂടി ഇതിനൊപ്പമുണ്ടെങ്കില്‍ നല്ലത്. നന്നായി ഉറങ്ങാനും കഴിയും
മ്യൂസിക് തെറാപ്പിക്ക് പ്രായം ഒരു ഘടകമാണോ?
സംഗീതം കേള്‍ക്കുന്നതിനോ അതിലൂടെ ആശ്വാസം കണ്ടെത്തുന്നതിനോ പ്രായം ഒരു ഘടകമല്ല. പ്രധാനമായും 40 വയസ്സുകഴിഞ്ഞവരില്‍ വലിയൊരു ആശ്വാസം ഉണ്ടാക്കാന്‍ കഴിയും. ഉദാഹരണത്തിന് വണ്ടിയോടിക്കുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്നു. അത് ശരീരത്തിലുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്നു. ഇത് സമ്മര്‍ദ്ദമായി നിലനില്‍ക്കും. നാല്‍പതുകള്‍ക്ക് ശേഷം ഈ ഹോര്‍മോണുകളുടെ ദൂഷ്യഫലം ഇല്ലാതാക്കാന്‍ ശരീരത്തിന് കഴിയണമെന്നില്ല. ഇതിന് മരുന്നായി സംഗീതം ഉപയോഗിക്കാം. പ്രധാനമായും മെലഡിയാണ് ഗുണപ്രദം.

സംഗീതോപകരണങ്ങളുടെ സാന്നിധ്യം എത്രത്തോളം ഗുണം ചെയ്യുന്നുണ്ട്?
ഭാരതീയ സംഗീതത്തില്‍ ഒഴിച്ചുകൂടാനാകാത്ത രണ്ട് സംഗീതോപകരണങ്ങളാണ് വീണയും സിതാറുമെല്ലാം. വീണയുടെ രൂപം തന്നെ ശരീരത്തോട് ഉപമിക്കാം. തന്ത്രികള്‍ നട്ടെല്ലിലെ കശേരുക്കളോടും. തന്ത്രികള്‍ മീട്ടുമ്പോള്‍ ശരീരത്തിലേക്കും ആ സാന്ത്വനമെത്തുന്നു...
രാഗങ്ങള്‍ ആലപിക്കുന്നതിന് സമയവും കാലവും ആധാരമാണോ?
പ്രകൃതിയെ ആധാരമാക്കിയാണ് സംഗീതം നിലനില്‍ക്കുന്നത്. പ്രഭാതത്തില്‍ ഒരു രാഗമാണുള്ളതെങ്കില്‍ രണ്ട് യാമങ്ങള്‍ കഴിയുമ്പോള്‍ മറ്റൊന്നിനുള്ള സമയമാകുന്നു. ഉച്ചയ്ക്ക് മധ്യമാവതിയാണെങ്കില്‍ പിന്നീട് അതിനോട് ചേര്‍ന്ന് ശ്രീരാഗവും ദര്‍ബാറും നായികി എല്ലാം മാറിമാറി വരുന്നു. രാത്രിയാമങ്ങള്‍ക്കുമുണ്ട് ചിട്ടപ്രകാരം ഓരോ രാഗങ്ങള്‍. സമയവും രാഗവുമായി ബന്ധിതമാണെങ്കില്‍ സംഗീതചികിത്സയ്ക്ക് പൂര്‍ണഫലം ലഭിക്കുമെന്നും സംഗീതശാസ്ത്രം പറയുന്നു.
രോഗികള്‍ക്ക് മാത്രമാണോ മ്യൂസിക് തെറാപ്പി... എല്ലാവര്‍ക്കും പറ്റില്ലേ ഇത്?
ജോലി ചെയ്യുമ്പോള്‍ സമ്മര്‍ദ്ദമനുഭവിക്കുന്നവരാണ് ഇന്നേറെയുള്ളത്. അവര്‍ രോഗികളല്ല. പക്ഷെ ഇവര്‍ക്കും സാന്ത്വനമാകാന്‍ സംഗീതത്തിന് കഴിയും. പാട്ട് കേള്‍ക്കുന്നത് ഇതിനൊരു പരിഹാരമാണ്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പല ആശുപത്രികളിലും പാടാന്‍ പോകാറുണ്ട്. മാനസികാരോഗ്യകേന്ദ്രം മുതല്‍ ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ വരെ ഇതില്‍പ്പെടും. തികച്ചും സൗജന്യ ചികിത്സയാണ് നടത്തുന്നത്. ഇതിനു പുറമേ രാഗാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് പാട്ട് പാടും. വയലിന്‍ ഓടക്കുഴല്‍, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ഇത് ഒരു പ്രധാന ചികിത്സയായി കാണാമോ?
ഇതൊരു സപ്പോര്‍ട്ടിങ് മെഡിസിനാണിത്. സാധാരണ ചെയ്യേണ്ട ചികിത്സകള്‍ക്കൊപ്പം കൂടെ കൊണ്ടുപോകാവുന്ന ഒന്ന്. ചികിത്സയ്ക്ക് കൂടുതല്‍ ഫലവും രോഗിക്ക് സമാധാനവും നല്‍കാന്‍ സംഗീതചികിത്സയ്ക്കാകും. ഇത് മാത്രം മതി എന്ന് പറയില്ല.
രാഗങ്ങള്‍ ഏതെങ്കിലും നിര്‍ദ്ദേശിക്കാമോ?
എല്ലാവരേയും മോഹിപ്പിക്കുന്ന രാഗം മോഹനം. കല്യാണിയും മധ്യമാവതിയും ശ്രീരാഗവും എല്ലാം എല്ലാ സമയത്തും ഉപയോഗിക്കാം. ഈ രാഗത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നതും ഉത്തമം. നിരവധി രാഗങ്ങള്‍ വേറെയുമുണ്ട്.
പുതിയ ചിത്രങ്ങള്‍?
ജയരാജിന്റെ പെരുങ്കളിയാട്ടമാണ് പുതിയ പ്രോജക്ട് . കഴിഞ്ഞ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ട് ഹൃദയത്തിലേതായിരുന്നു. പദ്ധതികള്‍ ഇനിയുമേറെ മനസ്സിലുണ്ട്. പാട്ടാണ് ജീവിതം. ഓര്‍മ്മക്കോ പ്രതിഭക്കോ ഒരു കുറവും വരാതെ കാക്കുന്നത് സംഗീതമാണ്.
രോഗാവസ്ഥയില്‍ താങ്കളെ സംഗീതമെങ്ങനെയാണ് സഹായിച്ചു?
ശ്രുതിമാത്രം കേള്‍ക്കുമായിരുന്നു അന്ന്. രോഗത്തെ അതിജീവിക്കാന്‍ ധൈര്യം തന്നത് സംഗീതമാണെന്ന് നിസ്സംശയം പറയാം. രാത്രി കിടക്കുമ്പോള്‍ തീരെ ഉറക്കം വരില്ലായിരുന്നു. അന്ന് സഹായിച്ചത് പാട്ടാണ്. ഇഷ്ടമുള്ള ഗായകരെയും രാഗങ്ങളേയും കേള്‍വിയില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ചിട്ടയായ ഭക്ഷണക്രമവുമുണ്ട്. വെളുപ്പിന് 3.30 ഉണരും. ശ്രുതികേട്ട് അല്‍പമൊന്ന് മൂളിയാണ് ഒരുദിവസം തുടങ്ങുക. യാത്രകള്‍ ചെയ്യാനും പാട്ടെഴുതാനും വ്യായാമത്തിനും എല്ലാം ഇതിനിടയില്‍ സമയം ലഭിക്കാറുണ്ട്.
എല്ലാവര്‍ക്കും രോഗമുണ്ട്. ചിലര്‍ക്ക് ജലദോഷമാകും എനിക്കത് സ്‌ട്രോക്കാണ്. ഞാന്‍ രോഗിയല്ല, രോഗമുള്ള മനുഷ്യനാണ്. സ്വതസിദ്ധമായ ചിരിയോടെ കൈതപ്രം പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അതിലും തങ്ങിനിന്നത് വാക്കുകള്‍ക്കും മൗനത്തിനുമിടയിലെ താളമൊരുക്കുന്ന സംഗീതമായിരുന്നു.
Content Highlights: Lyricist Kaithapram Damodaran Namboothiri interview
Published: 21 Jun 2023, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented