കഞ്ചാവ്, എം.ഡി.എം.എ. തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഗാന്ധിജയന്തിദിനത്തിൽ ആരംഭിച്ച കർമപദ്ധതിക്കു പ്രാധാന്യമേറെയാണ്. സ്കൂൾവിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ ലഹരിവസ്തുക്കൾ പരീക്ഷിക്കുന്നതു ശുഭസൂചനയല്ല. കുട്ടികളിലും കൗമാരക്കാരിലും കൂടിവരുന്ന മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്.

To advertise here,

കാരണങ്ങൾ

സമപ്രായക്കാരുടെ സമ്മർദത്തിനു വഴങ്ങിയാണ് നല്ലൊരു ശതമാനം കൗമാരക്കാരും ലഹരി ഉപയോഗം ആരംഭിക്കുന്നത്. ചില കുട്ടികൾ കൗതുകംകൊണ്ട് പരീക്ഷിക്കുന്നു. വീട്ടിലെ മുതിർന്ന വ്യക്തികൾ മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതുകണ്ട് പ്രേരിതരായി ഉപയോഗിച്ചുതുടങ്ങുന്ന കുട്ടികളും കുറവല്ല. ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലുള്ള ‘ഡോപമിൻ’ എന്ന രാസവസ്തുവിന്റെ അളവുകൂടുന്നതാണ് ആഹ്ളാദാനുഭൂതികൾ പ്രദാനംചെയ്യുന്നത്. സ്വാഭാവികമായും ഈ അനുഭൂതികൾ വീണ്ടും ലഭിക്കാനായി കുട്ടികൾ ലഹരിവസ്തുക്കൾ തുടർന്നും ഉപയോഗിക്കുന്നു. ഇങ്ങനെയാണ് ക്രമേണ അവർ അതിന് അടിമപ്പെടുന്നത്.

പ്രശ്നങ്ങൾ

ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ആഹ്ലാദത്തിനു കാരണമാകുന്ന ഡോപമിന്റെ അളവു വല്ലാതെ വർധിക്കുന്നത് മാനസികരോഗങ്ങൾക്കു കാരണമായേക്കാം. കഞ്ചാവടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ പെട്ടെന്ന്‌ ഡോപമിന്റെ അളവുകൂടാനും അതു മാനസികരോഗത്തിനു കാരണമാകാനും സാധ്യതയേറെയാണ്. പല കുറ്റകൃത്യവും ലഹരിവസ്തുക്കളുടെ സ്വാധീനത്താലാണ് സംഭവിക്കുന്നത്.

പരിഹാരം

ലഹരിവസ്തുക്കളുടെ ലഭ്യതയും വിപണനവും തടയാനുള്ള കർശനമായ നിയമസംവിധാനങ്ങളോടൊപ്പം വ്യാപകമായ ബോധവത്‌കരണവും അനിവാര്യമാണ്. നമ്മുടെ ചുറ്റുവട്ടത്തിൽ ലഹരിവിതരണം നടത്തുന്ന വിവരം നിയമസംവിധാനങ്ങളെ ഉടനടി അറിയിക്കുകവഴി വ്യാപനം ഒരുപരിധിവരെ തടയാം.

അച്ഛനമ്മമാർ ലഹരി ഉപേക്ഷിച്ചുകൊണ്ട് കുട്ടികളുടെ മുന്നിൽ മാതൃകയാകേണ്ടതാണ്. ലഹരി അടിമത്തത്തിലേക്കുപോയ കുട്ടികൾക്ക് ഒരു മാനസികരോഗവിദഗ്ധന്റെ മരുന്നും മനഃശാസ്ത്രചികിത്സയും അടങ്ങുന്ന ഇടപെടലുകൾ വഴി ലഹരിയിൽനിന്നു മോചിപ്പിച്ച് സ്വാഭാവികജീവിതത്തിലേക്കു കൊണ്ടുവരാനുമാകും.

വിവരങ്ങൾക്ക് കടപ്പാട്
 

ഡോ. ഷാലിമ കൈരളി

മാനസികാരോഗ്യ വിദഗ്ധ, ആർ.എം.ഒ.,

ആലപ്പുഴ ജനറൽ ആശുപത്രി