'കിളി പോയവനെന്ന്' ഞങ്ങൾ വിളിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഒരു ബുധനാഴ്ച ദിവസമാണ് എന്നോടാവൻ ഇത് പറഞ്ഞത്.
"കുറച്ചു ദിവസങ്ങളായി ആരോടും മിണ്ടാൻ തോന്നുന്നില്ല. എപ്പോഴും ഉറങ്ങാൻ തോന്നുന്നു. ആരെങ്കിലും വിളിച്ചാൽ വേഗം ഞാൻ ഫോൺ വയ്ക്കും.. എനിക്കധികനേരം സംസാരിക്കാൻ കഴിയുന്നില്ല.. എന്തിന്.. ചിരിക്കാൻ കഴിയുന്നില്ല, ചത്തു കളയാൻ തോന്നുന്നുണ്ട് ടീ "..
"നല്ലോരു കോമഡി സിനിമ കാണു... ബൈക്കെടുത്ത് പുറത്ത് പോ... എല്ലാം ശരിയാവും" എന്ന് ഞാൻ പറയുമ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുണ്ടായിരുന്നു. ഞാനത് സൗകര്യപൂർവം അവഗണിച്ചു. ആ ഞായറാഴ്ച അവന്റെ ആത്മഹത്യയുടെ നടുക്കത്തിലാണ് ഞാൻ ഉറക്കമുണർന്നത്!
ഇത് കഥയല്ല. ഞെട്ടാലോടെ, അല്ലെങ്കിൽ അവിശ്വസനീയതയോടെ, അതിലേറെ കുറ്റബോധത്തോടെ എന്നെയുലച്ചു കളയുന്ന അനുഭവമാണ്.. ആത്മഹത്യ ചെയ്യുമെന്ന് പറയുന്നവർ അത് ചെയ്യില്ലെന്നും, ഒരു തമാശപ്പടത്തിനു വിഷാദത്തെ അകറ്റാൻ പറ്റുമെന്നുമുള്ള അബദ്ധധാരണ എന്നിൽ നിന്നും പറിച്ചെറിഞ്ഞത് അവന്റെ മരണമാണ്. വിഷാദം ഒരു രോഗവസ്ഥയാണെന്ന് മനസിലായതും അന്നാണ്.
മാനസികാരോഗ്യദിനമാണ് ഒക്ടോബർ 10."മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുൻഗണനയാക്കുക" എന്നതാണ് 2022ലെ പ്രമേയം. മാനസികാരോഗ്യം ഏറ്റവും വലിയ മുൻഗണനയാക്കുകയും, പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ വിഭാവനം ചെയ്യുകയാണ് ഇക്കൊല്ലത്തെ പ്രമേയം. മനുഷ്യാവകാശങ്ങൾ വിനിയോഗിക്കാൻ എല്ലാവർക്കും തുല്യ അവസരമുള്ള നമ്മുടെ ലോകത്ത്,എല്ലാവർക്കും അവർക്ക് ആവശ്യമായ മാനസികാരോഗ്യ സംരക്ഷണം ഒരുപോലെ ലഭ്യമാകേണ്ടതാണല്ലോ.
ലിംഗവ്യത്യാസം മുതൽ സാമ്പത്തികസാമൂഹ്യ പശ്ചാത്തലം വരെ അസമത്വങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ അസമത്വങ്ങൾക്കപ്പുറം മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ എല്ലാവരിലേക്കുമെത്തുന്നു എന്നുറപ്പിക്കുക കൂടിയാണ് ഈ പ്രമേയം.
ഒരു ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ നമ്മളത് വീട്ടിൽ പറയും, കൂട്ടുകാരോട് പറയും, മരുന്ന് കഴിക്കും. എന്നാൽ അസുഖം മനസ്സിനാണെങ്കിലോ? പറയാൻ തന്നെ മടിയാണ്,ചികിൽസിക്കാൻ അതിലേറെയും!! കാരണം ഒരു സൈക്കാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പോയാൽ പിന്നെ നമ്മൾ "കിളി പോയവരാണ്"!! മാനസികാരോഗ്യ പ്രശ്നങ്ങളെയെല്ലാം “മാനസിക വിഭ്രാന്തി”യായികാണുന്ന പൊതുബോധം തന്നെയാണ് ഇവിടെയും വില്ലനാവുന്നത്.
സാമ്പത്തികമായി ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു കുടുംബത്തിലെ പെൺകുട്ടി മാനസികപ്രശ്നങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ അവളുടെ അമ്മ എന്നെ വിളിച്ചു. ഏറ്റവും മികച്ച സൈക്കോളജിസ്റ്റിന്റെ അടുത്ത് തന്നെ അവളെ കൊണ്ടുപോകാനുള്ള ഏർപ്പാട് ചെയ്തു..
അതേ സമയം ആ വീട്ടിൽ വീട്ടുജോലിക്ക് പോകുന്ന ചേച്ചിയുടെ കണ്ണുകൾ കുഴിഞ്ഞു പോകുന്നതും ചിരിവറ്റുന്നതും ആരുമറിയുന്നുണ്ടായിരുന്നില്ല .. അവർക്കും വേണ്ടതാണ്.. ചികിത്സ...! ഒരു സോഷ്യൽ വർക്കറുടെ സഹായത്തോടെ അവരെയും എത്തിക്കെണ്ടതാണ് ചികിത്സയിലേക്ക്.. അവർക്കു വേണ്ടി ആവശ്യപ്പെടാനോ, അവർക്ക് അത് നൽകാനോ ആരുമില്ലാത്ത അവസ്ഥ...!!
ഇനി പഠിപ്പും വിവരവും കാശുമുണ്ടായിട്ടും ഇതൊരു രോഗവസ്ഥയാണെന്ന് അറിയാതെയും, നാണക്കേട് ഓർത്തും അവരെ ആത്മഹത്യ വരെ തള്ളി നീക്കുന്ന കുടുംബങ്ങളുമുണ്ട്... ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയിൽ എത്രയോ മനുഷ്യർ ആരെങ്കിലും ഒന്ന് സംസാരിക്കാൻ അടുത്ത് ചെന്നിരിക്കണം എന്നാഗ്രഹിക്കുന്നുണ്ട്! അവരിലേക്കും എത്തിപ്പെടുന്നില്ല ചികിത്സയും ചികിത്സകരും...!!
വിവാഹത്തിന് മുൻപ് പെൺകുട്ടികളെ ചട്ടം പഠിപ്പിക്കുന്നവർ ആൺകുട്ടികൾക്ക് കൃത്യമായ മാനസികാരോഗ്യമുണ്ടോ എന്ന് അന്വേഷിക്കുന്നില്ല.. മകന്റെ മനസികാസ്വാസ്ഥ്യം മാറാൻ മകനെ പെണ്ണുകെട്ടിക്കുന്ന അമ്മമാരുള്ള നാടാണിത്!!
എല്ലാവരിലേക്കും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തേണ്ട ഒന്നാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം. ചികിത്സയ്ക്കുള്ള വഴികൾ, ആരെ സമീപിക്കണം, എന്ത് ചെയ്യണം ഇതെല്ലാം സകലരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതാണ്. ഉറക്കകുറവ്, തനിയെ സംസാരിക്കുക, കാരണമില്ലാതെയുള്ള ശാരീരിക രോഗം, വെപ്രാളം, അകാരണമായ സംശയവും ഭയവും, ദേഷ്യം, ഉത്കണ്ഠ, തനിയെ ചിരിക്കുക, സമൂഹത്തിൽ നിന്നും പിൻവലിയൽ, മദ്യപാനസക്തി, ആത്മഹത്യ പ്രവണത, നെഞ്ചിടിപ്പ്, ഉന്മേഷക്കുറവ്, വിഷാദം തുടങ്ങിയവ പ്രശ്നങ്ങൾ രൂപപ്പെടാൻ തുടങ്ങിയാൽ നിർബന്ധമായും പ്രൊഫഷണൽ സഹായം തേടേണ്ടതാണ്.
സംസ്ഥാനത്തൊട്ടാകെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക് ആശുപത്രികളിലും മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. കൂടാതെ ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ രംഗത്തും ചില ഇടപെടലുകൾക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നു. അത് വേണ്ടവിധം ജനങ്ങളിലേക്ക് എത്തുന്നതിനു അത് സ്വീകര്യമാവുന്നതിനും, മനസിന് അസ്വസ്ഥതയുള്ളവർക്കൊക്കെ "ഭ്രാന്ത്" എന്ന് പറയുന്ന നമ്മുടെ മാനസികാവസ്ഥ ആദ്യം മാറേണ്ടതാണ്.
ഒരുവന് വിഷാദമെന്നു പറഞ്ഞപ്പോൾ ധ്യാനം കൂടിയാൽ മതിയെന്ന് പറഞ്ഞ വീട്ടുകാർ...ധ്യാനകേന്ദ്രത്തിൽ ചെന്ന് വിഷാദം മാറാതെ തന്നെ ഹിസ്റ്റീരിയയിലേക്ക് കൂപ്പുകുത്തിപ്പോയി പാവം!
"വീട്ടിൽ പറഞ്ഞൂടെ...?
നിനക്ക് എല്ലാവരും ഇല്ലേ... ?
നിനക്കെന്തിന്റെ കുറവാണ്.....?
കാശ് കൂടുതൽ ഉണ്ടെങ്കിൽ ഡിപ്രഷൻ ന്ന് ഒക്കെ പറഞ്ഞിരിക്കാം..!!
വെറുതെ ഇരുന്നിട്ടാണ് വല്ല പണിക്കും പോടെ....!!"
എല്ലാവരുമുള്ളപ്പോഴും എല്ലാമുള്ളപ്പോഴും ഒറ്റപ്പെടുന്ന ആ തോന്നലിനെ ആണ് ഡിപ്രെഷൻ എന്ന ഓമനപ്പേരിൽ വിളിക്കുന്നത്...
തനിച്ചിരിക്കാൻ ആഗ്രഹിക്കുകയും എന്നാൽ തനിച്ചായിപ്പോയി എന്നു വേദനിക്കുകയും ചെയ്യുന്ന അവസ്‌ഥ...ആരാണ് അതിലൂടെ കടന്ന് പോകാത്തത്? ചിലരതിനെ തരണം ചെയ്ത് ഇടുങ്ങിയ ഇടനാഴിയിൽ നിന്ന് പുറത്തേക്ക് വരുന്നു..ചിലരതിൽ ശ്വാസവും വെളിച്ചവും കിട്ടാതെ ഒടുങ്ങുന്നു...
തരണം ചെയ്ത് പുറത്ത് വരുന്നവർ സത്യത്തിൽ അത്ര നിസ്സാരക്കാരല്ല. ആത്മഹത്യയുടെ മുനമ്പിൽ നിന്ന് സ്വന്തം മനസ്സാന്നിദ്ധ്യം കൊണ്ട് തിരികെ വരുന്നവരേക്കാൾ ധൈര്യശാലികളാരുണ്ട് ഭൂമിയിൽ? "എന്നെ ആശുപത്രിയിൽ കോണ്ട് പോണം, എനിക്ക് മരുന്നു വേണം" എന്ന് പറയുന്നവരെക്കാൾ ആത്മവിശ്വാസമുള്ള മറ്റാരുണ്ട്?
സത്യമായിട്ടും ദൈവത്തെ വിളിച്ചത് കൊണ്ടോ പ്രാർഥിച്ചത് കൊണ്ടോ വിഷാദത്തിൽ നിന്ന് കര കയറിയവരെ ഞാൻ കണ്ടിട്ടില്ല. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ... പക്ഷെ .. ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ,ദൈവത്തെ ആശ്രയിച്ച് നീന്തി കയറിയവരില്ല, എന്നർത്ഥമില്ല കേട്ടോ.
തരണം ചെയ്യുന്നവരെ ഒന്ന് ഒബ്സർവ് ചെയ്താൽ പൊതുവായി കാണാവുന്ന മറ്റ് ചില കാര്യങ്ങളുണ്ട്.
അതിൽ ഏറ്റവും പ്രധാനം ഒരു നല്ല കുട്ടിക്കാലമാണ്. മനസ്സിനോ ശരീരത്തിനോ മുറിവേൽക്കാതെ ടീനേജ് കാലം വരെയെങ്കിലും തള്ളി നീക്കാനായവർ ,ജീവിതയാത്രയിൽ പിന്നീടുണ്ടാകുന്ന തിരിച്ചടികളേ മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടി മെച്ചമായ രീതിയിൽ ആഭിമുഖീകരിക്കുന്നുണ്ട് എന്നു തോന്നുന്നു.
മറ്റൊരു കൂട്ടർ സർഗവാസനകളും ഇഷ്ടങ്ങളും അടിച്ചമർത്തപ്പെട്ടിട്ടില്ലാത്തവരാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ജോലിയും , തങ്ങൾക്കിഷ്ടമുള്ള മേഖലയും ജീവിതത്തിൽ ചേർത്ത് വയ്ക്കാൻ സ്വാതന്ത്ര്യം കിട്ടിയവർ പിന്നീടങ്ങോട്ട് ഇടയ്ക്ക് കയറി വരുന്ന ഡിപ്രെഷനോട് നന്നായി തന്നെ പൊരുതാറുണ്ടെന്നു തോന്നിയിട്ടുണ്ട്.
യാത്രകളെ സ്നേഹിക്കുന്നവർ. വീടിന്റെ ചുവരിനുള്ളിൽ തളയ്ക്കപ്പെടാത്ത യൗവനകാലം. മാനസികാരോഗ്യത്തിന്റെ ഏറ്റവും വലിയ ആണിക്കല്ലാണ് യാത്രകൾ എന്നതുറപ്പ്. അവർ ചുറ്റും കാണുന്ന ലോകത്തെ നിമിഷനേരത്തേക്കെങ്കിലും സ്‌നേഹിക്കുന്നവരാണ്. വിളിക്കാതെ കയറി വരുന്ന വിഷാദത്തെ പുറത്ത് കയറ്റിയ ട്രാവൽ ബാഗ് കൊണ്ട് തട്ടിയേറിയുന്നവരെ നേരിട്ട് അറിയാം..
ഇനിയുമുണ്ടാകാം കാരണങ്ങൾ. വരുന്ന തലമുറയ്ക്ക് വിഷാദമെന്ന വിപത്തിനോട് പയറ്റനുള്ള മാനസികാരോഗ്യം നൽകി വളർത്താം. അവരുടെ ഇഷ്ടങ്ങളെ അവർക്ക് വിട്ടുകൊടുക്കുക, അവർ യാത്ര ചെയ്യട്ടെ, അവരുടെ ബാല്യം മനോഹരമാവട്ടെ.
Content Highlights: world mental health day, overcoming depression, importance of mental health
Published: 10 Oct 2022, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented