കർണാടകത്തിലെ തുമകൂരുവിലെ ഗുബ്ബി എന്ന കൊച്ചുഗ്രാമത്തിൽ മാതാപിതാക്കളുടെ തണലിൽ കളിച്ചുചിരിച്ചുനടന്ന കൗമാരക്കാരിയായ പെൺകുട്ടി തൊട്ടടുത്ത ഗ്രാമമായ ഹുളികലിൽനിന്ന് വിവാഹാലോചനയുമായെത്തിയ ആളോടൊപ്പം ജീവിതപങ്കാളിയായി യാത്രതിരിക്കുന്നു. സാലു മരത തിമ്മക്ക എന്ന പ്രകൃതിസ്നേഹിയുടെ കഥ അവിടെ തുടങ്ങുകയാണ്.
കാലത്തിന്റെ കണക്കുപറഞ്ഞ് കഥ തുടങ്ങുകയാണെങ്കിൽ രാജ്യത്തിന് സ്വാതന്ത്ര്യംകിട്ടുംമുൻപേയുള്ള കാലത്തേക്ക് യാത്രപോകണം. 1911-ലായിരുന്നു തുമകൂരു ജില്ലയിലെ ഗുബ്ബിയിൽ തിമ്മക്കയുടെ ജനനം. രാമനഗര ജില്ലയിലെ മാഗധിയിലെ ഹുളികൽ എന്ന ഗ്രാമത്തിൽനിന്ന് വിവാഹാലോചനയുമായി വന്നതായിരുന്നു ചിക്കയ്യ. പതിമ്മൂന്നാം വയസ്സിൽ വധുവായി ചിക്കയ്യയുടെ കൈപിടിച്ച് തിമ്മക്ക അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്കുപോയി. ഗ്രാമത്തിലെ ക്വാറിയിൽ ഇരുവരും ജോലിചെയ്യും ചിക്കയ്യയുടെ പേരിലുള്ള സ്ഥലത്തെ പാടത്ത് മുത്താറികൃഷിയുമുണ്ട്. അല്ലലറിയാതെ ഇരുവരും സന്തോഷത്തോടെ ജീവിച്ചുപോന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. ദമ്പതിമാർക്ക് കുട്ടികളുണ്ടായില്ല. ഇരുവരും പ്രാർഥനകളും നാട്ടുചികിത്സയുമായി ഒരു കുഞ്ഞിനായി കാത്തിരുന്ന നാളുകൾ. ചിക്കയ്യയുടെ ബന്ധുക്കളിൽനിന്നും സ്വന്തം കുടുംബത്തിൽനിന്നുമൊക്കെ തിമ്മക്ക കുത്തുവാക്കുകൾ കേട്ടു. ആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിച്ച എത്രയോ ദിനരാത്രങ്ങൾ. പ്രസവിക്കാത്ത സ്ത്രീയെന്ന മുദ്രകുത്തി പലരും ശുഭകാര്യങ്ങളിൽനിന്ന് തിമ്മക്കയെ മാറ്റിനിർത്തി. കരഞ്ഞുതീർത്ത നാളുകളോർക്കുമ്പോൾ ഇപ്പോഴും അവരുടെ കണ്ണുനിറയും. ഒന്നും രണ്ടും വർഷമല്ല ഇരുപതുവർഷക്കാലമാണ് തിമ്മക്കയും ചിക്കയ്യയും കുട്ടികളില്ലാത്ത വിഷമം ഉള്ളിലൊതുക്കി ജീവിച്ചത്. അതായത് ജീവിതത്തിലെ വസന്തകാലമത്രയും അവർ ആ ദുഃഖംപേറി ജീവിച്ചു.
കുട്ടികളില്ലാത്ത ദുഃഖം മറക്കാൻ ഇരുവരും ഒരു മാർഗം സ്വയം കണ്ടെത്തുകയായിരുന്നു. മരങ്ങൾ നടുക, മക്കളെന്നു കരുതി പൊന്നുപോലെ പരിപാലിക്കുക. ചെറുപ്പംമുതൽ പച്ചനിറത്തെ ഇഷ്ടപ്പെട്ട തിമ്മക്ക തന്നെയായിരുന്നു മരങ്ങൾ നട്ടുപിടിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. വീടിനുചുറ്റും ചെറിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്ന തിമ്മക്ക മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടുന്ന മരങ്ങൾ നട്ടുപിടിപ്പിക്കാമെന്ന നിർദേശംവെച്ചു. തണൽമരങ്ങൾ നട്ടാൽ നാടിനു തണലും പക്ഷികൾക്ക് പാർപ്പിടവുമാകുമെന്ന് ഇരുവരും കണക്കുകൂട്ടി. ഗുബ്ബിയിൽനിന്ന് ഹുളികലിലെത്തിയ അന്നുമുതൽ തിമ്മക്ക ശ്രദ്ധിച്ച ഒരു കാര്യമുണ്ട്, ഗ്രാമത്തിൽ പക്ഷികളുടെ ശബ്ദം അധികമൊന്നും കേൾക്കാറില്ല. പൊതുവേ വരണ്ട പ്രദേശമാണ് ഗ്രാമം. മഴയുടെ കുറവുണ്ട്. നാട്ടിടവഴികളിലൊന്നും തണൽമരങ്ങളില്ല. ഈ പ്രശ്നം പരിഹരിക്കാനായിരുന്നു ദമ്പതിമാരുടെ ശ്രമം. ഹുളികലിലെ നാട്ടിടവഴിയോരത്ത് ഒരു ദിവസം ഇരുവരും ചേർന്നൊരു പേരാൽത്തൈ നട്ടു. 1948-ലായിരുന്നു ആ സംഭവമെന്ന് തിമ്മക്ക ഓർത്തെടുക്കുന്നു:
‘‘തൈച്ചെടി നടാൻ തീരുമാനിച്ച ഇടം വൃത്തിയാക്കി, ചിക്കയ്യ വലിയ കുഴിയെടുത്തു, ഞങ്ങൾ ഇരുവരും ചേർന്നാണ് തൈച്ചെടി നട്ടത്. തൈ നനയ്ക്കാൻ വെള്ളം അന്നൊരു വലിയ പ്രശ്നമായിരുന്നു. ദൂരെപ്പോയി വെള്ളം ചുമന്നുകൊണ്ടുവരണം. ഞാൻ ആ ജോലി ആവേശത്തോടെ ചെയ്തു. കാരണം എനിക്ക് അന്ന് ഉള്ളിന്റെയുള്ളിൽ കടിഞ്ഞൂൽക്കുഞ്ഞുപിറന്ന അനുഭൂതിയായിരുന്നു’’.
വർഷാവർഷം മരങ്ങളുടെ എണ്ണം കൂട്ടി. ആദ്യം നട്ട മരം വളർന്നുപന്തലിച്ച് തണൽക്കുട വിരിച്ചു. പിറകെ ഓരോ മരങ്ങളും നാടിനെ ഹരിതാഭമാക്കി. ഹുളികലിലേക്ക് പക്ഷികൾ വിരുന്നുവന്നുതുടങ്ങി, കൂടുവെച്ചു. തിമ്മക്കയും ചിക്കയ്യയും മരങ്ങൾക്കു കാവലിരുന്നു, കുഞ്ഞുങ്ങളെ എന്നതുപോലെ മരങ്ങളെ പരിപാലിച്ചു. അവയെ കെട്ടിപ്പിടിച്ചു, ഉമ്മവെച്ചു, അവയോടു സംസാരിച്ചു. നാലു കിലോമീറ്റർ നടന്നുപോയി വെള്ളം ശേഖരിച്ച് അവർ മരമക്കൾക്ക്്്് നൽകി ദാഹമകറ്റി. തൈച്ചെടികൾ കന്നുകാലികൾ നശിപ്പിക്കാതിരിക്കാൻ വേലികെട്ടി. മുഴുവൻസമയം മരംനടലിനും പരിപാലനത്തിനുമായി നീക്കിവെക്കണമെന്ന് തോന്നിയതോടെ തിമ്മക്ക പരിസരത്തെ ക്വാറിയിലെ ജോലി ഉപേക്ഷിച്ചു.
1948-ൽ തുടങ്ങിയ ഉദ്യമം ഇരുവരും തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ നാട് പുരോഗമിച്ചു, ഹുളികലിലെ ആ നാട്ടുവഴി കാലക്രമേണ ദേശീയപാതയായി വികസിച്ചു. ഹുളികലിനും കുടൂരിനും ഇടയിലുള്ള നാലരക്കിലോമീറ്റർ ദേശീയപാതയിൽ ഇന്നും തലയുയർത്തിനിൽപ്പുണ്ട് തിമ്മക്കയും ചിക്കയ്യയും നട്ട തണൽമരങ്ങൾ. ഒന്നും രണ്ടുമല്ല, 385 പേരാൽമരങ്ങൾ.
‘‘ഞങ്ങൾക്ക് എളുപ്പത്തിൽ കിട്ടാവുന്നത് പേരാൽത്തൈ ചെടികളായിരുന്നു. അതുകൊണ്ടാണ് പേരാൽമരങ്ങൾ നട്ടത്. ചിക്കയ്യയ്ക്ക് കൃഷിപാഠങ്ങൾ അറിയാമായിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃഷിസംബന്ധമായ അറിവുകളൊക്കെ എനിക്ക് ഭർത്താവിൽനിന്നാണ് കിട്ടിയത്. തൈച്ചെടിയായിരിക്കുമ്പോൾ ഇവയ്ക്ക് നന്നായി വെള്ളം നൽകണം. ആദ്യമാദ്യം ഞങ്ങൾ തോന്നുമ്പോഴൊക്കെ തൈ നട്ടിരുന്നു. പിന്നീട് മഴക്കാലം വരുന്നത് കാത്തിരുന്നു. എണ്ണം കണക്കാക്കി മരം നട്ടതല്ല, ഞങ്ങൾക്കു കാൽനടയായിപ്പോയി പരിപാലിക്കാൻ പറ്റുന്നയത്ര ദൂരം മരംനട്ടു. എണ്ണമൊക്കെ എടുത്തതും ഞാൻ അറിഞ്ഞതും സർക്കാർ കണക്കെടുപ്പ് നടത്തിയപ്പോഴാണ്.’’ -തിമ്മക്ക വിശദീകരിച്ചു .
1991-ൽ തിമ്മക്കയെയും മരമക്കളെയും തനിച്ചാക്കി ചിക്കയ്യ വിടവാങ്ങി. ദുഃഖം മറക്കാൻ തിമ്മക്ക മക്കളായ മരങ്ങളുടെ ചുവട്ടിൽ വന്നിരിക്കും. അവരോടു സങ്കടം പറഞ്ഞു കരയും. ചിക്കയ്യയുടെ മരണത്തോടെയായിരുന്നു ഇരുവരും നാടിനു തണൽക്കുടവിരിച്ച നന്മ പുറംലോകമറിഞ്ഞത്. കരഞ്ഞൊതുങ്ങിക്കൂടാതെ ചിക്കയ്യയുടെ ഓർമകൾ ഊർജമാക്കി തിമ്മക്ക വീണ്ടുമിറങ്ങി. പാതയോരങ്ങൾ ഓരോന്നായി തിരഞ്ഞെടുത്തു മരങ്ങൾ നട്ടു. വികസനത്തിന്റെ പേരുപറഞ്ഞ് പാതാളക്കരണ്ടിയുമായിവന്ന് മരങ്ങൾ പിഴുതുകളയാൻ നോക്കിയവർക്കുനേരെ പടവാളോങ്ങി. ഏതു സർക്കാരിന്റെ പദ്ധതിയായാലും മരം മുറിച്ചിട്ട് കിട്ടുന്ന ഒരു വികസനത്തിനും കൈകോർക്കാൻ തിമ്മക്ക നിന്നുകൊടുത്തില്ല. ചിക്കയ്യ പോയതിനുശേഷം എണ്ണായിരത്തോളം മരങ്ങളാണ് തിമ്മക്ക ഒറ്റയ്ക്ക് നട്ടുപിടിപ്പിച്ചത്. ഇതോടെ നാട്ടുകാർക്ക് തിമ്മക്ക സാലുമരത (മരങ്ങളുടെ നിര) തിമ്മക്കയായി. കൂടുതൽ ആൽമരങ്ങൾ നട്ടതിനാൽ ചിലരവരെ ആലമരത തിമ്മക്ക എന്നും വിളിച്ചുതുടങ്ങി.
‘‘മരങ്ങൾ വളർന്നു പന്തലിച്ചതിൽ പിന്നെ കുട്ടികളില്ലാത്ത വിഷമം ഞങ്ങൾ അറിഞ്ഞിട്ടില്ല. സ്വന്തം മക്കളായി കാണുന്നു എന്ന് വെറുതേ പറയുകയല്ല, ശരിക്കും ഞാൻ പ്രസവിച്ച മക്കളെപ്പോലെത്തന്നെയാണ് ഞാൻ ഓരോ മരത്തെയും പരിപാലിച്ചത്. എന്റെ മക്കളുടെ ഒരു ചില്ല ഒടിഞ്ഞാൽപ്പോലും എനിക്ക് വേദനിക്കും. ആരെങ്കിലും സ്വന്തം മക്കളെ പിഴുതുകളയാൻ സമ്മതിക്കുമോ. ഞാനും അതേ ചെയ്തുള്ളൂ. എന്റെ മക്കൾ എനിക്കുമാത്രമല്ല നാട്ടുകാർക്കൊക്കെ തണൽനൽകുന്ന മക്കളാണ്. അവരെ സ്വാർഥതാത്‌പര്യത്തിനായി ബലികൊടുക്കാൻ ഞാനൊരുക്കമല്ല’’. ബാഗ്ഗേപ്പള്ളി-ഹലഗുരു റോഡ് വീതികൂട്ടാൻ 2019-ൽ സർക്കാർ പദ്ധതിയിട്ടപ്പോൾ തിമ്മക്ക നട്ട 385 മരങ്ങൾ വെട്ടിമാറ്റാൻ ഉത്തരവായിരുന്നു. അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയെയും തിമ്മക്ക നേരിൽപ്പോയി കണ്ടതോടെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു.
ആയുസ്സിന്റെ ശതാബ്ദികടന്ന് 112-ാം വയസ്സിലെത്തിനിൽക്കുകയാണ് തിമ്മക്ക. ആയുസ്സിന്റെ രഹസ്യം ചോദിച്ചാൽ ഉത്തരമായി മനസ്സ് എപ്പോഴും ഹരിതാഭമാണെന്നു പറയും അവർ. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അതൊന്നും വകവെക്കാതെ പുതിയ തലമുറയിലെ കുട്ടികൾക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊടുക്കാൻ കിട്ടാവുന്ന വേദിയിലെല്ലാം ചെന്നെത്തുകയാണ് ഈ വയോധിക. തിമ്മക്കയെന്ന നന്മമരത്തെത്തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തിക്കഴിഞ്ഞു. 2019-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. അന്ന് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിൽനിന്ന് ബഹുമതി ഏറ്റുവാങ്ങിയപ്പോൾ തിമ്മക്ക അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് വൻ വാർത്തയായിരുന്നു. രാഷ്ട്രപതിഭവനിൽ പുരസ്‌കാരം സ്വീകരിക്കാനെത്തുന്നവർ പാലിക്കേണ്ട പ്രോട്ടോകോൾ തെറ്റിച്ചായിരുന്നു തിമ്മക്ക രാഷ്ട്രപതിയുടെ തലയിൽത്തൊട്ടത്. എന്നാൽ, ഇത് പ്രശ്നമാക്കാതെ തനിക്കുലഭിച്ച ബഹുമതിയും അനുഗ്രഹവുമായി കാണുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചെയ്തത്. ബസവരാജ് ബൊമ്മെ സർക്കാർ തിമ്മക്കയെ കാബിനറ്റ് റാങ്കോടെ കർണാടകയുടെ പരിസ്ഥിതി അംബാസഡറായി നിയമിച്ചിരുന്നു. ഭരണം മാറി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വന്ന കോൺഗ്രസ് സർക്കാർ അതേ പദവിയിൽ തുടരാൻ തിമ്മക്കയെ അനുവദിച്ചിരിക്കുന്നു.
ഇനിയെന്താണ് ആഗ്രഹം എന്നു ചോദിച്ചാൽ തിമ്മക്ക പറയും -ഹുളികലിൽ ഭർത്താവ് ചിക്കയ്യയുടെ പേരിൽ ഒരാശുപത്രി വേണം. ഗ്രാമത്തിലുള്ളവർ ഇപ്പോഴും ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണ്. ‘‘ഭർത്താവും ഞാനും ചേർന്നാണ് മരങ്ങൾ നട്ടത്. പക്ഷേ, അദ്ദേഹം ജീവിച്ചിരിക്കെ ഇതൊന്നും പുറംനാട്ടുകാർക്ക് അറിയില്ലായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ അംഗീകാരമെല്ലാം എന്നെ മാത്രമായി തേടിവന്നു. അദ്ദേഹംകൂടി ഓർമിക്കപ്പെടാനാണ് ആശുപത്രിക്ക് പേര് നിർദേശിച്ചത്
Content Highlights: story about Saalumarada Thimmakka world environment day 2023
Published: 04 Jun 2023, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented