പ്ലാസ്റ്റിക് മാലിന്യങ്ങളെ തുരത്തലാണ് ഇക്കുറി പരിസ്ഥിതി ദിനത്തില്‍ ലോകം ഏറ്റെടുക്കുന്ന വെല്ലുവിളി. കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും അവ മണ്ണിനെ ഉപയോഗശൂന്യമാക്കുന്നതുമാണ് എല്ലായ്പ്പോഴും നമ്മുടെ പരിഗണനയിലുള്ളത്. മണ്ണില്‍ പ്ലാസ്റ്റിക് തീര്‍ക്കുന്ന പ്രതിരോധം ഭൂഗര്‍ഭജലശേഖരണത്തിലുണ്ടാക്കുന്ന കുറവും ആശങ്കയുണ്ടാക്കുന്നു. മനുഷ്യരാശിക്ക് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ സംഭാവന ചെയ്യുന്ന സമുദ്രത്തിലെ ജീവജാലങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തും ഇതോടൊപ്പം ചര്‍ച്ചചെയ്യേണ്ടതാണ്.

To advertise here,

ഓക്സിജന്‍ ഉത്പാദനം

ഭൂമിയിലെ ഓക്സിജന്റെ 70ശതമാനവും സമുദ്രത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇവയിലേറെയും പ്ലാങ്ക്ടണുകളുടെ സംഭാവനയാണ്. ഒഴുകിനടക്കുന്ന സസ്യങ്ങള്‍, പായലുകള്‍, പ്രകാശസംശ്ലേഷണം ചെയ്യാന്‍ കഴിയുന്ന ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാന ഓക്സിജന്‍ ദാതാക്കള്‍.  ഭൂമിയില്‍ പ്രകാശ സംശ്ലേഷണം നടത്തുന്ന ഏറ്റവും ചെറിയ ജീവിയായ  പ്രോക്ലോറോകോക്കസ് ഇക്കൂട്ടത്തില്‍പ്പെടും. ഭൂമിയിലെ ആകെ ഓക്സിജന്റെ 20ശതമാനം പുറത്തുവിടുന്നത് ഇവയാണ്. അതായത് ഉഷ്ണമേഖലാ മഴക്കാടുകളും അനുബന്ധ ഭൂപ്രദേശവും സംഭാവന ചെയ്യുന്നതിലും കൂടുതല്‍. ഈ പ്ലാങ്ക്ടണുകളുടെ നിലനില്‍പ്പ് സമുദ്രത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. കാലാവസ്ഥാവ്യതിയാനം, മാലിന്യങ്ങള്‍ ഇവയെല്ലാം ഇവയുടെ നാശത്തിനു കാരണമാകുമെന്ന് ചുരുക്കം.

തടസ്സപ്പെടുന്നു,  co2 ആഗിരണം

മനുഷ്യന്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ 50ശതമാനവും സമുദ്രങ്ങളിലേക്കാണ് ആഗിരണം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് അടിത്തട്ടില്‍ സംഭരിക്കപ്പെടുന്നു. സൂക്ഷ്മപായലുകള്‍ ഓര്‍ഗാനിക് കാര്‍ബണ്‍ സ്വീകരിക്കുന്നുണ്ട്.  ഈ പായലുകളെ വിവിധ കടല്‍ജീവികള്‍ ഭക്ഷണമാക്കും. ഇവയുടെ വിസര്‍ജ്യങ്ങളില്‍ ശേഖരിക്കപ്പെടുന്ന കാര്‍ബണ്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്കുപോകും. എന്നാല്‍ സമുദ്രോപരിതലത്തിലും തൊട്ടടുത്ത ഭാഗങ്ങളിലുമായും അടിയുന്ന മൈക്രോപ്ലാസ്റ്റിക് ഈ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കും. ഇത്  വിസര്‍ജ്യത്തില്‍നിന്നുള്ള കാര്‍ബണ്‍ , co2 ആയി അന്തരീക്ഷത്തിലെത്താന്‍ കാരണമാകും.

ചത്ത ജീവജാലങ്ങള്‍ അഴുകുന്ന സമയത്തും ഓക്സിജന്‍ ഉപയോഗപ്പെടുത്തും. ഏതെങ്കിലും മാലിന്യ പ്രശ്നം കൊണ്ട് സമുദ്രത്തില്‍ പതിവിലധികം ജീവജാലങ്ങള്‍ അഴുകാന്‍ ഇടയായാല്‍ അധികം ഓക്സിജന്‍ വേണ്ടിവരും.ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിനെ മലിനമാക്കുന്നതിന്റെ അപകടാവസ്ഥ മനസ്സിലാക്കേണ്ടത്.
     
പ്ലാങ്ക്ടണുകളുടെ അന്നംമുട്ടിക്കുന്ന പ്ലാസ്റ്റിക്

ഇനി സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം പ്ലാങ്ക്ടണുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. സമുദ്രത്തില്‍ തള്ളുന്ന പ്ലാസ്റ്റിക് മൈക്രോപ്ലാസ്റ്റിക്കുകളായി വിഘടിക്കുന്നു. ഇത് പ്ലാങ്ക്ടണുകള്‍ക്ക് പ്രകാശസംശ്ലേഷണത്തിനാവശ്യമായ  സൂര്യപ്രകാശത്തെ തടയുന്നു. ഈ പ്രതിരോധം പ്ലാങ്ക്ടണുകളെ മാത്രമല്ല അവയെ ആശ്രയിച്ചുകഴിയുന്ന ജലജീവികളുടെയെല്ലാം ഭക്ഷ്യശൃംഖല തകര്‍ക്കുന്നു.

കൂടാതെ പ്ലാസ്ററിക് തിന്ന് കടല്‍ജീവികളുടെ ആയുസ് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.  മനുഷ്യന്‍ തിന്നുന്ന മത്സ്യങ്ങളുടെ ആമാശയംപോലും മൈക്രോ പ്ലാസ്റ്റിക്കുകള്‍വഴി മലിനമാക്കപ്പെട്ടവയാകാന്‍ സാധ്യതയുണ്ട്.

ഹരിതഗൃഹവാതകങ്ങളും പ്ലാസ്റ്റിക്കും

ഐക്യരാഷ്ട്രസഭാ പരിസ്ഥിത സംഘടന(യു.എന്‍.ഇ.പി.)യുടെ കണക്കുപ്രകാരം ജലായങ്ങളിലെയും കടലിലെയും പ്ലാസ്റ്റിക് മലിനീകരണം 2030 ഓടെ ഇപ്പോഴുള്ളതിലും ഇരട്ടിയാകും. നിലവില്‍ പ്രതിവര്‍ഷം 9-23 ദശലക്ഷം ടണ്ണാണ് പുറന്തള്ളുന്നത്. ഇത് 53 ദശലക്ഷം ടണ്ണാകും.

യു.എന്‍.ഇ.പി. യുടെതന്നെ മറ്റൊരു കണക്കുപ്രകാരം 1950നും  2017നുമിടയില്‍ ലോകത്ത് 9200 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. ഇതില്‍ 7000  മാലിന്യമായി തള്ളി.   കടല്‍ മാലിന്യത്തിന്റെ 85ശതമാനവും പ്ലാസ്റ്റിക്കാണെന്നും കണക്കുകള്‍ പറയുന്നു. ആഗോളകാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 19ശതമാനവും പ്ലാസ്റ്റിക്ക് നിര്‍മാണത്തിനിടെയാണ്. യു.എന്‍ ക്ലൈമറ്റ് കേണ്‍ഗ്രസ്സിന്റെ റിപ്പോര്‍ട്ടുപ്രകാരം 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്ക് വഴിയുണ്ടാകുന്ന  ഹരിതഗൃഹവാതകങ്ങളുടെ അളവ് 650 കോടി മെട്രിക് ടണ്‍ ആകും.

പ്ലാങ്ടണുകള്‍

സമുദ്രത്തില്‍ ഒഴുകിനടക്കുന്ന സ്വയം  നീന്താന്‍ പറ്റാത്ത പായലടക്കമുള്ള സസ്യങ്ങളും സൂക്ഷ്മജീവികളുമാണ് പ്ലാങ്ടണുകള്‍. സസ്യഇത്തില്‍പ്പെടുന്നവയെ ഫൈറ്റോ പ്ലാങ്ക്ടണ്‍ എന്നും ജീവി ഇനത്തില്‍പ്പെടുന്നവയെ സൂ പ്ലാങ്ക്ടണ്‍ എന്നും പറയുന്നു.