വീടിനടുത്തുളള കാട് ഏത് വിധേനയും സംരക്ഷിക്കണം. ഇതായിരുന്നു ഇന്നത്തെ എഴുപതുകാരി സരസ്വതിയുടെ മോഹം. ആ മോഹം മൊട്ടിട്ടതാകട്ടെ 2002-ലും. വസന്തസേന എന്ന സംഘടന ഇന്ന് പെരിയാര്‍ കടുവ സങ്കേതത്തിന്റെ കൂടി സംരക്ഷകരാണ്. തുടക്കകാലത്ത് 101 പേരുണ്ടായിരുന്നു സംഘടനയില്‍. ഇന്നത് ചുരുങ്ങി 43-ലേക്ക് എത്തിയെങ്കിലും അംഗങ്ങളുടെ വീര്യം തെല്ലും ചോര്‍ന്നിട്ടില്ല. കാന്‍സര്‍ രോഗിയായിരുന്നിട്ടു കൂടി സരസ്വതി ഇന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

To advertise here,
placeholder
പെരിയാർ കടുവ സങ്കേതം

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

തുടക്കം

2002 ഒക്ടോബര്‍ മാസം 22-ാം തീയതിയാണ് 'വസന്തസേന'യ്ക്ക് തുടക്കമാകുന്നത്. കാട് ഉപജീവനമാര്‍ഗമാക്കിയിരുന്നു കുടുംബമായിരുന്നു 2002-ന് മുമ്പ് പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിസരത്തുണ്ടായിരുന്നത്. 96-ലാണ് വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളെയും വനാതിര്‍ത്തിയില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ താമസിക്കുന്നവരെയും ചേര്‍ത്ത് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (ഇ.ഡി.സി.)കൾ രൂപീകരിക്കുന്നത്‌.

വനസംരക്ഷണത്തെ പറ്റി ഇ.ഡി.സി. അംഗങ്ങള്‍ക്ക് ബോധവത്കരണ ക്ലാസായിരുന്നു അടുത്ത പടി. ഈ ക്ലാസിലാണ് വനത്തിലെ വിഭവങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി പലരും തിരിച്ചറിയുന്നത്. അന്ന് വനസംരക്ഷണത്തിന് തൊഴിലാളികള്‍ നന്നേ കുറവായിരുന്നു. വാഹനസൗകര്യങ്ങളും പൊതുവേ കുറവ്. തുടര്‍ന്നാണ് രാത്രികാലങ്ങളില്‍ വന സംരക്ഷണത്തിനായി ഇഡിസിയിലെ പുരുഷന്മാരുടെ സഹായം തേടുന്നത്. 

നിർണായകമായത് ക്ലാസ്

അനുദിനം നശിച്ചു കൊണ്ടിരുന്ന കാടിന്റെ പ്രാധാന്യം വനിതകൾ ബോധവത്കരണ ക്ലാസിലൂടെ തിരിച്ചറിയുകയായിരുന്നു പകല്‍ സംരക്ഷണം തങ്ങള്‍ ഏറ്റെടുക്കാമെന്ന് തുടര്‍ന്ന് വനിതകള്‍ (പെരിയാര്‍ കോളനി അംഗങ്ങള്‍) അധികൃതരെ അറിയിക്കുകയായിരുന്നു. പകല്‍സമയങ്ങളിലാണ് വനവിഭവങ്ങള്‍ മോഷണത്തിനായി പലരും കണ്ടു വെയ്ക്കുന്നത്. തുടര്‍ന്ന് വനിതകളുടെ നിര്‍ദേശം അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. 

മറ്റ് മേഖലകളില്‍ താമസിക്കുന്ന ഇ.ഡി.സി. വനിതകളുടെ താത്പര്യവും അധികൃതര്‍ തേടി. എട്ട് ഇ.ഡി.സികളിലെ 101 വനിതകള്‍ ഇതിന് സമ്മതം മൂളിയതോടെ യഥാര്‍ത്ഥ്യമായത് സരസ്വതിയെ പോലെയുള്ള വനിതകളുടെ സ്വപ്‌നം കൂടിയാണ്. സ്വയം മുന്നോട്ട് വന്നവരായിരുന്നെങ്കിലും കാലക്രമേണ അംഗങ്ങളുടെ എണ്ണം 40-കളിലേക്ക് ചുരുക്കപ്പെട്ടു. 

മരണപ്പെട്ടു പോയവര്‍, സ്ഥലം വിറ്റ് പോയവര്‍ ഒക്കെ ഈ പട്ടികയിലുണ്ടായിരുന്നു. അതാണ് എണ്ണം കുറയുന്നതിന് കാരണമായി സംഘടനയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. 70-നും മുകളില്‍ പ്രായമായവരൊക്കെ സംഘടനയില്‍ ഇന്ന് അംഗങ്ങളാണ്. വസന്തസേന എന്ന വനസംരക്ഷണ സംഘടന രൂപീകൃതമായിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. 

placeholder
വനത്തിനുള്ളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുമായി അം​ഗങ്ങൾ

പ്രവര്‍ത്തനങ്ങള്‍

രാവിലെ പത്ത് മണിക്കാണ് അംഗങ്ങളുടെ ഡ്യൂട്ടി ആരംഭിക്കുക. രജിസ്റ്ററില്‍ ഒപ്പിടുകയാണ് അടുത്ത പടി. തുടര്‍ന്ന് എട്ടു കിലോ മീറ്റര്‍ (ചന്ദന മരങ്ങളുള്ള മേഖല) വനത്തിനുള്ളിലൂടെ നടക്കും. വനത്തിനുള്ളില്‍ എന്തെങ്കിലും അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും വന്യജീവികള്‍ പരിക്കേറ്റിട്ടുണ്ടോയെന്നും ഇതോടൊപ്പം പരിശോധിക്കും. തുടര്‍ന്ന് മൂന്നു മണിക്ക് അന്ന് കാട്ടില്‍ നടന്ന സംഭവങ്ങള്‍, കണ്ട വന്യജീവികള്‍ എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ട് എഴുതി നല്‍കും. 

വനത്തിനുള്ളിലെ പ്ലാസ്റ്റിക് ശേഖരണവും അംഗങ്ങളുടെ ചുമതലയാണ്. ഗ്രീന്‍ ഡേ ആചരണം പോലെയുള്ള പ്രത്യേക ദിനാചരണങ്ങളും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. 925 സ്‌ക്വയര്‍ കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് പെരിയാര്‍ കടുവ സങ്കേതം. അഞ്ചു റേഞ്ചുകളില്‍ തേക്കടി റേഞ്ചിന്റെ എട്ടു കിലോ മീറ്റര്‍ വരുന്ന വനപ്രദേശം മാത്രമാണ് വസന്തസേന സംരക്ഷിക്കുന്നത്. ബാക്കിയുളളയിടങ്ങളില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുണ്ട്. 

ലാഭമില്ല, സ്‌നേഹം കാടിനോട് മാത്രം

സാമ്പത്തികമായി ലാഭം പറ്റാതെയാണ് വസന്തസേന പ്രവര്‍ത്തിക്കുന്നത്. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും വനംവകുപ്പ് അധികൃതര്‍ മറ്റിടങ്ങളിലേക്ക് വനസംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അംഗങ്ങള്‍ക്ക് പഠനയാത്ര സംഘടിപ്പിക്കും. വനപ്രദേശത്ത്  പോകുന്നതിനാവശ്യമായ റെയിന്‍ കോട്ട്, ലഞ്ച് ബോക്‌സ് തുടങ്ങിയവ വനംവകുപ്പ് അംഗങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. 

ദിനംപ്രതി സ്വന്തം പോക്കറ്റില്‍നിന്ന് പണം മുടക്കി താമസിക്കുന്നയിടത്ത് നിന്ന് എട്ടു കിലോ മീറ്ററോളം യാത്ര ചെയ്താണ് അംഗങ്ങള്‍ വനത്തിലേക്കെത്തുന്നത്. തൊഴിലുറപ്പ്, കൂലിപ്പണി പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോകാറുള്ള ഇവര്‍ തൊഴിലുപേക്ഷിച്ചാണ് വനസംരക്ഷണത്തിനിറങ്ങുന്നത്. ഓരോത്തരും ഊഴമനുസരിച്ചാണ് വനസംരക്ഷണത്തിനിറങ്ങുന്നത്. അതിനാല്‍ ഒരാള്‍ മാസം മൂന്ന് തവണ മാത്രം ഇത്തരത്തിലെത്തിയാല്‍ മതിയെന്നും സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. 

ആളുകള്‍ കുറഞ്ഞതോടെ മറ്റിടങ്ങളില്‍നിന്ന് വസന്തസേനയിലേക്ക് ആളുകളെ എടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പലരും സാമ്പത്തിക ലക്ഷ്യം വെച്ചാണെത്തിയത്. പലര്‍ക്കും ആത്മാര്‍ത്ഥയും കുറവായിരുന്നു. പ്രമോദ് ജി. കൃഷ്ണന്‍ എന്ന ഐ.എഫ്എസ്. ഉദ്യോഗസ്ഥനായിരുന്നു സംഘടനയുടെ തലപ്പത്ത് ആദ്യകാലത്തുണ്ടായിരുന്നത്. അസിസ്റ്റന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ ശിവദാസ് നല്‍കിയ പിന്തുണയുടെ കൂടി ബലത്തിലാണ് സംഘടന ഈ നിലയില്‍ വളര്‍ന്നത്. 

placeholder
വസന്തസേനയിലെ അം​ഗങ്ങൾ

പ്രതിബന്ധങ്ങള്‍

സ്ത്രീകള്‍ വനസംരക്ഷണത്തിനിറങ്ങുന്നത് നാട്ടുനടപ്പല്ലെന്ന് വിശ്വസിക്കുന്ന ഒരു കാലത്താണ് സംഘടന രൂപം കൊള്ളുന്നത്. കുടുംബത്തില്‍നിന്നുള്ള പിന്തുണയില്ലാതെ വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്‍ സാധിക്കില്ല. ആദ്യകാലത്ത് വനത്തിനുള്ളില്‍ നടന്ന പല അനധികൃത പ്രവര്‍ത്തനങ്ങളും പുറത്തു കൊണ്ടുവരാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. വനം ഏത് വിധേനയും സംരക്ഷിക്കണമെന്ന വനിതകളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികൃതര്‍ സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.