
കാൻസറിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുകവലിക്കാത്തവർക്കും കാൻസർ വരുന്നുണ്ടല്ലോ?, പാരമ്പര്യമാണ് കാൻസറിന് കാരണം, കാൻസർ പകരും.. എന്നിങ്ങനെയൊക്കെ. കാൻസർ രോഗത്തിനെതിരേ പൊരുതാൻ വിലങ്ങുതടികളാണ് ഈ പ്രചാരണങ്ങൾ. ഇത്തരം വ്യാജ വാർത്തകൾക്കെതിരെയും നമ്മൾ ജാഗരൂകരാകണം.
'പുകവലിക്കാത്തവർക്കും കാൻസർ
ഇങ്ങനെയൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. കാൻസറിന് വഴിവെക്കുന്ന അനവധി കാരണങ്ങളിൽ ഒന്നുമാത്രമാണ് പുകവലി. രാജ്യത്ത് ഇന്ന് കണ്ടുവരുന്ന കാൻസറിൽ മുപ്പത് ശതമാനത്തിന്റെ കാരണം മാത്രമാണ് പുകയില. ഇതേ പ്രാധാന്യം തന്നെയുണ്ട് ജീവിത ശൈലിയിലെയും ഭക്ഷണ ക്രമത്തിലെയും മാറ്റങ്ങൾക്ക്. 30 ശതമാനം കാൻസറുകൾ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന വ്യതിയാനം നിമിത്തമാണ്. മദ്യപാനം, അന്തരീക്ഷ മലിനീകരണം, പശ്ചാത്തല റേഡിയേഷനുകൾ ചില അണുബാധകൾ തുടങ്ങിയവയെല്ലാം ഈ രോഗത്തിനു കാരണമാകുന്ന ഘടകങ്ങളിൽ ചിലതാണ്. പുകവലി സ്ത്രീകളിൽ കുറവാണ്. എങ്കിലും ജീവിത ശൈലീവ്യതിയാനം, വ്യായാമക്കുറവ്, ഇരുന്നുള്ള ജോലി, ശരീരഭാരം കൂടുന്നത് തുടങ്ങിയ മാറ്റങ്ങൾ സ്ത്രീപുരുഷ ഭേദമില്ലാതെ ദൃശ്യമാണ് .
'കാൻസർ എന്നത് ഒരു രോഗമല്ല , അത് വിറ്റാമിൻ ബി 17 ശരീരത്തിൽ ഇല്ലാത്ത അവസ്ഥയാണ് '
'കാൻസർ ഒരു അസുഖമല്ല, മരുന്ന് കമ്പനികളുടെ കള്ളത്തരം പൊളിയുന്നു. കാൻസർ ഒരു അസുഖമല്ല മറിച്ച് അത് വിറ്റാമിൻ ആ 17 അഭാവം മൂലം ഉണ്ടാകുന്ന ഒരു ശാരീരികാവസ്ഥയാണ്.' സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു പോസ്റ്റായിരുന്നു ഇത്. വാട്സ് ആപ്പിലൂടെയും മറ്റും ആയിരങ്ങൾ ഇത് ഫോർവേർഡ് ചെയ്തു. ബി 17 എന്ന ഒരു വിറ്റാമിൻ ഇല്ല എന്നത് സ്‌കൂൾ വിദ്യാർഥിക്കുപോലും അറിവുള്ള കാര്യമാണ്. അമിഗ്ഡാലിൻ എന്ന സസ്യജന്യപദാർത്ഥത്തിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന ലാറ്ററയിൽ ആണ് വൈറ്റമിൻ ബി 17എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് യഥാർഥത്തിൽ ഒരു വിറ്റാമിൻ അല്ല. പല പഴങ്ങളുടെയും കുരുവിൽ ഇത് അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ട് ഇതിന്റെ നല്ല സ്രോതസ്സാണ്. എഴുപതുകളിൽ ഇത് അമേരിക്കയിൽ കാൻസറിനുള്ള മറുമരുന്നായി പ്രചരിക്കപ്പെട്ടു. പക്ഷേ, സയനൈഡ് അടങ്ങിയിട്ടുള്ള ഈ പദാർഥം അധികമായി അകത്തു ചെല്ലുന്നത് അപകടമാണ്, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.
ആദ്യ ഘട്ടത്തിൽ ചില ലബോറട്ടറി പഠനങ്ങൾ ഇവ കാൻസർ നിയന്ത്രണത്തിന് സഹായകരമാണ് എന്ന് കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. തുടർന്ന് മനുഷ്യരിൽ നടത്തിയ പഠനങ്ങൾ ഇവയ്ക്ക് കാൻസറിന്റെ വളർച്ച തടയാനുള്ള ഒരു ശേഷിയും ഇല്ലെന്നു കണ്ടെത്തി. അതുമാത്രമല്ല അപകടകരമായ സയനൈഡ് വിഷമയാവസ്ഥയും പങ്കെടുത്തവരിൽ രേഖപ്പെടുത്തുകയുണ്ടായി. ഇന്ന് അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും നിരോധിച്ച ഉത്പന്നമാണ് അമിഗ്ഡാലിൻ.
'കാൻസർ രോഗം പാരമ്പര്യമായി വരുന്നതാണ്'
കാൻസർ രോഗം പൊതുവേ പാരമ്പര്യരോഗമല്ല. പക്ഷേ ചില കാൻസറുകൾ നേരിയ തോതിൽ പാരമ്പര്യ സ്വഭാവം കാണിക്കാറുണ്ട്. ഉദാഹരണത്തിന് സ്തനാർബുദം, വൻകുടലിലെ കാൻസർ തുടങ്ങിയവ. പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാൽ നിർബന്ധമായും മകൾക്ക് വരും എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കുടുംബത്തിൽ ഈ രോഗം ഇല്ലാത്ത ഒരാളേക്കാൾ നേരിയ സാധ്യത കൂടുതൽ എന്നു മാത്രം. ഈ നേരിയ സാധ്യതയെ കൃത്യമായ പരിശോധനകൾ (മാമോഗ്രാഫി, സ്വയം സ്തനപരിശോധന) കൊണ്ടും ജീവിത ശൈലിയിലെ മാറ്റങ്ങൾകൊണ്ടും (വ്യായാമം ശീലമാക്കൽ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കൽ) മറികടക്കാൻ സാധിക്കും.
'കാൻസർ പകരും, സൂക്ഷിക്കണം'
കാൻസർ പകരുന്ന രോഗമാണെന്നു കരുതുന്നവർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് യാതൊരു കാരണവശാലും പകരാത്ത രോഗമാണ് കാൻസർ. കാൻസർ രോഗികളുടെ കൂടെ ജീവിക്കുന്നതോ, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതോ ഒന്നും ഈ രോഗം പകരാൻ ഇടയാക്കില്ല. പ്രമേഹം, രക്താതിമർദം, ഹൃദയരോഗങ്ങൾ തുടങ്ങിയവ പകരില്ല എന്ന് നമുക്ക് അറിയാം. അതുപോലെയുള്ള മറ്റൊരു രോഗമാണ് കാൻസറും. കാൻസർ എന്നാൽ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനവും വളർച്ചയുമാണ്. നിരവധി ഘടകങ്ങൾ ഇതിന് കാരണമായി വരാം. പുകവലിമുതൽ അൾട്രാവയലറ്റ് രശ്മികൾ വരെ ഈ മാറ്റത്തിനു ഹേതുവാകാം. ഇത്തരം ഘടകങ്ങളെ കാൻസറിന് കാരണമാകുന്ന 'കാർസിനോജൻ' എന്നുപറയുന്നു. ഇവ കോശങ്ങൾക്കുള്ളിലെ ഡി.എൻ.എയിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴാണ് അത് കാൻസർ കോശങ്ങൾ ആകുന്നത് . ഇത്തരം മാറ്റങ്ങൾ ഒരാളുടെ കോശങ്ങളിലാണ് ഉണ്ടാവുക. അതിനാൽ ആ വ്യക്തിയിലാണ് കാൻസർ വരിക. മനസ്സിലാക്കുക- രോഗം വന്ന വ്യക്തികളെ പരിചരിക്കുന്നതിനും ഒന്നിച്ചു കഴിയുന്നതിനും ഒരു ഭയവും വേണ്ട.
Content Highlights: cancer myths and misconceptions
Published: 02 Feb 2023, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented