കൊച്ചി: കോവിഡിനു ശേഷം പ്രായമായവരിൽ അൽഷിമേഴ്‌സ് കൂടുന്നതായി പഠനങ്ങൾ. കോവിഡ് നേരിട്ട് തലച്ചോറിനെയും നാഡീ ഞരമ്പുകളെയും ആക്രമിക്കുന്നതിനാലാണ് 60 വയസ്സിനു മുകളിലുള്ളവരുടെ ഓർമകളെയും കോവിഡ് ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

To advertise here,

വാഷിങ്‌ടൺ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ന്യൂറോളജിസ്റ്റ് നടത്തുന്ന പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇത് പറയുന്നത്.

കേരളത്തിൽ 65 വയസ്സിനു മുകളിലുള്ള 42 ലക്ഷം പേരുണ്ട്. ഇവരിൽ രണ്ട് ലക്ഷം പേർ രോഗ ബാധിതരാണെന്ന് അൽഷിമേഴ്‌സ് ആൻഡ്‌ റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എ.ആർ.ഡി.എസ്.ഐ.) കേരള തലവൻ ജി. സ്മിതേഷ് പറഞ്ഞു.

അതുകൊണ്ടുതന്നെ അൽഷിമേഴ്‌സ് പ്രതിരോധ, ബോധവത്കരണങ്ങൾ കേരളത്തിൽ കൂടുതലായി നടത്തേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡിമെൻഷ്യ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെമ്മറി ക്ലിനിക്കുകൾ ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ‘ആർഡ്സി’ ചൂണ്ടിക്കാട്ടുന്നു.

ഏർലി ഡിറ്റക്ഷൻ കേന്ദ്രങ്ങളിലൂടെ രോഗ സാധ്യതയുള്ളവരെ നേരത്തേ കണ്ടെത്താനും വിവിധ പരിശീലനങ്ങൾ വഴി ഓർമകൾ ഇല്ലാതാകുന്നത് സാവധാനമാക്കാനും സാധിക്കുമെന്ന് കുസാറ്റ് െസന്റർ ഫോർ ന്യൂറോ സയൻസ് തലവൻ ഡോ. പി.എസ്. ബേബി ചക്രപാണി പറഞ്ഞു.

പിന്തുണ ആവശ്യം

കേരളത്തിൽ പ്രായമായവർ കൂടുകയാണ്. ആയുർദൈർഘ്യവും കൂടുന്നുണ്ട്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന കുടുംബങ്ങളിൽ പിന്തുണയില്ലാത്തത് രോഗികളെ ബാധിക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ രോഗീസൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്

- ഡോ. മാത്യു എബ്രഹാം
സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി