പ്രാരംഭഘട്ടം , മധ്യഘട്ടം, അവസാനഘട്ടം; തിരിച്ചറിയാം അൽഷിമേഴ്സിന്റെ ലക്ഷണങ്ങളും ഘട്ടങ്ങളും


Representative Image | Photo: Canva.com

കഴിഞ്ഞ കാലത്തെക്കുറിച്ചോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോകുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദർഭത്തെക്കുറിച്ചോ ഒന്നും ഒരു ധാരണയുമില്ലാതെ ജീവിക്കുന്നവരാണ് അൽഷിമേഴ്‌സ് രോഗികൾ. ദിവസങ്ങളെയും വ്യക്തികളെയുമൊക്കെ മറന്നു തുടങ്ങി അവസാനമെത്തുമ്പോഴേക്കും ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. അൽഷിമേഴ്‌സ് രോഗികളിൽ കാണപ്പെടുന്ന രോഗലക്ഷണങ്ങൾക്കും മാറ്റമുണ്ടാകും. പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെയാണ് അൽഷിമേഴ്‌സ് കടന്നുപോകുന്നത്. പ്രാരംഭഘട്ടം , മധ്യഘട്ടം, അവസാനഘട്ടം എന്നിങ്ങനെയാണത്.

അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ കാലക്രമേണ വഷളായിക്കൊണ്ടിരിക്കും. രോഗം തിരിച്ചറിഞ്ഞ് നാലു മുതൽ എട്ടുവർഷത്തോളം രോഗി ജീവിച്ചിരിക്കാം, ചിലപ്പോഴത് ഇരുപതു വർഷത്തോളം നീളാനുമിടയുണ്ട്. അൽഷിമേഴ്‌സിന്റെ മറ്റേതു ലക്ഷണങ്ങളേക്കാളും മുമ്പ് തലച്ചോറിലെ മാറ്റങ്ങൾ സംഭവിക്കും. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഈ അവസ്ഥയെയാണ് പ്രീക്ലിനിക്കൽ അൽഷിമേഴ്‌സ് ഡിസീസ് എന്നു പറയുന്നത്.

പ്രാരംഭഘട്ടം

അൽഷിമേഴ്‌സിന്റെ ആദ്യഘട്ടത്തിൽ രോഗി പരാശ്രയം ഇല്ലാതെ തന്നെ തന്റെ കാര്യങ്ങൾ നിർവഹിക്കും. ഡ്രൈവ് ചെയ്യാനോ ജോലി ചെയ്യാനോ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാനോ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനെല്ലാം പുറമേ ഓർമക്കുറവുണ്ടെന്ന തോന്നൽ തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. പരിചിതമായ പേരുകൾ മറക്കുകയോ സാധനങ്ങൾ വച്ചസ്ഥലം മറന്നുപോവുകയോ ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

രോഗിയോട് അടുപ്പമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഈ മാറ്റം തിരിച്ചറിയാനാകും. വിദഗ്ധ ഡോക്ടറുമായി സംസാരിച്ചശേഷം അൽഷിമേഴ്‌സ് തന്നെയാണോ എന്ന് ഉറപ്പിക്കാവുന്നതാണ്. ഈ ഘട്ടത്തിൽ കണ്ടുവരുന്ന പ്രധാന ബുദ്ധിമുട്ടുകളാണ് താഴെ.

 • പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്
 • പുതിയ ആൾക്കാരെ പരിചയപ്പെടുമ്പോൾ പേരുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ട്
 • ജോലി സ്ഥലത്തും മറ്റും ജോലി ചെയ്തുതീർക്കാൻ നേരിടുന്ന വെല്ലുവിളികൾ
 • വിലപ്പെട്ട വസ്തുക്കൾ നഷ്ടമാവുകയോ തെറ്റായസ്ഥലത്തു വെക്കുകയോ ചെയ്യുന്നത്
 • പലകാര്യങ്ങളെക്കുറിച്ചും പ്ലാൻ ചെയ്യുമ്പോഴും സംഘടിപ്പിക്കുമ്പോഴും ബുദ്ധിമുട്ട് ഏറുന്നത്.
മിതഘട്ടം അഥവാ മധ്യഘട്ടം

അൽഷിമേഴ്‌സ് രോഗികളിൽ ഏറെനീണ്ടു നിൽക്കുന്ന ഘട്ടമാണിത്. വർഷങ്ങളോളം നീണ്ടുനിന്നേക്കാം. രോഗാവസ്ഥ കൂടുംതോറും രോഗിക്ക് പരാശ്രയമില്ലാതെ കഴിയില്ലെന്ന അവസ്ഥയാണിത്. വാക്കുകൾ പറയുമ്പോഴുള്ള ആശങ്ക, പെട്ടെന്ന് ദേഷ്യമോ നിരാശയോ വരിക, അപ്രതീക്ഷിതമായി പെരുമാറുക, കുളിക്കാൻ മടി കാണിക്കുക എന്നിവയെല്ലാം ഈ ഘട്ടത്തിൽ കാണിച്ചേക്കാം. തലച്ചോറിലെ നാഡീകോശങ്ങൾക്കുണ്ടാകുന്ന ക്ഷതമാണ് ദൈനംദിനചര്യകൾ പാലിക്കാനും മനസ്സിലുള്ളത് പ്രകടിപ്പിക്കാനും തടസ്സമാകുന്നത്. ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്ന ഘട്ടമാണിത്.

 • ഒരാളെക്കുറിച്ചുള്ള മുൻകാലവിവരങ്ങളോ സംഭവങ്ങളോ മറക്കുക.
 • മാനസികവും സാമൂഹികവുമായി വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ തീർത്തും നിരാശ തോന്നുക.
 • സ്വന്തം മേൽവിലാസമോ ഫോൺനമ്പറോ മറന്നുപോവുക, പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരിക.
 • എവിടെയാണെന്നോ എന്തു ദിവസമാണെന്നോ സംബന്ധിച്ച് ആശയക്കുഴപ്പം തോന്നുക
 • മലമൂത്ര വിസർജനം നിയന്ത്രിക്കാൻ കഴിയാതെ വരിക
 • ഉറക്കത്തിലുണ്ടാകുന്ന മാറ്റം, പകൽസമയങ്ങളിൽ കൂടുതൽ ഉറങ്ങുകയും രാത്രികാലങ്ങളിൽ ഉറക്കമില്ലാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥ
 • വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റം, സംശയം വഞ്ചിക്കപ്പെടുന്നുവെന്ന തോന്നൽ
മൂന്നാംഘട്ടം

അൽഷിമേഴ്‌സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികൾക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടും. ഒരു സംഭാഷണത്തിൽ ഏർപ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും. വാക്കുകളോ വാചകങ്ങളോ ഒക്കെ പറഞ്ഞേക്കാമെങ്കിലും സ്വന്തം വേദന പങ്കുവെക്കാൻ കഴിയാതെവരും. ഓർമശക്തിയും ഗ്രഹിക്കാനുള്ള കഴിവും കൂടുതൽ വഷളായിക്കൊണ്ടിരിക്കും.

വ്യക്തിത്വത്തിലും പെരുമാറ്റത്തിലും കാതലായ മാറ്റങ്ങൾ വരുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തിൽ പരാശ്രയമില്ലാതെ രോഗികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചുറ്റുപാടിനെക്കുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദർഭത്തെക്കുറിച്ചോ ഓർമയുണ്ടാകില്ല. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ പോലുള്ള ഇൻഫെക്ഷനുകൾ പെട്ടെന്നു ബാധിക്കാനുള്ള സാധ്യത എന്നിവയൊക്കെ ഈ ഘട്ടത്തിൽ ഉണ്ടായേക്കാം.

Content Highlights: stages of alzheimer's disease, world alzheimer's day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented