'ബലികുടീരങ്ങളേ..... ബലികുടീരങ്ങളേ... ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ...' ചിന്നമ്മചേച്ചി കണ്ണടച്ചും ഇടയ്ക്ക് തുറന്നും ആവേശത്തോടെ പാടുകയാണ്. ഒരു പാട്ടുപാടുമോ എന്ന് ചോദിച്ചപ്പോള്‍ മകള്‍ റീനയാണ് അമ്മേ, വിപ്ലവഗാനം പാടിക്കോ എന്ന് പറഞ്ഞത്. 'അപ്പനാണ് അമ്മയെ ഈ പാട്ടുപഠിപ്പിച്ചത്. രാത്രി വൈകും വരെ രണ്ടാളും കൂടിയിരുന്ന് പാട്ടുകള്‍ പാടും. സിനിമാഗാനങ്ങള്‍, നാടകഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍. എല്ലാം പാടും. ഞാനും സഹോദരി റിജിയും കേട്ടിരിക്കും. '- മകള്‍ റീന പറയുന്നത് കേട്ട് ചിന്നമ്മയുടെ മുഖത്ത് ചിരി വിരിഞ്ഞു.
'ഇന്ത്യ റിപ്പബ്ലിക്കായതും ഞാന്‍ ജനിച്ചതും ഒരേ ദിവസമാണ് -1950 ജനുവരി 26-ന്. പാട്ടിനോടുള്ള ഇഷ്ടം ചെറുപ്പത്തിലേയുണ്ട്. പള്ളിയിലെ ക്വയറിലൊക്കെയാണ് ആദ്യം പാടിയത്. പള്ളിയില്‍ തന്നെ ഏതാനും നാടകങ്ങളിലും അഭിനയിച്ചു. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് എടത്തിരുത്തിക്കാരന്‍ ആന്റണി നല്ലൊരു ഗായകന്‍. അങ്ങിനെ ഞാനും കൂടുതല്‍ പാട്ടുകള്‍ പഠിച്ചു'- ചിന്നമ്മ പറഞ്ഞു.
'പാട്ട് മാത്രമല്ല, ഇപ്പോ വേറെ രഹസ്യം കൂടിയുണ്ട്. ഞാന്‍ നാടകവും പഠിക്കുന്നുണ്ട്. ഇതൊന്നും പോരാതാണ് സാന്ത്വനസേവനത്തിനും പോകുന്നത്. ഇതൊക്കെയല്ലേ ജീവിതം. എത്ര സങ്കടമുണ്ടെങ്കിലും സന്തോഷിക്കാനുള്ള അവസരം വെറുതെ കളയരുതല്ലോ. മറ്റുള്ളവര്‍ക്കും സന്തോഷമാകും - മണ്ണുത്തി വി.വി.എസ്. സ്‌കൂളിന് സമീപം കനാലോരത്തുള്ള പുറമ്പോക്ക് കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ചിന്നമ്മ പറഞ്ഞു.
തൃശ്ശൂര്‍ രംഗചേതനയുടെ സണ്‍ഡെ ക്ലാസ്സിലാണ് ചിന്നമ്മ നാടകം പഠിക്കുന്നത്. അവിടെയും ക്ലാസ്സിലെ സീനിയര്‍. അതിനിടെയാണ് ഒല്ലൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ സാന്ത്വനപരിചരണ കോഴ്‌സ് നടത്തുന്ന വിവരം അയല്‍വാസി പറഞ്ഞറിഞ്ഞത്. പഠിതാക്കളില്‍ ഏറ്റവും മുതിര്‍ന്നയാളായ ചിന്നമ്മ അവിടെയും താരമായി. 'കോഴ്‌സിനെത്തുടര്‍ന്ന് ആദ്യമായി പോയ വീട്ടിലെ കിടപ്പുരോഗിയായ ഉമ്മ കുറേ പാട്ടുപാടിച്ചു. വീട്ടില്‍ ഉടനെ നടക്കാന്‍ പോകുന്ന വിവാഹത്തിന് വന്ന് പാട്ടുപാടണമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്'.
2000-ല്‍ ചിന്നമ്മയുടെ ഭര്‍ത്താവ് മരിച്ചു. അതിനു മുന്‍പ് തന്നെ കെട്ടിടം പണിക്ക് പോയിത്തുടങ്ങിയിരുന്നു. നാലുവര്‍ഷമായി പണിക്ക് പോകുന്നില്ല. ഇവര്‍ക്ക് ലഭിക്കുന്ന ക്ഷേമപെന്‍ഷനാണ് മകളും പ്ലസ്ടുക്കാരിയായ പേരക്കുട്ടി ഐശ്വര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. 'ആറുമാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. അടുത്തിടെ മുന്‍പ് ഒരുമാസത്തെ കിട്ടി. 'ബി.പി.എല്‍. കാര്‍ഡായതിനാല്‍ അരിക്ക് മുട്ടില്ല. പക്ഷെ അരിമാത്രം പോരല്ലോ' -ചിന്നമ്മ ചോദിക്കുന്നു. കാര്യങ്ങളെന്തൊക്കെയായാലും ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ അമ്മാമ്മ റെഡിയാണ് -ചിത്രകാരിയും എഴുത്തുകാരിയുമായ പേരക്കുട്ടി ഐശ്വര്യ പറഞ്ഞു.
Content Highlights: 75 year ld chinnammas inspirational lifestory
Published: 07 Mar 2024, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented