
'ഇടുക്കിയിലേക്ക് ജോലിയുടെ ഭാഗമായി യാത്ര പോയതാണ്. ചെറുതോണിയില്‍ ഒരു ഹോട്ടലില്‍ റൂമെടുക്കാന്‍ ചെന്നു. ഹസ്ബെന്‍ഡും ഒപ്പമുണ്ട്. എന്റെ ഐഡിപ്രൂഫ് നല്‍കി റൂം എടുക്കുമ്പോള്‍ രണ്ട് പേരുടെയും വേണമെന്നായി. അതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ പോലീസ് ചെക്കിങ് ഉണ്ടെന്നായി മറുപടി. നമുക്ക് മുന്നില്‍ രണ്ട് പുരുഷന്മാര്‍ റൂമെടുക്കാനായി നിന്നിരുന്നു. അവരില്‍ ഒരാളുടെ ഐഡിപ്രൂഫ് മാത്രമേ വാങ്ങിയുള്ളൂ..' പുരുഷനും സ്ത്രീയും ഒന്നിച്ച് റൂമെടുക്കുന്നത് സദാചാരസംരക്ഷകര്‍ക്ക് ഇന്നും കണ്ണുകടിയാണ്.' അധ്യാപികയും എറണാകുളം സ്വദേശിനിയുമായ ഡയാന ഡേവിഡ്.
'സ്ത്രീകള്‍ക്കുള്ള താമസമെന്ന് പറയും. ഏഴ് അല്ലെങ്കില്‍ എട്ട് മണിക്ക് ഗേറ്റ് അടയ്ക്കും. ഓഫീസില്‍നിന്ന് വൈകിയിറങ്ങിയാല്‍ കൂട്ടുകാരുടെ വീട്ടില്‍ പോകേണ്ടിവരും. വീട്ടില്‍നിന്ന് രാത്രി ട്രെയിനിനും ബസിനുമൊക്കെ വന്ന് സ്റ്റാന്‍ഡിലും സ്റ്റേഷനിലുമിരുന്ന് നേരംവെളുപ്പിച്ചിട്ടുണ്ട്. അവിടെയൊക്കെയുള്ള വെയിറ്റിങ് റൂമുകള്‍ അതിലും കഷ്ടമാണ്.' കൊല്ലത്ത് നിന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ജോലിക്കെത്തിയ സോണി സോജിയുടെ അനുഭവം ഇങ്ങനെ.
'ജോലി ചെയ്യുന്നത് തിരുവനന്തപുരത്ത് ഒരു സ്വകാര്യസ്ഥാപനത്തിലാണ്. ഭര്‍ത്താവും ഒപ്പം ജോലി ചെയ്യുന്നുണ്ട്. ഗര്‍ഭിണിയായതോടെ അവധി ദിവസങ്ങളില്‍ കാറിലാണ് എറണാകുളത്തെ വീട്ടിലേക്ക് വരുന്നത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നും. വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ ഹോട്ടലില്‍ കയറി ഫുഡ് വാങ്ങും. മൂത്രമൊഴിക്കും. നാല് ഹോട്ടലിലെങ്കിലും മിനിമം കയറേണ്ടി വന്നിരുന്നു.' ഗര്‍ഭകാലത്തെ ദുരിതയാത്രയെപ്പറ്റി ഐ.ടി വിദഗ്ധയായ സേതു സത്യന്‍.
'കേരളത്തില്‍ എവിടെ ട്രിപ്പ് പോയാലും സുഹൃത്തുക്കളോടൊക്കെ ചോദിച്ച് റൂം കിട്ടുന്ന ഹോട്ടലൊക്കെ ഉറപ്പാക്കിയിട്ടേ പോകൂ. പെണ്ണൊറ്റയ്ക്ക് ചെന്നാല്‍ പാതിരാത്രി റൂം തരില്ലെന്ന് പറഞ്ഞ ഹോട്ടലുകാരുണ്ട്. അനുഭവമാണ്. തിരക്കുള്ള ബസ് സ്റ്റാന്‍ഡ് പോലും സേഫല്ലാത്തപ്പോള്‍ അതൊക്കെ ഉറപ്പാക്കിയിട്ടേ കേരളത്തില്‍ യാത്രയ്ക്കിറങ്ങൂ.' യാത്രകളോട് ഇഷ്ടം കൂടി നടക്കുന്ന സ്വാതി പറയുന്നതിങ്ങനെ.
കേരളം യാത്ര ചെയ്യുന്ന സ്ത്രീകളോട് എത്ര സൗഹൃദപരമായാണ് ഇടപെടുന്നതെന്ന ചോദ്യത്തിന് കിട്ടിയ മറുപടികളാണിവ. രാത്രിയാത്രകള്‍ ഇന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് അന്യമാണ്. പോലീസ് കാവലോടെ എത്ര രാത്രിയാത്രകള്‍ സംഘടിപ്പിച്ചാലും, മാനവീയം വീഥിപോലെ നൈറ്റ് ലൈഫ് പ്ലേസുകള്‍ ഒരുക്കിയാലും 'രാത്രിയായി വീട്ടില്‍ കേറിപ്പോടീ'.. എന്ന് പറയാനാണ് മലയാളിയുടെ മനസ്സ് വെമ്പുക. യാത്രചെയ്യുന്ന രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമൂഹത്തിന്റെ ചിന്തകള്‍ ഇന്നും ഒന്നാം നൂറ്റാണ്ടില്‍ നിന്ന് വണ്ടികിട്ടാതെ തുടരുകയാണോ എന്ന് തോന്നിപ്പോകും പലപ്പോഴും. എങ്കിലും രാത്രിയുടെ ജോലിയും, യാത്രകളും ആഘോഷങ്ങളും ഉത്സവങ്ങളും സൗഹൃദങ്ങളും ഞങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിക്കാന്‍ സ്ത്രീകള്‍ക്കിന്ന് മടിയൊന്നുമില്ല. ഒരിക്കല്‍ മാറുമെന്ന പ്രതീക്ഷയില്‍ സ്ത്രീകള്‍ നമ്മുടെ രാത്രികളിലേക്കും ഇറങ്ങിവരുകയാണ്.
വീട്ടില്‍ പോകാന്‍ നേരമായില്ലേ

'ബാംഗ്ലൂര്‍, പൂണെ, ഡല്‍ഹി പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് രാത്രികളില്ല എന്ന് തോന്നാറുണ്ട്.' എസ്‌ക്കേപ്പ് ട്രാവല്‍ എന്ന സ്ത്രീസൗഹൃദയാത്രാ സംഘത്തിന്റെ കോര്‍ഡിനേറ്ററായ ഇന്ദു കൃഷ്ണ തന്റെ അനുഭവം പറയുന്നതിങ്ങനെ. 'രാത്രി പുറംലോകം എങ്ങനെയാണെന്നും പോലും ഇവിടെ പല സ്ത്രീകള്‍ക്കും അറിയില്ല എന്ന് തോന്നിപ്പിക്കും വിധമാണ് നമ്മുടെ നഗരങ്ങള്‍. ഒരു സമയം കഴിഞ്ഞാല്‍ അത് ആണുങ്ങളുടെ മാത്രമിടമാകും. കേരളത്തില്‍ വളരെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് നൈറ്റ് ലൈഫ് തന്നെയുള്ളത്. ഒരു പത്തോ പന്ത്രണ്ടോ മണിയായാല്‍ ലൈറ്റുകള്‍ പോലുമില്ലാതെ വിജനമാകുന്ന നഗരങ്ങളാണ് നമുക്കധികവും. ഉള്ള നൈറ്റ്ലൈഫ് നഗരങ്ങള്‍ എത്രമാത്രം വിമന്‍ ഫ്രണ്ട്ലിയാണെന്നും നമുക്കറിയാം. സ്ത്രീകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ വളരെ കുറവാണ്. കോഴിക്കോട് ബീച്ച്, കൊച്ചിയിലെ ഒന്നോ രണ്ടോ സ്ഥലങ്ങള്‍ ഒക്കെ മാത്രമാണ് എനിക്ക് തമ്മില്‍ ഭേദമായി തോന്നിയിട്ടുള്ളത്. രാജ്യത്തെ മെട്രോ സിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നഗരങ്ങള്‍ ശോകമാണ്.
ഒരു അനുഭവമുണ്ട്. ഞങ്ങള്‍ കുറച്ചുപേര്‍, കുടുംബക്കാരും സുഹൃത്തുക്കളുമാണ്, കൂടെയുള്ള രണ്ട് പേര്‍ അടുത്തദിവസം വിദേേേശത്തക്ക് ചേക്കേറാന്‍ പോകുകയാണ്. അവര്‍ക്കൊരു ഫെയര്‍വെല്‍ കൊടുക്കാന്‍ പ്ലാനിട്ട് ഇറങ്ങി. കൊച്ചിയില്‍ ഒന്ന് രണ്ട് സ്ഥലത്തൊക്കെ കറങ്ങി ഭക്ഷണമൊക്കെ കഴിച്ച് അധികം തിരക്കില്ലാത്ത ഒരിടത്ത് വണ്ടി നിര്‍ത്തി ദൂരെ നഗരസൗന്ദര്യം ഒക്കെ ആസ്വദിച്ച് വര്‍ത്താനം പറഞ്ഞ് നില്‍ക്കുകയാണ്. ഒരു പോലീസ് ജീപ്പ് വരുന്നു. ഞങ്ങളുടെ അടുത്ത് നിര്‍ത്തി. മുന്നില്‍ നിന്നത് ഞാനായതുകൊണ്ട് എന്നോടാണ് ചോദ്യം. കൈയില്‍ വാച്ചില്ലേ.. ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. സമയം എത്രയായെന്ന് അറിയാമോ എന്നായി അടുത്തത്. ഞാന്‍ സമയം പറഞ്ഞു. വീട്ടില്‍ പോകാനുള്ള നേരമായില്ലേ എന്നായിരുന്നു അടുത്ത ചോദ്യം.
ആ ഗ്രൂപ്പിലെ സ്ത്രീകളോട് നാല് വട്ടമെങ്കിലും ഈ ചോദ്യം ആ ഉദ്യോഗസ്ഥന്‍ ഉന്നയിച്ചു. ആണുങ്ങളോട് ആ ചോദ്യം ചോദിച്ചതുമില്ല. സുരക്ഷ എന്നതാണ് ലക്ഷ്യമെങ്കില്‍ അത് സത്രീകള്‍ വീടിനുള്ളില്‍ കയറിയിരുന്നാല്‍ ഉണ്ടാകുന്നതാണോ. അങ്ങനെയാണോ സ്ത്രീകളെ സുരക്ഷിതരാക്കേണ്ടത്? ഈ അനുഭവം കൊച്ചിയില്‍ നിന്നാണ്. മോശമായ പെരുമാറ്റമായിരുന്നില്ല അവരുടെത്. പക്ഷേ, ഈ നേരമൊക്കെയായില്ലെ പെണ്ണുങ്ങളായാല്‍ വീട്ടില്‍ കയറേണ്ടേ എന്ന ഭാവമായിരുന്നു അവരില്‍. അത് സ്ത്രീകളോട് മാത്രമുള്ള ചോദ്യമായി മാറുമ്പോഴാണ് പ്രശ്നം. സ്ത്രീകള്‍ക്ക് രാത്രിയിലെന്ത് കാര്യം എന്ന് ചോദിക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. ബാക്കിയുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് സ്വഭാവികകാര്യമാണ്.
2016-ലാണ് എസ്‌കേപ്പ് ട്രാവല്‍ തുടങ്ങുന്നത്. അന്ന് തന്നെ ഒറ്റയക്ക്, കുടുംബത്തോടൊപ്പമല്ലാതെ യാത്രചെയ്യുന്ന സത്രീകള്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ അവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്ത്രീകള്‍ മാറുന്നുണ്ട്. പക്ഷേ, നമ്മുടെ സമൂഹം ഒട്ടും മാറുന്നില്ല. സ്ത്രീകളുടെ മാറ്റത്തെ ഉള്‍ക്കൊള്ളാനും അവര്‍ തയ്യാറല്ല. പതിയെപതിയെ മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പോലീസ് ചെക്കിങ് വരുമ്പോള്‍ പോലും സ്ത്രീകളുടെ പേരും അഡ്രസ്സും എഴുതി വാങ്ങുന്നവരുണ്ട്. അപകടങ്ങളൊഴിവാക്കാനുള്ള രീതി അവര്‍ക്ക് ഇങ്ങനെയായിരിക്കും. അങ്ങനെയല്ലല്ലൊ വേണ്ടത്. യാത്രകളില്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് നല്ല ടോയിലറ്റുകളുടെ അഭാവമാണ്. വലിയ നഗരങ്ങളെന്ന് പറയുന്നിടത്തുപോലും ഒന്ന് മൂത്രമൊഴിക്കാന്‍ ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരും. ബസ് സ്റ്റാന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ വൃത്തിയുണ്ടാവില്ല. വെളിച്ചവും വെള്ളവുമുണ്ടാവില്ല. മറ്റൊന്ന് ഫീഡിങ് റൂമുകളാണ്. കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ഇപ്പോഴും കൃത്യമായ സൗകര്യം നമ്മുടെ നാട്ടില്‍ പലയിടങ്ങളിലുമില്ല. അങ്ങനെ നൂറ് പ്രശ്നങ്ങള്‍. എങ്കിലും പണ്ടത്തേതിനേക്കാള്‍ ഭേദപ്പെട്ടിട്ടുമുണ്ട്. ഇനിയും മാറ്റങ്ങള്‍ വരുമെന്ന് കരുതാം.
രാത്രിയില്‍ തലചായിക്കാന്‍ ഒരിടം
കേരളത്തിലെ സാധാരണ വനിതാ ഹോസ്റ്റലുകളിലെ സമയക്രമം ഇപ്പോഴും വനിതാ സൗഹൃദമല്ല. പലയിടത്തും ഏഴ് മണിക്കെങ്കിലും അകത്തെത്തിയില്ലെങ്കില്‍ ഗേറ്റ് പൂട്ടിക്കളയും. ഇല്ലെങ്കില്‍ ചോദ്യം ചെയ്യലും വിചാരണയുമുണ്ടാവും. ഗവണ്‍മെന്റ് ജോലികളല്ലാതെ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ഈ സമയക്രമം പാലിക്കാനാവില്ല. പെണ്ണുങ്ങളാണേല്‍ രാത്രിയായാല്‍ വീട്ടില്‍ കയറണം എന്ന നിയമത്തിന് പുറത്താണ് ഈ ഹോസ്റ്റലുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്.
പേ ഇന്‍ ഗസ്റ്റ് സ്ഥലങ്ങളില്‍ പലപ്പോഴും നല്ല സൗകര്യങ്ങളുണ്ടാവില്ല. അല്ലെങ്കില്‍ താങ്ങാനാവാത്ത വാടക നല്‍കണം. അവിടെപ്പോലും സദാചാരനോട്ടങ്ങളും ചോദ്യങ്ങളും അനുഭവിക്കുന്നവരുണ്ട്. ' ഞാനും എന്റെ നാല് ഫ്രണ്ട്സും കൂടിയാണ് ഒരു വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് നിന്നത്. ഒരു വലിയവീടിന്റെ ഔട്ട്ഹൗസായിരുന്നു അത്. താഴെ നിലയില്‍ വേറൊരു ഫാമിലിയും ഉണ്ട്. രാത്രി ഒരു ഒമ്പത് മണിയായാല്‍ രണ്ട് വീടിനും കൂടിയുള്ള പൊതു ഗേറ്റ് പൂട്ടിക്കളയും. എപ്പോഴെങ്കിലും വൈകിവന്നാല്‍ ഗേറ്റ് തുറക്കാന്‍ ഫോണ്‍വിളിക്കണം. അനിഷ്ടത്തോടെയാവും ഗേറ്റ് തുറന്നു തരുക. ഞങ്ങള്‍ക്കും ഒരു താക്കോല്‍ തന്നേക്കൂ എന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ വേറെ ആരെയെങ്കിലും കൂട്ടിവന്നാലോ എന്ന മട്ടില്‍ സംസാരം മാറി. ഞങ്ങള്‍ വീടൊഴിയേണ്ടി വന്നു.' തിരുവനന്തപുരത്ത് ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന ശ്രീലക്ഷ്മിയുടെ അനുഭവമാണ്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം... അനുദിനം വളരുന്ന നഗരങ്ങളില്‍ രാത്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഷീ ലോഡ്ജുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മൂവാറ്റുപുഴ, തിരുവല്ല, തൃശ്ശൂര്‍, കൂത്തുപറമ്പ്... ഇങ്ങനെ സംസ്ഥാനത്ത് പലയിടത്തും ഷീലോഡ്ജുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് സംശയം. കോഴിക്കോട് നഗരത്തില്‍ തന്നെ റെയില്‍വേസ്റ്റേഷന് തൊട്ടടുത്തുള്ള ഷീ ലോഡ്ജ് നടത്തിപ്പിന് ആളില്ലാതെ കിടക്കുകയാണ്. ടൗണ്‍പോലീസ് സ്റ്റേഷനടുത്തുള്ള ഷീലോഡ്ജും അടഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഷീഹോംസ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തനസജ്ജം. കൊച്ചി നഗരസഭയ്ക്ക് കീഴിലുള്ള ഷീലോഡ്ജാണ് നിലവില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന്. റീഡിങ് സ്പേസും കുറഞ്ഞവിലയില്‍ ഭക്ഷണവുമടക്കം മികച്ച സേവനം ഇവിടെ ലഭിക്കും.
എന്തൊക്കെയായാലും കേരളത്തിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് അടുത്തൊന്നും സ്ത്രീസൗഹൃദമായ താമസസൗകര്യങ്ങള്‍ ലഭിക്കാറില്ലെന്ന സങ്കടം പങ്കുവെച്ച സ്ത്രീകള്‍ ഏറെയാണ്.
ദുരിതയാത്രകള്‍

കേരളത്തിലും ഇന്ത്യയിലും ടൂറിസം കേന്ദ്രങ്ങളിലെ യാത്ര ഒട്ടും സുഖകരമായ അനുഭവമായിരുന്നില്ല എന്ന് അപ്പൂപ്പന്‍താടി എന്ന സത്രീയാത്രാക്കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ കൂടിയായ സജ്ന അലി പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നമ്മുടെ നാട്ടിലെ യാത്രകള്‍ ഏറെക്കുറേ തലവേദനകള്‍ നലകാറുണ്ടെന്നും സജ്ന. 'കുഞ്ഞ് പിറന്നു കഴിഞ്ഞും ഞാന്‍ ധാരാളം യാത്രകള്‍ പോയിരുന്നു. മോളെയും കൊണ്ട് യാത്രപോകുമ്പോള്‍ വാഷ് റൂമുകളും വേസ്റ്റ് കളയാനുള്ള ഇടമില്ലായ്മയും ഭയങ്കര പ്രശ്നമാകാറുണ്ട്. ഡയപ്പര്‍ പോലുള്ളവ കളയാന്‍ പൊതിഞ്ഞ് കൈയില്‍ പിടിക്കേണ്ടിവരും. ബേബി ചേഞ്ചിങ് റൂമുകള്‍ ഇല്ലാത്ത് വലിയ പ്രശ്നമാണ്. പുറത്തെ രാജ്യങ്ങളിലൊക്കെ ടോയിലെറ്റ് ഉണ്ടെങ്കില്‍ ബേബി ചെയ്ഞ്ചിങ് റൂമും ഒപ്പമുണ്ടാകും. ഇവിടെ കുഞ്ഞ് അപ്പി ഇട്ട് കഴിഞ്ഞാലോ ഡ്രസ്സ് ചീത്തയായാലോ ഒന്നും കഴുകാനോ ഡ്രസ്സ് മാറ്റാനോ ഒന്നും പറ്റില്ല.
സില്ലിയായി തോന്നുമെങ്കിലും എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നിയത് ക്യൂനില്‍ക്കേണ്ടി വരുന്ന സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടാണ്. ഇവിടെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ നല്‍കുന്ന പ്രത്യേകപരിഗണനകള്‍ ഔദാര്യമാണെന്ന മട്ടിലാണ് പലരും പെരുമാറുക. എന്നാല്‍ പുറത്ത് ആരും പറയാതെ തന്നെ തിരക്കുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വരിനില്‍ക്കും. അതുപോലെ പരിഗണനനല്‍കേണ്ടവര്‍ക്ക് അതും നല്‍കും.
ഇനി പൊതുവായി തോന്നിയ ഒരു കാര്യമാണ്. പുറത്തൊക്കെ ഒന്നെങ്കില്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ച് സ്ഥലങ്ങള്‍ കാണാനെത്തുന്നവര്‍, അല്ലെങ്കില്‍ ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്കൊക്കെ ആ സ്ഥലത്ത് ഫ്രീ എന്‍ട്രി അല്ലെങ്കില്‍ ഡിസകൗണ്ട് ഒക്കെ കിട്ടും. ഇവിടെയും ഓണ്‍ലൈന്‍ ടിക്കറ്റുകളുണ്ട്. അപ്ഡേറ്റഡല്ലെന്ന് മാത്രം. ഞാന്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജെയില്‍ കാണാന്‍ പോകാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് നോക്കി. ധാരാളം ടിക്കറ്റൊക്കെ ഉണ്ട്. അപ്പോഴാണ് അറിയുന്നത് രണ്ട് മാസമായി അവിടെ അടച്ചിട്ടിരിക്കുകയാണെന്ന്. അത് അറിയാതെ ഞാന്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലോ. അത്തരം അപ്ഡേഷന്‍സ് നമ്മുടെ സൈറ്റുകളില്ല.
Content Highlights: safety of women travelling alone at night and patriarchal questions
Published: 08 Mar 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented