1993-ലായിരുന്നു കാക്കവയല്‍ വെള്ളിത്തോട് ബാലന്റെയും ഓമനയുടെയും വിവാഹം. കൂലിപ്പണിക്കാരനായിരുന്ന ബാലന്‍ തന്റെ കൊച്ചുകൂരയില്‍ പ്രാണസഖിയുമൊത്ത് സന്തോഷപ്രദമായ ദാമ്പത്യജീവിതം തുടങ്ങി. വിവാഹംകഴിഞ്ഞ് രണ്ടാംവര്‍ഷം ആ സന്തോഷത്തിനുമേല്‍ വിധി കരിനിഴല്‍ വീഴ്ത്തി.
പണിക്കിടെ മരത്തില്‍നിന്നുവീണ് ബാലന് പരിക്കുപറ്റി. പലയിടത്തായി ചികിത്സിച്ചെങ്കിലും അരയ്ക്കുതാഴെ തളര്‍ന്ന ബാലന്‍ പിന്നീട് എഴുന്നേറ്റില്ല. അന്നുമുതല്‍ കഴിഞ്ഞ 29 വര്‍ഷമായി ബാലന്റെ പ്രതീക്ഷയറ്റ ജീവിതത്തിനുമുന്നില്‍ കെടാവിളക്കായി എരിയുകയാണ് ഓമന.
കാക്കവയല്‍ വെള്ളിത്തോട് വീടിന്റെ വരാന്തയില്‍ ഒരുചെറിയ കട്ടില്‍. പകല്‍ മുഴുവന്‍ ഈ കട്ടിലിലാണ് ബാലന്‍ ചെലവഴിക്കുന്നത്. അന്തിയുറക്കം വീട്ടിനുള്ളിലെ കട്ടിലില്‍. സ്വന്തമായി ഒന്നുംചെയ്യാന്‍ സാധിക്കാത്ത ഇദ്ദേഹത്തിന് ഭാര്യയാണെല്ലാം. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനുമുന്‍പ് ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം നോക്കും. ഭക്ഷണം നല്‍കും. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കും. പണികഴിഞ്ഞു ഭാര്യ മടങ്ങിവരുംവരെ അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ അടുത്തെത്തും. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ബാലന്റെ കണ്‍വെട്ടത്തുനിന്ന് മാറാതെ വിളിപ്പാടകലെ ഓമനയുണ്ട്.
പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരാണ് കുറേക്കാലമായി ബാലനു ചികിത്സ നല്‍കുന്നത്. വീണതിനുശേഷം അഞ്ചുവര്‍ഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. പിന്നീട് കുറേക്കാലം ആയുര്‍വേദ ചികിത്സയും ഉഴിച്ചിലും നടത്തി. പക്ഷേ, ബാലന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനായില്ല.
അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ ബാലന് മിണ്ടിപ്പറഞ്ഞിരിക്കാന്‍ അവരുണ്ടായിരുന്നു. പിന്നെ, ഓമനയും ബാലനും തനിച്ചായി. അമ്പതുപിന്നിട്ട ഓമനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടുതുടങ്ങി. ഭര്‍ത്താവിനൊപ്പമിരിക്കുന്നതാണ് തനിക്കേറ്റവും പ്രിയമുള്ള കാര്യമെന്ന് ഓമന പറയുന്നു.
Content Highlights: inspirational love story of omana and balan
Published: 08 Mar 2024, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented