കോഴിക്കോട്: പുലര്‍ച്ചെയുള്ള ആദ്യ വാങ്കിന് ഉപ്പ എഴുന്നേല്‍ക്കുംമുമ്പ് ഉണര്‍ന്ന്, വീട്ടുമുറ്റത്തുനിന്ന് മെയിന്‍ റോഡ് വരെ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്ത് ജിമ്മിലേക്കുപോവുമ്പോള്‍ കഴിഞ്ഞുപോയ സങ്കടക്കാലം മറക്കുക മാത്രമായിരുന്നില്ല, കുട്ടിക്കാലംമുതലുള്ള സ്വപ്നങ്ങളിലേക്ക് യാത്രതുടങ്ങുകകൂടിയായിരുന്നു ഫാത്തിമ.

To advertise here,

മുടങ്ങാതെ തുടര്‍ന്ന വര്‍ക്കൗട്ടുകള്‍ 'മിസ് കോഴിക്കോട് വുമണ്‍സ് ഫിസിക്ക്' ടൈറ്റില്‍ മത്സരത്തില്‍ വിജയിയാക്കി. ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്‍ സംഘടിപ്പിച്ച ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചാണ് ഈനേട്ടത്തിനുടമയായത്. തുടര്‍ന്നുനടന്ന കേരള ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അഞ്ചുസ്ഥാനങ്ങളിലൊന്നിലുമെത്തി.

''അതൊരു സ്വപ്നനിമിഷമായിരുന്നു. കളിയാക്കിയവര്‍ക്കും തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുമുള്ള മറുപടി. അവര്‍ക്കുമുന്നില്‍ വിജയിച്ചുകാണിക്കണമെന്ന് വാശിയായിരുന്നു'' -ഫാത്തിമ പറയുന്നു. പെരുമണ്ണ, നെച്ചിയില്‍താഴം 'ബേത്ത് അല്‍ അറബി'ല്‍ പരേതനായ ഇസാം മുഹമ്മദ് ഇസ്മയിലിന്റെയും സുബൈദയുടെയും മകളാണ് എച്ച്.എം. ഫാത്തിമ. യു.എ.ഇ പൗരത്വമുള്ളയാളായിരുന്നു ഉപ്പ. വളരെ യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള കുടുംബം.

കുട്ടിയായിരുന്നപ്പോഴേ ജിമ്മില്‍പോകാന്‍ ഇഷ്ടമായിരുന്നു. അന്ന് വിരലിലെണ്ണാവുന്ന ജിമ്മുകളേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ ജിമ്മില്‍പോവുന്ന പതിവേ ഇല്ല. ആഗ്രഹം ഉള്ളിലൊതുക്കാനേ കഴിഞ്ഞുള്ളൂ. പ്ലസ്വണ്ണിന് പഠിക്കുമ്പോള്‍ പഠനമെല്ലാം നിര്‍ത്തി ഉപ്പയ്‌ക്കൊപ്പം ദുബായിലേക്ക് പോയി. കുറച്ചുകാലം കഴിഞ്ഞ് മടങ്ങിയെത്തി.

19-ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. ''ഭര്‍ത്താവില്‍നിന്ന് പലതരത്തിലുള്ള പീഡനങ്ങളുമുണ്ടായി. ഒരു മകളുണ്ടായിരുന്നതിനാല്‍ ആദ്യമെല്ലാം സഹിച്ചു. വീട്ടുകാരെപ്പോലും അറിയിച്ചില്ല. ഒടുവില്‍ അസഹ്യമായപ്പോള്‍ ഇറങ്ങിപ്പോരുകയായിരുന്നു'' -ഫാത്തിമ പറയുന്നു.

ജീവിതം എല്ലാരീതിയിലും നിലച്ചെന്നുതോന്നിയപ്പോഴാണ് ഫാത്തിമ പഴയ ആഗ്രഹം പൊടിതട്ടിയെടുത്തത്. ജിമ്മില്‍ പോവാന്‍ തീരുമാനിച്ചു. ഉപ്പയ്ക്കിഷ്ടമില്ലാത്തതിനാല്‍ അദ്ദേഹം ഉണരുംമുമ്പ് പോയി തിരിച്ചുവരും. പലരും വിലക്കി, കളിയാക്കി, ഫാത്തിമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പാര' വെച്ചു. എന്നിട്ടും ഫാത്തിമ വിട്ടില്ല. തുടക്കത്തിലൊക്കെ നല്ല ശരീരവേദനയായിരുന്നു. എന്നാലും വര്‍ക്കൗട്ട് മുടക്കിയില്ല. പതുക്കെ ശരീരത്തിനും മനസ്സിനും വന്ന മാറ്റംകണ്ട് കളിയാക്കിയവര്‍ അദ്ഭുതപ്പെട്ടു. പലരും ഉപദേശം ചോദിച്ചെത്തി. അപ്പോള്‍ത്തന്നെ പകുതി വിജയിച്ചപോലെ തോന്നി. നാലുവര്‍ഷമായി അത് തുടരുന്നു.

അങ്ങനെയാണ് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചാലോ എന്നാലോചിച്ചത്. വുമണ്‍ ഫിസിക്ക് വിഭാഗത്തില്‍ മത്സരിക്കാന്‍ മസിലുകള്‍ കുറച്ചു. ഭക്ഷണം ക്രമീകരിച്ചു. രണ്ടുവര്‍ഷംമുമ്പാണ് ഉപ്പ മരിച്ചത്. മകള്‍ പതിനഞ്ചുവയസ്സുകാരി ഷൈമ മറിയവും സഹോദരന്‍ ഇബ്രാഹിം ബാദുഷയും എല്ലാപിന്തുണയുമായി കൂടെയുണ്ട്. പേഴ്സണല്‍ ഫിറ്റ്നസ് ട്രെയിനറായി ജോലിചെയ്യുന്നുമുണ്ട് ഫാത്തിമ. അതേ... ഇപ്പോള്‍ ഫാത്തിമ ഫിറ്റാണ്, ജോലിയിലും ജീവിതത്തിലും.