
സ്ത്രീകൾക്ക് അഭിമാനവും തുല്യതയുമെല്ലാം വാഗ്ദാനംചെയ്യുന്ന നിയമങ്ങൾ ഏറെയുണ്ട്. മുന്നോട്ടുള്ള കുതിപ്പിന് ഈ നിയമങ്ങൾ സ്ത്രീകൾക്ക് കരുതലേകുന്നുണ്ടോ? ‘WEQUAL-തുല്യരാണ് നമ്മൾ’ എന്ന കാമ്പയിനിന്റെ ഭാഗമായി ‘മാതൃഭൂമി’ സംഘടിപ്പിച്ച ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങളിലൂടെ.
നിയമമുണ്ട് പക്ഷേ,
സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്താൻ നിയമങ്ങളേറെയുണ്ട്. പക്ഷേ, നിയമപുസ്തകങ്ങളിൽ എഴുതിവെച്ചിരിക്കുന്നതുപോലെ അവ നടപ്പാക്കാൻ കഴിയുന്നുണ്ടോ? അഭിഭാഷകയായ കെ.വി. ഭദ്രകുമാരി ചോദിക്കുന്നു. നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാൻ നിയമങ്ങളുണ്ടായിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റംവരണം. ഇരയാക്കപ്പെടുന്നവർക്ക് പേരും മേൽവിലാസവുമൊന്നുമില്ലാത്ത അവസ്ഥ. അതേസമയം, പ്രതികൾ സ്വതന്ത്രമായി വിഹരിക്കുന്നു. സഹനത്തിന് നിങ്ങൾക്ക് ആരും അവാർഡ് തരില്ലെന്ന് പെൺകുട്ടികളും മനസ്സിലാക്കേണ്ടതുണ്ട്.
ബോധവത്കരണം വേണം
നിയമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ താഴേക്കിടയിലേക്ക് എത്തുന്ന തരത്തിലുള്ള ബോധവത്കരണം ആവശ്യമാണെന്ന് എറണാകുളം വനിതാസ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ ചൂണ്ടിക്കാണിക്കുന്നു. നിയമങ്ങളെക്കുറിച്ചോ നമ്മുടെ അവകാശങ്ങളെക്കുറിച്ചോ പല സ്ത്രീകൾക്കും കാര്യമായ ധാരണയില്ല.
ഗാർഹികപീഡന പരാതിയുമായി എത്തുന്നവർക്കുപോലും കേസ് ചാർജുചെയ്യാൻ പലപ്പോഴും താത്പര്യമുണ്ടാകില്ല. ഭർത്താവിന് വേറെ ബന്ധമുണ്ടെന്ന പരാതിക്കാരും പലപ്പോഴും പറയുന്നത് ഭർത്താവിനെ ഒന്നും ചെയ്യേണ്ട എന്നാണ്. മറുപക്ഷത്തുള്ള സ്ത്രീയെ പിടിച്ച് ജയിലിലിടണമെന്ന് പറയുന്നവരുമുണ്ട്. അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നത് അഭിമാനത്തോടെ ജീവിക്കുന്നതിന് സ്ത്രീകളെ സഹായിക്കും.
അടച്ചാക്ഷേപിക്കേണ്ടാ, സ്ത്രീകളെ
നീതിബോധമില്ലാത്ത സമൂഹത്തിൽ ഒരുപാട് നിയമങ്ങൾ എഴുതിവെച്ചിട്ട് കാര്യമില്ലെന്ന് സാമൂഹിക പ്രവർത്തകയായ ജ്യോതി നാരായണൻ പറയുന്നു. നിയമങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്നതാണ് പ്രധാനം. സ്ത്രീകൾ പല മേഖലകളിലും അടച്ചാക്ഷേപിക്കപ്പെടുന്നുണ്ട്. വീടല്ലേ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നത് ഗാർഹികപീഡന കേസുകളിൽ ഉയർന്നുകേൾക്കുന്നതാണ്. നിങ്ങൾ എന്തിന് ആ വഴിക്കു പോയി, എന്തിന് പ്രേമിച്ചു, ഒറ്റയ്ക്ക് പോയിട്ടല്ലേ എന്നെല്ലാം ചോദ്യങ്ങൾ സ്ത്രീകൾക്കുനേരെ ഉയരുന്നുണ്ട്.
സ്ത്രീകളുടെ പരാതികൾ അതിന്റേതായ ഗൗരവത്തിൽ കാണുന്നില്ല. പരാതി നൽകുന്നതിന്റെ പേരിൽ, പ്രശ്നങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ സ്ത്രീകൾ അധിക്ഷേപിക്കപ്പെടുന്ന സാഹചര്യമുണ്ട്.
ദുരുപയോഗം ചെയ്യരുത് നിയമം
കടലാസിൽ നമുക്ക് എല്ലാത്തിനും സംവിധാനമുണ്ട്. പക്ഷേ, പലതിനെക്കുറിച്ചും നമുക്ക് ധാരണയില്ലെന്നതാണ് വാസ്തവം. നിയമം ഫലപ്രദമായ രീതിയിൽ നടപ്പാകുന്നതിന് അതിന്റേതായ നടപടിക്രമങ്ങൾ പിന്തുടരേണ്ടതുണ്ടെന്ന് അഭിഭാഷകയും സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്‌സ് റിസർച്ച് ആൻഡ് അഡ്വക്കസി ഡയറക്ടറുമായ സന്ധ്യാ രാജു പറഞ്ഞു.
എന്നെ ആരെങ്കിലും ഉപദ്രവിച്ചുകൊണ്ടിരുന്നാൽ നിയമം ഇടപെടുമെന്നാണ് പലരുടെയും ധാരണ. നിയമം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല. ശാരീരിക ഉപദ്രവങ്ങളെല്ലാം സാധാരണവത്കരിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. സ്വന്തം കരിയറും ഭാവിയും ഉപേക്ഷിച്ച് കുട്ടിയെയും ഭർത്താവിനെയും നോക്കി വീട്ടിനുള്ളിൽ കഴിയുന്നത് വളരെ മികച്ചത് എന്നരീതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.
Content Highlights: WEQUAL campaign, Women's day 2023
Published: 08 Mar 2023, 07:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented