കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ 11-ാം ദിവസവും തിരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ വെള്ളിയാഴ്ച പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനാൽ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭാ​ഗമായി തിരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. 

To advertise here,

പ്രധാനമന്ത്രി വരുന്നതിന്റെ ഭാ​ഗമായി ചില സുരക്ഷാക്രമീകരണങ്ങൾ ഉള്ളതിനാലാണ് ജനകീയ തിരച്ചിൽ പരിമിതപ്പെടുത്തിയതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. അദ്ദേഹം എത്തിയാൽ വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാസ് പറഞ്ഞു. ഞായറാഴ്ച ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ചിരച്ചിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

തിരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തേ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തി ആറുമേഖലയാക്കി തിരച്ചിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ വ്യാഴാഴ്ച രാത്രി 12 മണിയോടെ തിരച്ചിൽ പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം വന്നു.

ഓരോ ക്യാമ്പുകളിൽനിന്നും മൂന്ന് പേരെ മാത്രമേ തിരച്ചിലിനായി സർക്കാർ വാഹനങ്ങളിൽ ഉരുൾപൊട്ടൽ മേഖലകളിലേക്ക് എത്തിക്കൂ. കാണാതായവരുടെ അടുത്തബന്ധുക്കളെ ഒഴിവാക്കി ചെറുപ്പക്കാരയവരെ മാത്രമാവും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുക.