
മേപ്പാടി(വയനാട്): ദുരിതബാധിതരെ പരിചരിക്കാനെത്തിയ എല്ലാവരെയും ‘സാന്ത്വനം’ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കണം. ശരീരഭാഗങ്ങളായും ദിവസങ്ങൾ പഴകിയും അഴുകിയുമെത്തിയ മൃതദേഹങ്ങളെ പരിചരിച്ചവർ. മനസ്സ് മരവിച്ചവർക്ക് സാന്ത്വനംപകർന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും... എല്ലാം നഷ്ടപ്പെട്ടവരിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പ്രതീക്ഷനട്ടത് ഇവരാണ്.
മരിച്ചവരെ കുളിപ്പിച്ച്, മനസ്സുമരവിച്ചവരെ ആശ്വസിപ്പിച്ച്
ആംബുലൻസിൽ മൃതദേഹങ്ങൾ എത്തുന്നത് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ കോൺഫറൻസ് ഹാളിലാണ്. സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി കഴുകിവൃത്തിയാക്കും. മുപ്പതും നാല്പതും മൃതദേഹങ്ങൾ ഒരുദിവസം ഇക്കൂട്ടർ ഏറ്റുവാങ്ങിയിട്ടുണ്ട്. ‘ഓരോ മൃതദേഹം വരുമ്പോഴും അതിനുപിന്നാലെ കുറേപ്പേർ വരും. ഞങ്ങളുടെ പ്രിയപ്പെട്ടവരാണോയെന്ന് തിരക്കും. പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരം കൈയിലെടുക്കുമ്പോൾ മനസ്സുപിടയും’ -കണ്ണൂരിൽനിന്നെത്തിയ സന്നദ്ധപ്രവർത്തക പി. സാഹിദ പറഞ്ഞു.
ഓരോ മൃതദേഹങ്ങളെയും കുളിപ്പിച്ച് തിരിച്ചറിയാനായി കൈമാറുന്നത് ഇവരാണ്. ഇപ്പോൾ കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കൊന്നും മുഖമില്ല. അഴുകിയും പാറക്കെട്ടിലടിച്ച് ചതഞ്ഞും തിരിച്ചറിയപ്പെടാത്തതരത്തിലായിട്ടുണ്ടെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞു. കമ്യൂണിറ്റിഹാളിലായിരുന്നു മരിച്ചവരെ തിരിച്ചറിയാൻ ബന്ധുക്കളെത്തിയിരുന്നത്. ഉറ്റവരുടെ മരണംകണ്ട് മനസ്സുമരവിച്ചവരെ ആശ്വസിപ്പിക്കേണ്ട ചുമതലയും സന്നദ്ധപ്രവർത്തകർക്കുണ്ടായിരുന്നു.
മനുഷ്യശേഷി മുഴുവൻ ദുരന്തമുഖത്ത്
മനുഷ്യശേഷി മുഴുവൻ എത്തിച്ചാണ് ഭാരതീയ ചികിത്സാവകുപ്പ് മഹാദുരന്തത്തെ നേരിട്ടത്. നാഷണൽ ആയുഷ് മിഷന്റെ പിന്തുണയോടെയായിരുന്നു പ്രവർത്തനങ്ങൾ. ജൂലായ് 30-നുതന്നെ മേപ്പാടി ജി.എച്ച്.എസ്.എസിൽ മെഡിക്കൽ ക്യാമ്പ് തുടങ്ങി. ശല്യതന്ത്രം (സർജറി) സ്പെഷ്യാലിറ്റി ഒ.പി.യും ക്യാമ്പിൽ സജ്ജീകരിച്ചു. ജനറൽ ഒ.പി., മാനസികാരോഗ്യ സ്പെഷ്യൽ ഒ.പി. സൗകര്യങ്ങളും ക്യാമ്പുകളിൽ ഒരുക്കി.
ഇതിനുപുറമേ മൊബൈൽ യൂണിറ്റും ഉണ്ടായിരുന്നു. ഒൻപത് മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്യാമ്പുകളിൽ ലഭ്യമാക്കി. ആയുഷ് മിഷന് കീഴിലുള്ള ജി.എൻ.എം. യോഗ്യതയുള്ള മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരെ മുഴുവൻ ദുരിതാശ്വാസക്യാമ്പുകളിലും നിയോഗിച്ചു. കൂടാതെ മറ്റുജില്ലകളിൽനിന്നുള്ള ഡോക്ടർമാർ, എ.എം.എ.ഐ. ഡോക്ടർമാർ, ആയുഷ്‍മിഷന്റെ മെഡിക്കൽ ഓഫീസർമാർ എന്നിവരുമുണ്ടായിരുന്നു.
ഡോക്ടർ എന്നതിലുപരി ഞങ്ങൾ അവരുടെ കേൾവിക്കാർകൂടിയായിരുന്നെന്ന് നാഷണൽ ആയുഷ്‍മിഷൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് പറഞ്ഞു. അവരുടെ വിഷമങ്ങൾ ഞങ്ങളോട് പറഞ്ഞപ്പോൾ മാനസികാഘാതം നേരിടുന്നവരെ തിരിച്ചറിഞ്ഞു. അവർക്ക് മാനസിക പ്രാഥമികസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായ പ്രവർത്തനം
ദുരന്തമേഖലയിൽ ഒറ്റക്കെട്ടായ പ്രവർത്തനമായിരുന്നു. എല്ലാവരുടെയും സഹകരണം വിലമതിക്കാനാവാത്തതാണ്. ആയുഷ്‍മിഷന്റെ നേതൃത്വത്തിൽ ബയോമെഡിക്കൽ ഉപകരണങ്ങൾ വാഹനസൗകര്യം തുടങ്ങിയെല്ലാമൊരുക്കി. ഭാരതീയചികിത്സാവകുപ്പിന് പത്തുലക്ഷം രൂപയുടെ മരുന്നുകൾ ഇതുവരെ നൽകിയിട്ടുണ്ട്. ഹോമിയോവകുപ്പിന് ഒരുലക്ഷംരൂപ അടിയന്തര സഹായധനവും അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ചുലക്ഷം രൂപയുടെ ശുപാർശയും നൽകിയിട്ടുണ്ട്.
ഡോ. ഹരിതാ ജയരാജ്, ജില്ലാ പ്രോഗ്രാം മാനേജർ ദേശീയ ആയുഷ്‍ മിഷൻ, വയനാട്
മനുഷ്യന്റെ മുഖംമാത്രം
ദുരന്തഭൂമിയിൽ മനുഷ്യന്റെ മുഖംമാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ. വിവിധ സംഘടനകളിലെ സന്നദ്ധപ്രവർത്തകരായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരു വേർതിരിവും ഇല്ലാതെ എല്ലാവരും ഒരേമനസ്സോടെ പ്രവർത്തിച്ചു. ഈ ഒരുമ ജീവിതത്തിൽ എല്ലാവരും മാതൃകയാക്കേണ്ടതാണ്.
എം.ബി. ഫസൽ, സന്നദ്ധപ്രവർത്തകൻ
തുടർപരിചരണം ഉറപ്പാക്കും
പരിക്കേറ്റവരെ ചികിത്സിക്കുമ്പോഴാണ് മാനസികാഘാതം നേരിട്ടവരും ഏറെയുണ്ടെന്ന് മനസ്സിലായത്. ഇവർക്കായി സൈക്കോളജിസ്റ്റുകളുടെയും ഹോമിയോ സൈകാട്രിസ്റ്റിന്റെയും സഹായം ലഭ്യമാക്കി. ക്യാമ്പുകളൊഴിഞ്ഞാലും ദുരിതബാധിതർക്ക് കൗൺസലിങ് ഉൾപ്പെടെയുള്ള തുടർപരിചരണം ഉറപ്പാക്കും.
ഡോ. സി.വി. ഉമ, ഡി.എം.ഒ. ഹോമിയോ
വേഗത്തിൽ നടപടിസ്വീകരിച്ചു
ദുരന്തം ഉണ്ടായപ്പോൾത്തന്നെ വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ സാധിച്ചു. ആദ്യദിവസംതന്നെ മെഡിക്കൽക്യാമ്പുകളടക്കം തുടങ്ങാൻ സാധിച്ചു. മാനസികാരോഗ്യവിദഗ്ധരെ ക്യാമ്പുകളിൽ സ്ഥിരമായി നിയമിച്ചു. അതുകാരണം ദുരതബാധിതർക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുസംസാരിക്കാൻ സാധിച്ചു.
ഡോ. എ. പ്രീത, ഡി.എം.ഒ. ഭാരതീയ ചികിത്സാവകുപ്പ് വയനാട്.
Content Highlights: chooralmala mundakkai disaster, medical professionals react
Published: 13 Aug 2024, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented