
മേപ്പാടി: ‘ഇതാ ഇവിടെയായിരുന്നു എന്റെ വീട്’ ദുരന്തഭൂമിയായ മുണ്ടക്കൈ പുഞ്ചിരിമട്ടത്തെത്തിയ കുരിക്കൾ അബ്ദുൾലത്തീഫ് വിജനമായൊരിടം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. അവിടെയൊരു വീടുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. വലിയ പാറക്കല്ലുകളും അടിഞ്ഞുകൂടിയ മണ്ണും മാത്രമാണ് അവിടെയുള്ളത്. ഇങ്ങനെയായിരുന്നു എന്റെ വീടെന്ന് പറഞ്ഞ് തന്റെ മൊബൽഫോണിൽ ഉണ്ടായിരുന്ന വീടിന്റെ ചിത്രം അബ്ദുൾലത്തീഫ് കാണിച്ചുതന്നു.
ചുറ്റിലുമുണ്ടായിരുന്ന മറ്റുവീടുകളൊന്നും ഇന്നില്ല. പലരും വിടപറഞ്ഞു. ചിലരിപ്പോഴും കാണാമറയത്താണ്. ഏലവയലിലേക്ക് മാറിത്താമസിച്ചതിനാൽ അബ്ദുൾലത്തീഫിന്റെ കുടുംബം അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. പക്ഷേ ബന്ധുക്കളിൽ പലരും കാണാമറയത്താണ്. ഈ സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് അബ്ദുൾലത്തീഫ് ദുരന്തഭൂമിയിലെ ജനകീയ തിരച്ചിലിനെത്തിയത്.
പ്രിയപ്പെട്ടവരുടെ മൃതദേഹം കിട്ടിയാൽ അതൊരാശ്വാസമാണ്. ആദരവോടെ അവർക്ക് വിടനൽകാമല്ലോ -അബ്ദുൾ ലത്തീഫ് പറഞ്ഞു. 27 കൊല്ലമായി കുവൈത്തിലാണ് അബ്ദുൾ ലത്തീഫ് ജോലിചെയ്യുന്നത്. ദുരന്തവാർത്തയറിഞ്ഞാണ് വീണ്ടും നാട്ടിലേക്ക് വന്നത്.
രണ്ടാമത്തെ ഉരുളിൽ നാടൊഴുകിപ്പോയി
‘എന്റെ കൂട്ടുകാരന്റെ വീട് ഇവിടെയായിരുന്നു, രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് അവൻ പോയത്’- മുണ്ടക്കൈസ്വദേശി വി.സി. ശരത്തിന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ശരത്തിന്റെ സുഹൃത്ത് ഗിരിജിത്തിന്റെ വീട് നിന്നിടത്ത് ഇപ്പോൾ അടയാളങ്ങളൊന്നും ബാക്കിയില്ല. പ്രദേശത്തുള്ള ഭൂരിഭാഗം വീടുകൾക്കും ഇതേ അവസ്ഥയാണ്. ചില വീടുകളുടെ തറഭാഗം, കോൺക്രീറ്റ് സ്ലാബിന്റെ കഷ്ണങ്ങൾ തുടങ്ങിയവ മാത്രമുണ്ട്.

രണ്ടാമത്തെ ഉരുൾപൊട്ടിയപ്പോൾ ഓടിയെത്തിയെങ്കിലും ഞങ്ങൾക്ക് വീടുകളുള്ള ഭാഗത്തേക്ക് എത്താനായില്ല തിരിഞ്ഞോടേണ്ടിവന്നു. അത്ര ശക്തിയായിരുന്നെന്ന് പ്രദേശവാസിയായ സി.വി. വാസുദേവൻ പറഞ്ഞു. തിരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് വീടുകളുണ്ടായിരുന്ന സ്ഥലങ്ങൾ കാണിച്ചുകൊടുക്കുകയായിരുന്നു എം. മോഹനൻ.
‘ഞങ്ങളുടെ നാടായിരുന്നു ഇപ്പോൾ ഞങ്ങൾക്കുതന്നെ മനസ്സിലാവാതായി’- മോഹനൻ നിറകണ്ണുകളോടെ പറഞ്ഞു. കണ്ണുകെട്ടിയാലും ഞങ്ങൾ ഇതുവഴി നടക്കുമായിരുന്നു അത്രയ്ക്ക് സുപരിചിതമാണ് നാടും വഴികളും നാട്ടുകാരെയുമെല്ലാം’ -ശരത്ത് പറഞ്ഞു.
Content Highlights: Abdul Latheef lost his home in Wayanad landslide
Published: 10 Aug 2024, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented