മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് രൂപവല്‍കരിച്ച പഴയകാല നേതാക്കളുടെ നിരയിലെ അവസാന കണ്ണിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍. സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ജീവിച്ചു തീര്‍ത്ത നേതാവ്. ജനപ്രീതിയില്‍ മറ്റാരെയും വെല്ലുന്ന കമ്യൂണിസ്റ്റ് നേതാവെന്ന സ്ഥിതിയില്‍നിന്നാണ് അദ്ദേഹം പൊതുമധ്യത്തില്‍ നിന്നും പതിയെ അപ്രത്യക്ഷനായിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ നിഴലില്‍ നിന്നൂര്‍ന്നുവീണ പിണറായി യുഗം അതോടെ അതിന്റെ പൂര്‍ണതയിലെത്തി.

To advertise here,

വിഎസ് - പിണറായി പക്ഷങ്ങളുടെ പരസ്പര പോരാട്ടങ്ങള്‍ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ കേരളം കണ്ടതാണ്.  1980 മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായിരുന്ന കാലം മുതല്‍ ഇഎംഎസും, നായനാരുമാമായിട്ടുള്ള വിയോജിപ്പുകള്‍. അതിന് ശേഷം പിണറായിയുമായുള്ള പോരാട്ടങ്ങള്‍.

പാര്‍ട്ടിയിലെ ഗ്രൂപ്പിസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. പരുക്കനും കര്‍ക്കശക്കാരനും പാര്‍ട്ടിയില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന വിമര്‍ശനം അന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. 1991 ലെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നായനാരോട് തോറ്റതോടെ വിഎസിന് സംസ്ഥാന പാര്‍ട്ടിയിലുണ്ടായിരുന്ന സ്വാധീനത പതിയെ കുറഞ്ഞു. നായനാരുമായി പലയിടങ്ങളിലും ഏറ്റുമുട്ടി. തുടര്‍ന്നിങ്ങോട്ട് നടന്ന പല പാര്‍ട്ടി സമ്മേളനങ്ങളിലും ഈ വിഭാഗീയത വാര്‍ത്തകളില്‍ ഇടം പിടിച്ചു.

അക്കാലത്ത് വിഎസിന് പിന്നില്‍ ശക്തമായ പിന്തുണ നില്‍കി നിന്നവരായിരുന്നു പിണറായി വിജയന്‍, എം.എ. ബേബി, തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍. 1998 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ ഒഴിവു വന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള കരുനീക്കങ്ങളില്‍ വി.എസ്. പക്ഷം വിജയം കാണുകയും വി.എസ്. ഗ്രൂപ്പിന്റെ പിന്തുണയില്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തുകയും ചെയ്തു.

പാര്‍ട്ടി സെക്രട്ടറിയായതോടെ പിണറായി വിജയന് ദേശീയ പാര്‍ട്ടിനേതൃത്വത്തില്‍ നിന്നു കൂടുതല്‍ പരിഗണന ലഭിച്ചു. അദ്ദേഹം കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും എത്തി. ഇതോടെ വി.എസ്. പക്ഷക്കാരില്‍ പിണറായി സ്നേഹികള്‍ രൂപമെടുത്തു. സ്വന്തം പാളയത്തില്‍ വിഎസിന് എതിരാളികള്‍ ജന്മമെടുത്തു. എതിരാളിയായ നായനാര്‍ വി.എസ്. വിരുദ്ധ പക്ഷത്തിന് പിന്തുണ ലഭിച്ചതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം വീണ്ടും അദ്ദേഹത്തിന് എതിരായി. തുടര്‍ന്നുള്ള ജില്ലാ സമ്മേളനങ്ങളില്‍ വിഎസ് പക്ഷം തഴയപ്പെട്ടു. 2004 ല്‍ നായനാരുടെ മരണത്തോടെ പിണറായി വിജയന്‍ പാര്‍ട്ടിയിലെ കരുത്തനായ നേതാവായി സ്ഥാനം ഉറപ്പിച്ചു. 

2001-2006 കാലത്ത് പ്രതിപക്ഷ നേതാവായെത്തിയതോടെ കര്‍ക്കശക്കാരനും, പരുക്കനുമായി അറിയപ്പെട്ട വിഎസിന് ജനകീയമുഖം കൈവന്നുതുടങ്ങി.  മതികെട്ടാന്‍ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂര്‍ പെണ്‍വാണിഭ കേസ്, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് ഉള്‍പ്പെടെ പൊതുജനപ്രശ്നങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും ജനപക്ഷമായ നിലപാടുകള്‍ സ്വീകരിക്കുകയും അവ തുറന്നു സംവദിക്കുകയും ചെയ്ത് അദ്ദേഹം ജനമനസിലെ നായകസ്ഥാനം ഏറ്റെടുത്തു. പിന്നാലെ വന്ന 2006ലെ തിരഞ്ഞെടുപ്പില്‍  വിജയിച്ച് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റു.

വി.എസിന് ജനകീയമുഖം കൈവന്ന അതേ കാലയളവില്‍ തന്നെ ഒരു കാലത്ത് വി.എസിനു ചാര്‍ത്തിക്കിട്ടിയിരുന്ന പരുക്കന്‍, കര്‍ക്കശക്കാരന്‍ എന്നീ വിശേഷണങ്ങള്‍ പിണറായിക്കും ചാര്‍ത്തിക്കിട്ടി. പിന്നീട് പരസ്യമായ ഏറ്റുമുട്ടലാണ് വിഎസ്-പിണറായി പക്ഷങ്ങള്‍ നടത്തിയത്. 2005 ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ 2004 ല്‍ ആരംഭിച്ച ബ്രാഞ്ച്, ജില്ലാ സമ്മേളനങ്ങള്‍ ഇരുപക്ഷങ്ങളുടെയും വാദപ്രതിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിഎസിന് പിണറായിപക്ഷം വര്‍ഗ വഞ്ചകനെന്ന പേര് ചാര്‍ത്തിക്കൊടുക്കുന്നതു വരെ കാര്യങ്ങളെത്തി. ഒടുവില്‍ സംസ്ഥാന സമ്മേളനത്തിന്റെ  സമാപനദിനത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പിണറായി പക്ഷം തന്നെ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരാന്‍ തീരുമാനമായി.

മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം വിഎസും പിണറായിയും തമ്മിലുള്ള പോര് വാര്‍ത്തകളായി. തനിക്കെതിരെ നിലകൊണ്ട പാര്‍ട്ടി നേതൃത്വത്തിനെതിരെ പോലും വിമര്‍ശനങ്ങളുന്നയിക്കാന്‍ തയ്യാറായ വിഎസ്, പിണറായി വിജയനെതിരെ ലാവ്ലിന്‍ കേസ് പോലും ആയുധമാക്കുകയുണ്ടായി. 2012 ലെ ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടിലായിരുന്നപ്പോഴും വിഎസിന് ജനകീയ മുഖം ലഭിച്ചു. ചന്ദ്രശേഖരന്റെ വീട്ടില്‍ വിഎസ് നടത്തിയ സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടം പിടിച്ചു. പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പ് വിഎസ് ആ തീരുമാനത്തിലൂടെ പ്രകടമാക്കി. പാര്‍ട്ടിക്ക് പുറത്ത് വി.എസ്. പ്രതിപക്ഷ നേതാവായി ജനകീയനായി വളര്‍ന്നപ്പോഴും പാര്‍ട്ടിക്കകത്ത് പിണറായി പക്ഷം പിടിമുറുക്കി. 2015 വരെ പിണറായി ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

2016 ലെ തിരഞ്ഞെടുപ്പില്‍ വിഎസിനെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായെങ്കിലും വിഎസ് അതിനെ അതിജീവിച്ചു. വര്‍ധിച്ച ജനകീയത തന്നെയാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. ആ തിരഞ്ഞെടുപ്പില്‍ വിഎസിനെ മുന്‍നിര്‍ത്തിത്തന്നെയാണ് പാര്‍ട്ടി ജയിച്ചത്. വിഎസും ജയിച്ചു പിണറായിയും ജയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് ആരാകുമെന്നായി പിന്നത്തെ വിഷയം. അഭ്യൂഹങ്ങള്‍ പലതുണ്ടായെങ്കിലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. പണ്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്‍ വന്നതിന് ശേഷം എന്ത് സംഭവിച്ചോ അത് തന്നെ പിന്നീട് നടന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നും വിഎസ് പതിയെ അകലുന്ന കാഴ്ച പിന്നീട് കണ്ടു.