ലയാളത്തില്‍ പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അത് ചൂടോടെ വാങ്ങി വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. മലയാളം പോയിട്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ പോലും തീരെ കുറവായ ജപ്പാന്‍ പോലെ ഒരു രാജ്യത്ത് അത് സാധ്യമല്ല. വളരെ കുറച്ച് മലയാളികളെ ജപ്പാനിലുള്ളൂ. അതില്‍ തന്നെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഞാനുമായി വാട്‌സ്ആപ്പ് വഴിയെങ്കിലും ബന്ധം പുലര്‍ത്തുന്നുമുള്ളൂ. അവര്‍ നാട്ടില്‍ പോകുന്നുണ്ടോ എന്ന് ഞാന്‍ ഇടയ്ക്കിടെ ചോദിക്കും. ആവശ്യപ്പെട്ടാല്‍ പോയി വരുമ്പോള്‍ എനിക്കായി മലയാളം പുസ്തകങ്ങള്‍ കൊണ്ടുവന്ന് തരും. 

To advertise here,

ജോജോ സാന്‍ അംബികാസുതന്‍ മാഷിന്റെ കഥകളും അരുണ്‍ സാന്‍ എന്‍. മോഹനന്റെ ഒരിക്കല്‍, നിമ്ന വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, നൗഷാദ് സാന്‍ ആടുജീവിതം എന്നിവ ഈ കഴിഞ്ഞ മാസമാണ് എത്തിച്ചത്. ഞാന്‍ പലപ്പോഴായി എത്തിച്ച ധാരാളം മലയാളം പുസ്തകങ്ങള്‍ ഇനിയും വായിച്ച് തീരാതെ ചുറ്റുമുണ്ട്. അതില്‍പ്പെട്ട, ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരങ്ങളില്‍ ചിലത്, ഡിന്നു ജോര്‍ജിന്റെ ക്രാ, കെ.എസ്. രതീഷിന്റെ മാളം, വിനു എബ്രഹാം ചേട്ടന്റെ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി, മനോജ് വെങ്ങോലയുടെ പെരുമ്പാവൂര്‍ യാത്രി നിവാസ്, തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്.  

സാമന്ത ഷ്ലൂബിന്‍ എന്ന എഴുത്തുകാരിയുടെ അമ്പരപ്പിക്കുന്ന ചെറുകഥകള്‍ വാങ്ങിയതും പ്രിയത്തോടെ വായിക്കുന്നു. ജപ്പാനില്‍ നിന്ന് ആയിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു ചെറിയ ലൈബ്രറിതന്നെ അവിടത്തെ കുഞ്ഞുമുറിയില്‍  തയ്യാറാക്കി വരുന്നു. ഇംഗ്ലീഷ് പുസ്തകവായനയും വളരെ പതിയെ നടക്കുന്നു. ജാപ്പനീസ് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഇറങ്ങുമ്പോള്‍ ശേഖരിക്കുന്ന ശീലവുമുണ്ട്. Everymans library classics എന്ന പ്രസാധകരുടെ അതിമനോഹരമായ ലോക ക്ലാസിക്കുകള്‍ ശേഖരിച്ചതും വായനയിലുണ്ട്. 

placeholder
അമൽ ജപ്പാനിൽ. Photo: mathrubhumi archives

ഡി. ജയകുമാരിയുടെ മലയാളനാടും എന്റെ പ്രണയവും ആണ് ഒടുവില്‍ വായിച്ച പുസ്തകം. ഉപരിപ്ലവമായ പ്രണയം പറയുന്ന, ചര്‍ച്ചചെയ്യുന്ന ഇപ്പോഴത്തെ റൊമാന്‍സ് ഫിക്ഷന് പിറകെ പോകുന്ന പുതിയ തലമുറ ആ പ്രണയാനുഭ പുസ്തകം ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. 

വളരെ ബുദ്ധിമുട്ടായ ജാപ്പനീസ് ഭാഷ പഠിക്കാന്‍ രണ്ടുവര്‍ഷം ഭാഷാ സ്‌കൂളില്‍ പോയെങ്കിലും, മലപോലെ തരുന്ന നോട്ടുകളൊന്നും മറിച്ചുപോലും നോക്കാതെ ഒഴിവുസമയങ്ങളില്‍ ഞാന്‍ കൈയിലുള്ള മലയാള പുസ്തകങ്ങളും മറ്റും വായിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ട്‌ടൈം ജോലികളില്‍ പ്രവേശിച്ചതോടെ റൂമില്‍ സ്വസ്ഥമായിരുന്നു വായിക്കാനും എഴുതാനും തീരെ സമയം തികയാതായി. അപ്പോഴെല്ലാം ട്രെയിനില്‍ ജോലിസ്ഥലത്തേക്ക് പോകുന്ന ഒരു മണിക്കൂര്‍, ലഞ്ച്ബ്രേക്കിന്റെ ഒരു മണിക്കൂര്‍ നേരങ്ങളിലാണ് എന്റെ വായനയും എഴുത്തും. അപരിചിതമായ ഭാഷ സംസാരിക്കുന്ന മറ്റൊരു സ്ഥലത്തായിരിക്കുമ്പോള്‍ നമ്മള്‍ മലയാളത്തിനെ വളരെയധികം സ്നേഹിക്കുകയും നാട്ടിലെ കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്യും എന്നാണ് എന്റെ അനുഭവം. 

നാട്ടില്‍ ലൈബ്രറിയില്‍ നിന്നും മറ്റും പുസ്തകങ്ങളും പത്രങ്ങളും സ്ഥിരമായി വായിച്ചിരുന്ന എനിക്ക് അത് നഷ്ടപ്പെട്ടതായിരുന്നു ജപ്പാനിലെത്തിയശേഷം നേരിട്ട പ്രധാന പ്രശ്നം. ആദ്യം വി.എസ്. അജിത്ത് ചേട്ടനും ഇപ്പോള്‍ സന്തോഷ് ഇളന്തൂര്‍ ചേട്ടനും മാഗ്സ്റ്റര്‍ എന്ന ആപ്പ് എനിക്ക് ഷെയര്‍ ചെയ്തുതന്നതാണ്, ഭ്രാന്ത് പിടിച്ചുപോയേക്കാവുന്ന ഒരു അന്തരീക്ഷത്തില്‍ വലിയ രക്ഷയായത്. ഇപ്പോള്‍ രാവിലെ നാട്ടില്‍ മലയാളികള്‍ പത്രം വായിക്കുന്നതിന് മുമ്പ് തന്നെ എനിക്ക് ചില മലയാള പത്രങ്ങള്‍ വായിക്കാന്‍ സാധിക്കുന്നു. വാരികകള്‍ വരുമ്പോള്‍തന്നെ കഥകളും മറ്റും ആര്‍ത്തിയോടെ ഞാന്‍ വായിക്കുന്നു. 

കേരളത്തിലെ പോലെ എഴുത്തുകാര്‍ ദിവസവും സാഹിത്യപരിപാടികളില്‍ പങ്കെടുക്കുകയും പൊതുജനങ്ങള്‍ അതിന് സമ്മതിക്കുകയും ചെയ്യുന്ന ശീലം ജപ്പാനില്‍ ഇല്ല. സാഹിത്യകാരന്‍ അവിടെ അദൃശ്യനാണ്. എന്തിനേറെ, പുസ്തക ചര്‍ച്ചകള്‍, പ്രകാശനങ്ങള്‍, നിരന്തര പുസ്തകമേളകള്‍, എഴുത്തുകാരനുമായുള്ള സംവാദങ്ങള്‍ അതൊന്നും ഇവിടെയില്ല. അതിപ്രധാനമായ ചില അവാര്‍ഡ് ദാനകളുടെ വാര്‍ത്തകള്‍, ചില സയന്‍സ് ഫിക്ഷന്‍ ഫെസ്റ്റുകള്‍ എന്നിവ മാത്രമേ ഈ മേഖലയില്‍ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടുള്ളൂ. ഏതെങ്കിലും ജാപ്പനീസ് എഴുത്തുകാരനെ കാണാന്‍ സാധിക്കുമോ എന്ന് വളരെയധികം അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മറ്റുള്ള മനുഷ്യരുടെ കാര്യത്തില്‍ ഇടപെടാത്ത ഇവിടത്തെ ജനതയ്ക്ക് എഴുത്തുകാരന്‍ എന്ത് ചെയ്യുന്നു എവിടെയാണ് താമസിക്കുന്നത് എന്നതൊന്നും അന്വേഷിക്കേണ്ട കാര്യമില്ലാത്തതിനാലാകണം അങ്ങനെയൊരു രീതി വന്നത്. 

ഒരു ജീവിതമേ എനിക്കുള്ളൂ, പക്ഷേ എനിക്ക് ഒരുപാട് ജീവിതങ്ങള്‍ ജീവിക്കണം. ഒരു ഭൂമിക മാത്രമേ എനിക്ക് സ്വന്തമായിട്ടുള്ളൂ. പക്ഷേ എനിക്ക് ഭൂമികകളായ ഭൂമികകളൊക്കെ സ്വന്തമാക്കണം. ഏതാനും മനുഷ്യരോട് മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയുന്നുള്ളു. എന്നാല്‍ എനിക്ക് ഭൂമിയിലുള്ള സകല മനുഷ്യരോടും സംസാരിക്കണം. എന്റെ മനസ്സുപോലും എനിക്ക് അറിയാനാകുന്നില്ല. അതേസമയം എനിക്ക് അനേക ജനസമൂഹങ്ങളുടെ മനസിലിരുപ്പ് അറിയണം. ഏതാനും ജോലികളിലൂടെ മാത്രമേ എനിക്ക് കടന്നുപോകാനാകുന്നുള്ളൂ. എന്നാല്‍ എനിക്ക് ലോകത്തെ സകല ജോലികളും ചെയ്യണം. ഇത്തിരി ദൂരം മാത്രമേ എനിക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നുള്ളൂ. എന്നാലോ എനിക്ക് പ്രപഞ്ചമാകെ യാത്ര ചെയ്തെത്തണം. ഈ നിമിഷത്തിലേ ഞാന്‍ ഉള്ളൂ. പക്ഷേ എനിക്ക് ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലൂടെയും ഭാവികാലത്തിലൂടെയും കടന്നുപോകണം.

അതീവ നിശബ്ദതയില്‍ ഒരിടത്തിരുന്ന് എനിക്ക് അതെല്ലാം സാധിക്കുന്നത് വായനയിലൂടെ മാത്രമാണ്. ഘോരനാദത്തോടെ ആര്‍ത്തലച്ച് സര്‍വം തട്ടിത്തകര്‍ത്ത് കുതിച്ചുപായുന്ന സമകാലത്ത് ആഴങ്ങളില്‍ വേരുറപ്പുള്ള, സഹാനുഭൂതിയുള്ള, ഒരു പുല്‍നാമ്പായി പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത് പുസ്തകങ്ങള്‍ തരുന്ന ഊര്‍ജം ഒന്നുകൊണ്ടുമാത്രമാണ്. ആനന്ദം അല്ല, സംഘര്‍ഷഭരിതവും അത്യധികം കുഴഞ്ഞ് മറിഞ്ഞതുമായി ജീവിതത്തിനെ ജീവശ്വാസമേകി പ്രതീക്ഷാഭരിതമാക്കി നിലനിര്‍ത്തി മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ് എനിക്ക് പുസ്തകങ്ങളും വായനയും.

placeholder
അമല്‍ | Photo: Special arrangement

ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍, കലാസാംസ്‌കാരിക-വിദ്യാഭ്യാസ പാരമ്പര്യങ്ങളോ പുസ്തക ബന്ധങ്ങളോ ഇല്ലാതെ കഠിനമായ കൂലിത്തൊഴിലുകള്‍, കെയര്‍ ടേക്കിങ്ങുകള്‍, കാര്‍ഷികവൃത്തികള്‍ തുടങ്ങിയവചെയ്ത് ജീവിതം പുലര്‍ത്തി വന്ന ഒരു ചെറിയ വീട്ടിലാണ് ഞാന്‍ ജനിച്ചത്. അക്കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്നു. കെയര്‍ ടേക്കിങ്ങിന് പോകുന്ന വീടുകളിലെ കുട്ടികള്‍ വായിച്ച് ഉപേക്ഷിക്കുന്ന ചിത്രകഥ, ബാല പ്രസിദ്ധീകരണങ്ങള്‍ എനിക്ക് വായിച്ച് പഠിക്കാനായി അമ്മ കൊണ്ടുവന്നുതന്നതാണ് എന്റെ ആദ്യ പുസ്തക/വായനയുടെ ഓര്‍മ. അന്ന് ആ ചിത്രകഥകള്‍ വായിച്ച് കിട്ടിയ തീ, അത്ഭുതം ആവേശം, ഉള്‍ക്കിടിലങ്ങള്‍,  ഭ്രമാത്മകമായ ഏതോ ഒരു ലോകം തുറന്നതിന്റെ അനിര്‍വചനീയമായ അനുഭവം... അതുതന്നെയാണ് ഇന്നും ഓരോ പുസ്തകങ്ങളിലും, വായനയിലും ഞാന്‍ അനുഭവിക്കുന്നത്.

പുസ്തകങ്ങളിലൂടെ, വായനയിലൂടെ അകലങ്ങളില്‍ ഇരുന്നും ഞാന്‍ സ്വന്തം നാട്ടിലെ ജീവിതം ജീവിക്കുന്നു. മാഗ്സ്റ്റര്‍ പോലെയുള്ള ആപ്പുകള്‍ ഉള്ളതുകൊണ്ട് എല്ലാ ദിവസവും രാവിലെ നാട്ടിലെ വാര്‍ത്തകള്‍ പത്രത്തിലൂടെ അറിയാനാകുന്നു. അതാത് ആഴ്ചയിലിറങ്ങുന്ന കഥകളും മറ്റും ആര്‍ത്തിയോടെ വായിക്കാന്‍ സാധിക്കുന്നു. വീട്ടിലായാലും വിദേശത്തായാലും താമസിക്കുന്ന ഇത്തിരിയിടത്തിലായാലും ഉത്സാഹത്തോടെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നു, അടുക്കിവെയ്ക്കുന്നു.

മാവേലിക്കര കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ ചെലവിന് കാശ് തരവേ അച്ഛന്‍ എന്നോട് ചോദിച്ചു; 'എന്തിനാണ് വേറെയൊന്നും വാങ്ങാതെ കുറെ പുസ്തകങ്ങള്‍ വാങ്ങിച്ചുവെയ്ക്കുന്നത്? ലൈബ്രറിയില്‍ നിന്ന് എടുത്ത് വായിച്ചാല്‍ പോരെ. ഒരിക്കല്‍ വായിച്ച് കഥ മനസ്സിലായാല്‍ പിന്നെ ആ പുസ്തകത്തിന്റെ ആവശ്യം എന്താണ്?' അന്നതിന് ഞാന്‍ മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

ഏകാന്തതയില്‍ ഇരിക്കുന്നവര്‍ക്കറിയാം: ഓരോ തവണ സമീപിക്കുമ്പോഴും കോടാനുകോടി വൈവിധ്യങ്ങള്‍ പകര്‍ന്ന് നല്‍കുന്ന മഹാന്മാര്‍ മുതല്‍ അനേകം തലമുറകളുടെ ജീവിതാനുഭവം കൈമുതലായുള്ള സാധാരണക്കാര്‍വരെയുള്ളവരാണ് ചങ്ക് പറിച്ചുനല്‍കുന്ന ഉറ്റ സുഹൃത്തായി പുസ്തകരൂപത്തില്‍ കോട്ടകള്‍പോലെ ചുറ്റും നിരന്ന് നില്‍ക്കുന്നതെന്ന്.