ആവര്‍ത്തിച്ചു വായിക്കുന്ന ഒരു പുസ്തകമുണ്ടെന്റെ അലമാരയില്‍. അക്ഷരങ്ങള്‍ ചിറകുവിടര്‍ത്തി വായനാമുറിയാകെ- അക്ഷരങ്ങള്‍ പറന്നുവന്നിരുന്ന് സഞ്ചരിക്കുന്ന ഒന്ന്. അക്ഷരങ്ങളോരോന്നും വന്നിരുന്ന് ഉള്ളില്‍ കിന്നാരം പറയുന്ന പ്രിയതരമായൊരു പുസ്തകം. അതൊരു ആത്മകഥയാണ്. ഏറ്റവും പ്രിയപ്പെട്ട നിത്യചൈതനൃയതിയുടെ ആത്മകഥ 'യതിചരിതം' ഇടയ്ക്കിടെ ഷെല്‍ഫില്‍നിന്നും എന്നെത്തേടിയിറങ്ങി വരും. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് അറിവിന്റെ ആശയലോകങ്ങളായി തുറന്നുവെക്കുന്ന കൃതിയാണത്. ആത്മകഥയുടെ വ്യവസ്ഥാപിത വഴികളില്‍നിന്ന് വ്യത്യസ്തമായ പല വിഷയങ്ങളുടേയും പാഠപുസ്തകമായി മാറുന്ന ഒന്ന്.
ഒരു സാധാരണ സന്ന്യാസിയില്‍നിന്നും വ്യതിരിക്തനായി അസാധാരണമായ അനുഭവങ്ങളുടെ ആഴക്കടല്‍ നീന്തി നമുക്ക് മുന്നിലെത്തിയ ജയചന്ദ്രപ്പണിക്കര്‍ യഥാര്‍ത്ഥത്തില്‍ വളരെ സാധാരണനായ മനുഷ്യനായി, ഊട്ടിയിലെ ഫേണ്‍ഹില്ലിലെ മഞ്ഞുമലകള്‍ക്കിടയിലെ മഞ്ഞപ്പൂവുപോലെ ശോഭിച്ചു. കുട്ടിക്കാലം മുതല്‍ മരണംവരെയുള്ള ജീവിതം തുന്നിച്ചേര്‍ത്ത പട്ടുറുമാലുപോലെ, വായനയ്ക്കിടയില്‍ വഴികാണിക്കുന്ന അടയാളരേഖയായി യതിചരിതം സാക്ഷ്യമാകുന്നു. ഒരു കുട്ടിയുടെ ഉള്ളില്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായ അനുഭവങ്ങള്‍കൊണ്ട് ജീവിതത്തെ മാറിനിന്ന് വീക്ഷിക്കുന്ന മനോഭാവമുണ്ടാകുകയെന്നത് അപൂര്‍വമാണ്. ഒരു സവിശേഷവ്യക്തിത്വമായി ആ അനുഭവങ്ങളിലൂടെ നമുക്ക് യതിയെ വായിക്കാം.

പരിസ്ഥിതിയും സമൂഹവും കുട്ടിക്കാലം മുതല്‍ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നും വ്യക്തിത്വരൂപീകരണത്തില്‍ മനുഷ്യന്റെ ആര്‍ദ്രവികാരങ്ങളെ ഉണര്‍ത്തിയെട്ടക്കുന്നതെങ്ങനെയെന്നും തെളിയിക്കുന്ന അനേകാനുഭവങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു യതിചരിതത്തില്‍.
മനഃശാസ്ത്രാവബോധമുള്ള അദ്ദേഹത്തിന്റെ സവിശേഷവ്യക്തിത്വം തന്റെ കണ്‍മുന്നില്‍ തെളിഞ്ഞ ബിംബങ്ങളേയും ചിഹ്നങ്ങളേയും വൃക്തിത്വങ്ങളേയുമെല്ലാം ഫ്രോയിഡിന്റേയും യുങിന്റേയും ചിന്തകളുടെ അടിസ്ഥാനത്തില്‍ വിശദികരിക്കുന്നുണ്ട്. വളരെ ലളിതമായ സാമൂഹ്യജീവിതത്തിലെ മനഃശാസ്ത്രസമീപനങ്ങള്‍ എങ്ങനെയെന്ന് യതി തന്റെ സൂക്ഷ്മനിരീക്ഷണപാടവം കൊണ്ട് തെളിയിക്കുന്നു. ''മസ്തിഷ്‌കത്തില്‍ ഒരിക്കലുണ്ടാകുന്ന അനുഭവം എത്രതന്നെ വലുതായാലും നിസ്സാരമായാലും ഒരിക്കലും മാഞ്ഞുപോകുന്നില്ല.'' അത്തരം അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന ബോധമാണ് സംസ്‌കാരങ്ങളെ പിന്നിലേക്ക് നീക്കിവെച്ച് പുതിയ അനുഭവങ്ങളെ ഉണ്ടാക്കുന്നത്. അജ്ഞാതമായ സ്മരണകളെ ''ക്രിപ്‌റ്റോമ്‌നീഷ്യയെന്ന അവസ്ഥയായാണ് യതി വ്യാഖ്യാനിക്കുന്നത്. ഇങ്ങനെ കുട്ടിക്കാലത്തെ തന്റെ ഓര്‍മ്മകളെയും അനുഭവങ്ങളെയും വിശദീകരിക്കുമ്പോള്‍, അത് വായനക്കാരുടെ വിജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്തുന്നു. പലതും ശാസ്ത്രീയബോധത്തോടെ നോക്കിക്കാണാനുള്ള സമീപനരീതി പഠിക്കാനും ഇത്തരം വായന പ്രയോജനപ്പെട്ടന്നു.
ഒരു വ്യക്തിയുടെ ഉള്ളിലേക്ക് ജാതിചിന്തകള്‍ വളര്‍ത്തുന്നതില്‍ വിദ്യാലയം മുതല്‍ മുതിര്‍ന്നവരുടെ സമൂഹം വരെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നത് യതി സ്വാനുഭവങ്ങളിലൂടെ പറയുന്നുണ്ട്. എല്ലാവരേയും സമഭാവത്തില്‍ വീക്ഷിക്കാനുള്ള നിഷ്ടളങ്കമായ കുട്ടികളുടെ കണ്ണുകളിലേക്ക് മനുഷ്യരാരും ഒന്നല്ല എന്നും വിഭാഗീയതയുടെ മതില്‍ക്കെട്ടുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ലോകത്തെ വെറുക്കുന്ന നീതിയുടെ തത്വശാസ്ത്രം യതി പഠിപ്പിക്കുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഏറ്റവും ഗുണപരമായത് വായനയുടെ ലോകം ജീവിതത്തെ മാറ്റിമറിച്ച വ്യത്യസ്തമായ അനുഭവങ്ങളാണ്. അതെല്ലാം പില്‍ക്കാലജീവിതത്തില്‍ യതിക്ക് പാഠങ്ങളായി മാറിയതെങ്ങനെയെന്നുള്ളത് വായനക്കാര്‍ക്ക് പ്രചോദനാത്മകമായ അറിവുകളാണ്. അനന്തമായ വായനാലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുകയറ്റിയ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മയിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരെല്ലാം കണ്‍മുന്നില്‍ വന്ന് അണിനിരക്കുന്നത്. സാമ്പത്തികശാസ്ത്രത്തിനു പിന്നിലുള്ള കരാളത പറഞ്ഞുതന്നത് വള്ളത്തോളാണെന്ന് പറയുമ്പോള്‍ ഭാവനയുടേയും സാങ്കല്പികതയുടേയും മാത്രമല്ല സാഹിത്യം തിരിച്ചറിവുകളുടേതു കൂടിയാണെന്ന് യതി ബോധ്യപ്പെടുത്തുന്നു. ബിഷപ്പ് ടെയിലറെക്കുറിച്ചോര്‍ക്കുന്നതൊക്കെ വായനക്കാരനും വലിയ ആശയലോകങ്ങള്‍ തെളിഞ്ഞുകിട്ടുന്ന വഴികളാകുന്നു.
''അറിവുണ്ടെന്നു ചിന്തിച്ചു
ഞെളിയാന്‍ ഭാവമെങ്കിലോ
അതുമറവില്ലായ്മ,
വേറെയില്ലെന്നുമോര്‍ക്കണം.''
'അറിവില്ലായ്മയാണ് ഇടയന്റെ ശാപമെന്നു ധരിക്കണം' എന്ന് പറഞ്ഞ ഷേക്‌സ്പിയറേയും
വിജ്ഞന്മാരഭൃസിക്കുന്നുണ്ട
ജ്ഞരില്‍നിന്നു വേണ്ടപോല്‍ - എന്ന് ചിന്തിച്ച പ്ലേറ്റോയേയുമെല്ലാം യതി കുട്ടിക്കാല വായനയില്‍ തങ്ങിനിന്ന വൈരത്തുള്ളികള്‍പോലെ ഓര്‍ത്തെടുക്കുന്നു. പൗരസ്ത്യരും പാശ്ചാത്യരുമായ ചിന്തകരേയും എഴുത്തുകാരെയും വീട്ടലമാരയില്‍നിന്നും തന്നോട് സ്വകാര്യംപറയുന്ന പ്രിയ മിത്രങ്ങളാക്കുന്നതില്‍ യതി കുട്ടിക്കാലത്ത് ഏറ്റവും സന്തുഷ്ടനായിരുന്നു. ഏകാകിയായ ആ ബാലന് ധൈഷണികലോകം ആശയവൈവിധ്യങ്ങളുടേതായിരുന്നു.
കൗമാരയൗവ്വനങ്ങളുടെ അനുഭവലോകങ്ങള്‍ അനന്യമായ ഒരു ജീവിതത്തിന്റെ നേര്‍രേഖയാണ്. ജീവിതത്തിന്റെ ഒരു കൗമാരക്കാരന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കൃത്യമായ മനഃശാസ്ത്രാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിന് സ്വജീവിതം യതി ഉദാഹരണമാക്കിയെടുക്കുന്നു. സന്ന്യാസത്തിലേക്ക് നടന്നുനീങ്ങാനുള്ള തീരുമാനം കൈക്കൊള്ളുന്ന മുഹൂര്‍ത്തങ്ങള്‍, ബുദ്ധചിന്തകളിലേക്കുള്ള ആകര്‍ഷണം, ഗൗരവമേറിയ വായനകള്‍, ജോലി തേടിയുള്ള യാത്രകള്‍, പട്ടാളക്യാമ്പിലുള്ള ജീവിതം, ഗാന്ധിജിയുമായുള്ള കണ്ടുമുട്ടല്‍, ഡോ. മീസീനെ പരിചയപ്പെടല്‍, ഉപരിപഠനകാലം...തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങള്‍ ഒരു മനുഷ്യായുസ്സിന് ഉള്‍ക്കൊള്ളാവുന്നതിലധികം അറിവുകളും ജീവിതപരിചയവും അദ്ദേഹത്തെ അദ്വതീയനാക്കി.
നടരാജഗുരുവുമായുള്ള പരിചയം, നാരായണദര്‍ശനങ്ങളിലൂടെ ആകര്‍ഷണീയത, പാശ്ചാത്യ-പരസ്ത്യ തത്വചിന്തയിലുള്ള താല്പര്യം എന്നിവ യതിയുടെ വഴിയുറപ്പിച്ചു.
സ്വദേശത്തും വിദേശത്തുമായുള്ള സര്‍വകലാശാലയിലെ അദ്ധ്യാപകനായി പോയപ്പോഴുള്ള വിവിധാനുഭവങ്ങള്‍ വായനക്കാര്‍ക്ക് വിജ്ഞാനവും ആഹ്ലാദവും പകരുന്നതാണ്. ഏത് നാട്ടില്‍ ചെന്നാലും അവിടത്തെ മനുഷ്യരുടെ ഹൃദയങ്ങളിലൂടെയുള്ള സഞ്ചാരം മനഃശാസ്ത്രാവബോധത്തിന്റെ അടിവേരുറപ്പിച്ചു. ലോകം മുഴുവന്‍ സഞ്ചരിച്ച് വായനശാലകളില്‍നിന്നും പുസ്തകലോകത്തുനിന്നും വാരിക്കൂട്ടിയതെല്ലാം നിധിപോലെ യതിയുടെയുള്ളിലും ഫേണ്‍ഹില്‍ ലൈബ്രറിയിലെ അലമാരകളിലും നിറഞ്ഞു.
മഞ്ഞ് പൂക്കുന്ന ഈട്ടിയിലെ ഫേണ്‍ഹില്‍ താഴ്‌വരകളിലൂടെ നടന്ന്, അനേകം മനുഷ്യരുടെ ഹൃദയതോഴനായി ജീവിച്ചപ്പോള്‍ യതി സന്ന്യാസത്തിന്റെ അത്യപൂര്‍വമായ വഴിതെളിയിക്കുകയായിരുന്നു. സാമ്പ്രദായിക സന്ന്യാസപാതയില്‍നിന്നും വ്യതിചലിച്ച് യുക്ത്യാധിഷ്ഠിതമായ സമീപനങ്ങളിലൂടെ തന്റേതായ വഴിയുറപ്പിച്ച യതിക്ക് ലോകം മുഴുവന്‍ ശിഷ്യരുണ്ടായിരുന്നു. അവരെക്കുറിച്ചെല്ലാം ഈ അനുഭവകഥയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മരഹസ്യമെന്ന് പറയുംപോലെ, യതിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവഴികള്‍ പറഞ്ഞുതീര്‍ക്കുക എളുപ്പമല്ല. വായിച്ചു തീരാതെ, പിന്നേയും അറിവിടങ്ങള്‍ ബാക്കിയാക്കിക്കൊണ്ട് ഒരു പുസ്തകം എന്നില്‍ ശേഷിക്കുന്നെങ്കില്‍ അത് മലയാള പഠനഗവേഷണകേന്ദ്രം പുറത്തിറക്കിയ ''യതിചരിത'മാണ് നിരന്തരം വായനക്കാരോട് സംസാരിക്കാന്‍ കഴിയുന്ന ഒരു പുസ്തകത്തെ ഈ വായനക്കാലത്ത് വീണ്ടും കൂട്ടുപിടിക്കുന്നു.
Content Highlights: Reading day 2024 Dr Praseetha Manoj writes Yathicharitham autobiography Guru Nithya Chaithanya Yathi
Published: 20 Jun 2024, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented