ഭൂമിയില്‍ മനുഷ്യന് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് വായന. നല്ല വായനയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും ഓരോ കുട്ടിയുടെയും വ്യക്തിത്വ വികാസത്തില്‍ നിര്‍ണായക പങ്കുവഹിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

To advertise here,

ശാസ്ത്ര പുരോഗതിക്കനുസരിച്ചു പുസ്തകങ്ങളില്‍ നിന്നും വ്യതിചലിച്ച് ഫോണിലേക്കും കംപ്യൂട്ടറിലേക്കും പോയെങ്കിലും പുസ്തകവായനയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല.

വായന കേവലമൊരു വിനോദ ഉപാധിമാത്രമല്ല. കുട്ടികളുടെ ബൗദ്ധിക നിലവാരം (Cognitive Skills) വികസിപ്പിക്കുന്നതിലും വൈകാരിക ബുദ്ധിവികാസത്തിലും (Emotional Intelligence), ജീവിത നൈപുണികള്‍ (Life Skills) വികസിപ്പിക്കുന്നതിലും വായനയുടെ പങ്ക് വളരെ വലുതാണ്.
വായന പ്രധാനമായും കുട്ടികളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഇവയൊക്കെയാണ്:

1. ബൗദ്ധിക നൈപുണികളുടെ വികാസം: (Cognitive Skills): വായന ബൗദ്ധിക വികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രധാനമായും ഭാഷ ഉപയോഗിക്കുന്നതിനുള്ള കഴിവ്, വൊക്കാബുലറി (പദസഞ്ചയം) വികസിപ്പിക്കാന്‍, വിമര്‍ശനാത്മക ചിന്തകള്‍ (Critical Thinking) വികസിപ്പിക്കാന്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

2. വൈകാരിക ബുദ്ധിവികാസത്തിലും വായനയുടെ പങ്ക് ഏറെ വലുതാണ്. നമ്മുടെ വികാരങ്ങള്‍ ഓരോ സാഹചര്യങ്ങള്‍ക്കുമനുസരിച്ച് എങ്ങനെ വളരെ നന്നായി പ്രകടിപ്പിക്കാം എന്നിങ്ങനെയുള്ള അറിവുകളും അനുഭവങ്ങളും നല്ല വായനയിലൂടെ ലഭിക്കുന്നു.

3. ജീവിത നൈപുണികളുടെ വികാസം (Life Skills): ബൗദ്ധിക വൈകാരിക വികാസത്തോടൊപ്പം മാനുഷിക മൂല്യങ്ങളും, സഹാനുഭൂതിയും നേടിയെടുക്കുന്നതിലും ജീവിതത്തില്‍ വന്നുചേരുന്ന വ്യത്യസ്ത സാഹചര്യങ്ങളെ യുക്തസഹചമായി നേരിടുന്നതിലും പുസ്തക വായന ഏറെ സഹായകമാകുന്നുണ്ട്.

4. മാനസിക സമ്മര്‍ദങ്ങളെ നേരിടുന്നതിനും മനസ്സിലെ അനാവശ്യ ചിന്തകളെ മറികടക്കുവാനും മാനസിക സമ്മര്‍ദ്ദം ഒരുപരിധിവരെ കുറയ്ക്കുവാനും   വായനയിലൂടെ സാധിക്കുന്നുണ്ട്.

5. സാമൂഹിക നൈപുണികളുടെ വികാസം (Social Skills Enhancement): വായനശാലകള്‍ സന്ദര്‍ശിക്കുന്നതും പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതും സാമൂഹിക നൈപുണിക വികാസത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

 കുട്ടികളെ ചെറിയ ക്ലാസ്സുമുതല്‍ തന്നെ അവര്‍ക്കു അനുയോജ്യമായ പുസ്തകങ്ങള്‍ നല്‍കി വായനയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അക്ഷരങ്ങളും വാക്കുകളും പഠിച്ചുതുടങ്ങിയ കുട്ടികളോട് പുസ്തകങ്ങള്‍ ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടാം. ഇതിലൂടെ കുട്ടികളുടെ ഉച്ചാരണത്തിലുള്ള പിഴവുകള്‍ തിരുത്തിക്കൊടുക്കാം. അടുത്തതായി എന്നും ഒരു നിശ്ചിത സമയം വീട്ടില്‍ വായനയ്ക്കായി മാറ്റിവെക്കാം. 

അവരുടെ വയസ്സിനും അഭിരുചിക്കുമിണങ്ങിയ പുസ്തകങ്ങള്‍ നല്‍കുക എന്നത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികളോട് ചോദിക്കാം ചെറുചോദ്യങ്ങളുമാകാം. ഇത് കുട്ടികള്‍ വായിച്ച കാര്യങ്ങള്‍ അവര്‍ എത്രത്തോളം മനസിലാക്കി എന്നറിയുവാന്‍ നമ്മെ സഹായിക്കും. 

നന്നായി വായിച്ചുതുടങ്ങിയാല്‍ അവര്‍ക്കു സ്വതന്ത്ര വായനയ്ക്കുള്ള അവസരം നല്‍കാം. കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ കണ്ടെത്തുവാന്‍ അധ്യാപകരുടെയും സഹായം തേടാം. വായനയിലൂടെ നമുക്ക് ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും ഒട്ടും ചെറുതല്ല.