യൂറോ കപ്പിലെ മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ട് ലോകമാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് സ്‌പെയിനിന്റെ ലാമിന്‍ യമാല്‍. വെറും പതിനാറ് വയസ്സുള്ളപ്പോള്‍ ടീമിലെത്തുകയും യൂറോ കപ്പ് പോലൊരു വന്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുറ്റ അടയാളപ്പെടുത്തല്‍ നടത്തുകയും ചെയ്തത് യമാലിന്റെ പ്രതിഭ വിളിച്ചോതുന്നു. സെമി ഫൈനലില്‍ ഗോള്‍ നേടി കരുത്തരായ ഫ്രാന്‍സിനെ തോല്‍പിച്ച് സ്‌പെയിന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമായതോടെ ബാഴ്‌സയുടെ പുതിയ താരോദമായ യമാലിന് ചുറ്റമാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍. പ്രത്യേകിച്ച് മെസിക്കൊപ്പം കുഞ്ഞ് യമാല്‍ ഇരിക്കുന്ന പഴയകാല ചിത്രം കൂടി വന്നതോടെ.
സെമിയിൽ മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിൾ ചെയ്ത് യമാല്‍ നടത്തിയ കുതിപ്പ് ഗോളിലാണ് അവസാനിച്ചത്. ഒരു ഗോള്‍ പിറകില്‍ നിന്നിരുന്ന സ്‌പെയിനെ ഫ്രാന്‍സിനൊപ്പമെത്തിച്ചത് ഈ ഗോളാണ്. അല്‍വാരോ മൊറാട്ട നല്‍കിയ പന്തുമായി മുന്നോട്ടുകയറി ബോക്‌സിന് തൊട്ടുമുന്‍പില്‍നിന്ന് യമാല്‍ തൊടുത്ത ഷോട്ട് ഫ്രഞ്ച് വലയിലേക്ക് തിരിഞ്ഞിറങ്ങി. ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് യമാല്‍ സ്വന്തമാക്കിയത്.ഗോള്‍ നേട്ടത്തോടെ താരം റെക്കോഡും കുറിച്ചു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരേയും യമാൽ ഈ മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ശനിയാഴ്ച 17 വയസ് തികയുന്ന താരത്തിന് മുന്നിൽ ജർമനിയിലെ തൊഴിൽ നിയമം വില്ലനായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തതിനാൽ താരത്തിന് ഫൈനലിൽ മുഴുവൻ സമയവും കളിക്കാൻ സാധിച്ചേക്കില്ല.
ജര്‍മന്‍ തൊഴില്‍ നിയമപ്രകാരം രാത്രി എട്ട് മണിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജോലി ചെയ്യുന്നതില്‍ വിലക്കുണ്ട്. കായികതാരങ്ങള്‍ക്ക് ഇതില്‍ നിന്ന് ഇളവുണ്ടെങ്കിലും അത് രാത്രി 11 മണിവരെ മാത്രമാണ്. നിമയം ലംഘിച്ചാല്‍ വന്‍ പിഴ കൊടുക്കേണ്ടിവരും. ഏകദേശം 30,000 യൂറോയാണ് പിഴ. അതായത് 27 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. യമാലിനെ കൂടുതല്‍ സമയം കളിപ്പിക്കുമ്പോള്‍ സ്‌പെയിനിന് മുന്നിലും ഈ നിയമപ്രശ്‌നമുണ്ടാകും. അതിനാലാണ് താരത്തെ യൂറോ കപ്പ് മത്സരങ്ങളില്‍ നിന്ന് മൂഴുവന്‍ സമയവും കളിപ്പിക്കാതെ നേരത്തേ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലി,അല്‍ബേനിയ ടീമുകള്‍ക്കെതിരേ യമാലിനെ കളത്തില്‍ നിന്ന് നേരത്തേ പിന്‍വലിച്ചിരുന്നു. രണ്ട് മത്സരങ്ങളും രാത്രി 9 മണിക്കാണ് ആരംഭിച്ചത്. സെമിയില്‍ ഫ്രാന്‍സിനെതിരേയും സമാനമായിരുന്നു സ്ഥിതി. അവസാനിമിഷം താരത്തെ കളത്തില്‍ നിന്ന് പരിശീലകന്‍ പിന്‍വലിച്ചു. ഇനി ഫൈനലില്‍ ഇംഗ്ലണ്ടിനേയാണ് സ്‌പെയിനിന് നേരിടാനുള്ളത്. ഫൈനല്‍ ആരംഭിക്കുന്നത് രാത്രി 9 മണിക്കാണ്. മത്സരത്തിന്റെ മുഴുവന്‍ സമയത്തും താരത്തിന് കളിക്കുന്നതില്‍ തടസമുണ്ടാകില്ല. എന്നാല്‍ എക്‌സ്ട്രാടൈമിലേക്ക് മത്സരം നീണ്ടാല്‍ നിയമപ്രശ്‌നം ഉടലെടുത്തേക്കും. തുടര്‍ന്നും കളിപ്പിക്കാനാണ് പരിശീലകന്‍ ലൂയി ഡി ഫ്യൂന്തെ തീരുമാനിക്കുന്നതെങ്കില്‍ പിഴ നല്‍കേണ്ടതായി വന്നേക്കും. തനിക്ക് ജര്‍മനിയിലെ നിയമങ്ങള്‍ അറിയില്ലെന്നും 11 മണിക്ക് മുമ്പ് യമാലിനെ കളത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നുമാണ് ഫ്യൂന്തെ നേരത്തേ ജോര്‍ജിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം പ്രതികരിച്ചത്.
താരത്തിന്റെ പ്രകടനത്തിന് പിന്നാലെ യമാല്‍ ക്ലബിലും ദേശീയ ടീമിലും തുടരുന്ന ഗോളാഘോഷവും ചര്‍ച്ചയാവുകയാണ്. ഒരു കൈയില്‍ മൂന്നും മറുകൈയില്‍ നാലും വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാമാലിന്റെ ഗോളാഘോഷം.ഇടയ്ക്കായി വിരലുകൊണ്ട് ഒരു പൂജ്യവും കാണിക്കും. '304' ഗോളാഘോഷം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. യമാല്‍ വളര്‍ന്ന വീടിനടുത്തുള്ള സ്ഥലമായ റോക്കഫോണ്ടയിലെ പോസ്റ്റല്‍ കോഡാണിത്. കാറ്റലോണിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് റോക്കഫോണ്ട.
ഫുട്‌ബോളിന്റെ അത്യുന്നത പദവിയിലെത്തിയിട്ടും അതിദരിദ്രമായ തന്റെ നാടിനെ നെഞ്ചോട് ചേര്‍ത്താണ് താരം തന്റെ ആഘോഷ നിമിഷങ്ങള്‍ നിറമുള്ളതാക്കുന്നത്. ചെറുപ്പത്തില്‍ ബൂട്ട് വാങ്ങാനോ ട്രയലുകളില്‍ പങ്കെടുപ്പിക്കാനോ അച്ഛന്റെ കൈയില്‍ പണമില്ലായിരുന്നു. ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും കടം വാങ്ങിയാണ് അദ്ദേഹം യമാലിലെ 'ഫുട്‌ബോള്‍' വളര്‍ത്തിയത്. കയ്പും കണ്ണീരും നിറഞ്ഞ ആ ദാരിദ്ര്യത്തിന്റെ അനുഭവങ്ങള്‍ക്കൂടി ഉള്‍ക്കൊള്ളുന്ന ഉടലാഘോഷമാണ് '304'
യമാല്‍ 2013 മുതല്‍ ബാഴ്‌സലോണയിലുണ്ട്. 2023-24 സീസണിലാണ് ബാഴ്‌സയുടെ പ്രധാന ടീമിലെത്തുന്നത്. 2023 ഓഗസ്റ്റിലാണ് തുടക്കം. ബാഴ്‌സയുടെ ഡിവിഷന്‍ ക്ലബുകളിലെ മികച്ച പ്രകടനംവഴിയാണ് താരം സീനിയര്‍ ടീമിലെത്തുന്നത്. ബാഴ്‌സയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം, സ്‌പെയിനിലും അതേ നിലവാരമുള്ള പ്രകടനം നടത്തുന്നു. രണ്ട് ടീമിനുവേണ്ടിയും കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
Content Highlights: Lamine Yamal breaking Germanys labour laws
Published: 11 Jul 2024, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented