യൂറോകപ്പില്‍ ഗാരെത് സൗത്ത്ഗേറ്റിനോളം വിമര്‍ശനമേറ്റുവാങ്ങിയ പരിശീലകനുണ്ടാകില്ല. താരനിബിഡമായ ഇംഗ്ലണ്ട് ടീമില്‍നിന്ന് ആകര്‍ഷമായ കളിയോ ആധികാരികജയമോ ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരുന്നത്. എന്നാല്‍, ടീമിനെ ഫൈനലിലേക്ക് നയിച്ച് സൗത്ത്ഗേറ്റ് വിമര്‍ശകരുടെ വായടപ്പിച്ചു. ഇനി മോഹം കിരീടധാരണമാണ്. 2020-ല്‍ വഴുതിമാറിയ കിരീടത്തില്‍ മുത്തമിട്ടാല്‍ അത് ചരിത്രസംഭവമാകും. ടീമിനെ ഫൈനലിലെത്തിച്ചതോടെ അടുത്ത ലോകകപ്പുവരെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

To advertise here,

കളിക്കുന്നകാലത്ത് ലെഫ്റ്റ്ബാക്കിയിരുന്നെങ്കിലും ഒരിക്കലും സ്പാനിഷ് ടീമില്‍ കളിക്കാന്‍ ലൂയിസ് ഡെലാ ഫുഎന്‍ഡെയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സ്പെയിനിന്റെ ഒളിമ്പിക്സ് ടീമില്‍ ഒരു മത്സരം കളിച്ചു. എന്നാല്‍, കളിക്കാരനെന്നനിലയില്‍ ഉണ്ടാക്കിയതിനെക്കാള്‍ പ്രശസ്തിയാണ് ഫുഎന്‍ഡെയ്ക്ക് പരിശീലകനെന്നനിലയില്‍ ലഭിക്കുന്നത്. അതിനുകാരണം സ്പെയിനിന്റെ പ്രകടനംതന്നെ. യൂറോകപ്പില്‍ ആകര്‍ഷകമായും വിജയതൃഷ്ണയോടെയും കളിച്ച ടീം സ്പെയിനാണ്. ബോറടിപ്പിക്കുന്ന പാസിങ് ഗെയിം മാറ്റി മനോഹരമായ ആക്രമണഗെയിം കളിക്കുന്ന ടീമായി ഫുഎന്‍ഡെയുടെ സ്പെയിന്‍. 2022-23ല്‍ നേഷന്‍സ് ലീഗ് കിരീടം ഫുഎന്‍ഡെയുടെ കീഴില്‍ ടീം നേടിയിട്ടുണ്ട്.