ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഗരേത് സൗത്ത്‌ഗേറ്റ്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എട്ട് വര്‍ഷം നീണ്ട ഇംഗ്ലണ്ട് കോച്ചിങ് കരിയറില്‍ 102 മത്സരങ്ങളിലാണ് ടീമിനെ നയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും വിജയിക്കാനായില്ല. 2018 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലിലുമെത്തിച്ചിരുന്നു. 

To advertise here,

'ഇംഗ്ലണ്ട് ടീമില്‍ കളിക്കാനും ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്. എനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തു. ഇത് മാറ്റത്തിനും പുതിയ ഒരധ്യാത്തിനുമുള്ള സമയമാണ്. ബര്‍ലിനില്‍ ഞായറാഴ്ച സ്‌പെയിനിനെതിരേ നടന്ന ഫൈനല്‍ മാനേജരായുള്ള എന്റെ ഫൈനല്‍ മത്സരമായിരുന്നു'- 53-കാരനായ സൗത്ത്‌ഗേറ്റ് പറഞ്ഞു. 

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിക്കൊടുക്കുകയും പ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിനെ മികച്ച നിലയിലെത്തിക്കുകയും ചെയ്ത പരിശീലകനാണ് സൗത്ത്‌ഗേറ്റ്. 2021 യൂറോകപ്പ് ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം അവസാനിച്ച യൂറോ കപ്പിലും ടീമിനെ ഫൈനല്‍ വരെ വിജയകരമായി മുന്നോട്ടുനയിച്ചു. 2018 ലോകകപ്പ് സെമി ഫൈനലില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായി. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് തകര്‍ന്നും പുറത്തായി. 

താരനിബിഡമായ ഇംഗ്ലണ്ട് ടീമില്‍നിന്ന് ആകര്‍ഷകമായ കളിയായിരുന്നില്ല യൂറോകപ്പില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് സൗത്ത്‌ഗേറ്റിനെതിരേ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ടീമിനെ ഫൈനലിലെത്തിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു. പക്ഷേ, 2020-ല്‍ വഴുതിമാറിയ യൂറോ കിരീടത്തില്‍ മുത്തമിടാന്‍ ഇത്തവണയും ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. 2026 ലോകകപ്പുവരെ ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം രാജി അറിയിക്കുകയായിരുന്നു.