ഓരോ അധ്യയന വര്‍ഷവും ഉത്തരവാദിത്വപൂര്‍ണ്ണമായ അധ്യാപനത്തിന്റെ അവശേഷിപ്പുകള്‍ സമ്മാനിച്ചുകൊണ്ട് കടന്നു പോകുകയാണ്. സ്‌നേഹിച്ചാല്‍ ചങ്കുപറിച്ചുതരുന്ന ശിഷ്യരേക്കാള്‍, ഒരധ്യാപകന് കിട്ടാവുന്ന ഗുരുദക്ഷിണ മറ്റെന്താണ്? അധ്യാപന കാലയളവിലൊക്കെ പ്രിയ ശിഷ്യഗണത്തിന്റെ കരുതലും സ്‌നേഹവും ആവോളം അനുഭവിക്കാനിടയേകിയതു തന്നെയാണ്, അധ്യാപക ജീവിതത്തിലെ എക്കാലത്തേയും മുതല്‍കൂട്ട്. അതില്‍ തന്നെ ബിരുദ വിദ്യാര്‍ത്ഥികളുടെ ചുമതലയുണ്ടായിരുന്ന മൂന്നു വര്‍ഷക്കാലം, വ്യക്തിപരമായി എന്റെ അധ്യാപക ജീവിതത്തിലെ സുവര്‍ണ്ണകാലം കൂടിയായിരുന്നു. 2017-20 കാലഘട്ടത്തിലെ എനിക്കു ചുമതലയുണ്ടായിരുന്ന എന്റെ ഫിസിക്‌സ് ബാച്ചെന്നു വെച്ചാല്‍ എന്റെ ജീവന്‍ തന്നെയായിരുന്നു. ഭൂരിഭാഗം കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചതുകൊണ്ടുതന്നെ, ഒരധ്യാപകന്‍ എന്നതിനപ്പുറത്ത്, കുടുംബാംഗമെന്ന നിലയില്‍ കൂടിയുള്ള പരിഗണന അവരെനിക്കു നല്‍കുന്നുണ്ടെന്നത്, എന്നെ സംബന്ധിച്ചിടത്തോളം അധികോര്‍ജ്ജം കൂടിയാണ്. അവരുമായുള്ള ചങ്ങാത്തത്തിലൂടെ, എന്നിലെ കുട്ടിത്തത്തേയും യുവത്വത്തേയും വീണ്ടും ആസ്വദിക്കാനായിയെന്നതില്‍ ഒട്ടും അതിശയോക്തിയില്ല താനും. സ്വന്തം വിഷയം പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളല്ലെങ്കില്‍ കൂടി, ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളുമായുള്ള ബന്ധവും അധ്യാപനത്തിലെ വിസ്മരിക്കാനാകാത്ത ഏടുകള്‍ തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
2016 ഫെബ്രുവരി - 'മാഷേ, ഒരു 850 രൂപ കടം തരുമോ...'
2016 ഫെബ്രുവരിയിലെ ഒരു ദിവസം, രാവിലെയുള്ള ഇന്റര്‍വെല്‍ സമയത്ത്, ഞാന്‍ പഠിപ്പിക്കുന്ന തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിന്റെ അക്കാദമിക് ബ്ലോക്കില്‍ നിന്ന് ഓഫീസിലേയ്ക്കുള്ള യാത്രയില്‍ ഇരുപതിനോടടുത്ത് പ്രായമുള്ള അത്യാവശ്യം നല്ല നിലവാരമുള്ള വസ്ത്രം ധരിച്ച ഊശാന്‍ താടിക്കാരന്‍ എന്നോട് ചോദിച്ചതാണിത്. ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയല്ലെങ്കിലും കോളേജില്‍ എവിടെയൊക്കെയോ കണ്ടിട്ടുള്ള പരിചിത മുഖം. പിള്ളേരു കളിയുടെ ഭാഗമായി ഇത്തരം സാഹചര്യങ്ങള്‍ കോളേജില്‍ പരിചിതമായതുകൊണ്ടുതന്നെ അയാളുടെ അപേക്ഷ അത്ര തന്നെ മുഖ വിലക്കെടുക്കാതെ, 'എന്തിനാടോ ഇത്രേം സംഖ്യ 'യെന്ന് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞ് ഞാനൊഴിഞ്ഞു മാറാന്‍ ശ്രമിച്ചു. പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ഈറനണിഞ്ഞു നില്‍ക്കുന്ന അവന്റെ മുഖം എന്നെ അസ്വസ്ഥനാക്കിയതുകൊണ്ട്, അവനെ തിരികെ വിളിച്ച് , ഞാന്‍ അക്കാദമിക് ബ്ലോക്കിനു പുറത്ത് റോഡരികിലെ തണലിലേയ്ക്ക് മാറ്റി നിറുത്തി പൈസ ചോദിച്ചതിന്റെ കാരണമന്വേഷിച്ചു. 'അമ്മയുടെ കാലൊടിഞ്ഞു മാഷേ, ജില്ലാശുപത്രിയിലുണ്ട്. ബില്ലടക്കാനാ..' കണ്ണീരിനിടയിലൂടെ അവനിതു പറഞ്ഞപ്പോള്‍ 850 രൂപ ബില്ലടക്കാനില്ലാത്ത ഒരു കുടുംബത്തിന്റെ പ്രതിനിധിയായിട്ടയാളെ എനിക്കു സങ്കല്‍പ്പിക്കാനാകാത്തതുകൊണ്ടാവണം, ഞാന്‍ തെല്ലൊന്നുമടിച്ചു. അയാള്‍ പറയുന്നതു നുണയല്ലെന്ന് സ്വയം വിശ്വസിപ്പിച്ച് കയ്യിലുണ്ടായിരുന്ന 400/- രൂപയ്ക്ക് പുറമെ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്ന് സഹപ്രവര്‍ത്തകയായ പ്രഫ.നീസിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 500/- രൂപയും ചേര്‍ത്ത് 900/- രൂപ നല്‍കിയപ്പോള്‍ 'നന്ദി മാഷേ, ഞാന്‍ തരാട്ടാ.... ' എന്നു പറഞ്ഞയാള്‍ കണ്‍മുന്നിലൂടെ ഓടിയകന്നു.
അപ്പോഴും സംശയത്തിന്റെ നിഴലിലായിരുന്ന ഞാന്‍, ഇക്കാര്യത്തിലെ വസ്തുതയറിയാന്‍ അന്നുച്ചയ്ക്കുള്ള ഇന്റര്‍വെല്‍ സമയത്ത്, കലാലയ മതിലിനോട് ചേര്‍ന്നു കിടക്കുന്ന തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിനു മുന്‍വശത്ത്, പ്ലാസ്റ്ററിട്ട കാലുമായി വീല്‍ചെയറിലിരിക്കുന്ന ആ അമ്മയുടെ കൂടെ അയാളുമുണ്ടായിരുന്നു.' ഈ മാഷാ എനിയ്ക്കു പൈസ കടം തന്നേ..''യെന്ന് അയാള്‍ എന്റെ മുഖത്തു നോക്കി പറഞ്ഞപ്പോള്‍ സത്യത്തില്‍ അവനെ ആ നിമിഷം വരെ സംശയിച്ച എനിക്കു തോന്നിയത്, അന്നേ വരെയനുഭവിച്ചിട്ടില്ലാത്ത ഒരു തരം ജാള്യതയായിരുന്നു.'മാഷേ, നാളെ കൊടുത്തയക്കാട്ടാ... ' യെന്ന് കൂടി ആ അമ്മ പറഞ്ഞപ്പോള്‍ എന്നിലെ സ്വത്വബോധം തണുത്തുറഞ്ഞില്ലാതായിപോകുന്നതു പോലെ തോന്നി. അതിനു മറുപടിയായി, 'പൈസയുടെ കാര്യമൊക്കെയവിടെയിരിക്കട്ടെ, നിങ്ങളുടെ അസുഖം പെട്ടന്നു മാറട്ടെ ' യെന്നു പറഞ്ഞ് 'ഇനി പൈസക്കെന്തെങ്കിലും അത്യാവശ്യമുണ്ടോ ' യെന്ന് ചോദിച്ച് 'ഇല്ല ' യെന്നയയാളുടെ മറുപടിക്കു ശേഷം അയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ അവിടെ നിന്നു ഒരു കണക്കിനു തടിതപ്പി.
ഉച്ചതിരിഞ്ഞ് ക്ലാസ്സിനു ശേഷം ഫോണില്‍ വിളിച്ച് അവന്റെ വീടു തപ്പി ഞാനിറങ്ങി. വീട്ടിലേയ്ക്കുള്ള എന്റെ വരവിനെ അയാള്‍ തീരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയയാള്‍ ഒടുവില്‍ സമ്മതിച്ചു. അന്വേഷിച്ചന്വേഷിച്ച്, നഗരപരിധിക്കു പുറത്ത്, റെയില്‍വേ ട്രാക്കിനടുത്തെ ഒരു ചേരിയിലാണ് (സ്ഥലം ഇവിടെ സൂചിപ്പിക്കുന്നില്ല) ഞാനെത്തിപ്പെട്ടത്. റെയില്‍വേയുടെ മതിലിനോട് ചേര്‍ന്ന് ഷീറ്റിട്ട്, ഷീറ്റുകൊണ്ട് തന്നെ മറച്ചിരിക്കുന്ന ഒറ്റമുറി വീട്.അടുക്കളയും കിടപ്പുമുറിയും ശുചി മുറിയുമൊക്കെ ഇതിനുള്ളില്‍ തന്നെ. ' ഇവിടെ പരസ്യം അരുത് ' എന്നെഴുതിയിരിക്കുന്ന റെയില്‍വേ മതിലിനോട് ചേര്‍ന്ന്, പായയില്‍ ഒടിഞ്ഞ കാല്‍ തലയിണക്കു മുകളില്‍ വെച്ച് ആ അമ്മ കിടപ്പുണ്ട്. ശരിക്കും കണ്ണീരലിയിക്കുന്നതും ഒപ്പം വേദനിക്കുന്നതുമായ കാഴ്ച. മകന്‍ തന്നെ കൂട്ടി നീട്ടിയ കട്ടന്‍ ചായ കുടിക്കുന്നതിനിടെ, വളരെ സങ്കടത്തോടെ അവര്‍ പറഞ്ഞു, 'രാവിലെ തൊഴിലുറപ്പിനിറങ്ങിയതാ മാഷേ, പോകുന്ന വഴി കാനയുടെ സ്ലാബില്‍ തട്ടി കാല്‍ തെന്നി വീണു. കണ്ണിയിലെ എല്ലുപൊട്ടി. എന്താ ചെയ്യാ ..വിധി, എപ്പോഴും ഞങ്ങള്‍ക്കിങ്ങനെയാ.. ' അവരുടെ ഭര്‍ത്താവ് മകന് ഒരു വയസ്സുള്ളപ്പോള്‍ രാവിലെയൊരു ദിവസം പണിയ്ക്കു പോയി,പിന്നീട് തിരികെ വന്നില്ലത്രേ. 'അവനും സഹായിക്കുന്നുണ്ട് മാഷേ. വൈന്നാരം (വൈകുന്നേരം) തൃശ്ശൂരിലെ കടയില്‍ നില്‍ക്കുന്നുണ്ട്.പഞ്ചായത്തില്‍ നിന്ന് പറമ്പിനും വീടിനും പാസ്സായിട്ടുണ്ട്. അതു പണിത് ഇവനൊരു ജോലി കൂടിയായാല്‍ എനിക്കു സമാധാനായി. ' ഒരമ്മയുടെ മകന്റെ ഭാവിയെ സംബന്ധിച്ച ചെറുതും ഒപ്പം പ്രതീക്ഷയോടു കൂടിയതുമായ സ്വപ്നം. ഒരു കാര്യം കൂടി ആ അമ്മ പറഞ്ഞു, ' കോളേജില്‍ നിന്നുള്ള അവസാന കൊല്ല കുട്ടികളുടെ ടൂറിനു, അവനെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പറഞ്ഞയക്കാന്‍ സാധിച്ചില്ല മാഷേ.. അവനും വെഷ്മായി;എനിക്കും വെഷ്മായി .' ഇതു കൂടി ആ അമ്മയില്‍ നിന്നും കേട്ടപ്പോള്‍ ശരിക്കും കുറ്റബോധം തോന്നി.
കാമ്പസുകളിലെ വിദ്യാര്‍ത്ഥികളില്‍ സര്‍വ്വസാധാരണക്കാരും പാവപ്പെട്ടവരുമായ ചുരുക്കമെങ്കിലും വിദ്യാര്‍ത്ഥികളുണ്ടെന്നത്, 2016ലെ ഈ സംഭവത്തോടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി.ഇത്തരമൊരു സാഹചര്യം സാധാരണ ഒരു കുടുംബത്തില്‍ രൂപപ്പെടുമെന്നുള്ളത്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയുടെയും ഒപ്പം കൃഷിക്കാരന്റേയും മകനായ എന്നെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ ബോധ്യമുള്ള കാര്യവുമായിരുന്നു. മുകളില്‍ സൂചിപ്പിച്ച കുടുംബസാഹചര്യമുള്ള പല വിദ്യാര്‍ത്ഥികളും നമ്മുടെ കൂട്ടത്തിലുണ്ടെന്നതും പഠനത്തിനാവശ്യമായ പണം ടൗണില്‍ രാത്രി ഓട്ടോറിക്ഷയോടിപ്പിച്ചും മൊബൈല്‍ കടകളിലും തുണിക്കടകളിലും ബേക്കറികളിലും നിന്നും കാറ്ററിങ്ങിന് സഹായിച്ചും സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുണ്ടെന്നതും നാമറിയേണ്ട വസ്തുത തന്നെയാണ്. .
ഈ സംഭവം നടന്നതിന്റെ പിറ്റേ ദിവസം, ഇക്കാര്യം എന്നില്‍ നിന്നറിഞ്ഞ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വാഗ്ദാനം ചെയ്ത 10,000/- രൂപയുമായി ഞാനയാളെ വീണ്ടും സമീപിച്ചു. ആ തുക വാങ്ങാന്‍ കൂട്ടാക്കാതെ ഒഴിഞ്ഞു മാറുന്നതിനിടയില്‍ പറഞ്ഞ 'ആരുടേയും ഔദാര്യം ഇക്കാലമത്രയും ഉണ്ടായില്ല മാഷേ, അതോണ്ട് വേണ്ട. മാഷ് തന്ന പൈസ തിരികെ തരാന്‍ ഒരാഴ്ച കൂടി അവധി തന്നാല്‍ മതി'യെന്ന വാക്കുകളുടെ അനുരണനങ്ങള്‍ എന്റെ ചെവിയില്‍ നിന്നും ഇപ്പോഴും മാറിയിട്ടില്ല. അതായത് അവനവന്റെ വീടുകളിലെ ബുദ്ധിമുട്ടുകള്‍ വേറെയാരും അറിയേണ്ടതില്ലെന്ന പഴയ തലമുറയുടെ വികാരം പേറുന്ന പുതു തലമുറക്കാരുമുണ്ടെന്നു ചുരുക്കം. ഞാന്‍ 500/- രൂപ കടം മേടിച്ച നീസ് ടീച്ചര്‍ ഈ വിവരങ്ങളറിഞ്ഞപ്പോള്‍, ഞാന്‍ തിരികെ നല്‍കാന്‍ ശ്രമിച്ച 500/- രൂപ മടക്കി വാങ്ങിയില്ല. അവന്റെ ആ അവസ്ഥയില്‍ ആവശ്യപ്പെട്ടത് ഞാന്‍ കൊടുത്തെങ്കിലും കൊടുത്ത സംഖ്യ കുറവായിപ്പോയിയെന്ന കുറ്റബോധം ശരിയ്ക്കുമെന്നെ അലട്ടിയിരുന്നു.
രണ്ട് - മൂന്ന് ആഴ്ചകള്‍ക്കുശേഷം അയാള്‍ ആ സംഖ്യ തിരികെ തരാന്‍ ഡിപ്പാര്‍ട്ടുമെന്റിലെത്തി. എനിക്കെന്തോ അന്നത്, വാങ്ങാന്‍ തോന്നിയില്ല. അവന്റെ നിര്‍ബന്ധം സഹിയ്ക്കാതെ വന്നപ്പോള്‍ ഞാന്‍ തന്നത് കടമായിട്ടാണെന്നും, നിനക്കു ജോലി കിട്ടുമ്പോള്‍ പലിശ ചേര്‍ത്തു തന്നാല്‍ മതിയെന്നും തമാശ രൂപേണ പറഞ്ഞ് അവനെ തിരിച്ചയച്ചു.
2020 ഡിസംബര്‍: 'മാഷേ, ചാരിറ്റിയാവശ്യങ്ങള്‍ക്ക് സഹായമാവശ്യമുണ്ടെങ്കില്‍ പറയണേ...'
സംഭവം നടന്ന 2016 നു ശേഷം നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും വല്ലപ്പോഴും ഫേസ് ബുക്കിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ഡിഗ്രിയ്ക്കു ശേഷം MBA യ്ക്ക് ചേര്‍ന്നതും പിന്നീട് ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച് 2018ല്‍ ഗള്‍ഫില്‍ പോയതും വരെയുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നു. പിന്നിട് വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല.
പിന്നീട് ആളെ കണ്ടത്, 2020ലെ ക്രിസ്തുമസ് വെക്കേഷനിലാണ്. ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച്, കാണാനാഗ്രഹം പ്രകടിപ്പിച്ച് എന്നെ വിളിച്ചിരുന്നു. ഞങ്ങള്‍ വീണ്ടും കണ്ടു; തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച്. കാപ്പി ചര്‍ച്ചയ്ക്കിടയില്‍, ഗള്‍ഫിലെ ബ്രിട്ടീഷ് കമ്പനിയിലെ ഉദ്യോഗത്തെപ്പറ്റിയും മറ്റൊരിടത്ത് സ്ഥലം വാങ്ങി, വീടു പണി പൂര്‍ത്തിയാക്കിയതും അമ്മയെ ഗള്‍ഫില്‍ കൊണ്ടുപോയ വിശേഷവുമൊക്കെ ആത്മനിര്‍വൃതിയോടെ വിശദമായി തന്നെപ്പറഞ്ഞു. പൂരപ്പറമ്പിലെ സവാരിയ്ക്കിടെ ഒരു കവറെടുത്തു നേരെ നീട്ടി. എന്താണെന്നു ചോദിച്ചപ്പോള്‍ 'അന്നു കടം വാങ്ങിയ സംഖ്യ, പലിശ സഹിതം ' എന്നു ചെറു ചിരിയോടെ പറഞ്ഞു. നിരസിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല; നിര്‍ബന്ധബുദ്ധിയോടെ എന്റെ പോക്കറ്റില്‍ അവന്‍ ആ കവര്‍ തിരുകി വെച്ചു. മറ്റൊന്നും പറയാനിടം കൊടുക്കാതെ അവനെയും ബൈക്കില്‍ കയറ്റി, ടൗണിനോട് ചേര്‍ന്നു തന്നെയുള്ള ഒരഗതിമന്ദിരത്തില്‍ ചെന്ന്, ആ സംഖ്യ അയാളുടെ പേരില്‍ തന്നെ സംഭാവന നല്‍കി. രസീതി കണ്ടപ്പോള്‍, വലിയ സന്തോഷം തോന്നി. 900/- രൂപ വെറും മൂന്നു വര്‍ഷം കൊണ്ട്, 10,000/- രൂപയായി മാറിയിരിക്കുന്നു. വലിയ താത്പര്യത്തോടെയല്ലാതെ ചെയ്ത ഒരു ചെറിയ കാര്യത്തിന് മൂന്നുവര്‍ഷത്തിനിപ്പുറം കിട്ടിയ വാക്കുകള്‍ക്കപ്പുറത്തെ വലിയ സംതൃപ്തി. ഇനിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാവശ്യമുണ്ടെങ്കില്‍ പറയണേയെന്ന അവന്റെ വാക്കുകള്‍ നന്മ ചെയ്യാനുള്ള ബാധ്യതയായി എന്നിലശേഷിക്കുന്നുണ്ട്.
ഇവിടെ അയാള്‍ വലിയൊരു പ്രതീകമാണ്. പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ജ്വലിയ്ക്കുന്ന പ്രതീകം. സ്വതവേ പരാതിക്കാരും പരിവേദനക്കാരുമായ നമ്മള്‍ മലയാളികള്‍ക്കിടയിടയിലെ പ്രത്യാശയുടെ പുതുനാമ്പ്. സമൂഹത്തിലെ പണമുള്ളവര്‍ക്കു മാത്രമാണ് ദൈവാനുഗ്രഹമുള്ളതെന്നു വിവക്ഷിക്കുന്ന ചെറു ന്യൂനപക്ഷത്തിനൊരു എതിര്‍ സാക്ഷ്യം; 'ദൈവവാനുഗ്രഹമെന്നത് പണമുണ്ടാകുക എന്ന ഭൗതികമായ അവസ്ഥയല്ലെന്നും താനായിരിക്കുന്ന അവസ്ഥയെ വിധിയെന്നു പഴിയ്ക്കാതെ നന്മയിലേയ്ക്കുള്ള വാതിലെന്നു കരുതി, ആ സാഹചര്യങ്ങളോടു പരാതികളില്ലാതെ പൊരുതി മുന്നേറാനുള്ള കഴിവുമാണെന്നത് ജീവിച്ചു കാണിയ്ക്കുന്നവര്‍. ദാരിദ്ര്യത്തിലും തനതു അവസ്ഥയിലും പരിതപിക്കാതെ, ആ സാഹചര്യത്തെ ക്രിയാത്മകമായി നേരിട്ട്, തരണം ചെയ്യാന്‍ ആര്‍ജ്ജവം കാണിക്കുന്നവര്‍...
അധ്യാപക ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്
ഓരോ അധ്യാപക ദിനങ്ങളും ഓരോ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. വര്‍ണ്ണശബളമായ വസ്ത്രങ്ങളില്‍ വിഹരിക്കുന്നവര്‍ക്കപ്പുറത്ത് സാധാരണക്കാരും അന്നന്നത്തെ അന്നത്തിനും അവനവന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി പഠനത്തോടൊപ്പം മെഡിക്കല്‍ സ്റ്റോറുകളിലും വസ്ത്ര വ്യാപാരശാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കാറ്ററ്റിംഗ് യൂണിറ്റുകളിലും ജോലി ചെയ്യുന്നവരുമുണ്ടെന്ന , ഓട്ടോയോടിപ്പിച്ചു പഠിക്കുന്നവരും ഒഴിവു സമയങ്ങളില്‍ ഫ്രീലാന്‍സ് ഡ്രൈവര്‍മാരായി പോകുന്ന വിദ്യാര്‍ത്ഥികളുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. കാമ്പസുകളിലെ ആഘോഷങ്ങളില്‍ അസാധാരണമായി അഭിരമിക്കാതെ, പരിമിതമായ സാമ്പത്തിക ചുറ്റുപാടുകളില്‍ വളരുന്നവരും അതു പുറത്തു കാട്ടാതെ ജീവിക്കുന്നവരുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടാകേണ്ടതാണ്.
അധ്യാപനമെന്ന ഒരു ജോലിയെന്നതിനപ്പുറം, വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ കൂടിയായ നമ്മുടെ സഹജീവികളുടെ പ്രശ്‌നങ്ങള്‍ കാണാനും മനസ്സിലാക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും, ബുദ്ധിമുട്ടുകളില്‍ കൈത്താങ്ങാകാനും നമുക്കു സാധിക്കുമ്പോഴാണ് നമ്മുടെ ജന്മംകൊണ്ട് പുണ്യമുണ്ടാകുക. അങ്ങനെ സാമൂഹ്യാവബോധത്തോടെയുള്ള നന്‍മകള്‍ നമ്മില്‍ നിന്നും ഉണ്ടാകട്ടെയെന്നാശംസയോടെ,
(തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ അസി. പ്രഫസര്‍ ആണ് ലേഖകന്‍)
Content Highlights: teachers day 2023- experience by daison panengadan
Published: 05 Sept 2023, 12:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented