യഥാര്‍ത്ഥത്തില്‍ അധ്യാപക ജീവിതം സംഭവബഹുലം തന്നെയാണ്. ഓരോ ദിവസവും നമുക്ക് കിട്ടുന്നത് ഓരോ തരം ഓര്‍മ്മകളാണ്. ആ ഓര്‍മകള്‍ പുതുമയേറിയതാവാം ചിലപ്പോള്‍ സങ്കടമോ സന്തോഷമോ നിരാശയോ അഭിമാനിക്കാവുന്നതോ ആവാം. സ്‌കൂള്‍ കവാടത്തിലെത്തുമ്പോള്‍ മുതല്‍ വേറൊരു ലോകത്താണ് നമ്മള്‍. കുട്ടികളുടെ പഠനത്തിലുപരി അവരുടെ കളിയിലും ചിരിയിലും കലാപരിപാടിയിലും അടിപിടിയിലും എന്നുവേണ്ട എല്ലാ കാര്യങ്ങളിലും നാം ഒരുപോലെ ശ്രദ്ധ കൊടുക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അവരുടെ അഭിരുചികളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. ചില കുട്ടികളുടെ കുസൃതികള്‍ ഓര്‍മ്മക്കുറിപ്പിലെ പ്രധാന ഭാഗങ്ങളാകുന്നു. 

To advertise here,

placeholder
കഴിഞ്ഞ വര്‍ഷത്തെ ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. 14 വര്‍ഷമായി സ്വകാര്യസ്‌കൂളില്‍ ഒന്നാം ക്ലാസ് അധ്യാപികയാണ് ഞാന്‍. സാധാരണ സ്‌കൂള്‍ തുറന്നാല്‍ കുറച്ചുദിവസം കുട്ടികളുടെ കരച്ചില്‍ പതിവാണ്. അച്ഛനമ്മമാര്‍ മക്കളെ സ്‌കൂളില്‍ കൊണ്ടാക്കി തിരിച്ചുപോകും. കുറച്ചുനേരത്തിനുശേഷം അവര്‍ ശാന്തരാകും. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം എനിക്കുണ്ടായി. അച്ഛന്‍ തന്റെ മകനെ ക്ലാസിലാക്കി തിരിച്ചു പോയപ്പോള്‍ കുട്ടി ഉറക്കെ കരയുകയായിരുന്നു. ഞാന്‍ നിര്‍ബന്ധപൂര്‍വ്വം അവനെ ക്ലാസ്സിലേക്ക് ആക്കി. അവന്‍ എന്നില്‍ നിന്നും കുതറിയോടാന്‍ ശ്രമിച്ചു. പിന്നീട് അവന്‍ കരയുന്നതിനിടയിലൂടെ എന്നെ ഇറുക്കി പിടിച്ചുകൊണ്ട് ചോദിച്ചു 'ഒരു ഉമ്മ തരുമോ' എന്ന്. അപ്പോള്‍ ഞാന്‍ അവന് ഒരുമ്മ കൊടുത്തു. ആ നിമിഷം തന്നെ അവന്‍ ആവേശത്തോടെ എന്റെ മുഖത്ത് പത്തോളം ഉമ്മകള്‍ തന്നു. ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. അവിശ്വസനീയമായ നിമിഷമായിരുന്നു അത്. 

കുഞ്ഞുമനസ്സുകളുടെ നിഷ്‌കളങ്കതയ്ക്ക് മുന്നില്‍ എന്തു പറയണമെന്നും എന്ത് ചിന്തിക്കണമെന്നും അറിയാതെ പകച്ചു നിന്നുപോയി. അപ്പോഴേക്കും ആ കുട്ടിയുടെ ശരീരം വിയര്‍ത്തു തണുത്തിരുന്നു. ഞാന്‍ അവനെ എടുത്ത് എന്റെ മടിയില്‍ വച്ചുകൊണ്ട് ആശ്വാസവാക്കുകള്‍ നല്‍കുകയും ഇനി ക്ലാസ്സില്‍ വരുമ്പോള്‍ കരയാതെ ചിരിച്ചുകൊണ്ട് വരണം എന്നും പറഞ്ഞു. അന്നുമുതല്‍ അവന്‍ ഇന്നും ചിരിച്ചുകൊണ്ട് മിടുക്കനായി തന്നെ ക്ലാസില്‍ വരുന്നുണ്ട്. 

അധ്യാപകരുടെ അകമഴിഞ്ഞ സാമീപ്യത്താല്‍ നിഷ്‌കളങ്ക മനസ്സുകളെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. 
           'വെളിച്ചമേകും ഭൂമിക്ക് സൂര്യനെന്നാല്‍ 
            വെളിച്ചമേകും മര്‍ത്ത്യന് ഗുരുവെന്നല്ലോ...'
മനുഷ്യന് വെളിച്ചമേകുന്ന ഗുരുവിനെ നമ്മള്‍ ഒരിക്കലും മറക്കുവാന്‍ പാടില്ല. ഗുരുശിഷ്യബന്ധം എന്നും പവിത്രമായി ഇരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് ഏവര്‍ക്കും എന്റെ അധ്യാപക ദിനാശംസകള്‍.