കോഴിക്കോട്: ഫുട്ബോളിനെ എന്നും ഹൃദയപൂർവ്വം സ്വീകരിച്ച നഗരത്തിൽ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ആവേശകരമായ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് സംഗീതസദ്യയും വിളമ്പിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. ആദ്യസീസണിലെ ശക്തർ രണ്ടാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾത്തന്നെ കാണികളിൽ ആകാംക്ഷയായിരുന്നു. കോഴിക്കോടിന്റെ സ്വന്തം കാലിക്കറ്റ് എഫ്‌സിയുടെ വിജയം ആഘോഷിച്ചാണ് 29,000 -വരുന്ന കാണികൾ സ്റ്റേഡിയം വിട്ടത്.

To advertise here,

ഗായകൻ ഹനാൻ ഷായുടെ സംഗീതാലാപനത്തോടെയാണ്‌ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് അനാർക്കലി മരിക്കാറും പാട്ടുമായെത്തി. ആദ്യപകുതിയിലെ ഇടവേളയിൽ വേടൻ ആരാധകർക്കുമുന്നിലെത്തിയതോടുകൂടി ആവേശം ഇരട്ടിച്ചു. ഈ സീസണിലെ ആദ്യമത്സരമാണെങ്കിലും ഗാലറിയിൽ തിരക്കിന് ഒരുകുറവുമുണ്ടായില്ല. മത്സരം തുടങ്ങിയിട്ടും സ്റ്റേഡിയത്തിന് മുന്നിൽ ആളുകൾ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു വ്യാഴാഴ്ച നഗരം കണ്ടത്.

തിങ്ങിനിറഞ്ഞ ഗാലറിയെ മനോഹരമാക്കാൻ ലേസർ ഷോയുമുണ്ടായിരുന്നു. അതിനിടെ ആരാധകർക്കിടയിൽനിന്ന്‌ പലസ്തീൻജനതയ്ക്ക് ഐക്യദാർഢ്യവുമായി ബാനർ ഉയർന്നു. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കാലിക്കറ്റ് എഫ്സി ഉടമ വി.കെ. മാത്യൂസ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെഎഫ്‌എ പ്രസിഡന്റ്‌ നവാസ്‌ മീരാൻ, സൂപ്പർലീഗ്‌ കേരള എംഡി ഫിറോസ്‌ മീരാൻ, സിഇഒ മാത്യു ജോസഫ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡയറക്ടർ ഡോ. ജയ്‌കിഷ് ജയരാജ്, നടൻ ബേസിൽ ജോസഫ്, സുപ്രിയ മേനോൻ തുടങ്ങിയവർ കളികാണാനെത്തി.